Monday, 12 October 2026 Hijri: — 01:26:33 pm
MalayalamQuran.in
Quran translation reader

അൽ കഹ്ഫ് الكهف Al-Kahf

Surah 18 മക്കിയ്യ • مكية • Makkiyah 110 ആയത്തുകൾ • 110 Ayahs

സൂറത്ത് അൽ കഹ്ഫ് (Al-Kahf), ഖുർആൻ അധ്യായം 18 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 110 ആയത്തുകൾ വായിക്കുക. Read Surah Al-Kahf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

തന്റെ അടിമ മുഹമ്മദ് നബിക്ക് ഗ്രന്ഥമവതരിപ്പിക്കുകയും അതില്‍ ഒരു വക്രതയുമുണ്ടാക്കാതെ ഋജുവായ നിലയിലാക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും. തന്റെ കഠിനശിക്ഷയെക്കുറിച്ച് താക്കീത് നല്‍കാനും ഉദാത്ത കര്‍മങ്ങളനുവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമപ്രതിഫലം - അതിലവര്‍ ശാശ്വതവാസികളായിരിക്കും-ഉണ്ടെന്ന ശുഭവാര്‍ത്തയറിയിക്കാനും അല്ലാഹു സന്താനത്തെ വരിച്ചിരിക്കുന്നു എന്ന് ജല്‍പിച്ചവര്‍ക്ക് താക്കീത് നല്‍കാനുമത്രേ അത്.1
അവര്‍ക്കോ പിതാക്കള്‍ക്കോ ആ ജല്‍പനം സംബന്ധിച്ച് യാതൊരുവിധ ജ്ഞാനവുമില്ല. അവരുടെ വായയില്‍ നിന്നുവരുന്ന ആ വാക്ക് അതീവ ഗുരുതരം! നുണമാത്രമാണവര്‍ പറയുന്നത്.

1 വിശദീകരണം കാണുക

1. നിഷേധികളെ താക്കീത് ചെയ്യുക, സല്‍ക്കര്‍മികളായ സത്യവിശ്വാസികള്‍ക്ക് ശാശ്വത നിവാസത്തിനുള്ള സ്വര്‍ഗമുണ്ടെന്ന ശുഭവാര്‍ത്ത നല്‍കുക, അല്ലാഹു സന്താനത്തെ വരിച്ചിട്ടുണ്ടെന്ന് ജല്‍പിക്കുന്നവരെ പേടിപ്പെടുത്തുക - ഈ മൂന്നു കാര്യങ്ങള്‍ ഖുര്‍ആന്റെ അവതരണ ലക്ഷ്യമായി ഇവിടെ പറഞ്ഞിരിക്കുന്നു.

ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَنزَلَ عَلَىٰ عَبۡدِهِ ٱلۡكِتَٰبَ وَلَمۡ يَجۡعَل لَّهُۥ عِوَجَاۜ ۝١
قَيِّمٗا لِّيُنذِرَ بَأۡسٗا شَدِيدٗا مِّن لَّدُنۡهُ وَيُبَشِّرَ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمۡ أَجۡرًا حَسَنٗا ۝٢
مَّٰكِثِينَ فِيهِ أَبَدٗا ۝٣
وَيُنذِرَ ٱلَّذِينَ قَالُواْ ٱتَّخَذَ ٱللَّهُ وَلَدٗا ۝٤
مَّا لَهُم بِهِۦ مِنۡ عِلۡمٖ وَلَا لِأٓبَآئِهِمۡۚ كَبُرَتۡ كَلِمَةٗ تَخۡرُجُ مِنۡ أَفۡوَٰهِهِمۡۚ إِن يَقُولُونَ إِلَّا كَذِبٗا ۝٥
6–8

അതുകൊണ്ട്, ഈ വൃത്താന്തത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ കഠിനദുഃഖം മൂലം അങ്ങ് ജീവത്യാഗം ചെയ്‌തേക്കാം.2
ഭൂതലത്തിലുള്ളവയെ - മനുഷ്യരില്‍ ആരാണ് ഏറ്റം ഉദാത്ത കര്‍മി എന്ന് പരീക്ഷിക്കാനായി - അതിന്നു നാം ഒരലങ്കാരമാക്കിയിരിക്കുകതന്നെയാണ്. അതിന്റെ ഉപരിതലത്തിലുള്ളതൊക്കെ സംഹരിച്ച് നാം തന്നെ അതൊരു തരിശ്ഭൂമിയാക്കും.

1 വിശദീകരണം കാണുക

2. നബി തിരുമേനി(സ്വ)യുടെ മുമ്പില്‍ ശത്രുക്കളുടെ പ്രതിരോധവും വിധ്വംസന പ്രവര്‍ത്തനങ്ങളും അതീവ ഗുരുതരവും അസഹനീയവുമായിരുന്നു. ഒരു സാധാരണ മനുഷ്യനാണെങ്കില്‍ ആത്മഹത്യയിലേക്ക് നയിക്കാന്‍ മാത്രം അതികഠിനവും തീക്ഷ്ണവുമായിരുന്നു അവയെന്ന് ധ്വനിപ്പിക്കുകയാണ്; നബി(സ) ആത്മഹത്യ ചെയ്യും എന്നല്ല ഉദ്ദേശ്യം.

فَلَعَلَّكَ بَٰخِعٞ نَّفۡسَكَ عَلَىٰٓ ءَاثَٰرِهِمۡ إِن لَّمۡ يُؤۡمِنُواْ بِهَٰذَا ٱلۡحَدِيثِ أَسَفًا ۝٦
إِنَّا جَعَلۡنَا مَا عَلَى ٱلۡأَرۡضِ زِينَةٗ لَّهَا لِنَبۡلُوَهُمۡ أَيُّهُمۡ أَحۡسَنُ عَمَلٗا ۝٧
وَإِنَّا لَجَٰعِلُونَ مَا عَلَيۡهَا صَعِيدٗا جُرُزًا ۝٨
9–12

അതല്ല, ആ ഗുഹക്കാരും 'റഖീമു'കാരും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ഒരു വിസ്മയമായിരുന്നെന്നു നിനച്ചിരിക്കുകയാണോ താങ്കള്‍? ആ യുവാക്കള്‍ ഗുഹയിലേക്ക് പ്രവേശിച്ച ഘട്ടം സ്മരണീയമാണ്. തത്സമയം അവര്‍ പ്രാര്‍ത്ഥിച്ചു: നാഥാ, നിന്റെ പക്കല്‍ നിന്നുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളുടെ കാര്യത്തില്‍ ഋജുമാര്‍ഗം സജ്ജീകരിച്ചുതരികയും ചെയ്യേണമേ.3
അങ്ങനെ ആ ഗുഹയില്‍ ഒട്ടേറെ വര്‍ഷങ്ങള്‍ അവരെ നാം ഉറക്കി. പിന്നീട്, തങ്ങളുടെ ഗുഹാവാസകാലത്തെക്കുറിച്ച് നിജവിവരമുള്ളവര്‍ ഇരുകക്ഷികളില്‍ ആരാണെന്ന് അനുഭവത്തിലൂടെ അറിയാനായി നാം അവരെ എഴുന്നേല്‍പിച്ചു.4

2 വിശദീകരണങ്ങൾ കാണുക

3. ദഖ്‌യാനൂസ് രാജാവിന്റെ നാട്ടില്‍ ജീവിച്ചിരുന്ന സത്യവിശ്വാസികളായ ഏഴു യുവാക്കളുടെ കഥയാണിത്. റോമന്‍ രാജവംശത്തിലെ രാജകുമാരന്മാരായിരുന്നു ഇവരെന്ന് ചില നിവേദനങ്ങളിലുണ്ട്. രാജാവ് ബിംബാരാധനക്ക് പ്രജകളെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍ അതിനെതിരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കയാണ്. ഗുഹാമുഖത്ത് ഇവരുടെ പേരുകള്‍ ഉല്ലേഖനം ചെയ്തു വെച്ചിരുന്ന ഫലകമാണ് 'റഖീം'. ഖുര്‍ആന്റെ അവതരണകാലത്ത് ഇവരുടെ ചരിത്രം വലിയൊരു വിസ്മയമായി അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. നിരവധി അത്യത്ഭുതകരമായ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്കിടയില്‍ ഈ കഥ അത്ര വലിയൊരു സംഭവമൊന്നുമല്ലെന്നാണ് സൂചിപ്പിക്കുന്നത്.

4. നീണ്ടകാലത്തെ നിദ്ര വിട്ടുണര്‍ന്നപ്പോള്‍ നിവാസകാലത്തെക്കുറിച്ച് അവര്‍ പരസ്പരം ഭിന്നപക്ഷക്കാരായി. സാഹചര്യത്തെളിവുകളിലൂടെയും ചരിത്രത്തിന്റെ പിന്‍ബലത്തോടെയും മൂന്നുനൂറ്റാണ്ടിലേറെ ഉറങ്ങിയെന്ന് പിന്നീട് സര്‍വര്‍ക്കും ബോധ്യമായി. ഉയിര്‍ത്തെഴുന്നേല്‍പിച്ചതിന്റെ പരിണതി അങ്ങനെയായിരുന്നു

أَمۡ حَسِبۡتَ أَنَّ أَصۡحَٰبَ ٱلۡكَهۡفِ وَٱلرَّقِيمِ كَانُواْ مِنۡ ءَايَٰتِنَا عَجَبًا ۝٩
إِذۡ أَوَى ٱلۡفِتۡيَةُ إِلَى ٱلۡكَهۡفِ فَقَالُواْ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحۡمَةٗ وَهَيِّئۡ لَنَا مِنۡ أَمۡرِنَا رَشَدٗا ۝١٠
فَضَرَبۡنَا عَلَىٰٓ ءَاذَانِهِمۡ فِي ٱلۡكَهۡفِ سِنِينَ عَدَدٗا ۝١١
ثُمَّ بَعَثۡنَٰهُمۡ لِنَعۡلَمَ أَيُّ ٱلۡحِزۡبَيۡنِ أَحۡصَىٰ لِمَا لَبِثُوٓاْ أَمَدٗا ۝١٢
13–15

അവരുടെ വൃത്താന്തം താങ്കള്‍ക്കു നാം സത്യസന്ധമായി പ്രതിപാദിച്ചുതരാം: അവര്‍ തങ്ങളുടെ നാഥനില്‍ വിശ്വാസമര്‍പ്പിച്ച യുവാക്കളായിരുന്നു. അവര്‍ക്ക് നാം സന്മാര്‍ഗനിഷ്ഠ വര്‍ധിപ്പിച്ചുകൊടുക്കുകയും എഴുന്നേറ്റു നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചപ്പോള്‍ മനോദാര്‍ഢ്യമേകുകയുമുണ്ടായി5
ഭുവന - വാനങ്ങളുടെ രക്ഷിതാവാണ് ഞങ്ങളുടെ നാഥന്‍. അവനെ വിട്ട് മറ്റൊരു ദൈവത്തെയും ഞങ്ങള്‍ ആരാധിക്കുകയില്ല തന്നെ. എങ്കില്‍ (ബഹുദൈവാരാധന ആകാമെന്ന നിലപാടെടുത്താല്‍) ഞങ്ങള്‍ പരിധിവിട്ട പ്രസ്താവം നടത്തിയവരായിപ്പോവുക തന്നെ ചെയ്യും. നമ്മുടെ ഈ സമൂഹം അല്ലാഹുവിനെ വിട്ടു മറ്റു പല ആരാധ്യരെയും വരിച്ചിരിക്കുകയാണ്. എന്തുകൊണ്ട് അവരതിന്ന് സ്പഷ്ടദൃഷ്ടാന്തം ഹാജരാക്കുന്നില്ല? അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമക്കുന്നവനെക്കാള്‍ വലിയ അക്രമിയായി മറ്റാരുണ്ട്!6

2 വിശദീകരണങ്ങൾ കാണുക

5. കരുത്തുറ്റ വിശ്വാസം എന്ന ഏകായുധം കൊണ്ട് ഒരു സാമ്രാജ്യത്തിനെതിരെ രംഗത്തിറങ്ങുകയാണ് ചെറു യുവസംഘം. അല്ലാഹു നല്‍കിയ മനോദാര്‍ഢ്യം കൊണ്ടാണ് അത് സാധ്യമായതെന്നു സൂചിപ്പിക്കുകയാണ്. പൊതുരംഗത്ത് വന്ന് രാജദര്‍ബാറില്‍ വരെ ഏകദൈവത്വവും ബിംബവര്‍ജനവും അവര്‍ പ്രഖ്യാപിച്ചു. അനുനയ പൂര്‍വം, ഒരിടവേള നല്‍കി, ഇനിയൊരിക്കല്‍ തുടര്‍ വിചാരണക്ക് വിധേയരാകുമെന്ന് താക്കീത് നല്‍കി രാജാവ് അവരെ തല്‍ക്കാലം വിട്ടയച്ചു.

6. യുവാക്കളുടെ രൂഢമൂലമായ വിശ്വാസ പ്രഖ്യാപനമായിരുന്നു ഇത്. ഇതിന്റെ സംരക്ഷണാര്‍ഥം ഇനി നാടുവിടുകയേ മാര്‍ഗമുള്ളൂവെന്നവര്‍ മനസ്സിലാക്കി. അതാണ് അടുത്ത വാക്യത്തില്‍.

نَّحۡنُ نَقُصُّ عَلَيۡكَ نَبَأَهُم بِٱلۡحَقِّۚ إِنَّهُمۡ فِتۡيَةٌ ءَامَنُواْ بِرَبِّهِمۡ وَزِدۡنَٰهُمۡ هُدٗى ۝١٣
وَرَبَطۡنَا عَلَىٰ قُلُوبِهِمۡ إِذۡ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَن نَّدۡعُوَاْ مِن دُونِهِۦٓ إِلَٰهٗاۖ لَّقَدۡ قُلۡنَآ إِذٗا شَطَطًا ۝١٤
هَٰٓؤُلَآءِ قَوۡمُنَا ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ لَّوۡلَا يَأۡتُونَ عَلَيۡهِم بِسُلۡطَٰنِۭ بَيِّنٖۖ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا ۝١٥
16

(അവര്‍ പരസ്പരം പറഞ്ഞു:) നാട്ടുകാരെയും അല്ലാഹുവിനെ വിട്ട് അവരാരാധിച്ചുകൊണ്ടിരിക്കുന്നവയെയും കൈവെടിഞ്ഞ നിലക്ക് ഇനി നിങ്ങള്‍ ആ ഗുഹയില്‍ അഭയം തേടുക. നാഥന്‍ തന്റെ കാരുണ്യം നിങ്ങള്‍ക്ക് വിശാലമാക്കുകയും ഈ ഉദ്യമത്തില്‍ സൗകര്യമൊരുക്കിത്തരികയും ചെയ്യും7

1 വിശദീകരണം കാണുക

7. നിവാസ സൗകര്യമുള്ള ഒരു വിസ്തൃത ഗുഹയെക്കുറിച്ചറിയാമായിരുന്ന അവര്‍ അവിടം ഒളിത്താവളമാക്കാന്‍ തീരുമാനിച്ചു. അല്ലാഹുവിന്റെ സഹായവും കാരുണ്യവും ലഭിക്കുമെന്നു പ്രത്യാശിച്ചു.

وَإِذِ ٱعۡتَزَلۡتُمُوهُمۡ وَمَا يَعۡبُدُونَ إِلَّا ٱللَّهَ فَأۡوُۥٓاْ إِلَى ٱلۡكَهۡفِ يَنشُرۡ لَكُمۡ رَبُّكُم مِّن رَّحۡمَتِهِۦ وَيُهَيِّئۡ لَكُم مِّنۡ أَمۡرِكُم مِّرۡفَقٗا ۝١٦
17–18

ഉദിക്കുന്ന സമയത്ത് സൂര്യന്‍ അവരുടെ ഗുഹവിട്ട് വലത്തോട്ട് തെന്നിമാറുന്നതും അസ്തമയസമയത്ത് അതവരെ വിട്ട് ഇടത്തോട്ട് നീങ്ങുന്നതും നിങ്ങള്‍ക്കു കാണാം. അതിന്റെ വിസ്തൃതാന്തര്‍ഭാഗത്താണവര്‍. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ ഇത്. ഏതൊരാളെ അല്ലാഹു നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗ പ്രാപ്തന്‍; ഏതൊരാളെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അയാളെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷകനെയും താങ്കള്‍ക്കു കണ്ടെത്താനാവില്ല തീര്‍ച്ച. അവര്‍ നിദ്രയില്‍ ലയിച്ചവരായിട്ടും ഉണര്‍ന്നവരാണെന്നാണ് താങ്കള്‍ക്കു തോന്നുക. അവരെ നാം വലത്തോട്ടും ഇടത്തോട്ടും മറിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹയുടെ മുമ്പില്‍ ഇരുകൈകളും നീട്ടിക്കിടക്കുന്നുണ്ട്. അവരിലേക്ക് എത്തിനോക്കുന്ന പക്ഷം പേടിച്ചരണ്ട് താങ്കള്‍ പിന്തിരിഞ്ഞോടുന്നതാണ്8

1 വിശദീകരണം കാണുക

8. രാവിലെയും ഉച്ചക്കും വൈകീട്ടുമൊന്നും വെയില്‍ കടക്കാത്ത സവിശേഷ രീതിയിലുള്ളതായിരുന്നു ആ വിസ്തൃത ഗുഹ. ഗാഢ നിദ്രയില്‍ ലയിച്ച അവരെ അല്ലാഹു ഇടക്കിടെ തിരിച്ചും മറിച്ചും കിടത്തും. ഇങ്ങനെ ചെയ്തിട്ടില്ലായിരുന്നെങ്കില്‍ ശരീരങ്ങള്‍ ചിതലരിച്ചു പോയേനെ എന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പ്രീതി നേടിയ അവരെ സംരക്ഷിക്കാനായി ഒരു നായ കൂടെ അനുധാവനം ചെയ്തിരുന്നു; അത് ഗുഹാമുഖത്ത് കിടക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ ചിമ്മാതെ, മിഴിച്ചുകൊണ്ടായിരുന്നു ആ അത്ഭുത നിദ്ര-കണ്ടാല്‍ ആരും പേടിച്ചരണ്ടുപോകും.

۞ وَتَرَى ٱلشَّمۡسَ إِذَا طَلَعَت تَّزَٰوَرُ عَن كَهۡفِهِمۡ ذَاتَ ٱلۡيَمِينِ وَإِذَا غَرَبَت تَّقۡرِضُهُمۡ ذَاتَ ٱلشِّمَالِ وَهُمۡ فِي فَجۡوَةٖ مِّنۡهُۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِۗ مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُۥ وَلِيّٗا مُّرۡشِدٗا ۝١٧
وَتَحۡسَبُهُمۡ أَيۡقَاظٗا وَهُمۡ رُقُودٞۚ وَنُقَلِّبُهُمۡ ذَاتَ ٱلۡيَمِينِ وَذَاتَ ٱلشِّمَالِۖ وَكَلۡبُهُم بَٰسِطٞ ذِرَاعَيۡهِ بِٱلۡوَصِيدِۚ لَوِ ٱطَّلَعۡتَ عَلَيۡهِمۡ لَوَلَّيۡتَ مِنۡهُمۡ فِرَارٗا وَلَمُلِئۡتَ مِنۡهُمۡ رُعۡبٗا ۝١٨
19–20

അങ്ങനെ പരസ്പരം അന്വേഷിച്ചറിയാനെന്ന വിധം അവരെ നാം എഴുന്നേല്‍പിക്കുകയുണ്ടായി. നിങ്ങളിവിടെ എത്ര വസിച്ചു എന്ന് അവരിലൊരാള്‍ ചോദിച്ചു. ചിലര്‍ പ്രതികരിച്ചു: നാം ഒരു നാളോ ഒരു ദിനാംശമോ നിവസിച്ചിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: എത്ര കഴിച്ചു കൂട്ടി എന്ന് നന്നായി അറിയുന്നവന്‍ നിങ്ങളുടെ നാഥനത്രേ.9
എന്തായാലും ഒരാളെ ഈ വെള്ളിയുമായി പട്ടണത്തിലേക്ക് വിടൂ; അവിടെ ഏതാണ് ഉത്തമഭോജ്യവസ്തുക്കളെന്നു നോക്കി നിങ്ങള്‍ക്കയാള്‍ ആഹാരം കൊണ്ടുവരട്ടെ. അയാള്‍ ജാഗ്രതപുലര്‍ത്തുകയും നിങ്ങളെപ്പറ്റി ഒരാളെയും അറിയിക്കാതിരിക്കുകയും ചെയ്യണം. നിങ്ങളെക്കുറിച്ച് വിവരം കിട്ടിയാല്‍ അവര്‍ എറിഞ്ഞുകൊല്ലുകയോ തങ്ങളുടെ മതത്തിലേക്കാക്കുകയോ ചെയ്യും; അങ്ങനെ സംഭവിച്ചാല്‍ ഒരിക്കലും നിങ്ങള്‍ വിജയം വരിക്കുകയില്ല തീര്‍ച്ച10

2 വിശദീകരണങ്ങൾ കാണുക

9. മരണാനന്തരം പുനരുത്ഥാനമുണ്ടെന്ന് നിഷേധിക്കുന്നവരായിരുന്നു അക്കാലത്തെ ജനങ്ങള്‍. അവര്‍ക്ക് അനിഷേധ്യമായ ദൃഷ്ടാന്തമായിരിക്കാനാണ് ഈ വിശ്വാസീ സംഘത്തിന്ന് നീണ്ട കാലം അല്ലാഹു മരണതുല്യമായ ഉറക്കം നല്‍കിയത്. ആഹാര - നീഹാരാദികളോ സംസാരമോ മറ്റോ ഇല്ലാതെ മൂന്നു നൂറ്റാണ്ട് അവര്‍ കഴിച്ചുകൂട്ടി; പിന്നെ ഉണര്‍ന്നു. ഭക്ഷണം കഴിച്ചു... തങ്ങള്‍ ഉറങ്ങാനാരംഭിച്ച അതേ പകലില്‍ തന്നെയാണ് ഉണര്‍ന്നത് എന്നാണ് ചിലര്‍ വിചാരിച്ചത്.

10. അചഞ്ചലമായ സത്യവിശ്വാസവും ബഹുദൈവ വിശ്വാസമതത്തെകുറിച്ച അതിശക്തമായ ഭയവും ഈ മുന്നൂറു വര്‍ഷാനന്തരവും അവര്‍ മുറുകെപ്പിടിക്കുന്നുണ്ടെന്ന് ഈ പ്രസ്താവങ്ങള്‍ വ്യക്തമാക്കുന്നു.

وَكَذَٰلِكَ بَعَثۡنَٰهُمۡ لِيَتَسَآءَلُواْ بَيۡنَهُمۡۚ قَالَ قَآئِلٞ مِّنۡهُمۡ كَمۡ لَبِثۡتُمۡۖ قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٖۚ قَالُواْ رَبُّكُمۡ أَعۡلَمُ بِمَا لَبِثۡتُمۡ فَٱبۡعَثُوٓاْ أَحَدَكُم بِوَرِقِكُمۡ هَٰذِهِۦٓ إِلَى ٱلۡمَدِينَةِ فَلۡيَنظُرۡ أَيُّهَآ أَزۡكَىٰ طَعَامٗا فَلۡيَأۡتِكُم بِرِزۡقٖ مِّنۡهُ وَلۡيَتَلَطَّفۡ وَلَا يُشۡعِرَنَّ بِكُمۡ أَحَدًا ۝١٩
إِنَّهُمۡ إِن يَظۡهَرُواْ عَلَيۡكُمۡ يَرۡجُمُوكُمۡ أَوۡ يُعِيدُوكُمۡ فِي مِلَّتِهِمۡ وَلَن تُفۡلِحُوٓاْ إِذًا أَبَدٗا ۝٢٠
21–22

അങ്ങനെ അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും അന്ത്യദിനത്തിന്റെ കാര്യം സംശയരഹിതമാണെന്നും മാലോകരറിയാനായി നാം ആ ഗുഹാവാസികളെ ജനങ്ങള്‍ക്കു വെളിപ്പെടുത്തി. അവരെക്കുറിച്ചു തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ ആളുകള്‍ പറഞ്ഞു: അവര്‍ക്കുമീതെ നിങ്ങള്‍ ഒരു കെട്ടിടം ഉണ്ടാക്കുക. അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ അറിയിച്ചു: 'നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം'. അവരില്‍ ചിലര്‍ പറയുന്നത് ഗുഹക്കാര്‍ മൂന്നു പേരാണെന്നാണ്, നാലാമത്തേത് നായയും; മറ്റൊരു പക്ഷം, അഞ്ചു പേരാണവര്‍, ആറാമത്തേത് നായയാണെന്നും - ഇതെല്ലാം ഊഹം മാത്രം. എന്നാല്‍, അവര്‍ ഏഴുപേരാണ്, എട്ടാമത്തേതാണ് നായ എന്നാണ് മറ്റു ചിലര്‍ പ്രസ്താവിക്കുന്നത്. നബീ, പ്രഖ്യാപിക്കുക: അവരുടെ എണ്ണത്തെപ്പറ്റി തന്റെ നാഥന്‍ സൂക്ഷ്മജ്ഞാനമുള്ളവനാണ്. വളരെക്കുറച്ചുപേര്‍ക്കേ അവരെപ്പറ്റി അറിയുകയുള്ളൂ. അതുകൊണ്ട് സ്പഷ്ടജ്ഞാനത്തോടെയല്ലാതെ അവരുടെ കാര്യത്തില്‍ വേദക്കാരോട് താങ്കള്‍ സംസാരിക്കരുത്; ഗുഹാവാസികളെപ്പറ്റി ആരോടും വിവരമന്വേഷിക്കുകയും വേണ്ട.11

1 വിശദീകരണം കാണുക

11. മൂന്നു നൂറ്റാണ്ടിലേറെയാണ് ഈ ഏഴു പേര്‍ ഉറങ്ങിയതെന്ന് ബോധ്യപ്പെട്ട ജനം അവരുടെ മഹത്ത്വം മനസ്സിലാക്കി. അത്യത്ഭുതം രചിച്ച ഇവരുടെ സ്മരണ നിലനിറുത്താനായി ഗുഹക്കു സമീപം ഒരു മസ്ജിദ് നിര്‍മിക്കാമെന്ന് അവര്‍ തീരുമാനമെടുത്തു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന് സമീപം ഇങ്ങനെ ഒരു ഗുഹയും മസ്ജിദുമുണ്ട്. അതാണിവരുടെ സ്ഥലമെന്നാണ് ഒരു പക്ഷം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

وَكَذَٰلِكَ أَعۡثَرۡنَا عَلَيۡهِمۡ لِيَعۡلَمُوٓاْ أَنَّ وَعۡدَ ٱللَّهِ حَقّٞ وَأَنَّ ٱلسَّاعَةَ لَا رَيۡبَ فِيهَآ إِذۡ يَتَنَٰزَعُونَ بَيۡنَهُمۡ أَمۡرَهُمۡۖ فَقَالُواْ ٱبۡنُواْ عَلَيۡهِم بُنۡيَٰنٗاۖ رَّبُّهُمۡ أَعۡلَمُ بِهِمۡۚ قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمۡرِهِمۡ لَنَتَّخِذَنَّ عَلَيۡهِم مَّسۡجِدٗا ۝٢١
سَيَقُولُونَ ثَلَٰثَةٞ رَّابِعُهُمۡ كَلۡبُهُمۡ وَيَقُولُونَ خَمۡسَةٞ سَادِسُهُمۡ كَلۡبُهُمۡ رَجۡمَۢا بِٱلۡغَيۡبِۖ وَيَقُولُونَ سَبۡعَةٞ وَثَامِنُهُمۡ كَلۡبُهُمۡۚ قُل رَّبِّيٓ أَعۡلَمُ بِعِدَّتِهِم مَّا يَعۡلَمُهُمۡ إِلَّا قَلِيلٞۗ فَلَا تُمَارِ فِيهِمۡ إِلَّا مِرَآءٗ ظَٰهِرٗا وَلَا تَسۡتَفۡتِ فِيهِم مِّنۡهُمۡ أَحَدٗا ۝٢٢
23–24

ഏതു കാര്യമായാലും, നാളെ ഞാനതു പ്രവര്‍ത്തിക്കുക തന്നെ ചെയ്യും എന്നു താങ്കള്‍ പ്രസ്താവിക്കരുത് - അല്ലാഹു ഉദ്ദേശിച്ചാലേ ചെയ്യൂ എന്ന് പറയണം; മറന്നുപോയാല്‍ താങ്കളുടെ നാഥനെ അനുസ്മരിക്കുക. ഇതിനേക്കാള്‍ സന്മാര്‍ഗബദ്ധമായ നിലപാടിലേക്ക് തന്റെ രക്ഷിതാവ് നയിച്ചേക്കാം എന്നും പറയുക12

1 വിശദീകരണം കാണുക

12. മക്കാമുശ്‌രിക്കുകള്‍ ശട്ടം കെട്ടി അയച്ചതനുസരിച്ച് ജൂതന്മാര്‍ നബി(സ)യോട് ഗുഹാവാസികളെപ്പറ്റി ചോദിച്ചു. മറുപടി നാളെ തരാം എന്നായിരുന്നു അവിടത്തെ മറുപടി; ഇന്‍ശാ അല്ലാഹ് എന്നു പറഞ്ഞില്ല. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞാണ് ഈ സൂക്തം അവതീര്‍ണമായത്. വരാന്‍ പോകുന്ന ഒരു സമയത്ത്, താന്‍ എന്തു ചെയ്യുമെന്നു പറയുമ്പോഴും സത്യവിശ്വാസി 'ഇന്‍ ശാഅല്ലാഹ്' (അല്ലാഹു ഉദ്ദേശിച്ചാല്‍) എന്നു കൂട്ടിച്ചേര്‍ക്കണം. തനിക്കതിന് കഴിയുമോ ഇല്ലേ എന്ന് അവനറിയുകയില്ലല്ലോ.

وَلَا تَقُولَنَّ لِشَاْيۡءٍ إِنِّي فَاعِلٞ ذَٰلِكَ غَدًا ۝٢٣
إِلَّآ أَن يَشَآءَ ٱللَّهُۚ وَٱذۡكُر رَّبَّكَ إِذَا نَسِيتَ وَقُلۡ عَسَىٰٓ أَن يَهۡدِيَنِ رَبِّي لِأَقۡرَبَ مِنۡ هَٰذَا رَشَدٗا ۝٢٤
25–27

തങ്ങളുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം-ഒമ്പത് അധികവും-13
അവര്‍ താമസിച്ചു. താങ്കള്‍ പ്രഖ്യാപിക്കുക: അവര്‍ നിവസിച്ചതിനെക്കുറിച്ച് നന്നായി അറിയുന്നവനാണ് അല്ലാഹു. ഭുവന -വാനങ്ങളിലെ ഗുപ്ത കാര്യങ്ങള്‍ അവങ്കലാണ്. എന്തൊരു കാഴ്ചയും കേള്‍വിയുമാണവന്ന്! മനുഷ്യര്‍ക്ക് അവനല്ലാതെ ഒരു രക്ഷാധികാരിയുമില്ല തന്നെ. തന്റെ വിധികര്‍തൃത്വത്തില്‍ അവന്‍ ആരെയും പങ്കാളിയാക്കുന്നതുമല്ല. താങ്കള്‍ക്ക് ദിവ്യബോധനം നല്‍കപ്പെട്ട നാഥന്റെ വേദഗ്രന്ഥം ഓതുക. അവന്റെ സൂക്തങ്ങള്‍ ഭേദഗതിവരുത്തുന്ന ഒരാളുമില്ല.14
അവനല്ലാത്ത മറ്റൊരഭയവും ഒരിക്കലും താങ്കള്‍ കണ്ടെത്തില്ല.

2 വിശദീകരണങ്ങൾ കാണുക

13. അറബികളുടെ കലണ്ടര്‍ ചന്ദ്രമാസങ്ങളനുസരിച്ചാണ്; എന്നാല്‍ ഈ സംഭവം നടന്ന ക്രിസ്തീയ കാലത്ത് - റോമിലും മറ്റും - സൗര കലണ്ടറായിരുന്നു. മുന്നൂറ് സൗര വര്‍ഷത്തിന് മുന്നൂറ്റി ഒമ്പത് ചന്ദ്രവര്‍ഷം വരും. അതാണ് പ്രയോഗത്തിലെ സവിശേഷത.

14. വിശുദ്ധ ഖുര്‍ആന്റെ പാരായണം അതിമഹത്തായ ഇബാദത്താണ്; കൂടാതെ വിശ്വാസവര്‍ധനക്കും അല്ലാഹുവുമായുള്ള സാമീപ്യത്തിന്നും നിദാനമാണത്. അധുനാതന സമൂദായം അതൊഴിവാക്കിയതാണ് അവരുടെ അധോഗതിക്ക് ഒരു പ്രധാന കാരണം. ശത്രുക്കള്‍ ഏതെല്ലാം രീതിയില്‍ ഖുര്‍ആന്റെ ഭേദഗതിക്ക് ശ്രമിക്കുന്നുണ്ട്! പക്ഷേ, ആര്‍ക്കുമതിന്നു കഴിയില്ല. അജയ്യമായ ദിവ്യഗ്രന്ഥമത്രേ അത്.

وَلَبِثُواْ فِي كَهۡفِهِمۡ ثَلَٰثَ مِاْئَةٖ سِنِينَ وَٱزۡدَادُواْ تِسۡعٗا ۝٢٥
قُلِ ٱللَّهُ أَعۡلَمُ بِمَا لَبِثُواْۖ لَهُۥ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَبۡصِرۡ بِهِۦ وَأَسۡمِعۡۚ مَا لَهُم مِّن دُونِهِۦ مِن وَلِيّٖ وَلَا يُشۡرِكُ فِي حُكۡمِهِۦٓ أَحَدٗا ۝٢٦
وَٱتۡلُ مَآ أُوحِيَ إِلَيۡكَ مِن كِتَابِ رَبِّكَۖ لَا مُبَدِّلَ لِكَلِمَٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلۡتَحَدٗا ۝٢٧
28

തങ്ങളുടെ നാഥന്റെ സംതൃപ്തി ലക്ഷീകരിച്ച് പ്രഭാത - പ്രദോഷങ്ങളില്‍ അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരൊന്നിച്ചു താങ്കളും ക്ഷമിച്ചു കഴിഞ്ഞുകൂടുക; ഭൗതിക ജീവിതാലങ്കാരങ്ങള്‍ ആഗ്രഹിച്ച് അങ്ങയുടെ ദൃഷ്ടികള്‍ അവരെ വിട്ട് അകലാതിരിക്കട്ടെ. നമ്മുടെ സ്മരണ വിട്ട് ആരുടെ ഹൃദയത്തെ നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ആരൊരാള്‍ സ്വേച്ഛയെ അനുഗമിക്കുകയും പരിധികള്‍ മറികടക്കുകയും ചെയ്യുന്നുവോ അവരെ താങ്കള്‍ അനുസരിച്ചുപോകരുത്15

1 വിശദീകരണം കാണുക

15. നിഷേധികളായ ഖുറൈശ് ഒരിക്കല്‍ തിരുനബി(സ)യുടെ സന്നിധിയില്‍ വന്നു ബോധിപ്പിച്ചു: ഞങ്ങള്‍ നിന്റെ അധ്യാപനങ്ങള്‍ ശ്രവിക്കുകയും നിന്നെ വിശ്വസിക്കുകയും ചെയ്യണമെങ്കില്‍ നിന്റെ മുന്നിലിരിക്കാറുള്ള പാവങ്ങളെ പുറത്താക്കണം. ഖുറൈശിലെ അഭിജാതരും നേതാക്കളുമായ ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ ജനമൊക്കെയും അത് വാരിപ്പുണരും... മാലോകരുടെ കൂട്ടമായ മതാശ്ലേഷണത്തിലുള്ള അഭിനിവേശം മൂലം 'അങ്ങനെ ചെയ്താലോ' എന്നു റസൂല്‍(സ്വ) ചിന്തിക്കാന്‍ തുടങ്ങി. തത്സമയമാണ് ഈ ഖുര്‍ആന്‍ സൂക്തം അവതരിച്ചത്. (മുസ്‌ലിം)

وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ وَلَا تَعۡدُ عَيۡنَاكَ عَنۡهُمۡ تُرِيدُ زِينَةَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطٗا ۝٢٨
29–31

പ്രഖ്യാപിക്കുക: നിങ്ങളുടെ നാഥങ്കല്‍ നിന്നവതീര്‍ണമായതാണ് സത്യം. അതുകൊണ്ട് ഇഷ്ടമുള്ളവര്‍ വിശ്വസിക്കുകയും ഇഷ്ടമുള്ളവര്‍ അവിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ. അക്രമകാരികള്‍ക്കു നാം നരകം സജ്ജീകരിച്ചുവെക്കുക തന്നെ ചെയ്തിരിക്കുന്നു. അതിന്റെ ഭിത്തി അവരെ ആവരണം ചെയ്യും. ജലത്തിനു യാചിക്കുമ്പോള്‍ ഉരുക്കിയ ലോഹസദൃശമായ, മുഖങ്ങള്‍ കരിച്ചുകളയുന്ന ഒരു ദ്രാവകം അവര്‍ക്കു നല്‍കപ്പെടുന്നതാണ്. അതെത്ര ഹീന പാനീയം! എത്ര ദുഷിച്ച സങ്കേതമാണു നരകം!! നിശ്ചയം, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍, ഉദാത്ത പ്രവൃത്തികള്‍ അനുവര്‍ത്തിക്കുന്ന ഒരാള്‍ക്കും നാം പ്രതിഫലം പാഴാക്കുന്നതേയല്ല.16
അവര്‍ക്കാണ് ശാശ്വത നിവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍; തങ്ങളുടെ താഴ്ഭാഗത്തുകൂടി ആറുകളൊഴുകും. അവര്‍ക്കവിടെ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടികൂടിയതുമായ വ്യത്യസ്ത പച്ചപ്പട്ടുടയാടകള്‍ അവര്‍ ധരിക്കും. സോഫകളില്‍ ചാരിയിരിക്കും അവര്‍. എത്ര ഉദാത്തമായ പ്രതിഫലം! എത്ര ഉത്തമമായ ആവാസകേന്ദ്രം!!

1 വിശദീകരണം കാണുക

16. സത്യവും അസത്യവും സ്പഷ്ടമായതും ബുദ്ധിമാനായ മനുഷ്യന് ഗ്രഹിക്കാവുന്നതുമാണ്. അതവഗണിച്ചു തള്ളിയവന്ന് കടുത്ത നരകശിക്ഷയാണുണ്ടാവുക. പ്രത്യുത, സത്യവിശ്വാസികള്‍ക്കു അര്‍ഹമായ പ്രതിഫലം ലഭിക്കും; അവര്‍ണനീയമായ സ്വര്‍ഗലോകം.

وَقُلِ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَن شَآءَ فَلۡيُؤۡمِن وَمَن شَآءَ فَلۡيَكۡفُرۡۚ إِنَّآ أَعۡتَدۡنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمۡ سُرَادِقُهَاۚ وَإِن يَسۡتَغِيثُواْ يُغَاثُواْ بِمَآءٖ كَٱلۡمُهۡلِ يَشۡوِي ٱلۡوُجُوهَۚ بِئۡسَ ٱلشَّرَابُ وَسَآءَتۡ مُرۡتَفَقًا ۝٢٩
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ إِنَّا لَا نُضِيعُ أَجۡرَ مَنۡ أَحۡسَنَ عَمَلًا ۝٣٠
أُوْلَٰٓئِكَ لَهُمۡ جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَيَلۡبَسُونَ ثِيَابًا خُضۡرٗا مِّن سُندُسٖ وَإِسۡتَبۡرَقٖ مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۚ نِعۡمَ ٱلثَّوَابُ وَحَسُنَتۡ مُرۡتَفَقٗا ۝٣١
32–36

ജനങ്ങള്‍ക്കു താങ്കള്‍ രണ്ടാളുടെ ഒരു ഉപമ പറഞ്ഞുകൊടുക്കുക: നാം അവരിലൊരാള്‍ക്കു രണ്ടു മുന്തിരിത്തോട്ടങ്ങളുണ്ടാക്കി; ഈന്തമരങ്ങള്‍ കൊണ്ടു നാമതിനെ വലയം ചെയ്തു; അവയ്ക്കിടയില്‍ ധാന്യകൃഷിയുമുണ്ടാക്കി. രണ്ടു ഉദ്യാനങ്ങളും ഒരു ന്യൂനതയും വരാതെ ഫലങ്ങളേകി. അവയ്ക്കിടയിലൂടെ നാം ഒരരുവി ഒഴുക്കുകയും ചെയ്തു. അയാള്‍ക്കു ധാരാളം പഴങ്ങള്‍ (വരുമാനം) ഉണ്ടായി. ആത്മദ്രോഹം ചെയ്തുകൊണ്ട് തന്റെ തോട്ടത്തില്‍ പ്രവേശിച്ച അയാള്‍ സുഹൃത്തുമായി സംവദിക്കവെ പറഞ്ഞു: 'നിന്നെക്കാളേറെ സമ്പത്തും സംഘബലവുമുള്ള ആള്‍ ഞാനാകുന്നു. ഇത് ഒന്നും തന്നെ എന്നെങ്കിലും നശിക്കുമെന്നോ അന്ത്യനാള്‍ വന്നെത്തുമെന്നോ ഞാന്‍ വിചാരിക്കുന്നില്ല! ഇനി, എന്റെ നാഥങ്കലേക്ക് മടക്കിയയക്കപ്പെട്ടുവെന്നാല്‍ തന്നെ ഇതിനെക്കാള്‍ ഉദാത്തമായ സങ്കേതമാണ് എനിക്കവിടെ ലഭിക്കുക, തീര്‍ച്ച!17

1 വിശദീകരണം കാണുക

17. വിശ്വാസിയും അവിശ്വാസിയുമായ രണ്ടു സുഹൃത്തുക്കള്‍ ഇസ്രയേല്യരിലുണ്ടായിരുന്നുവെന്നും കച്ചവടത്തില്‍ പങ്കാളികളായിരുന്ന അവരുടെ വ്യത്യസ്ത ചിത്രങ്ങളാണ് ഈ ഉപമയിലൂടെ അനാവരണം ചെയ്തിരിക്കുന്നതെന്നുമാണ് പല മുഫസ്സിറുകളും പറയുന്നത്. നാലായിരം പവന്‍ വീതം ഓരോരുത്തര്‍ക്കും ലാഭമുണ്ടായി. വിശ്വാസിയായ വ്യക്തി അതത്രയും നന്മയുടെ വഴിയില്‍ ചെലവഴിച്ചു. നിഷേധിയാകട്ടെ രണ്ടു തോട്ടങ്ങള്‍ വാങ്ങി വരുമാനമുണ്ടാക്കി. സമ്പന്നനായ അയാള്‍ സുഹൃത്തിനെ അധിക്ഷേപിക്കുകയും തന്റെ പൊങ്ങച്ചം പ്രകടിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്റെ ഖുദ്‌റത്തിനെയും അന്ത്യനാളിനെയും നിഷേധിച്ചു. ഇനി പാരത്രിക ജീവിതം ഉണ്ടെങ്കില്‍ത്തന്നെ, ഇവിടെ തനിക്കു സമ്പത്തും സുഭിക്ഷതയും നല്‍കിയ നാഥന്‍ അവിടെയും തന്നെ കൈവിടില്ലെന്ന ന്യായം ഉന്നയിക്കുകയാണയാള്‍. മിക്ക നിഷേധികളുടെയും അവിശ്വാസികളുടെയും വാദഗതികള്‍ ഇങ്ങനെത്തന്നെയായിരിക്കും.

۞ وَٱضۡرِبۡ لَهُم مَّثَلٗا رَّجُلَيۡنِ جَعَلۡنَا لِأَحَدِهِمَا جَنَّتَيۡنِ مِنۡ أَعۡنَٰبٖ وَحَفَفۡنَٰهُمَا بِنَخۡلٖ وَجَعَلۡنَا بَيۡنَهُمَا زَرۡعٗا ۝٣٢
كِلۡتَا ٱلۡجَنَّتَيۡنِ ءَاتَتۡ أُكُلَهَا وَلَمۡ تَظۡلِم مِّنۡهُ شَيۡـٔٗاۚ وَفَجَّرۡنَا خِلَٰلَهُمَا نَهَرٗا ۝٣٣
وَكَانَ لَهُۥ ثَمَرٞ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكۡثَرُ مِنكَ مَالٗا وَأَعَزُّ نَفَرٗا ۝٣٤
وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٞ لِّنَفۡسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدٗا ۝٣٥
وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيۡرٗا مِّنۡهَا مُنقَلَبٗا ۝٣٦
37–41

ചങ്ങാതി അവനോടു പ്രതികരിച്ചു: മണ്ണില്‍ നിന്നും പിന്നീട് ഇന്ദ്രിയകണത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും ശേഷം ഒരു പൂര്‍ണ മനുഷ്യനായി സംവിധാനിക്കുകയും ചെയ്ത സ്രഷ്ടാവിനെ നീ നിഷേധിച്ചിരിക്കുകയാണോ? അവനാണ്, അല്ലാഹുവാണ് എന്റെ രക്ഷിതാവ്. അവനോട് യാതൊന്നിനെയും ഞാന്‍ പങ്കാളിയാക്കുകയില്ല. നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ 'അല്ലാഹു ഉദ്ദേശിച്ചതാണിത്; അവനെക്കൊണ്ടേ ഏതൊരു ശക്തിയും ഉണ്ടാകൂ' എന്ന് എന്തുകൊണ്ട് നീ പറഞ്ഞില്ല? നിന്നെക്കാള്‍ സമ്പത്തും സന്താനങ്ങളും കുറഞ്ഞവനായി എന്നെ നീ മനസ്സിലാക്കുന്നുവെങ്കില്‍, എന്റെ നാഥന്‍ നിന്റെ ഉദ്യാനത്തെക്കാള്‍ മെച്ചപ്പെട്ടത് എനിക്കു തന്നുവെന്നും, നിന്റേതിലേക്ക് മാനത്തുനിന്നൊരു ഇടിവാളയച്ച് അത് മിനുത്ത തരിശാക്കുകയോ നിനക്കു തേടിപ്പിടിക്കാകാനാത്ത വിധം അതിലെ ജലം വറ്റിച്ചുകളയുകയോ ചെയ്തുവെന്നും വരാവുന്നതാണ്!18

1 വിശദീകരണം കാണുക

18. അവിശ്വാസിയായ സുഹൃത്ത് സാമ്പത്തിക സമൃദ്ധി കാരണം മതിമറന്നു സംസാരിച്ചതിനെതിരെ മൗനം ഭജിക്കാന്‍ വിശ്വാസിക്കു കഴിഞ്ഞില്ല. തന്റെ ദഅ്‌വത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണയാള്‍. വിശ്വാസിക്കും അവിശ്വാസിക്കും ഭൗതിക പുരോഗതിയും സാമ്പത്തിക നേട്ടവും നല്‍കുന്നത് അല്ലാഹുവാണല്ലോ. ആരില്‍ നിന്നും എപ്പോഴും അവനത് തിരിച്ചുപിടിക്കാവുന്നതുമാണെന്ന യാഥാര്‍ത്ഥ്യം ഒരാളും വിസ്മരിക്കരുത്.

قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرۡتَ بِٱلَّذِي خَلَقَكَ مِن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ سَوَّىٰكَ رَجُلٗا ۝٣٧
لَّٰكِنَّا۠ هُوَ ٱللَّهُ رَبِّي وَلَآ أُشۡرِكُ بِرَبِّيٓ أَحَدٗا ۝٣٨
وَلَوۡلَآ إِذۡ دَخَلۡتَ جَنَّتَكَ قُلۡتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالٗا وَوَلَدٗا ۝٣٩
فَعَسَىٰ رَبِّيٓ أَن يُؤۡتِيَنِ خَيۡرٗا مِّن جَنَّتِكَ وَيُرۡسِلَ عَلَيۡهَا حُسۡبَانٗا مِّنَ ٱلسَّمَآءِ فَتُصۡبِحَ صَعِيدٗا زَلَقًا ۝٤٠
أَوۡ يُصۡبِحَ مَآؤُهَا غَوۡرٗا فَلَن تَسۡتَطِيعَ لَهُۥ طَلَبٗا ۝٤١
42–44

അവന്റെ ഫല-കായ്കനികള്‍ സംഹാരവിധേയമായി. അവ പന്തലുകള്‍ സഹിതം നിപതിച്ചുകിടക്കവെ അതില്‍ ചെലവഴിച്ചതിന്റെ പേരില്‍ കൈമലര്‍ത്തിക്കൊണ്ട് അവന്‍ സങ്കടപ്പെട്ടു: 'എന്റെ നാഥനോട് ആരെയും ഞാന്‍ പങ്കാളിയാക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.' അല്ലാഹുവിനെക്കൂടാതെ ഒരു കൂട്ടരും തന്നെ സഹായിക്കാനുണ്ടായില്ല. പ്രതിസന്ധി സ്വയം മറികടക്കാന്‍ അവനായതുമില്ല. അവിടെ സത്യനിഷ്ഠനായ അല്ലാഹുവിനാണ് ആധിപത്യം. അവനാണ് പ്രതിഫലം നല്‍കുന്നവരില്‍ ഉത്തമന്‍; ഏറ്റം ഉദാത്തപരിണതിയും അവന്റേതു തന്നെ.19

1 വിശദീകരണം കാണുക

19. നിഷേധികളുടെ അഹന്ത മൂത്താല്‍ ചില ഘട്ടങ്ങളില്‍ അല്ലാഹു തല്‍ക്ഷണ ശിക്ഷ നല്‍കും. ചരിത്രത്തില്‍ ഒട്ടേറെ തെളിവുകള്‍ അതിനുണ്ട്. അവിശ്വാസിയായ ഈ തോട്ടക്കാരനെയും അവന്‍ ശിക്ഷിച്ചു. കണ്ണഞ്ചിപ്പിക്കുന്ന ഫലസമൃദ്ധമായ ഉദ്യാനങ്ങള്‍ ഞൊടിയിടകൊണ്ട് കത്തിച്ചാമ്പലായി. പിന്നെ സങ്കടപ്പെട്ടിട്ടും കരഞ്ഞിട്ടും എന്തുകാര്യം?

وَأُحِيطَ بِثَمَرِهِۦ فَأَصۡبَحَ يُقَلِّبُ كَفَّيۡهِ عَلَىٰ مَآ أَنفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيۡتَنِي لَمۡ أُشۡرِكۡ بِرَبِّيٓ أَحَدٗا ۝٤٢
وَلَمۡ تَكُن لَّهُۥ فِئَةٞ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا ۝٤٣
هُنَالِكَ ٱلۡوَلَٰيَةُ لِلَّهِ ٱلۡحَقِّۚ هُوَ خَيۡرٞ ثَوَابٗا وَخَيۡرٌ عُقۡبٗا ۝٤٤
45–46

ഐഹിക ജീവിതത്തിന്റെ ഒരു ഉപമ താങ്കള്‍ അവര്‍ക്കു പ്രതിപാദിച്ചു കൊടുക്കുക. അന്തരീക്ഷത്തില്‍ നിന്നു നാം വര്‍ഷിച്ച മഴവെള്ളം പോലെയാണത്; അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നുണ്ടായി. എന്നിട്ടത് കാറ്റുകള്‍ പാറ്റിക്കളയുന്ന ഉണക്കത്തുരുമ്പായി മാറി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാകുന്നു. സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ പൊലിമയത്രേ. എന്നാല്‍ ബാക്കിവരുന്ന ഉത്തമ കര്‍മങ്ങളാണ് താങ്കളുടെ നാഥന്റെ പക്കല്‍ ഉദാത്ത പ്രതിഫലമുള്ളതും ശുഭപ്രതീക്ഷാദായകവും.20

1 വിശദീകരണം കാണുക

20. മഴപെയ്താല്‍ സസ്യലതാദികളും കൃഷി - വിളകളുമൊക്കെ സമൃദ്ധമായി വളരാന്‍ തുടങ്ങും. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കൊണ്ട് മൂത്ത് പൂത്തുലഞ്ഞ് ഫലം പുറത്തുവരികയും അതിന്റെ നാശം ആരംഭിക്കുകയും ചെയ്യും. ഇതുപോലെയാണ് ഭൗതിക ലോകവും അതിലെ മുഴുവന്‍ അലങ്കാരാര്‍ഭാടങ്ങളും. ക്ഷണ നേരം കൊണ്ട് അവ നശിക്കും. പിന്നെ കാറ്റില്‍ പറക്കുന്ന ചപ്പുചവറുകളും കച്ചിത്തുരുമ്പുകളുമായിത്തീരുകയാണവ ചെയ്യുന്നത്. എന്നാല്‍ പരലോകം ഇങ്ങനെയല്ല; അവിടത്തെ ശാശ്വത വിജയമാകണം മനുഷ്യന്റെ ലക്ഷ്യം. കേവല ഭൗതികാധിഷ്ഠിതമല്ലാത്ത മറ്റെല്ലാ ഉത്തമ കര്‍മങ്ങളുടെയും പ്രതിഫലം അവിടെ ലഭിക്കും.

وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمٗا تَذۡرُوهُ ٱلرِّيَٰحُۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقۡتَدِرًا ۝٤٥
ٱلۡمَالُ وَٱلۡبَنُونَ زِينَةُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱلۡبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٌ أَمَلٗا ۝٤٦
47–48

പര്‍വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും ഭൂമി സമനിരപ്പായി താങ്കള്‍ക്ക് ഗോചരീഭവിപ്പിക്കുകയും ഒരാളുമൊഴിയാതെ മനുഷ്യരെ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിനം സ്മരണീയമത്രേ. താങ്കളുടെ നാഥന്റെ മുമ്പിലവര്‍ നിരനിരയായി നിറുത്തപ്പെടും. (അല്ലാഹു അരുളും:) ആദ്യവട്ടം നാം സൃഷ്ടിച്ചതുപോലെ നിങ്ങളിതാ നമ്മുടെ മുമ്പാകെ സന്നിഹിതരായിരിക്കുകയാണ്; എന്നാല്‍ 'നിര്‍ണയിക്കപ്പെട്ടൊരു സമയം നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുകയില്ല തന്നെ' എന്നു തട്ടിവിടുകയായിരുന്നു നിങ്ങള്‍.21

1 വിശദീകരണം കാണുക

21. അന്ത്യനാളിനെക്കുറിച്ച സൂചനയാണ്. പര്‍വതങ്ങളും സമുദ്രങ്ങളുമൊക്കെ അപ്രത്യക്ഷമായി ഭൂമി സമനിരപ്പാകും; സകല മനുഷ്യരും മഹ്ശറില്‍ ഹാജറാക്കപ്പെടും. എന്നാല്‍ ഇങ്ങനെയൊരു പുനരുത്ഥാനം സംഭവിക്കുകയേ ഇല്ല എന്നായിരുന്നല്ലോ സത്യനിഷേധികള്‍ വാദിച്ചുകൊണ്ടിരുന്നത്. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ അവര്‍ കുടുങ്ങിപ്പോകും. നരകം മാത്രമാണവര്‍ക്കു സങ്കേതം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

وَيَوۡمَ نُسَيِّرُ ٱلۡجِبَالَ وَتَرَى ٱلۡأَرۡضَ بَارِزَةٗ وَحَشَرۡنَٰهُمۡ فَلَمۡ نُغَادِرۡ مِنۡهُمۡ أَحَدٗا ۝٤٧
وَعُرِضُواْ عَلَىٰ رَبِّكَ صَفّٗا لَّقَدۡ جِئۡتُمُونَا كَمَا خَلَقۡنَٰكُمۡ أَوَّلَ مَرَّةِۭۚ بَلۡ زَعَمۡتُمۡ أَلَّن نَّجۡعَلَ لَكُم مَّوۡعِدٗا ۝٤٨
49

മഹ്ശറില്‍ മര്‍ത്യരുടെ കര്‍മരേഖ സമര്‍പ്പിക്കപ്പെടും. തല്‍സമയം അതിന്റെ ഉള്ളടക്കത്തെപ്പറ്റി അധര്‍മകാരികള്‍ ഭയാക്രാന്തരായി താങ്കള്‍ക്കു കാണാം. അവര്‍ വിസ്മയം കൂറും:'ഹാ ഞങ്ങളുടെ ഒരു നാശം! എന്തൊരു കര്‍മരേഖയാണിത്? ചെറുതോ വലുതോ ആയ യാതൊന്നും ഉള്‍പ്പെടുത്താതെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ!' തങ്ങളനുവര്‍ത്തിച്ചതൊക്കെ അതിലുള്ളതായി അവര്‍ക്ക് ബോധ്യപ്പെടും. താങ്കളുടെ നാഥന്‍ ആരോടും നീതികേട് കാട്ടുകയില്ല.22

1 വിശദീകരണം കാണുക

22. ഓരോ മനുഷ്യന്നും തന്റെ നന്മ - തിന്മകള്‍ രേഖപ്പെടുത്തപ്പെട്ട ഏടുകള്‍ മഹ്ശറില്‍ വെച്ചു നല്‍കപ്പെടും. ഇതിന്റെ സമഗ്രതയും കൃത്യതയും കണ്ട് നിഷേധികള്‍ അത്ഭുത പരതന്ത്രരും ഭയാക്രാന്തരുമാകും.

وَوُضِعَ ٱلۡكِتَٰبُ فَتَرَى ٱلۡمُجۡرِمِينَ مُشۡفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيۡلَتَنَا مَالِ هَٰذَا ٱلۡكِتَٰبِ لَا يُغَادِرُ صَغِيرَةٗ وَلَا كَبِيرَةً إِلَّآ أَحۡصَىٰهَاۚ وَوَجَدُواْ مَا عَمِلُواْ حَاضِرٗاۗ وَلَا يَظۡلِمُ رَبُّكَ أَحَدٗا ۝٤٩
50–51

ആദമിന്നു നിങ്ങള്‍ സാഷ്ടാംഗം ചെയ്യുക എന്ന് മലക്കുകളോട് നാം കല്‍പിച്ച സന്ദര്‍ഭം സ്മര്‍ത്തവ്യമത്രേ. അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു, ഇബ്‌ലീസ് ഒഴികെ; ജിന്നുകളില്‍ പെട്ടവനായിരുന്നു അവന്‍. അങ്ങനെ തന്റെ നാഥന്റെ ആജ്ഞയോടവന്‍ ധിക്കാരം കാട്ടി. എന്നിട്ട് എന്നെവിട്ട്, അവനെയും സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ നിങ്ങള്‍! അവര്‍ നിങ്ങളുടെ പ്രതിയോഗികളത്രേ. അക്രമികള്‍ക്കു ലഭിച്ച ഈ ബദല്‍ എത്ര ഹീനം!23
ഭുവന - വാനങ്ങളുടെയോ അവരുടെ തന്നെയോ സൃഷ്ടിപ്പിന് ആ പിശാചുക്കളെ നാം സാക്ഷികളാക്കിയിട്ടില്ല; വഴിതെറ്റിക്കുന്നവരെ സഹായികളാക്കുന്ന ശൈലി എനിക്കൊട്ടില്ല താനും24

2 വിശദീകരണങ്ങൾ കാണുക

23. ശാസനാ സമയം ഇബ്‌ലീസ് മലക്കുകളൊന്നിച്ചായിരുന്നു എന്നേയുള്ളൂ. ഈ സംഭവം മുമ്പ് പറഞ്ഞു പോയിട്ടുണ്ട്. 2:34 കാണുക. അല്ലാഹുവിനെയാണ് മനുഷ്യന്‍ ആരാധ്യനാക്കേണ്ടത്; പകരം പിശാചിനെ ആരാധിക്കുക എന്നത് എത്ര ബുദ്ധിശൂന്യവും ഹീനവുമാണ്!

24. പിശാചുക്കള്‍ അല്ലാഹുവിന്റെ സൃഷ്ടികള്‍ തന്നെയാണ്. ഏതെങ്കിലും സൃഷ്ടികര്‍മത്തിന് അവര്‍ പങ്കാളികളോ സക്ഷികളോ അല്ലായിരുന്നു. പിന്നെ, ആരാധിക്കപ്പെടാന്‍ എന്തൊരു ന്യായമാണ് അവരുടെ അനുയായികള്‍ക്കുള്ളത് എന്നാണ് ചോദ്യം. ശത്രുവായ പിശാചിനെ അങ്ങനെത്തന്നെ കാണാന്‍ മനുഷ്യന്ന് സാധിക്കണമെന്നാണ് വ്യക്തമാക്കുന്നത്.

وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ كَانَ مِنَ ٱلۡجِنِّ فَفَسَقَ عَنۡ أَمۡرِ رَبِّهِۦٓۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوۡلِيَآءَ مِن دُونِي وَهُمۡ لَكُمۡ عَدُوُّۢۚ بِئۡسَ لِلظَّٰلِمِينَ بَدَلٗا ۝٥٠
۞ مَّآ أَشۡهَدتُّهُمۡ خَلۡقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَا خَلۡقَ أَنفُسِهِمۡ وَمَا كُنتُ مُتَّخِذَ ٱلۡمُضِلِّينَ عَضُدٗا ۝٥١
52–53

എന്റെ പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്നവരെ വിളിച്ചുനോക്കൂ എന്ന് അല്ലാഹു പറയുന്ന നാള്‍ സ്മരണീയമാണ്. തത്സമയം ഇവര്‍ വിളിക്കും, പക്ഷേ അവ മറുപടി നല്‍കില്ല. അവര്‍ക്കിടയില്‍ ഒരു വിനാശ മേഖല നാമുണ്ടാക്കുന്നതാണ്. അധര്‍മകാരികള്‍ നരകം നേരില്‍ ദര്‍ശിക്കും; തത്സമയം, തങ്ങളതില്‍ നിപതിക്കുക തന്നെചെയ്യുമെന്നവര്‍ക്ക് മനസ്സിലാകും. അതില്‍ നിന്ന് തെന്നിമാറാന്‍ ഒരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്കാകുന്നതല്ല25

1 വിശദീകരണം കാണുക

25. എത്രയെത്ര 'ദൈവ'ങ്ങളെയാണ് മനുഷ്യര്‍ ആരാധിക്കുന്നത്! അല്ലാഹു ഒഴിച്ച് മറ്റുള്ളതത്രയും നിരര്‍ത്ഥകവും മൗഢ്യവുമാണ്. ആ ആരാധ്യരെയൊന്ന് വിളിച്ച് സഹായമര്‍ത്ഥിച്ചു നോക്കാന്‍ പരലോകത്ത് വെച്ച് അവയുടെ ആരാധകരോട് അല്ലാഹു പറയും. അവര്‍ വിളിച്ചുനോക്കി ഭഗ്നാശരാകും. അവര്‍ക്കിടയിലുണ്ടാകുമെന്നു പറഞ്ഞ വിനാശമേഖല നരകമാണ്. അതില്‍ നിന്നു രക്ഷ നേടാന്‍ ആര്‍ക്കും ഒരുവിധ ഉപായവും കണ്ടുപിടിക്കാനാവില്ല.

وَيَوۡمَ يَقُولُ نَادُواْ شُرَكَآءِيَ ٱلَّذِينَ زَعَمۡتُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَجَعَلۡنَا بَيۡنَهُم مَّوۡبِقٗا ۝٥٢
وَرَءَا ٱلۡمُجۡرِمُونَ ٱلنَّارَ فَظَنُّوٓاْ أَنَّهُم مُّوَاقِعُوهَا وَلَمۡ يَجِدُواْ عَنۡهَا مَصۡرِفٗا ۝٥٣
54–56

ഈ ഖുര്‍ആനില്‍ മാനവതക്കായി സര്‍വവിധ ഉപമകളും നാം പ്രതിപാദിച്ചിരിക്കുന്നു. എന്നാല്‍ വലിയ താര്‍ക്കികനത്രേ മനുഷ്യന്‍. തങ്ങള്‍ക്കു നേര്‍മാര്‍ഗം ലഭിച്ചപ്പോള്‍ അതില്‍ വിശ്വാസമര്‍പ്പിക്കുകയും നാഥനോടു പാപമോചനമര്‍ഥിക്കുകയും ചെയ്യുന്നതിനെ വിട്ട് മനുഷ്യനെ തടഞ്ഞത്, മുന്‍ഗാമികളിലുണ്ടായ നടപടി തങ്ങളിലുമുണ്ടാകണം, അല്ലെങ്കില്‍ മുഖാമുഖം ശിക്ഷ വന്നെത്തണം എന്ന അവരുടെ ദുര്‍വാശി മാത്രമാണ്.26
ശുഭവാര്‍ത്താവാഹകരും താക്കീതുനല്‍കുന്നവരും മാത്രമായാണ് നാം ദൂതരെ അയക്കുന്നത്. എന്നാല്‍ നിഷേധികള്‍ - സത്യവിധ്വംസനത്തിനു വേണ്ടി - ശിഥിലാശയങ്ങളുമായി തര്‍ക്കങ്ങള്‍ നടത്തുകയാണ്. എന്റെ ദൃഷ്ടാന്തങ്ങളും തങ്ങള്‍ക്കു നല്‍കപ്പെട്ട താക്കീതുകളും അവര്‍ പരിഹാസ പാത്രമാക്കുകയും ചെയ്തു.

1 വിശദീകരണം കാണുക

26. പൂര്‍വികരായ നിഷേധീ സമൂഹങ്ങള്‍ ഉന്മൂലനം ചെയ്യപ്പെട്ട എത്രയോ സംഭവങ്ങള്‍ ഖുര്‍ആനും തിരുനബിയും മക്കാമുശ്‌രിക്കുകള്‍ക്ക് പറഞ്ഞുകൊടുത്തുവെങ്കിലും അവര്‍ വിശ്വസിച്ചില്ല. മുന്‍ഗാമികള്‍ക്ക് സര്‍വനാശം വന്നുവെങ്കില്‍, അല്ലെങ്കില്‍ അവര്‍ നേര്‍ക്കുനേരെ അതഭിമുഖീകരിച്ചുവെങ്കില്‍ അതേ അനുഭവം ഞങ്ങള്‍ക്കുമുണ്ടാകട്ടെ എന്നാണവര്‍ വാശിപിടിക്കുന്നത്. എന്നാല്‍ ശിക്ഷ വന്നുകഴിഞ്ഞാല്‍ പിന്നെ വിശ്വസിക്കാന്‍ അവസരം ലഭിക്കില്ലല്ലോ. ശുദ്ധമായ മൗഢ്യവും ബുദ്ധിശൂന്യതയുമാണവര്‍ ജല്‍പിക്കുന്നത് എന്നര്‍ത്ഥം.

وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِلنَّاسِ مِن كُلِّ مَثَلٖۚ وَكَانَ ٱلۡإِنسَٰنُ أَكۡثَرَ شَيۡءٖ جَدَلٗا ۝٥٤
وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰ وَيَسۡتَغۡفِرُواْ رَبَّهُمۡ إِلَّآ أَن تَأۡتِيَهُمۡ سُنَّةُ ٱلۡأَوَّلِينَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ قُبُلٗا ۝٥٥
وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۚ وَيُجَٰدِلُ ٱلَّذِينَ كَفَرُواْ بِٱلۡبَٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّۖ وَٱتَّخَذُوٓاْ ءَايَٰتِي وَمَآ أُنذِرُواْ هُزُوٗا ۝٥٦
57–59

തന്റെ നാഥന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അനുസ്മരിക്കപ്പെട്ടിട്ടും അതില്‍ നിന്നു വ്യതിചലിക്കുകയും താന്‍ ചെയ്ത പാപങ്ങള്‍ വിസ്മരിക്കുകയും ചെയ്തവനെക്കാള്‍ വലിയ അക്രമി ആരാണ്? അതു മനസ്സിലാകാന്‍ പ്രതിബന്ധമാകും വിധം അവരുടെ ഹൃദയങ്ങളില്‍ ചില മൂടികളും കാതുകളില്‍ ബധിരതയും നാമുണ്ടാക്കുക തന്നെ ചെയ്തിരിക്കുന്നു. താങ്കള്‍ സന്മാര്‍ഗത്തിലേക്കു ക്ഷണിച്ചാല്‍ അവരൊരിക്കലും നേര്‍വഴി പ്രാപിച്ചവരാകില്ല, തീര്‍ച്ച.27
താങ്കളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ. തങ്ങളനുവര്‍ത്തിച്ച ദുഷ്‌കര്‍മങ്ങള്‍ക്ക് അവര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നുവെങ്കില്‍ തല്‍ക്ഷണ ശിക്ഷ അവന്‍ നല്‍കിയേനെ! എന്നാല്‍ അവര്‍ക്ക് ഒരു നിര്‍ണിതാവധിയുണ്ട്; അതിനപ്പുറം ഒരു അഭയസ്ഥലം കണ്ടെത്താന്‍ അവര്‍ക്കാവുകയേയില്ല. ആ നാടുകളിലെ നിവാസികളതാ, അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നാം സംഹരിച്ചു കളഞ്ഞു. അവരുടെ ഉന്‍മൂലനത്തിന് ഒരവധി നാം നിശ്ചയിച്ചിരുന്നു.28

2 വിശദീകരണങ്ങൾ കാണുക

27. ഹൃദയങ്ങളുടെ മൂടി, കാതുകളിലെ ബധിരത എന്നത് ആലങ്കാരികമാണ്. സത്യത്തിന്റെ സന്ദേശങ്ങളും സുഗ്രാഹ്യമായ സിദ്ധാന്തങ്ങളും ഹൃദയങ്ങളിലേക്കും കാതുകളിലേക്കും കയറുകയില്ല എന്നു താല്‍പര്യം; എങ്ങനെയൊക്കെ ക്ഷണിച്ചാലും നേര്‍മാര്‍ഗത്തിലേക്കവര്‍ പ്രവേശിക്കുകയുമില്ല.

28. കുറ്റവാളികളുടെ എണ്ണം ദൈനംദിനം പെരുകുകയാണ്. പരലോകത്ത് അവര്‍ക്ക് ശിക്ഷയുണ്ട് എന്നതിനാലാണ് തല്‍ക്ഷണം അല്ലാഹുവിന്റെ നടപടി വരാത്തത്. അവന്റെ ആര്‍ദ്രതയും വാത്സല്യവും കാരുണ്യാതിരേകവും കാരണമായി കുറ്റവാളികളും അവരുള്‍ക്കൊള്ളുന്ന സമൂഹവും വിട്ടുവീഴ്ചക്ക് വിധേയരാവുകയാണ് എന്നര്‍ത്ഥം. പരിധിവിട്ട നിഷേധികളില്‍ പലരെയും അല്ലാഹു തീക്ഷ്ണമായ തല്‍ക്ഷണോന്മൂലനത്തിന്നു വിധേയരാക്കിയത് മക്കാമുശ്‌രിക്കുകള്‍ ചിന്തിക്കണം എന്നാണു സൂചന.

وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ فَأَعۡرَضَ عَنۡهَا وَنَسِيَ مَا قَدَّمَتۡ يَدَاهُۚ إِنَّا جَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۖ وَإِن تَدۡعُهُمۡ إِلَى ٱلۡهُدَىٰ فَلَن يَهۡتَدُوٓاْ إِذًا أَبَدٗا ۝٥٧
وَرَبُّكَ ٱلۡغَفُورُ ذُو ٱلرَّحۡمَةِۖ لَوۡ يُؤَاخِذُهُم بِمَا كَسَبُواْ لَعَجَّلَ لَهُمُ ٱلۡعَذَابَۚ بَل لَّهُم مَّوۡعِدٞ لَّن يَجِدُواْ مِن دُونِهِۦ مَوۡئِلٗا ۝٥٨
وَتِلۡكَ ٱلۡقُرَىٰٓ أَهۡلَكۡنَٰهُمۡ لَمَّا ظَلَمُواْ وَجَعَلۡنَا لِمَهۡلِكِهِم مَّوۡعِدٗا ۝٥٩
60–64

മൂസാ നബി തന്റെ ദാസനോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ: രണ്ടു കടലുകളുടെ സംഗമസ്ഥലത്തെത്തുകയോ ഏറെ സമയം സഞ്ചരിക്കുകയോ ചെയ്യുന്നതു വരെ ഞാന്‍ ഈ യാത്രാ ഉദ്യമം തുടര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെ, ഇരുകടലുകള്‍ സംഗമിക്കുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്റെ കാര്യം അവരിരുവരും വിസ്മരിച്ചു. കടലില്‍ ചാടിപ്പോയ വഴി അത് ഒരു മാളമാക്കി29
എന്നിട്ട്, അവിടം വിട്ടു പോയപ്പോള്‍ മൂസാനബി ഭൃത്യനോടാജ്ഞാപിച്ചു: നീ നമ്മുടെ ആഹാരം കൊണ്ടുവാ; ഈ യാത്രമൂലം നാം പരവശരാവുക തന്നെ ചെയ്തിരിക്കുന്നു. ഭൃത്യന്‍ പറഞ്ഞു: അങ്ങ് അറിഞ്ഞോ? നാം ആ പാറക്കല്ലില്‍ വിശ്രമിച്ചപ്പോള്‍ മത്സ്യത്തിന്റെ കാര്യം ഞാന്‍ മറന്നുപോവുക തന്നെ ചെയ്തു. പിശാചല്ലാതെ മറ്റാരുമല്ല എന്നെ അത് വിസ്മരിപ്പിച്ചത്. താന്‍ ചാടിപ്പോയ മാര്‍ഗം ആ മത്സ്യം ഒരു വിസ്മയമാക്കിത്തീര്‍ക്കുകയുമുണ്ടായി. മൂസാനബി പ്രതികരിച്ചു: 'നമ്മുടെ അന്വേഷണസ്ഥലം അതു തന്നെയാകുന്നു.' അങ്ങനെ അവരിരുവരും സ്വന്തം കാല്‍പ്പാടുകളിലൂടെ തിരിച്ചു നടന്നു.30

2 വിശദീകരണങ്ങൾ കാണുക

29. ഒരിക്കല്‍ മൂസാനബി(അ) ഇസ്രയേല്യരോട് പ്രസംഗിച്ചപ്പോള്‍ 'ലോകത്തെ ഏറ്റം വലിയ പണ്ഡിതന്‍ ആരാണ്' എന്ന് ഒരാള്‍ ചോദിച്ചു. 'ഞാനാണ്' എന്നായിരുന്നു മൂസാനബിയുടെ പ്രതികരണം. ഈ പശ്ചാത്തലത്തില്‍, തന്നെക്കാള്‍ അറിവുള്ളവന്‍ ഭൂമിയിലുണ്ടെന്ന് അദ്ദേഹത്തെ മനസ്സിലാക്കാനും ആ മഹാ പണ്ഡിതന്റെയടുത്ത് ചെന്നു വിദ്യയഭ്യസിക്കാന്‍ മൂസാനബിയോട് കല്‍പിക്കാനും അല്ലാഹു ഉദ്ദേശിച്ചു. അതാണീ സംഭവം.
രണ്ടു കടലുകള്‍ സംഗമിക്കുന്ന ഒരു സ്ഥലത്തുള്ള നമ്മുടെ ഒരനുഗൃഹീത ദാസന്റെയടുത്തു പോയി പഠിക്കണം എന്നായിരുന്നു അല്ലാഹുവിന്റെ ശാസന. തന്റെ ഭൃത്യന്‍ യൂശഅ് ബ്‌നു നൂനിനെയും കൂട്ടിയായിരുന്നു യാത്ര. വേവിച്ച ഒരു മത്സ്യം കൈയില്‍ വെക്കണമെന്നും അതു നഷ്ടപ്പെട്ടുപോകുന്നിടത്താണ് ഉദ്ദിഷ്ട വ്യക്തി ഉണ്ടാവുക എന്നും അവരെ അറിയിച്ചിരുന്നു. അങ്ങനെ കടല്‍ തീരത്തുകൂടിയുള്ള യാത്രാമധ്യേ വിശ്രമിക്കാനിരുന്ന ഒരു പാറപ്പുറത്തു നിന്നു മത്സ്യം ജീവന്‍ പുണര്‍ന്ന് കടലില്‍ ചാടി രക്ഷപ്പടുകയുണ്ടായി. അത് ചാടിയ ഭാഗം ഒരു തുരങ്കം പോലെ ബാക്കിനില്‍ക്കുകയും ചെയ്തു. യൂശഅ് ഇതു കണ്ടിരുന്നുവെങ്കിലും മൂസാനബി(അ)യോട് വിവരം പറയാന്‍ മറന്നുപോയി.

30. വീണ്ടും കുറേ നടന്നു പരവശരായപ്പോള്‍ മൂസാനബി(അ) ഭൃത്യനോട് ഭക്ഷണം കൊണ്ടുവരാന്‍ പറഞ്ഞു. മത്സ്യം തുരങ്കം അവശേഷിപ്പിച്ചു ചാടിപ്പോയതും ഉടനെ അതറിയിക്കുന്നതില്‍ നിന്ന് പിശാചാണ് തന്നെ വിസ്മരിപ്പിച്ചതെന്നും തത്സമയം അദ്ദേഹം നബിയെ ബോധ്യപ്പെടുത്തി. അപ്പോള്‍, അതാണ് അല്ലാഹു നിര്‍ദേശിച്ച അനുഗൃഹീതനായ ഗുരുശ്രേഷ്ഠന്‍ കഴിഞ്ഞുകൂടുന്ന നമ്മുടെ ലക്ഷ്യസ്ഥാനമെന്നു നബി പറയുകയും പോയ വഴിക്കുതന്നെ അവര്‍ തിരിച്ചുപോരുകയുമുണ്ടായി.

وَإِذۡ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبۡرَحُ حَتَّىٰٓ أَبۡلُغَ مَجۡمَعَ ٱلۡبَحۡرَيۡنِ أَوۡ أَمۡضِيَ حُقُبٗا ۝٦٠
فَلَمَّا بَلَغَا مَجۡمَعَ بَيۡنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِي ٱلۡبَحۡرِ سَرَبٗا ۝٦١
فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدۡ لَقِينَا مِن سَفَرِنَا هَٰذَا نَصَبٗا ۝٦٢
قَالَ أَرَءَيۡتَ إِذۡ أَوَيۡنَآ إِلَى ٱلصَّخۡرَةِ فَإِنِّي نَسِيتُ ٱلۡحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيۡطَٰنُ أَنۡ أَذۡكُرَهُۥۚ وَٱتَّخَذَ سَبِيلَهُۥ فِي ٱلۡبَحۡرِ عَجَبٗا ۝٦٣
قَالَ ذَٰلِكَ مَا كُنَّا نَبۡغِۚ فَٱرۡتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصٗا ۝٦٤
65–70

അങ്ങനെ അവരിരുവരും നമ്മുടെ ഒരടിമ(ഖളിര്‍)യെ കണ്ടുമുട്ടി. അദ്ദേഹത്തിന് നമ്മുടെ കാരുണ്യം നല്‍കുകയും നാം വശമുള്ള ജ്ഞാനം പഠിപ്പിക്കുകയും ചെയ്തിരുന്നു.31
മൂസാനബി അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ക്ക് കിട്ടിയ സന്മാര്‍ഗജ്ഞാനം എനിക്കല്‍പം പഠിപ്പിച്ചുതരുന്നതിനായി ഞാന്‍ കൂടെ വരട്ടെയോ? അദ്ദേഹം പ്രതികരിച്ചു: ഞാനൊന്നിച്ചു ക്ഷമിച്ചുകഴിയാന്‍ നിങ്ങള്‍ക്കാവില്ല തന്നെ. സമഗ്രമായി ഗ്രഹിക്കാനാകാത്ത കാര്യത്തില്‍ താങ്കള്‍ക്ക് എങ്ങനെ ക്ഷമിക്കാന്‍ സാധിക്കും? മൂസാനബി പ്രതികരിച്ചു; അല്ലാഹു ഉദ്ദേശിച്ചാല്‍ ക്ഷമാശീലനായി എന്നെ താങ്കള്‍ക്ക് കാണാനാകും. താങ്കളുടെ ഒരു ശാസനക്കും ഞാന്‍ എതിരുചെയ്യില്ല. അദ്ദേഹം ഉപാധിവെച്ചു: എന്നെ പിന്തുടരുകയാണെങ്കില്‍ ഞാന്‍ വിവരിച്ചുതരുന്നതിന് മുമ്പേ യാതൊരു വിഷയത്തെപ്പറ്റിയും എന്നെ ചോദ്യം ചെയ്യരുത്.

1 വിശദീകരണം കാണുക

31. അല്ലാഹുവിങ്കല്‍ നിന്നു ഒട്ടേറെ സവിശേഷ വിജ്ഞാനങ്ങള്‍ നല്‍കപ്പെട്ട ഖളിര്‍(അ)ആയിരുന്നു ഈ അനുഗൃഹീത ദാസനെന്ന് ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും അന്ത്യനാള്‍ വരെ ആയുസ്സ് നല്‍കപ്പെട്ടിട്ടുണ്ടെന്നുമാണ് ഇമാം നവവി(റ) ഉള്‍പ്പെടെയുള്ള പല പണ്ഡിതപ്രഭുക്കളുടെയും പക്ഷം.

فَوَجَدَا عَبۡدٗا مِّنۡ عِبَادِنَآ ءَاتَيۡنَٰهُ رَحۡمَةٗ مِّنۡ عِندِنَا وَعَلَّمۡنَٰهُ مِن لَّدُنَّا عِلۡمٗا ۝٦٥
قَالَ لَهُۥ مُوسَىٰ هَلۡ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمۡتَ رُشۡدٗا ۝٦٦
قَالَ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا ۝٦٧
وَكَيۡفَ تَصۡبِرُ عَلَىٰ مَا لَمۡ تُحِطۡ بِهِۦ خُبۡرٗا ۝٦٨
قَالَ سَتَجِدُنِيٓ إِن شَآءَ ٱللَّهُ صَابِرٗا وَلَآ أَعۡصِي لَكَ أَمۡرٗا ۝٦٩
قَالَ فَإِنِ ٱتَّبَعۡتَنِي فَلَا تَسۡـَٔلۡنِي عَن شَيۡءٍ حَتَّىٰٓ أُحۡدِثَ لَكَ مِنۡهُ ذِكۡرٗا ۝٧٠
71–73

പിന്നെയും അവരിരുവരും യാത്രതുടര്‍ന്നു. അങ്ങനെ രണ്ടാളും ഒരു ജലയാനത്തില്‍ കയറിയപ്പോള്‍ ഖളിര്‍ അതിന് ഒരു സുഷിരമുണ്ടാക്കി! മൂസാ പ്രതികരിച്ചു: ഈ കപ്പല്‍ക്കാരെ മുക്കിക്കൊല്ലാനായി താങ്കളിതിന്നു ഓട്ടയുണ്ടാക്കിയിരിക്കുകയാണോ? ഒരു ഹീനകൃത്യം തന്നെയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്! അദ്ദേഹം പറഞ്ഞു: ഞാനൊന്നിച്ചു ക്ഷമിച്ചുകഴിയാന്‍ താങ്കള്‍ക്കാവുകയേ ഇല്ലെന്ന് ഞാന്‍ ഉണര്‍ത്തിയിരുന്നില്ലേ? മൂസാ നബി ബോധിപ്പിച്ചു: ഞാനത് വിസ്മരിച്ചുപോയത് മൂലം എന്റെ പേരില്‍ താങ്കള്‍ ശിക്ഷാനടപടി എടുക്കരുത്. ദുഷ്‌കരമായ യാതൊന്നിനും എന്റെ കാര്യത്തില്‍ താങ്കള്‍ നിര്‍ബന്ധിക്കയുമരുത് .32

1 വിശദീകരണം കാണുക

32. തിരുനബി(സ്വ) പ്രസ്താവിച്ചു: ഈ ഒന്നാം പ്രാവശ്യം മറന്നുകൊണ്ടാണ് മൂസാനബി(അ) ഗുരുവിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കപ്പലിന്റെ ഒരറ്റത്ത് ഒരു കുരുവി വന്നിരിക്കുകയും കടല്‍വെള്ളത്തില്‍ നിന്ന് ഒരു കണം കൊത്തിയെടുക്കുകയുമുണ്ടായി. അതു നോക്കി ഖളിര്‍ പറഞ്ഞു: ഈ കുരുവി സമുദ്രജലത്തില്‍ നിന്ന് കുറവുവരുത്തിയത് എത്രയാണോ, തത്തുല്യമാണ് അല്ലാഹുവിന്റെതുമായി തുലനം ചെയ്യുമ്പോള്‍ എന്റെയും താങ്കളുടെയും ജ്ഞാനം. (ബുഖാരി)

فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِي ٱلسَّفِينَةِ خَرَقَهَاۖ قَالَ أَخَرَقۡتَهَا لِتُغۡرِقَ أَهۡلَهَا لَقَدۡ جِئۡتَ شَيۡـًٔا إِمۡرٗا ۝٧١
قَالَ أَلَمۡ أَقُلۡ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا ۝٧٢
قَالَ لَا تُؤَاخِذۡنِي بِمَا نَسِيتُ وَلَا تُرۡهِقۡنِي مِنۡ أَمۡرِي عُسۡرٗا ۝٧٣
74–75

പിന്നെയും രണ്ടാളും യാത്രപോയി. അങ്ങനെ ഒരു കുട്ടിയെ കണ്ടപ്പോള്‍ അവനെ വധിച്ചുകളഞ്ഞു അദ്ദേഹം. മൂസാ നബി പ്രതികരിച്ചു: മറ്റൊരാള്‍ക്കുള്ള പ്രതിവധമൊന്നുമായല്ലാതെ ഒരു നിരപരാധിയെ താങ്കള്‍ വധിച്ചുവോ? അധിക്ഷേപാര്‍ഹമായ ഒരു കഠോരകൃത്യം തന്നെയാണു താങ്കള്‍ ചെയ്തത്. അദ്ദേഹം പ്രതികരിച്ചു: താങ്കള്‍ക്ക് ഞാനൊന്നിച്ചു ക്ഷമിച്ചുകഴിയാന്‍ ആവുകയേ ഇല്ലെന്ന് താങ്കളോടല്ലേ ഞാന്‍ പറഞ്ഞിരുന്നത്?33

1 വിശദീകരണം കാണുക

33. യാത്ര തുടരവെ കളിച്ചുകൊണ്ടിരുന്ന കുറച്ചു കുട്ടികളെ അവര്‍ കാണുകയുണ്ടായി. അവരിലൊരു സുന്ദരബാലനെ ഖളിര്‍ പിടിച്ചു കൊന്നുകളഞ്ഞു! ഇത്തവണ മറന്നുകൊണ്ടല്ല, വിഷയത്തിന്റെ അതീവ ഗൗരവാവസ്ഥമൂലം ക്ഷമിച്ചിരിക്കാനാകാതെ സബോധം തന്നെ മൂസാനബി(അ) ഗുരുവിനെ ചോദ്യംചെയ്തു. ദൈവികനിയമപ്രകാരം, ഒരാളെ വധിച്ച ഘാതകനെ കൊല്ലണം, എന്നാല്‍ ഇവന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും നിരപരാധിയുമാണ്. എന്തൊരു നിഷ്ഠുരകൃത്യമാണിത്! മൂസാനബി(അ) ചോദ്യംചെയ്തപ്പോള്‍ കുട്ടിയുടെ കൈ വേര്‍പ്പെടുത്തിയെടുത്ത് ഇടതുതോളെല്ലില്‍ 'ഇവന്‍ നിഷേധിയാണ്; ഒരിക്കലും അല്ലാഹുവില്‍ വിശ്വസിക്കില്ല' എന്നു രേഖപ്പെടുത്തിയതായി ഖളിര്‍(അ) കാണിച്ചുകൊടുത്തു എന്ന് ഇമാം ഖുര്‍ഥുബി രേഖപ്പെടുത്തിയതായി കാണാം.

فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمٗا فَقَتَلَهُۥ قَالَ أَقَتَلۡتَ نَفۡسٗا زَكِيَّةَۢ بِغَيۡرِ نَفۡسٖ لَّقَدۡ جِئۡتَ شَيۡـٔٗا نُّكۡرٗا ۝٧٤
۞ قَالَ أَلَمۡ أَقُل لَّكَ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا ۝٧٥
76

മൂസാ നബി മറുപടി നല്‍കി: എന്തിനെയെങ്കിലും കുറിച്ച് ഇനിയും ഞാന്‍ ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കളെന്നെ ഒപ്പം കൂട്ടേണ്ട. താങ്കള്‍ക്കെന്നില്‍ നിന്നു മതിയായ കാരണം കിട്ടിപ്പോയി.

قَالَ إِن سَأَلۡتُكَ عَن شَيۡءِۭ بَعۡدَهَا فَلَا تُصَٰحِبۡنِيۖ قَدۡ بَلَغۡتَ مِن لَّدُنِّي عُذۡرٗا ۝٧٦
77

പിന്നെയും രണ്ടാളും യാത്രചെയ്തു. അങ്ങനെ ഇരുവരും ഒരു നാട്ടുകാരുടെയടുത്തെത്തിയപ്പോള്‍ തദ്ദേശീയരോടവര്‍ ആഹാരമാവശ്യപ്പെട്ടു; എന്നാല്‍ ഇവര്‍ക്കാതിഥ്യമരുളാന്‍ അവര്‍ വിസമ്മതിച്ചു. അങ്ങനെ, അവിടെ നിലംപൊത്താറായ ഒരു മതില്‍ അവര്‍ കാണുകയും അദ്ദേഹം ഉടനെയത് നേരെയാക്കുകയുമുണ്ടായി. മൂസാനബി പ്രതികരിച്ചു: താങ്കള്‍ വിചാരിച്ചാല്‍ ഇതിനു വല്ല കൂലിയും മേടിക്കാമായിരുന്നു34

1 വിശദീകരണം കാണുക

34. വീണ്ടും സഞ്ചരിക്കവെ അവര്‍ ഒരു നാട്ടിലെത്തി. അതിഥികളെ സല്‍ക്കരിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാത്ത അറുപിശുക്കന്മാരായിരുന്നു അവര്‍. സിറിയയുടെ വടക്കന്‍ അതിര്‍ത്തിയിലുള്ള, ഇപ്പോള്‍ തുര്‍ക്കിയില്‍ പെട്ട അന്‍ഥാക്കിയ (ഇപ്പോഴത്തെ പേര് ഹറ്റായ്) ആണ് ഈ ദേശമെന്നാണ് മുഫസ്സിറുകള്‍ പറയുന്നത്. ഇങ്ങോട്ട് മാന്യമല്ലാതെ പെരുമാറിയിട്ടും ആ പട്ടണത്തില്‍ വീഴാറായിക്കണ്ട ഒരു മതില്‍, നീണ്ടശ്രമത്തിലൂടെ പൊളിച്ചു പുതുക്കിപ്പണിതു നമ്മുടെ കഥാപുരുഷന്‍. മൂസാനബി(അ)ക്ക് ഇതും രസിച്ചില്ല; ഇതിനു കൂലിവാങ്ങാമായിരുന്നല്ലോ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهۡلَ قَرۡيَةٍ ٱسۡتَطۡعَمَآ أَهۡلَهَا فَأَبَوۡاْ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارٗا يُرِيدُ أَن يَنقَضَّ فَأَقَامَهُۥۖ قَالَ لَوۡ شِئۡتَ لَتَّخَذۡتَ عَلَيۡهِ أَجۡرٗا ۝٧٧
78–81

ഖളിര്‍ പ്രസ്താവിച്ചു: എനിക്കും താങ്കള്‍ക്കുമിടക്കുള്ള വിരഹമുഹൂര്‍ത്തമാണിത്. ഏതൊക്കെ വിഷയങ്ങളില്‍ താങ്കള്‍ക്കു ക്ഷമിക്കാന്‍ സാധിക്കാതെയിരുന്നുവോ അവയുടെ പൊരുള്‍ ഞാന്‍ പറഞ്ഞു തരാം: ആ ജലയാനമുണ്ടല്ലോ, കടല്‍ തൊഴിലാളികളായ ഏതാനും പാവങ്ങളുടേതായിരുന്നു അത്. അവര്‍ക്കു പിറകില്‍ എല്ലാ നല്ല ജലയാനങ്ങളും ബലമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു; അതിനാല്‍ അതിന് ന്യൂനതയുണ്ടാക്കണമെന്ന് ഞാന്‍ കരുതി. ആ കുട്ടിയുണ്ടല്ലോ, അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. അവരെയവന്‍ അധര്‍മത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിക്കുമെന്നു ഞാന്‍ ഭയന്നു. തന്മൂലം, അവനെക്കാള്‍ ഉദാത്ത സ്വഭാവിയും കാരുണ്യത്താല്‍ ഏറെ സമീപസ്ഥനുമായ ഒരു പുത്രനെ അവരുടെ നാഥന്‍ പകരം നല്‍കണമെന്നു നാം അഭിലഷിച്ചു.

قَالَ هَٰذَا فِرَاقُ بَيۡنِي وَبَيۡنِكَۚ سَأُنَبِّئُكَ بِتَأۡوِيلِ مَا لَمۡ تَسۡتَطِع عَّلَيۡهِ صَبۡرًا ۝٧٨
أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا ۝٧٩
وَأَمَّا ٱلۡغُلَٰمُ فَكَانَ أَبَوَاهُ مُؤۡمِنَيۡنِ فَخَشِينَآ أَن يُرۡهِقَهُمَا طُغۡيَٰنٗا وَكُفۡرٗا ۝٨٠
فَأَرَدۡنَآ أَن يُبۡدِلَهُمَا رَبُّهُمَا خَيۡرٗا مِّنۡهُ زَكَوٰةٗ وَأَقۡرَبَ رُحۡمٗا ۝٨١
82

ഇനി, ആ മതിലുണ്ടല്ലോ, ആ പട്ടണക്കാരായ രണ്ട് അനാഥക്കുട്ടികളുടേതായിരുന്നു അത്. അവര്‍ക്കുള്ള ഒരു നിക്ഷേപമുണ്ടായിരുന്നു അതിനു ചുവട്ടില്‍. അവരുടെ പിതാവ് ഒരു സദ്‌വൃത്തനായിരുന്നു. അതിനാല്‍ അവര്‍ രണ്ടുപേരും യൗവന പ്രാപ്തരാവുകയും നിക്ഷേപം പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ നാഥന്‍ - തന്റെ അനുഗ്രഹമെന്ന നിലക്ക്-ഉദ്ദേശിച്ചു. എന്റെ സ്വാഭിപ്രായമനുസരിച്ചല്ല ഞാനിതൊന്നും തന്നെ പ്രവര്‍ത്തിച്ചത്. ഏതൊക്കെ വിഷയങ്ങളില്‍ ക്ഷമകൈക്കൊള്ളാന്‍ താങ്കള്‍ക്കു കഴിഞ്ഞില്ലയോ അവയുടെ വ്യാഖ്യാനമാണ് ഇപ്പറഞ്ഞത് .35

1 വിശദീകരണം കാണുക

35. യാത്രാമദ്ധ്യേ ഹ. ഖളിര്‍(അ)ല്‍ നിന്നുണ്ടായ സംഭവങ്ങള്‍ മൂന്നും ദുര്‍ഗ്രഹതകളും നിഗൂഢതകളും നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ സുഗ്രാഹ്യമാംവിധം അവസാനം അദ്ദേഹമത് വിശദീകരിച്ചു. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രത്യേക ബോധനമനുസരിച്ചായിരുന്നു അവയത്രയും മഹാന്‍ ചെയ്തത്.

وَأَمَّا ٱلۡجِدَارُ فَكَانَ لِغُلَٰمَيۡنِ يَتِيمَيۡنِ فِي ٱلۡمَدِينَةِ وَكَانَ تَحۡتَهُۥ كَنزٞ لَّهُمَا وَكَانَ أَبُوهُمَا صَٰلِحٗا فَأَرَادَ رَبُّكَ أَن يَبۡلُغَآ أَشُدَّهُمَا وَيَسۡتَخۡرِجَا كَنزَهُمَا رَحۡمَةٗ مِّن رَّبِّكَۚ وَمَا فَعَلۡتُهُۥ عَنۡ أَمۡرِيۚ ذَٰلِكَ تَأۡوِيلُ مَا لَمۡ تَسۡطِع عَّلَيۡهِ صَبۡرٗا ۝٨٢
83–86

ദുല്‍ഖര്‍നൈനിയെക്കുറിച്ചും താങ്കളോടവര്‍ ചോദിക്കും. 'അദ്ദേഹത്തെസംബന്ധിച്ചുള്ള വൃത്താന്തം നിങ്ങള്‍ക്കു ഞാന്‍ ഓതിത്തരാം' എന്നു താങ്കള്‍ പറയുക: നിശ്ചയം അദ്ദേഹത്തിന് നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും സര്‍വകാര്യങ്ങള്‍ക്കുമുള്ള വഴികള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടദ്ദേഹം ഒരു വഴിയില്‍ പ്രവേശിക്കുകയും അങ്ങനെ സൂര്യനസ്തമിക്കുന്ന സ്ഥലത്തെത്തുകയും ചെയ്തപ്പോള്‍ കറുത്ത ഒരു ചളിക്കുണ്ടില്‍ അതു മറഞ്ഞുപോകുന്നതായി ഗോചരീഭവിച്ചു. അതിനടുത്ത് ഒരു കൂട്ടം ആളുകളെയും അദ്ദേഹം കണ്ടു. നാം കല്‍പിച്ചു: ഹേ, ദുല്‍ഖര്‍നൈന്‍, താങ്കള്‍ക്കിവരില്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയോ ഉദാത്തസമീപനം സ്വീകരിക്കുകയോ ചെയ്യാവുന്നതാണ്.36

1 വിശദീകരണം കാണുക

36. ദുല്‍ഖര്‍നൈന്‍ ആരാണെന്നതില്‍ വ്യാഖ്യാതാക്കള്‍ ഭിന്നപക്ഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂതലമൊന്നാകെ അടക്കിബ്ഭരിച്ച ഒരു സത്യവിശ്വാസിയായ ചക്രവര്‍ത്തിയാണത് എന്നത്രേ മിക്കപണ്ഡിതരുടെയും അഭിപ്രായം. ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടില്‍ ജീവിക്കുകയും പല ജൈത്രയാത്രകളും നടത്തുകയും ചെയ്ത കോരെശ് രാജാവാണത് എന്നാണ് ചില ആധുനിക പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നത്.
ബൈബിളിലെ 'യെശയ്യാവി'ല്‍ ഇദ്ദേഹത്തെക്കുറിച്ച പരാമര്‍ശം കാണാം.(അധ്യായം 45). പുരാതന എഡിഷനുകളില്‍ കൊരെശ് എന്നും പുതിയവയില്‍ സൈറസ് എന്നുമാണ് പേര്. അറബിയില്‍ കൂറുശ് എന്നും ഖൂറുശ് എന്നും കാണുന്നുണ്ട്. കിഴക്കോട്ട് ഖുറാസാനിലെ ബല്‍ഖ് മരുഭൂമിയും ബലൂചിസ്ഥാനിലെ മക്‌റാന്‍ കോസ്റ്റല്‍ റെയ്ഞ്ജും വരെയും പടിഞ്ഞാറോട്ട് തുര്‍ക്കിയുടെ തെക്കുഭാഗത്തുള്ള ഈജിയന്‍ കടല്‍തീരങ്ങള്‍ വരെയും വടക്കോട്ട് കോക്കസസ് പര്‍വതനിരകള്‍ വരെയും താന്‍ ജൈത്രയാത്രകള്‍ നടത്തിയതായി ചരിത്രം പറയുന്നുണ്ട്. ഇരുമലകള്‍ക്കിടയിലെ ഡാരിയല്‍ മലയിടുക്കിലും താന്‍ ചെന്നെത്തുകയുണ്ടായി. (മൗലാനാ അബുല്‍ കലാം ആസാദിന്റെ ഖുര്‍ആന്‍ പരിഭാഷ കാണുക.)
പടിഞ്ഞാറോട്ട് ദുല്‍ഖര്‍നൈന്‍ നടത്തിയ ഒരു ജൈത്രയാത്രയിലേക്കാണ് ആദ്യസൂചന. ഇരുണ്ട ജലാശയത്തില്‍ സൂര്യന്‍ താഴുക എന്നത് പ്രത്യക്ഷ കാഴ്ചയെപ്പറ്റി പറയുന്നതാണ്. ദൈവനിഷേധികളായ ജനങ്ങളാണ് അവിടെയുണ്ടായിരുന്നത്. അതുകൊണ്ട്, വേണമെങ്കില്‍ ശിക്ഷാനടപടിക്കായി സൂചിപ്പിക്കുകയാണ്. ഇദ്ദേഹം ഏകദൈവവിശ്വാസിയും മുസ്‌ലിമും ആയിരുന്നു എന്നു നാം പറഞ്ഞല്ലോ
.

وَيَسۡـَٔلُونَكَ عَن ذِي ٱلۡقَرۡنَيۡنِۖ قُلۡ سَأَتۡلُواْ عَلَيۡكُم مِّنۡهُ ذِكۡرًا ۝٨٣
إِنَّا مَكَّنَّا لَهُۥ فِي ٱلۡأَرۡضِ وَءَاتَيۡنَٰهُ مِن كُلِّ شَيۡءٖ سَبَبٗا ۝٨٤
فَأَتۡبَعَ سَبَبًا ۝٨٥
حَتَّىٰٓ إِذَا بَلَغَ مَغۡرِبَ ٱلشَّمۡسِ وَجَدَهَا تَغۡرُبُ فِي عَيۡنٍ حَمِئَةٖ وَوَجَدَ عِندَهَا قَوۡمٗاۖ قُلۡنَا يَٰذَا ٱلۡقَرۡنَيۡنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمۡ حُسۡنٗا ۝٨٦
87–88

ദുല്‍ഖര്‍നൈന്‍ പ്രഖ്യാപിച്ചു: ആര് ദൈവനിഷേധിയാകുന്നുവോ അവനെ നാം ശിക്ഷാമുറകള്‍ക്ക് വിധേയനാക്കും. പിന്നീടവന്‍ നാഥങ്കലേക്കു മടക്കപ്പെടുന്നതും അപ്പോഴവന്‍ ഗുരുതരമായ പാരത്രികശിക്ഷ നിഷേധിക്കു നല്‍കുന്നതുമാണ്. ഇനി ആര് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തുവോ അവനാണ് അത്യുദാത്ത സ്വര്‍ഗം പ്രതിഫലമായുള്ളത്. നമ്മുടെ ശാസനയില്‍ നിന്നു സുഗമമായതാണവനോടു നിര്‍ദേശിക്കുക.37

1 വിശദീകരണം കാണുക

37. സത്യവിശ്വാസികള്‍ക്കു പാരത്രിക സ്വര്‍ഗവും വിജയവുമാണു ലഭിക്കുക; ഐഹിക ലോകത്താകട്ടെ, പ്രകൃതിയുടെ താല്‍പര്യാനുസൃതമുള്ള സുഗമമായ നിയമവ്യവസ്ഥകളുള്ള ശരീഅത്തനുസരിച്ച് ജീവിക്കാനാണ് അല്ലാഹു കല്‍പിക്കുക-ഈ മതത്തില്‍ ഒരു വിധബുദ്ധിമുട്ടും നിങ്ങള്‍ക്കവന്‍ നിശ്ചയിച്ചിട്ടില്ല. (ഖുര്‍ആന്‍ 22:78). നിശ്ചയം, ഇസ്‌ലാം മതം എളുപ്പമായതുതന്നെയാകുന്നു. ഹദീസ്.

قَالَ أَمَّا مَن ظَلَمَ فَسَوۡفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابٗا نُّكۡرٗا ۝٨٧
وَأَمَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَلَهُۥ جَزَآءً ٱلۡحُسۡنَىٰۖ وَسَنَقُولُ لَهُۥ مِنۡ أَمۡرِنَا يُسۡرٗا ۝٨٨
89–91

പിന്നീടദ്ദേഹം മറ്റൊരു വഴിയില്‍ പ്രവേശിക്കുകയും അങ്ങനെ സൂര്യന്‍ ഉദിക്കുന്നിടത്തെത്തുകയും ചെയ്തപ്പോള്‍ അതിനുചുവട്ടില്‍ ഒരു ആവരണവും നാമുണ്ടാക്കിക്കൊടുത്തിട്ടില്ലാത്ത ഒരു സമൂഹത്തിനു മീതെ അത് ഉദിച്ചുയരുന്നതായി കാണുകയുണ്ടായി. മുന്‍ചൊന്ന പ്രകാരംതന്നെ താനനുവര്‍ത്തിച്ചു.38
അദ്ദേഹത്തിന്റെ പക്കലുള്ളത് സംബന്ധിച്ച് സൂക്ഷ്മജ്ഞാനം കൊണ്ട് നാം സമഗ്രമായി അറിഞ്ഞിരുന്നു.

1 വിശദീകരണം കാണുക

38. പശ്ചിമദേശക്കാരോടനുവര്‍ത്തിച്ച സമീപനം തന്നെ (സൂക്തം 87,88 കാണുക.) ഇവിടെയും സ്വീകരിച്ചു എന്നര്‍ഥം. ഉടുവസ്ത്രങ്ങളോ വീടുകളോ ഇല്ലാത്ത ചില കാപ്പിരിവര്‍ഗങ്ങളായിരുന്നു കിഴക്കന്‍ദേശത്തുണ്ടായിരുന്നത് എന്നാണ് പണ്ഡിതപ്രതിപാദനം.

ثُمَّ أَتۡبَعَ سَبَبًا ۝٨٩
حَتَّىٰٓ إِذَا بَلَغَ مَطۡلِعَ ٱلشَّمۡسِ وَجَدَهَا تَطۡلُعُ عَلَىٰ قَوۡمٖ لَّمۡ نَجۡعَل لَّهُم مِّن دُونِهَا سِتۡرٗا ۝٩٠
كَذَٰلِكَۖ وَقَدۡ أَحَطۡنَا بِمَا لَدَيۡهِ خُبۡرٗا ۝٩١
92–94

പിന്നീടദ്ദേഹം മറ്റൊരു സരണിയില്‍ കടക്കുകയും രണ്ടു മലകള്‍ക്കിടയിലെത്തുകയുമുണ്ടായി. സംസാരം സാവകാശം മനസ്സിലാക്കാനാകാത്ത ഒരു ജനതതിയെ ഇരുമലകള്‍ക്കിപ്പുറത്ത് താന്‍ കണ്ടു. അവര്‍ ബോധിപ്പിച്ചു: ഹേ ദുല്‍ഖര്‍നൈന്‍, നിശ്ചയം, യഅ്ജൂജ്-മഅ്ജൂജ് നാട്ടില്‍ കുഴപ്പമുണ്ടാക്കുകയാണ്; അതുകൊണ്ട് ഞങ്ങള്‍ക്കും അവര്‍ക്കും മദ്ധ്യേ ഒരു മതില്‍കെട്ടു നിര്‍മിച്ചുതരാന്‍ താങ്കള്‍ക്കു ഞങ്ങള്‍ സാമ്പത്തിക വിഹിതം നിര്‍ണയിച്ചുതരട്ടെയോ?39

1 വിശദീകരണം കാണുക

39. യഅ്ജൂജ്-മഅ്ജൂജ് എന്നാല്‍ ആരാണ് എന്ന് ഖണ്ഡിതമായി പറയാനാകാത്ത വിധം പണ്ഡിതരുടെ വ്യത്യസ്താഭിപ്രായങ്ങളാണ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. ഏതായാലും കൊലയും കൊള്ളയും പിടിച്ചുപറിയും മറ്റു അക്രമപ്രവര്‍ത്തനങ്ങളും മുഖമുദ്രയായ സമൂഹമാണവര്‍. ജൂതവംശജരാണ് ഈ വിഭാഗക്കാരെന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ സംഹാരചെയ്തികളില്‍ നിന്ന് രക്ഷനേടാനായി തങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഒരു ബലിഷ്ഠമായ ഉപരോധമതില്‍ നിര്‍മിച്ചുതരണമെന്നും പകരം സമ്പത്ത് തരാമെന്നുമാണ് ആ ജനങ്ങള്‍ ബോധിപ്പിക്കുന്നത്.

ثُمَّ أَتۡبَعَ سَبَبًا ۝٩٢
حَتَّىٰٓ إِذَا بَلَغَ بَيۡنَ ٱلسَّدَّيۡنِ وَجَدَ مِن دُونِهِمَا قَوۡمٗا لَّا يَكَادُونَ يَفۡقَهُونَ قَوۡلٗا ۝٩٣
قَالُواْ يَٰذَا ٱلۡقَرۡنَيۡنِ إِنَّ يَأۡجُوجَ وَمَأۡجُوجَ مُفۡسِدُونَ فِي ٱلۡأَرۡضِ فَهَلۡ نَجۡعَلُ لَكَ خَرۡجًا عَلَىٰٓ أَن تَجۡعَلَ بَيۡنَنَا وَبَيۡنَهُمۡ سَدّٗا ۝٩٤
95–97

അദ്ദേഹം പ്രതികരിച്ചു: നാഥന്‍ എനിക്കു സ്വാധീനപ്പെടുത്തിയതത്രേ (നിങ്ങളുടേതിലും) ശ്രേഷ്ഠം; അതുകൊണ്ട് ശാരീരികശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുക. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാനൊരു ബലിഷ്ഠമതില്‍ നിര്‍മിച്ചുതരാം. എനിക്കു നിങ്ങള്‍ ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നുതരിക. അങ്ങനെ ആ രണ്ടു മലകള്‍ക്കിടയില്‍ അവ പടുത്തുയര്‍ത്തി തുല്യമാക്കി (തീയിട്ട്) '‌നിങ്ങള്‍ ഊതുക' എന്നദ്ദേഹം കല്‍പിച്ചു. എന്നിട്ടത് അഗ്നിസമാനമായപ്പോള്‍ 'കൊണ്ടുവരിന്‍, ഉരുക്കിയചെമ്പ് ഞാനിതിന്മേല്‍ ഒഴിക്കട്ടെ' എന്നദ്ദേഹം ഉത്തരവിട്ടു. (നിര്‍മാണം തീര്‍ന്നപ്പോള്‍) ആ മതില്‍കെട്ട് കയറിമറിയാന്‍ യഅ്ജൂജ് -മഅ്ജൂജിന്നായില്ല; അതിന്നു സുഷിരമുണ്ടാക്കാനും അവര്‍ക്കു സാധിച്ചില്ല.40

1 വിശദീകരണം കാണുക

40. സാമ്പത്തിക സഹായ സന്നദ്ധത നിരസിച്ച അദ്ദേഹം അവരുടെ ശാരീരിക സഹായവും ശ്രമദാനവും ആവശ്യപ്പെടുകയും തീയില്‍ പഴുപ്പിച്ച ഇരുമ്പുമതിലില്‍ ഉരുകിയ ഈയമൊഴിച്ച് കെട്ടുറപ്പുള്ള ഒരു പ്രതിരോധമതില്‍ നിര്‍മിച്ചുകൊടുക്കുകയുമുണ്ടായി. വളരെയേറെ ധനശേഷിയും ജനശേഷിയും ആവശ്യമുള്ള ഒരു പടുകൂറ്റന്‍ പദ്ധതിയായിരുന്നു ഇത്. ഇരുമ്പിന്റെയും ഈയത്തിന്റെയും മിശ്രിതം അതീവ ബലിഷ്ഠമാണെന്ന പാഠം ദുല്‍ഖര്‍നൈനില്‍ നിന്നാണ് ലോകം പഠിച്ചതെന്നതും സ്മര്‍ത്തവ്യമത്രേ.

قَالَ مَا مَكَّنِّي فِيهِ رَبِّي خَيۡرٞ فَأَعِينُونِي بِقُوَّةٍ أَجۡعَلۡ بَيۡنَكُمۡ وَبَيۡنَهُمۡ رَدۡمًا ۝٩٥
ءَاتُونِي زُبَرَ ٱلۡحَدِيدِۖ حَتَّىٰٓ إِذَا سَاوَىٰ بَيۡنَ ٱلصَّدَفَيۡنِ قَالَ ٱنفُخُواْۖ حَتَّىٰٓ إِذَا جَعَلَهُۥ نَارٗا قَالَ ءَاتُونِيٓ أُفۡرِغۡ عَلَيۡهِ قِطۡرٗا ۝٩٦
فَمَا ٱسۡطَٰعُوٓاْ أَن يَظۡهَرُوهُ وَمَا ٱسۡتَطَٰعُواْ لَهُۥ نَقۡبٗا ۝٩٧
98

എന്റെ നാഥന്റെ പക്കല്‍ നിന്നുള്ള ഒരനുഗ്രഹമാണിത് എന്നദ്ദേഹം പ്രഖ്യാപിച്ചു: എന്നാല്‍ എന്റെ നാഥന്റെ വാഗ്ദത്തമുഹൂര്‍ത്തം വന്നെത്തിയാല്‍ അവനതിനെ ശിഥിലമാക്കിക്കളയും. എന്റെ നാഥന്റെ വാഗ്ദാനം സത്യസന്ധമത്രേ.41

1 വിശദീകരണം കാണുക

41. എത്രമേല്‍ ഉറപ്പുള്ളതാണെങ്കിലും അല്ലാഹു ഉദ്ദേശിക്കുന്ന സമയം ഇതും നശിച്ചുപോകുമെന്നര്‍ഥം. ആദര്‍ബൈജാനും അര്‍മേനിയക്കുമിടക്കുള്ള പര്‍വതനിരകളിലെ രണ്ടു മലകള്‍ക്കിടയിലായിരുന്നു ഈ മതിലെന്നാണ് ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിട്ടുള്ളത്.

قَالَ هَٰذَا رَحۡمَةٞ مِّن رَّبِّيۖ فَإِذَا جَآءَ وَعۡدُ رَبِّي جَعَلَهُۥ دَكَّآءَۖ وَكَانَ وَعۡدُ رَبِّي حَقّٗا ۝٩٨
99–101

അന്ത്യനാളില്‍ മനുഷ്യരെ ചിലര്‍ മറ്റുചിലരുടെ മേല്‍ പരസ്പരം തള്ളിക്കയറും വിധം നാം വിട്ടേച്ചുകളയും. കാഹളത്തില്‍ ഊതപ്പെടുന്നതും തത്സമയം അവരെ നാം സമ്മേളിപ്പിക്കുന്നതുമാണ്. എന്നെക്കുറിച്ച പ്രസ്താവങ്ങള്‍ക്കു മുമ്പില്‍ ആരുടെ ദൃഷ്ടികള്‍ ആവൃതമാവുകയും അവയുള്‍ക്കൊള്ളാന്‍ ആരശക്തരാവുകയും ചെയ്തിരുന്നുവോ ആ സത്യനിഷേധികള്‍ക്കു അന്നു നാം നരകം നല്ലപോലെ കാട്ടിക്കൊടുക്കും.42

1 വിശദീകരണം കാണുക

42. അല്ലാഹുവിന്റെ ദിവ്യത്വവും മഹച്ഛക്തിയും ഗ്രഹിക്കാനും അവന്റെ ആജ്ഞാനുവര്‍ത്തിയായി ജീവിക്കാനേ മനുഷ്യന് കഴിയൂ എന്നുള്‍ക്കൊള്ളാനും മതിയായ ദൃഷ്ടാന്തങ്ങളല്ലേ പ്രപഞ്ചത്തിലെങ്ങുമുള്ളത്? പക്ഷേ അവ കാണുമ്പോള്‍ , അല്ലാഹുവിനെക്കുറിച്ചു പറയപ്പെടുമ്പോള്‍ മനുഷ്യന്‍ കണ്ണുചിമ്മി ഹൃദയം പൂട്ടിവെച്ച് അജ്ഞതയും അന്ധതയും നടിക്കുകയും അന്യദൈവങ്ങളെ പുല്‍കുകയും സത്യനിഷേധിയാവുകയുമാണ്; കഷ്ടം! ഇത്തരം നിഷേധികള്‍ക്കെല്ലാം, പ്രവേശനം നല്‍കപ്പെടും മുമ്പുതന്നെ നരകം നല്ലപോലെ പടച്ചവന്‍ കാണിച്ചുകൊടുക്കും.

۞ وَتَرَكۡنَا بَعۡضَهُمۡ يَوۡمَئِذٖ يَمُوجُ فِي بَعۡضٖۖ وَنُفِخَ فِي ٱلصُّورِ فَجَمَعۡنَٰهُمۡ جَمۡعٗا ۝٩٩
وَعَرَضۡنَا جَهَنَّمَ يَوۡمَئِذٖ لِّلۡكَٰفِرِينَ عَرۡضًا ۝١٠٠
ٱلَّذِينَ كَانَتۡ أَعۡيُنُهُمۡ فِي غِطَآءٍ عَن ذِكۡرِي وَكَانُواْ لَا يَسۡتَطِيعُونَ سَمۡعًا ۝١٠١
102

എന്നെക്കൂടാതെ എന്റെ അടിമകളെ സംരക്ഷകരായി വരിക്കാമെന്ന് സത്യനിഷേധികള്‍ ധരിച്ചുവെച്ചിരിക്കുകയാണോ? നിശ്ചയം അവിശ്വാസികള്‍ക്കു ആതിഥ്യമരുളാനായി നരകം നാം സജ്ജീകരിച്ചിരിക്കുന്നു!

أَفَحَسِبَ ٱلَّذِينَ كَفَرُوٓاْ أَن يَتَّخِذُواْ عِبَادِي مِن دُونِيٓ أَوۡلِيَآءَۚ إِنَّآ أَعۡتَدۡنَا جَهَنَّمَ لِلۡكَٰفِرِينَ نُزُلٗا ۝١٠٢
103–106

നബിയേ, പ്രഖ്യാപിക്കുക: അനുഷ്ഠാനകര്‍മങ്ങള്‍ ഏറ്റം നഷ്ടകരമായി ഭവിച്ചവരെപ്പറ്റി നിങ്ങള്‍ക്കു നാം പറഞ്ഞു തരട്ടെയോ? തങ്ങളുടെ ഐഹിക ജീവിതപ്രവര്‍ത്തനങ്ങളില്‍ മാര്‍ഗഭ്രംശം വന്നവരാണവര്‍; എന്നാല്‍ ഉദാത്തകര്‍മങ്ങളാണ് തങ്ങളനുവര്‍ത്തിക്കുന്നതെന്നാണവരുടെ ധാരണ.43
തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായുള്ള കൂടിക്കാഴ്ചയിലും അവിശ്വസിച്ചവരത്രേ അവര്‍. തന്മൂലം അവരുടെ കര്‍മങ്ങള്‍ ശിഥിലമായിരിക്കുന്നു. അതുകൊണ്ട് പുനരുത്ഥാന നാളില്‍ അവര്‍ക്ക് ഒരു വിലയും നാം കല്‍പിക്കുകയില്ല. അതത്രേ അവരുടെ പ്രതിഫലമായ നരകം; സത്യം നിഷേധിക്കുകയും എന്റെ സൂക്തങ്ങളെയും ദൂതന്മാരെയും പരിഹാസപാത്രമാക്കുകയും ചെയ്തതുമൂലം.44

2 വിശദീകരണങ്ങൾ കാണുക

43. ചില കാര്യങ്ങളൊക്കെ ചെയ്ത്, ഞാന്‍ വലിയ ശ്രേഷ്ഠനാണ്, പുണ്യശിരോമണിയാണ് എന്നു വിചാരിക്കുന്ന പലരുമുണ്ട്. സത്യവിശ്വാസത്തിന്റെ അപര്യാപ്തതയോ അഭാവമോ മൂലവും പ്രവര്‍ത്തനങ്ങളില്‍ ഉദ്ദേശ്യശുദ്ധി ഇല്ലായ്മയാലും അത്തരക്കാരുടെ കര്‍മങ്ങള്‍ ഫലശൂന്യമായിരിക്കും എന്ന സഗൗരവ പാഠമാണ് ഖുര്‍ആന്‍ ഇവിടെ നല്‍കുന്നത്.

44. ബാഹ്യമായ ഭാവഹാവങ്ങളോ പുറംപൂച്ചുകളോ അല്ല, മറിച്ച് ആത്മാര്‍ഥതയും വിധേയത്വവുമാണ് അല്ലാഹുവിന്റെ അളവുകോല്‍. അതിന്റെ അഭാവത്തില്‍ പരാജയം തീര്‍ച്ചയാണ്. തിരുനബി(സ്വ) പ്രസ്താവിച്ചു: തടിച്ചുകൊഴുത്ത, ശ്രദ്ധേയനായ ഒരാള്‍ അന്ത്യനാളില്‍ ഹാജരാകും; എന്നാല്‍ അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന്‌പോലും സമാനനാകില്ല അയാള്‍ - എന്നിട്ട് ഈ 105-ാം സൂക്തത്തിലേക്ക് അവിടന്ന് ശ്രദ്ധക്ഷണിച്ചു (ബുഖാരി).

قُلۡ هَلۡ نُنَبِّئُكُم بِٱلۡأَخۡسَرِينَ أَعۡمَٰلًا ۝١٠٣
ٱلَّذِينَ ضَلَّ سَعۡيُهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ يَحۡسَبُونَ أَنَّهُمۡ يُحۡسِنُونَ صُنۡعًا ۝١٠٤
أُوْلَٰٓئِكَ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمۡ وَلِقَآئِهِۦ فَحَبِطَتۡ أَعۡمَٰلُهُمۡ فَلَا نُقِيمُ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ وَزۡنٗا ۝١٠٥
ذَٰلِكَ جَزَآؤُهُمۡ جَهَنَّمُ بِمَا كَفَرُواْ وَٱتَّخَذُوٓاْ ءَايَٰتِي وَرُسُلِي هُزُوًا ۝١٠٦
107–108

നിശ്ചയം, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരാരോ, അവര്‍ക്ക് ആതിഥ്യമേകാനുള്ളതാണ് സ്വര്‍ഗീയ പറുദീസകള്‍; അവരതില്‍ ശാശ്വതരായിരിക്കും, മാറിപ്പോകാനാഗ്രഹിക്കില്ല.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَانَتۡ لَهُمۡ جَنَّٰتُ ٱلۡفِرۡدَوۡسِ نُزُلًا ۝١٠٧
خَٰلِدِينَ فِيهَا لَا يَبۡغُونَ عَنۡهَا حِوَلٗا ۝١٠٨
109

നബിയേ, പ്രഖ്യാപിക്കുക, കടല്‍വെള്ളമത്രയും എന്റെ നാഥന്റെ വചനങ്ങള്‍ രേഖപ്പെടുത്താനുള്ള മഷിയായിരുന്നെങ്കില്‍, അവന്റെ വചനങ്ങള്‍ അവസാനിക്കും മുമ്പ് കടല്‍വെള്ളം തീര്‍ന്നുപോവുകതന്നെ ചെയ്യും; തത്തുല്യമായത്ര സമുദ്രങ്ങള്‍ കൂടി നാം പിന്‍ബലമായി കൊണ്ടുവന്നാലും.45

1 വിശദീകരണം കാണുക

45. ഭൂമിയും സൂര്യ ചന്ദ്രന്മാരും പരസ്സഹസ്രം ഗാലക്‌സികളും മറ്റുമുള്‍ക്കൊള്ളുന്ന അതീവവിസ്തൃതമായ പ്രപഞ്ചത്തിലെ ഓരോ കണികയെയും ചൂഴ്ന്നുനില്‍ക്കുന്ന സമഗ്രമായ ദൈവികജ്ഞാനത്തിന്റെ ആധിക്യത്തിലേക്കുള്ള ഒരു ചൂണ്ടുവിരല്‍ മാത്രമാണ് ഈ സൂക്തം. നിലവിലുള്ള കടലുകളും മഹാസമുദ്രങ്ങളും മാത്രമല്ല, അത്രകൂടിയുണ്ടാക്കി മഷിയാക്കി എഴുതിയാലും അല്ലാഹുവിന്റെ അറിവുകളോ വിജ്ഞാനമോ വചനങ്ങളോ എഴുതിത്തീര്‍ക്കാന്‍ ആവില്ല എന്നു താല്‍പര്യം. 31:27 ഉം നോക്കുക.

قُل لَّوۡ كَانَ ٱلۡبَحۡرُ مِدَادٗا لِّكَلِمَٰتِ رَبِّي لَنَفِدَ ٱلۡبَحۡرُ قَبۡلَ أَن تَنفَدَ كَلِمَٰتُ رَبِّي وَلَوۡ جِئۡنَا بِمِثۡلِهِۦ مَدَدٗا ۝١٠٩
110

നബിയേ, വിളംബരം ചെയ്യുക: നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണു ഞാന്‍; നിങ്ങളുടെ ദൈവം ഒരേയൊരു ദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നുണ്ട്.46
അതുകൊണ്ട് തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആരെങ്കിലുമാഗ്രഹിക്കുന്നുണ്ടെങ്കില്‍ അവന്‍ സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും തന്റെ നാഥനുള്ള ആരാധനയില്‍ മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ.47

2 വിശദീകരണങ്ങൾ കാണുക

46. റസൂല്‍ ആയി നിയോഗിക്കപ്പെടേണ്ടത് മനുഷ്യനല്ല, മലക്കാണ് എന്നു മക്കയിലെ മുശ്‌രിക്കുകള്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. (ഖുര്‍ആന്‍ 6:8, 11:12, 25:7 മുതലായവ കാണുക). അതിനു മറുപടിയാണിത്. ചില മന്ദബുദ്ധികള്‍ ജല്‍പിക്കാറുള്ളതു പോലെ, നബി(സ്വ) കേവലം ഒരു സാധാരണ മനുഷ്യനാണ് എന്നല്ല വിവക്ഷ. വഹ്‌യ് ലഭിക്കുന്ന ഒരു റസൂലാണ് ഞാന്‍ എന്ന തുടര്‍വചനത്തില്‍ നിന്നുതന്നെ ആ ജല്‍പനം ബുദ്ധിശൂന്യമാണെന്ന് ആര്‍ക്കും മനസ്സിലാക്കാമല്ലോ. ശാന്തരായിക്കഴിയുന്ന മലക്കുകളായിരുന്നു ഭൂനിവാസികളെങ്കില്‍ അവരിലേക്ക് ആകാശത്തുനിന്ന് മലക്കിനെത്തന്നെ നാം റസൂലായി നിയോഗിക്കുമായിരുന്നേനെ എന്നും മക്കാമുശ്‌രിക്കുകളുടെ ജല്‍പനത്തിന്ന് ഖുര്‍ആന്‍ ഒരിടത്ത് മറുപടിനല്‍കിയത് (അല്‍ഇസ്‌റാ: 95) ഇവിടെ പ്രത്യേകം പ്രസ്താവ്യമത്രേ.

47. പരലോകത്ത് സര്‍വമനുഷ്യരും സമ്മേളിപ്പിക്കപ്പെടും. ഓരോരുത്തരും വിചാരണാവിധേയരാകും. 'ഒരു മധ്യവര്‍ത്തിയില്ലാതെ നിങ്ങളില്‍ ഓരോരുത്തരുമായും അല്ലാഹു സംസാരിക്കാതിരിക്കില്ല' എന്നു തിരുനബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം). എന്നിട്ട് താനര്‍ഹിക്കുന്ന വിജയം അല്ലെങ്കില്‍ പരാജയം, സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും ഏറ്റുവാങ്ങും. ഈ സ്വര്‍ഗം ആഗ്രഹിക്കുകയും നരകം ഭയപ്പെടുകയും ചെയ്യുന്ന ഒരാള്‍ നിര്‍ബന്ധമായും ഗൗനിച്ചിരിക്കേണ്ട ഒരു കാര്യമുണ്ട്: ആരാധനാകര്‍മങ്ങള്‍ അല്ലാഹുവിന് വേണ്ടി മാത്രമായി അനുഷ്ഠിക്കണം. മറ്റൊന്നിനും ഒരാള്‍ക്കും ഒരു വിഹിതവും അതിലുണ്ടാകരുത്.
തിരുമേനി(സ്വ)യുടെയടുത്ത് ഒരാള്‍ വന്നുബോധിപ്പിച്ചു: നബിയേ, അല്ലാഹുവിന്റെ പ്രീതിക്കായി ഞാന്‍ പല കാര്യങ്ങളും അനുവര്‍ത്തിക്കാറുണ്ട്; എന്നാല്‍ ജനങ്ങള്‍ അതു കാണണമെന്ന ആഗ്രഹവും എനിക്കുണ്ടാകും... അങ്ങ് എന്തുപറയുന്നു? മറുപടിയൊന്നും നല്‍കാതെ നബി(സ്വ) മൗനിയായി. തുടര്‍ന്ന് ഈ സൂക്തം അവതീര്‍ണമായി. (ഹാക്കിം)
മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: അന്ത്യനാളില്‍ സര്‍വരെയും സമ്മേളിപ്പിച്ചുകഴിഞ്ഞാല്‍ ഒരു വക്താവ് വിളിച്ചുപറയും: അല്ലാഹുവിന് വേണ്ടിയനുഷ്ഠിച്ച ഏതെങ്കിലും കര്‍മത്തില്‍ മറ്റൊരാളെ ആരെങ്കിലും പങ്കുചേര്‍ത്തിട്ടുണ്ടെങ്കില്‍, അതിന്റെ പ്രതിഫലം അല്ലാഹുവല്ലാത്തവരുടെയടുത്ത് അന്വേഷിച്ചുകൊള്ളട്ടെ. കാരണം, ഒരു പങ്കാളിയുമില്ലാത്ത, ഏറ്റംവലിയ സ്വയം പര്യാപ്തനത്രേ അല്ലാഹു. (തുര്‍മുദി)

قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا ۝١١٠