35–41
ഇബ്രാഹീം നബി ഇങ്ങനെ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം സ്മര്‍ത്തവ്യമത്രേ: എന്റെ നാഥാ, ഈ മക്കാരാജ്യം നീ വിശ്വസ്തമാക്കുകയും എന്നെയും മക്കളെയും ബിംബങ്ങളെ - രക്ഷിതാവേ, അവ നിരവധി മനുഷ്യരെ വഴിതെറ്റിച്ചിട്ടുണ്ട് - ആരാധിക്കുന്നതില്‍ നിന്നു ദൂരീകരിക്കുകയും ചെയ്യേണമേ22
അതുകൊണ്ട് എന്നെ ആര് അനുധാവനം ചെയ്യുന്നുവോ അവന്‍ എന്റെ ഗണത്തിലാണ്; എന്നെ ആരെങ്കിലും ധിക്കരിക്കുന്നുവെങ്കില്‍ നാഥാ, നീ ധാരാളമായി പൊറുക്കുന്നവനും കരുണാമയനുമാകുന്നു. ഞങ്ങളുടെ നാഥാ, എന്റെ ചില സന്തതികളെ കൃഷിയൊന്നുമില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ വിശുദ്ധ ഗേഹ(കഅ്ബ)ത്തിനു സമീപം - അവര്‍ കൃത്യമായി നമസ്‌കാരം നിലനിറുത്താനായി - ഞാന്‍ നിവസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ജനഹൃദയങ്ങള്‍ അവരോടു ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് ആഹരിക്കാനായി ഫലങ്ങള്‍ നല്‍കുകയും ചെയ്യേണമേ - അവര്‍ കൃതജ്ഞരായേക്കാം.23
ഞങ്ങളുടെ നാഥാ, രഹസ്യമായും പരസ്യമായും ഞങ്ങള്‍ ചെയ്യുന്നത് നിശ്ചയം നീ അറിയുന്നുണ്ട്. ആകാശ ഭൂമിയിലുള്ള യാതൊന്നും അല്ലാഹുവിന്ന് അഗോചരമല്ല. ഈ വയസ്സുകാലത്ത് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും എനിക്കു കനിഞ്ഞേകിയ അല്ലാഹുവിനാണ് സര്‍വസ്തുതിയും. നിശ്ചയം, എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവന്‍ തന്നെയത്രേ.24
നാഥാ, എന്നെയും എന്റെ മക്കളില്‍ പെട്ടവരെയും കൃത്യമായി നമസ്‌കാരം നിലനിറുത്തുന്നവരാക്കേണമേ; ഞങ്ങളുടെ നാഥാ, എന്റെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ. ഞങ്ങളുടെ നാഥാ, വിചാരണ നടക്കുന്ന നാളില്‍ എനിക്കും മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പാപങ്ങള്‍ പൊറുക്കേണമേ.25
4 വിശദീകരണങ്ങൾ കാണുക
22. ഇബ്രാഹീം നബി(അ)ന്റെ ഈ ദുആ അല്ലാഹു സ്വീകരിച്ചു. ബിംബങ്ങളിലും വിഗ്രഹാരാധനയിലും നിന്ന് കഅ്ബാ ശരീഫിനെയും അറേബ്യന്‍ ഉപദ്വീപിനെത്തന്നെയും മക്കാഫത്‌ഹോടെ തിരുനബി(സ്വ)യുടെ തിരുഹസ്തങ്ങളാല്‍ അല്ലാഹു സ്ഫുടം ചെയ്‌തെടുക്കുകയുണ്ടായി.
23. ഭാര്യ ഹാജര്‍ ബീവിയെയും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യെയുമാണവിടെ താമസിപ്പിച്ചത്. പിന്നീടവര്‍ വളര്‍ന്നു പന്തലിച്ചു. വരണ്ടുണങ്ങി ഊഷരഭൂമിയായിക്കിടന്ന പ്രദേശം പ്രശാന്ത സുന്ദരവും ജനനിബിഡവും ഭക്ഷ്യവിഭവങ്ങള്‍ സുലഭവുമായ നാടായി മാറി.
24. സാധാരണഗതിയിലെ ഒരു പുരുഷായുസ്സ് മുഴുവന്‍ സന്താന സൗഭാഗ്യമില്ലാതെയാണ് ഇബ്രാഹീം നബി(അ) കഴിച്ചുകൂട്ടിയത്. ജീവിതത്തിന്റെ സായംസന്ധ്യയില്‍ 99 -ാം വയസ്സിലാണ് ഇസ്മാഈല്‍(അ) ജനിക്കുന്നത്. ഇസ്ഹാഖ് നബി(അ)ന്റെ പിറവിയാകട്ടെ നൂറ്റിപ്പന്ത്രണ്ടാം വയസ്സിലായിരുന്നു (ഇമാം ഇബ്‌നു അബ്ബാസ്.) തീര്‍ത്തും അസാധാരണവും അത്യമൂല്യവുമായ അനുഗ്രഹമായതിനാലാണ് ഇത് പ്രത്യേകം പറഞ്ഞ് സ്തുതിയര്‍പ്പിക്കുന്നത്.
25. ഇബ്രാഹീം നബി(അ) അല്ലാഹുവിനോട് പ്രത്യേകമായി അപേക്ഷിക്കുന്ന ഇക്കാര്യം ഏറെ ഗൗരവതരവും അതീവ ശ്രദ്ധേയവുമാണ്. മക്കള്‍ കൃത്യമായി നമസ്‌കാരം നിലനിറുത്തുന്നവരാക്കിത്തരേണമേ എന്ന ദുആയാണത്. സാധാരണയായി ആളുകള്‍ നിസ്സാരമായാണിത് കാണുക. അല്ലാഹുവിന്റെ ആത്മമിത്രം എന്ന പദവിയിലുള്ള ഇബ്രാഹീം നബി(അ)ന്റെ ഈ പ്രാര്‍ത്ഥനയില്‍ നിന്ന് അതിന്റെ മാഹാത്മ്യവും ഗൗരവവും നാമുള്‍ക്കൊള്ളണം. മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള പാപമോചനാര്‍ത്ഥന ഓരോ വ്യക്തിയും നിര്‍വഹിക്കേണ്ടതാണ്. എന്നാല്‍ ഇബ്രാഹീം നബി(അ)യുടെ ഈ പ്രാര്‍ത്ഥനയെപ്പറ്റി സൂറത്തുത്തൗബ 114-ല്‍ പരാമര്‍ശിച്ചിട്ടുണ്ട്; അവിടെ നോക്കുക
وَإِذۡ قَالَ إِبۡرَٰهِيمُ رَبِّ ٱجۡعَلۡ هَٰذَا ٱلۡبَلَدَ ءَامِنٗا وَٱجۡنُبۡنِي وَبَنِيَّ أَن نَّعۡبُدَ ٱلۡأَصۡنَامَ ٣٥
رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِيرٗا مِّنَ ٱلنَّاسِۖ فَمَن تَبِعَنِي فَإِنَّهُۥ مِنِّيۖ وَمَنۡ عَصَانِي فَإِنَّكَ غَفُورٞ رَّحِيمٞ ٣٦
رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ ٣٧
رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِي وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَيۡءٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ ٣٨
ٱلۡحَمۡدُ لِلَّهِ ٱلَّذِي وَهَبَ لِي عَلَى ٱلۡكِبَرِ إِسۡمَٰعِيلَ وَإِسۡحَٰقَۚ إِنَّ رَبِّي لَسَمِيعُ ٱلدُّعَآءِ ٣٩
رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ ٤٠
رَبَّنَا ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ ٤١