Sunday, 11 October 2026 Hijri: — 11:47:55 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അർ റഅ്ദ് الرعد Ar-Rad

Surah 13 മദനിയ്യ • مدنية • Madaniyah 43 ആയത്തുകൾ • 43 Ayahs

സൂറത്ത് അർ റഅ്ദ് (Ar-Rad), ഖുർആൻ അധ്യായം 13 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 43 ആയത്തുകൾ വായിക്കുക. Read Surah Ar-Rad with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–2

അലിഫ് ലാം മീം റാ. വേദഗ്രന്ഥത്തിലെ വാക്യങ്ങളത്രേ ഇവ. രക്ഷിതാവിങ്കല്‍നിന്നു താങ്കള്‍ക്കവതീര്‍ണമായിട്ടുള്ളത് സത്യമാകുന്നു; പക്ഷേ മിക്കജനങ്ങളും വിശ്വസിക്കുന്നില്ല. നിങ്ങള്‍ക്കു ഗോചരീഭവിക്കുന്ന തൂണുകളില്ലാതെ ആകാശങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത് അല്ലാഹുവാകുന്നു. തുടര്‍ന്ന് അവന്‍ സിംഹാസനാധിപത്യമേല്‍ക്കുകയും സൂര്യ-ചന്ദ്രന്മാരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഒരുനിശ്ചിത കാലാവധിവരെ അവയൊക്കെ സഞ്ചരിക്കും. കാര്യങ്ങള്‍ അവന്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. നാഥനുമായുള്ള പാരത്രിക കൂടിക്കാഴ്ചയെക്കുറിച്ച് നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരായിരിക്കാനായി അവന്‍ ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിച്ചു തരികയാണ്1

1 വിശദീകരണം കാണുക

1. 'റഅ്ദ്' എന്ന അറബി പദത്തിന്ന് ഇടി എന്നാണര്‍ഥം. ഇടിയും മിന്നലും ഇടിത്തീയുമൊക്കെ മനുഷ്യരെ അമ്പരപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസങ്ങളാണ്. ഈ സൂറയിലെ 12,13 സൂക്തങ്ങളില്‍ അവയെക്കുറിച്ച പരാമര്‍ശം കാണാം. അദ്ഭുതകരവും ചിന്തോദ്ദീപകവുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു മൂന്നുകാര്യങ്ങള്‍ അല്ലാഹു ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതായി കാണാം: ആകാശങ്ങളുടെ സൃഷ്ടിപ്പ്, ദൈവികസിംഹാസനമായ അര്‍ശ്, സൂര്യനെയും ചന്ദ്രനെയും മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി വിധേയമാക്കിയത്. അത്യദ്ഭുതകരമായ ഇവ സൃഷ്ടിച്ച സര്‍വ ശക്തന്ന് മനുഷ്യനെ മരണാനന്തരം പുനഃസൃഷ്ടിക്കുക എന്നത് ഒട്ടും പ്രയാസകരമല്ല എന്നു പഠിപ്പിക്കാനാണിത്.

الٓمٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِۗ وَٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ۝١
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ يُدَبِّرُ ٱلۡأَمۡرَ يُفَصِّلُ ٱلۡأٓيَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمۡ تُوقِنُونَ ۝٢
3–4

അവനാണ് ഭൂമിയെ വിശാലമാക്കിയതും അതിലുറച്ചുനില്‍ക്കുന്ന പര്‍വതങ്ങളും നദികളും സൃഷ്ടിച്ചതും. മുഴുവന്‍ പഴങ്ങളില്‍ നിന്നും രണ്ടുവീതം തരങ്ങള്‍ അവന്‍ ഉണ്ടാക്കി2
രാത്രികൊണ്ട് അവന്‍ പകലിനെ ആവരണം ചെയ്യുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇവയിലൊക്കെ തീര്‍ച്ചയായും ദൃഷ്ടാന്തങ്ങളുണ്ട്. തൊട്ടുരുമ്മിയുള്ള വിവിധ കാണ്ഡങ്ങള്‍ ഭൂമിയിലുണ്ട്. മുന്തിരിത്തോട്ടങ്ങളും വ്യത്യസ്ത കൃഷികളും ഒറ്റയായും കൂട്ടമായും വളരുന്ന ഈത്തപ്പനകളുമുണ്ട്. ഇവയൊക്കെ നനക്കപ്പെടുന്നത് ഒരേ ജലംകൊണ്ടാണെങ്കിലും ചിലതിന്റെ രുചി മറ്റുചിലതിനെക്കാള്‍ നാം വിശിഷ്ടമാക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് നിശ്ചയമായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.3

2 വിശദീകരണങ്ങൾ കാണുക

2. വെളുത്തതും കറുത്തതും, മധുരമുള്ളതും പുളിയുള്ളതും, ഉഷ്ണപ്രകൃതം ശീതപ്രകൃതം, ചെറുത് വലുത് എന്നിങ്ങനെ പലതരം വൈജാത്യങ്ങള്‍ ഫലവര്‍ഗങ്ങളിലുണ്ടല്ലോ.

3. മധുരമുന്തിരിയും കൈപ്പക്കയും കൊടുംപുളിയുമെല്ലാം ഒരേമണ്ണില്‍ ഒരേ ജലസേചനംവഴി വളരുന്നു. ഇത്തരം ഓരോന്നിലും രുചികൂടിയതും കുറഞ്ഞതുമുണ്ട്. എന്തുകൊണ്ടാണ് ഈ നാനാത്വമെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിനെ നിഷേധിക്കുന്ന നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കുമൊക്കെ ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്.

وَهُوَ ٱلَّذِي مَدَّ ٱلۡأَرۡضَ وَجَعَلَ فِيهَا رَوَٰسِيَ وَأَنۡهَٰرٗاۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوۡجَيۡنِ ٱثۡنَيۡنِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝٣
وَفِي ٱلۡأَرۡضِ قِطَعٞ مُّتَجَٰوِرَٰتٞ وَجَنَّٰتٞ مِّنۡ أَعۡنَٰبٖ وَزَرۡعٞ وَنَخِيلٞ صِنۡوَانٞ وَغَيۡرُ صِنۡوَانٖ يُسۡقَىٰ بِمَآءٖ وَٰحِدٖ وَنُفَضِّلُ بَعۡضَهَا عَلَىٰ بَعۡضٖ فِي ٱلۡأُكُلِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ۝٤
5–7

(ഇത്രയൊക്കെ ദൃഷ്ടാന്തങ്ങളുണ്ടായിട്ടും അവരവിശ്വാസം തുടരുന്നതില്‍) താങ്കള്‍ അദ്ഭുതപ്പെടുന്നുണ്ടെങ്കില്‍, 'മരിച്ചു മണ്ണായിക്കഴിഞ്ഞിട്ടു പിന്നെയും ഞങ്ങള്‍ പുനഃസൃഷ്ടിക്കപ്പെടുമോ' എന്ന അവരുടെ ചോദ്യമാണ് വിസ്മയകരം! തങ്ങളുടെ നാഥനെ നിഷേധിച്ചവരാണവര്‍. കണ്ഠങ്ങളില്‍ കൂച്ചുവിലങ്ങുകളുണ്ടാകുന്നവര്‍ അവരാണ്; നരകാവകാശികളാണവര്‍. അതിലവര്‍ ശാശ്വതവാസികളത്രേ. അങ്ങയോടവര്‍ നന്മക്കു മുമ്പേ തിന്മ(ശിക്ഷ) വേണമെന്ന് ധൃതികൂട്ടുന്നു! എന്നാല്‍ മാതൃകായോഗ്യമായ ശിക്ഷാനടപടികള്‍ നേരത്തേ കഴിഞ്ഞുപോയിട്ടുണ്ട്. അക്രമം ചെയ്തിട്ടുകൂടി മനുഷ്യര്‍ക്കു പാപമോചനം കനിയുന്നവനത്രേ താങ്കളുടെ നാഥന്‍. നിശ്ചയം, അവന്‍ കഠിനശിക്ഷ നല്‍കുന്നവനാകുന്നു. 'നാഥന്റെ പക്കല്‍നിന്ന് ഇവന്ന് ഒരു ദൃഷ്ടാന്തം നല്‍കപ്പെടാത്തതെന്താണ്' എന്ന് നിഷേധികള്‍ ചോദിക്കുന്നു. നബിയേ, താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. ഓരോ ജനപഥത്തിന്നും ഓരോ മാര്‍ഗദര്‍ശിയുണ്ട്.4

1 വിശദീകരണം കാണുക

4. ഇല്ലായ്മയില്‍ നിന്നാണ് മനുഷ്യനെ അല്ലാഹു പടച്ചത്. അവന്ന് ഇനിയൊരിക്കല്‍ അതേ മനുഷ്യനെ പുനഃസൃഷ്ടിക്കാന്‍ കഴിയില്ല എന്ന വാദം എത്ര നിരര്‍ഥകവും അതേസമയം അത്യദ്ഭുതകരവുമാണ്! യാതൊരു തത്ത്വദീക്ഷയും യുക്തിബന്ധവുമില്ലാത്ത നിഷേധം വെച്ചുപുലര്‍ത്തുന്നവര്‍ കഠിനവും ശാശ്വതവുമായ നരകശിക്ഷക്കു വിധേയരായിത്തീരും. ശിക്ഷയെക്കുറിച്ച താക്കീതുണ്ടാകുമ്പോള്‍ 'എന്നാല്‍ അതിങ്ങുവരട്ടെ' എന്നു അവര്‍ തിടുക്കം കാട്ടുന്നു - എന്തൊരു മൗഢ്യം! നിന്ദ്യവും ഹീനവുമായ ദൈവിക ശിക്ഷകള്‍ക്ക് വിധേയരായ നിഷേധീവിഭാഗങ്ങള്‍ എത്രയെത്രയാണ് ചരിത്രത്തിന്റെ ശവപ്പറമ്പില്‍. എന്നാല്‍ ഏതുനിഷേധിയും പശ്ചാത്തപിച്ചുമടങ്ങുന്നുവെങ്കില്‍ അല്ലാഹു പാപമോചനം കനിഞ്ഞരുളുന്നതാണ്.

۞ وَإِن تَعۡجَبۡ فَعَجَبٞ قَوۡلُهُمۡ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِي خَلۡقٖ جَدِيدٍۗ أُوْلَٰٓئِكَ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ وَأُوْلَٰٓئِكَ ٱلۡأَغۡلَٰلُ فِيٓ أَعۡنَاقِهِمۡۖ وَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٥
وَيَسۡتَعۡجِلُونَكَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِ وَقَدۡ خَلَتۡ مِن قَبۡلِهِمُ ٱلۡمَثُلَٰتُۗ وَإِنَّ رَبَّكَ لَذُو مَغۡفِرَةٖ لِّلنَّاسِ عَلَىٰ ظُلۡمِهِمۡۖ وَإِنَّ رَبَّكَ لَشَدِيدُ ٱلۡعِقَابِ ۝٦
وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦٓۗ إِنَّمَآ أَنتَ مُنذِرٞۖ وَلِكُلِّ قَوۡمٍ هَادٍ ۝٧
8–10

ഓരോ പെണ്ണും ഗര്‍ഭംധരിക്കുന്നതും ഗര്‍ഭാശയങ്ങള്‍ കൂട്ടുന്നതും കുറക്കുന്നതും അല്ലാഹു അറിയുന്നുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും അവങ്കല്‍ ഒരു നിശ്ചിത വ്യവസ്ഥയുണ്ട്. അദൃശ്യങ്ങളിലും ദൃശ്യങ്ങളിലും അഭിജ്ഞനും മഹാനും ഉന്നതനുമാണവന്‍. നിങ്ങളില്‍ രഹസ്യമായോ പരസ്യമായോ സംസാരിക്കുന്നവനും രാത്രി ഒളിഞ്ഞിരിക്കുന്നവനും പകല്‍ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം അവങ്കല്‍ തുല്യരത്രേ5

1 വിശദീകരണം കാണുക

5. ദൃശ്യമെന്നോ അദൃശ്യമെന്നോ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സര്‍വകാര്യങ്ങളും അറിയുന്നവനും ത്രികാലജ്ഞനുമാണ് അല്ലാഹു. ഓരോ സ്ത്രീയുടെയും ഗര്‍ഭസ്ഥശിശുവിന്റെ സമ്പൂര്‍ണവിവരങ്ങളും ഗര്‍ഭകാലം പൂര്‍ണമോ അപൂര്‍ണമോ എന്നതുമൊക്കെ അവങ്കലുണ്ട്.

ٱللَّهُ يَعۡلَمُ مَا تَحۡمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلۡأَرۡحَامُ وَمَا تَزۡدَادُۚ وَكُلُّ شَيۡءٍ عِندَهُۥ بِمِقۡدَارٍ ۝٨
عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡكَبِيرُ ٱلۡمُتَعَالِ ۝٩
سَوَآءٞ مِّنكُم مَّنۡ أَسَرَّ ٱلۡقَوۡلَ وَمَن جَهَرَ بِهِۦ وَمَنۡ هُوَ مُسۡتَخۡفِۭ بِٱلَّيۡلِ وَسَارِبُۢ بِٱلنَّهَارِ ۝١٠
11

തന്റെ മുന്നിലൂടെയും പിന്നിലൂടെയും നിരന്തരം വന്നുകൊണ്ട് മനുഷ്യനെ-അല്ലാഹുവിന്റെ ശാസനാനുസൃതം - സംരക്ഷിക്കുന്ന മലക്കുകളുണ്ട്6
ഏതൊരു ജനപഥവും സ്വന്തം നിലപാടുകള്‍ പരിവര്‍ത്തന വിധേയമാക്കുന്നതുവരെയും അല്ലാഹു അതില്‍ മാറ്റംവരുത്തില്ല തന്നെ.7
ഒരു സമൂഹത്തിനു എന്തെങ്കിലും തിന്മവരുത്താന്‍ അവനുദ്ദേശിച്ചാല്‍ ഒരു ഉപരോധവും അതിനുണ്ടാവില്ല. അല്ലാഹുവിനെക്കൂടാതെ ഒരുവിധ സംരക്ഷകനും അവര്‍ക്കുണ്ടാകുന്നതല്ല.

2 വിശദീകരണങ്ങൾ കാണുക

6. ഒട്ടേറെ മലക്കുകളുടെ സുരക്ഷാവലയത്തിലാണ് മനുഷ്യന്‍. അല്ലാഹുവിന്റെ നിര്‍ദേശാനുസരണം ആ സുരക്ഷാചുമതല അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കും. ഇക്കാര്യം ഇമാം ബുഖാരി(റ)യുടെ ഒരു ഹദീസിലും വ്യക്തമാക്കിയിട്ടുണ്ട്. തിരുനബി(സ്വ) പഠിപ്പിച്ചു: ഇടതടവില്ലാതെ രാത്രിയും പകലും മലക്കുകള്‍ നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കും. സുബ്ഹ്-അസ്വ്‌റ് നമസ്‌കാരവേളകളില്‍ അവര്‍ സന്ധിക്കുന്നതാണ് (ബുഖാരി). ഇമാം മുജാഹിദിന്റെ ഒരു നിവേദനത്തില്‍, ഉറക്കത്തിലും ഉണര്‍ച്ചയിലും ക്ഷുദ്രജീവികള്‍, മനുഷ്യര്‍, ജിന്നുകള്‍ എന്നിവയില്‍നിന്നു മലക്കുകള്‍ ഓരോവ്യക്തിക്കും സുരക്ഷിതത്വം നല്‍കുന്നതാണ് എന്ന് സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്.

7. മനുഷ്യനെ അല്ലാഹു ആദരിച്ചിരിക്കുന്നു (ഖുര്‍ആന്‍: 17:70). അതനുസരിച്ച് ഈ ലോകവും അതിലുള്ള സര്‍വവും അവന്നു വിധേയമാക്കി. തിട്ടപ്പെടുത്താനാവാത്ത അനുഗ്രഹങ്ങള്‍ സംവിധാനിച്ചു. ഈ പശ്ചാത്തലത്തില്‍, അനുഗ്രഹദാതാവായ അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുകയും കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ അനിവാര്യബാധ്യതയാണ്. അക്കാര്യമവഗണിച്ച്, കൃതഘ്‌നതയുടെ മാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ അനുഗ്രഹങ്ങള്‍ നിഷേധിക്കപ്പെടും. പ്രയാസങ്ങളും കഷ്ടപ്പാടുകളും വരും. ഇതവന്റെ സ്വയംകൃതാനര്‍ഥമാണ്. അവന്‍ നിലപാട് മാറ്റിയപ്പോള്‍ അല്ലാഹുവും മാറ്റി.

لَهُۥ مُعَقِّبَٰتٞ مِّنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ يَحۡفَظُونَهُۥ مِنۡ أَمۡرِ ٱللَّهِۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ وَإِذَآ أَرَادَ ٱللَّهُ بِقَوۡمٖ سُوٓءٗا فَلَا مَرَدَّ لَهُۥۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ ۝١١
12–13

ആശയും ആശങ്കയുമായി മിന്നല്‍പിണര്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത് അവനാണ്. ഭാരിച്ച കാര്‍മേഘങ്ങള്‍ അവനുണ്ടാക്കുന്നു. ഇടിനാദം അവനു സ്‌തോത്രമര്‍പ്പിക്കുന്നതിനൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഭയപ്പാടുമൂലം മലക്കുകളും അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നുണ്ട്. അവന്‍ ഇടിത്തീ അയക്കുകയും താനുദ്ദേശിക്കുന്നവര്‍ക്ക് - അവര്‍ അല്ലാഹുവിനെപ്പറ്റി കുതര്‍ക്കം നടത്തവെ -അവ ഏല്‍പിക്കുകയും ചെയ്യുന്നു. കഠോര ശിക്ഷനല്‍കുന്നവനത്രേ അവന്‍8

1 വിശദീകരണം കാണുക

8. ജലനിര്‍ഭരമായ കാര്‍മേഘങ്ങളും ഇടിമിന്നലും ഉണ്ടാക്കുന്നത് അല്ലാഹുവാണല്ലോ. അവയൊക്കെ സ്രഷ്ടാവിന്റെ നാമം വാഴ്ത്തുന്നുണ്ട്. അവ കാണുമ്പോള്‍ മനുഷ്യന് ഒരേസമയം പ്രത്യാശയും ഭയവുമുണ്ടാകും. തികച്ചും അപ്രതീക്ഷിതമായാണ് ചിലര്‍ക്ക് ഇവ സംഹാരകമാകുന്നത്. മിന്നലേല്‍ക്കുക, ഇടിത്തീയിറങ്ങുക എന്നതൊക്കെ സുപരിചിതമാണല്ലോ. തല്‍സമയം ചിലപ്പോള്‍ ആ ഹതഭാഗ്യര്‍ അല്ലാഹുവിനെക്കുറിച്ച തര്‍ക്കങ്ങളിലും വാഗ്വാദങ്ങളിലും വ്യാപൃതരായിരിക്കും.
ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം സംബന്ധിച്ചു വ്യാഖ്യാതാക്കള്‍ ഒരു സംഭവം രേഖപ്പെടുത്തിയതായി കാണാം: കടുത്ത ഒരവിശ്വാസിയുടെ അടുത്തേക്ക് നബി(സ്വ) ഒരു ദൂതനെ ഒന്നിലധികം തവണ അയച്ചു. നബി(സ്വ)യെയും അല്ലാഹുവിനെയും പരിഹസിക്കയാണയാള്‍ ചെയ്തത്-ഈ അല്ലാഹു സ്വര്‍ണമോ വെള്ളിയോ ചെമ്പോ? ഇടിവാളേറ്റ് അവന്‍ ചത്തുമലച്ചു-ബസ്സാര്‍(അസ്ബാബുന്നുസൂല്‍: -ഇമാം വാഹിദി:156)

هُوَ ٱلَّذِي يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ ۝١٢
وَيُسَبِّحُ ٱلرَّعۡدُ بِحَمۡدِهِۦ وَٱلۡمَلَٰٓئِكَةُ مِنۡ خِيفَتِهِۦ وَيُرۡسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمۡ يُجَٰدِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلۡمِحَالِ ۝١٣
14–15

സത്യനിഷ്ഠമായ ആരാധന അല്ലാഹുവിന്നു മാത്രമുള്ളതാണ്. അവനെ വിട്ട് ബഹുദൈവ വിശ്വാസികള്‍ പൂജകളര്‍പ്പിക്കുന്നവ യാതൊരു ഉത്തരവും നല്‍കുകയില്ല. വെള്ളം തന്റെ വായിലേക്കെത്തിച്ചേരാനായി ഇരുകൈകളും മലര്‍ത്തിനീട്ടുന്ന ഒരു ദാഹാര്‍ത്തനെപ്പോലെ മാത്രമാണവര്‍; അതവന്റെ വായയിലേക്കെത്തില്ല. സത്യനിഷേധികളുടെ ആരാധന ദുര്‍മാര്‍ഗാധിഷ്ഠിതം തന്നെയത്രേ. എന്നാല്‍ ഭുവന-വാനങ്ങളിലുള്ളവരത്രയും-സ്വേച്ഛാനുസൃതമോ നിര്‍ബന്ധിതമായോ-അല്ലാഹുവിന്നാണ് സാഷ്ടാംഗം ചെയ്യുന്നത്; പ്രഭാത-പ്രദോഷങ്ങളില്‍ അവരുടെ നിഴലുകളും പ്രണമിക്കുന്നു9

1 വിശദീകരണം കാണുക

9. ആരാധനകള്‍ക്കര്‍ഹന്‍ അല്ലാഹുമാത്രമാണ്. അവ സ്വീകരിച്ച് പ്രതിഫലം നല്‍കാനും ആരാധകരുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കാനും അവന്നേ കഴിയൂ. കിണറ്റിന്റെ വക്കത്തുനിന്ന് ആഴത്തിലേക്ക് കൈനീട്ടി വെള്ളമേ, എന്റെ വായിലേക്കു വാ; ഞാന്‍ കഠിനദാഹാര്‍ത്തനാണ് എന്നു പറയുന്ന പമ്പരവിഢ്ഢിയെപ്പോലെയാണവര്‍. എന്നാല്‍ ലോകത്തുള്ള സകലതും അല്ലാഹുവിനെ മാത്രം വണങ്ങുന്നു, അവനോടുമാത്രം വിധേയത്വം കാട്ടുന്നു-നിര്‍ബന്ധിതാവസ്ഥയിലെങ്കിലും!

لَهُۥ دَعۡوَةُ ٱلۡحَقِّۚ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَسۡتَجِيبُونَ لَهُم بِشَيۡءٍ إِلَّا كَبَٰسِطِ كَفَّيۡهِ إِلَى ٱلۡمَآءِ لِيَبۡلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦۚ وَمَا دُعَآءُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ ۝١٤
وَلِلَّهِۤ يَسۡجُدُۤ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩ ۝١٥
16

നബിയേ, ചോദിക്കുക: ഭുവന-വാനങ്ങളുടെ രക്ഷിതാവ് ആരാണ്? പറയുക: അല്ലാഹു. 'എന്നിട്ട് സ്വന്തത്തിനെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനാകാത്ത രക്ഷാകര്‍ത്താക്കളെയാണോ അല്ലാഹുവിനെ വിട്ട് നിങ്ങള്‍ വരിച്ചിരിക്കുന്നത്?' ചോദിക്കുക: അന്ധനും കാഴ്ചയുള്ളവനും അല്ലെങ്കില്‍ അന്ധകാരങ്ങളും പ്രകാശവും സമാനമാകുമോ? അതല്ല, അല്ലാഹുവിനെ വിട്ട് അവര്‍ പങ്കുചേര്‍ത്ത ദൈവങ്ങള്‍ അവന്റേതിനു തുല്യമായ സൃഷ്ടിപ്പ് നടത്തിയിട്ട് അവര്‍ക്കാ സൃഷ്ടികള്‍ പരസ്പര സദൃശമായോ! അങ്ങ് പ്രഖ്യാപിക്കുക: അല്ലാഹുവാണ് സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ്. ഏകനും അജയ്യാധിപനുമത്രേ അവന്‍10

1 വിശദീകരണം കാണുക

10. ബഹുദൈവ വിശ്വാസികള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിന്റെ ന്യായതയന്വേഷിക്കുകയാണ് ഖുര്‍ആന്‍. അവരുടെ മുരത്ത മൗഢ്യവും ബുദ്ധിശൂന്യതയും യുക്തിരാഹിത്യവും അനാവരണംചെയ്യുന്ന പരിഹാസാത്മകമായ ഒരു രീതിയാണ് അതിനായി ഇവിടെ സ്വീകരിക്കുന്നത്. അല്ലാഹുവും മറ്റുദൈവങ്ങളും സൃഷ്ടികര്‍മം നടത്തിയിട്ട് ഈ ആരാധകര്‍ക്കവ വിവേചിച്ചറിയാന്‍ കഴിയാതെപോകുകയാണോ?! രണ്ടു വ്യത്യസ്ത കമ്പനികളുണ്ടാക്കുന്ന ഒരേതരം ഉല്‍പന്നം തിരിച്ചറിയാനാകാതെ ഉപഭോക്താക്കള്‍ വിഷമിക്കാറുണ്ടല്ലോ. അതൊന്നുമല്ല കാര്യം; അവരുടെ ചിന്താശൂന്യത തന്നെ. അല്ലാഹുവാണ് സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ്. സര്‍വരെയും കീഴടക്കുന്ന ആ സ്രഷ്ടാവ് ഏകന്‍ മാത്രമാണ്.

قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ قُلِ ٱللَّهُۚ قُلۡ أَفَٱتَّخَذۡتُم مِّن دُونِهِۦٓ أَوۡلِيَآءَ لَا يَمۡلِكُونَ لِأَنفُسِهِمۡ نَفۡعٗا وَلَا ضَرّٗاۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ أَمۡ هَلۡ تَسۡتَوِي ٱلظُّلُمَٰتُ وَٱلنُّورُۗ أَمۡ جَعَلُواْ لِلَّهِ شُرَكَآءَ خَلَقُواْ كَخَلۡقِهِۦ فَتَشَٰبَهَ ٱلۡخَلۡقُ عَلَيۡهِمۡۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَيۡءٖ وَهُوَ ٱلۡوَٰحِدُ ٱلۡقَهَّٰرُ ۝١٦
17

അല്ലാഹു അന്തരീക്ഷത്തില്‍ നിന്നു മഴ വര്‍ഷിച്ചു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ തോതനുസരിച്ച് വെള്ളപ്പൊക്കമുണ്ടായി. ഉപരിതലത്തില്‍ ഉയര്‍ന്ന നുര വഹിച്ചാണത് ഒഴുകിയത്. ആഭരണമോ ഉപകരണമോ നിര്‍മിക്കാനായി ആളുകള്‍ ലോഹം തീയിലിട്ട് ഉരുക്കുമ്പോഴും ഇങ്ങനെ നുരപൊങ്ങും. സത്യത്തെയും അസത്യത്തെയും ഇങ്ങനെ (ജലവും പതയും പോലെ, ലോഹവും നുരയും പോലെ) അല്ലാഹു ഉദാഹരിക്കുകയാണ്. എന്നിട്ട് നുര ഉപയോഗശൂന്യമായി വറ്റിപ്പോകുന്നു; മാനവതക്കു ഫലദായകമായത് ഭൂമിയില്‍ അവശേഷിക്കുന്നു. ഇങ്ങനെ അല്ലാഹു ഉപമകള്‍ വിവരിക്കുകയാണ്11

1 വിശദീകരണം കാണുക

11. സത്യത്തിന്റെയും അസത്യത്തിന്റെയും, ഈമാനിന്റെയും കുഫ്‌റിന്റെയും ഉപമയാണിത്. പ്രത്യക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങിനില്‍ക്കുന്ന നുരയും പതയും ലോഹങ്ങളുടെ കീടവും ഫലശൂന്യമാണ്; താമസിയാതെ അത് അപ്രത്യക്ഷമാകും. ഉദാഹരണത്തിലെ ജലവും ലോഹവുമാണ് മനുഷ്യര്‍ക്ക് ഉപകാരപ്പെടുക. ഫലദായകമായത് എന്തും അവശേഷിച്ചിരിക്കും എന്ന ഈ പ്രസ്താവം ഒരു പൊതുതത്ത്വം കൂടിയാണ് എന്നത് പ്രത്യേകം പ്രസ്താവ്യമത്രേ.

أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَالَتۡ أَوۡدِيَةُۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدٗا رَّابِيٗاۖ وَمِمَّا يُوقِدُونَ عَلَيۡهِ فِي ٱلنَّارِ ٱبۡتِغَآءَ حِلۡيَةٍ أَوۡ مَتَٰعٖ زَبَدٞ مِّثۡلُهُۥۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡحَقَّ وَٱلۡبَٰطِلَۚ فَأَمَّا ٱلزَّبَدُ فَيَذۡهَبُ جُفَآءٗۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمۡكُثُ فِي ٱلۡأَرۡضِۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ ۝١٧
18

താങ്കളുടെ രക്ഷിതാവിന്റെ വിളിക്ക് ഉത്തരം നല്‍കിയവര്‍ക്കാണ് അത്യുദാത്തമായ പ്രതിഫലം. അവന്റെ ആഹ്വാനം സ്വീകരിക്കാത്തവര്‍ക്ക് ഭൂമിയിലെ മുഴുവന്‍ സമ്പത്തും അത്രതന്നെ വേറെയും ഉണ്ടായാലും അവയത്രയും അവര്‍ (മോക്ഷത്തിന്നായി പരലോകത്ത്) പ്രായശ്ചിത്തമായി സമര്‍പ്പിക്കുമായിരുന്നേനെ. ഹീനമായ വിചാരണയാണവര്‍ക്കുണ്ടാവുക. നരകമാണവരുടെ അഭയസ്ഥാനം. എത്ര ദുഷിച്ച സങ്കേതമാണത്!12

1 വിശദീകരണം കാണുക

12. സന്മാര്‍ഗത്തിലേക്കുള്ള അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചവര്‍ക്കേ ശാശ്വതവിജയമുണ്ടാകൂ. അല്ലാത്തവര്‍, നിഷേധത്തിന്റെ പാതയില്‍ കഴിഞ്ഞുകൂടിയവര്‍ പരലോകത്ത് കനത്ത പരാജയത്തിലായിരിക്കും. ആ ഗുരുതരനഷ്ടത്തെപ്പറ്റി അല്ലാഹുവിന്റെ ദൂതന്‍മാര്‍ മതിയായ മുന്നറിയിപ്പും താക്കീതും നല്‍കിയിരുന്നെങ്കിലും ചിന്താശൂന്യതയും ഭൗതികപ്രമത്തതയും ഇച്ഛാപൂജയുമായി മനുഷ്യന്‍ അതവഗണിച്ചു. ഒടുവില്‍ പരലോകത്ത്‌വെച്ച് തങ്ങളുടെ ശാശ്വതപരാജയം ബോധ്യമാകുമ്പോള്‍ ഏത് അമൂല്യവസ്തുവും മോചനദ്രവ്യമായോ പ്രായശ്ചിത്തമായോ നല്‍കാനവര്‍ തയ്യാറാകും. പക്ഷേ, നരകം വരിക്കുകയല്ലാതെ ഗത്യന്തരമുണ്ടാകയില്ല.

لِلَّذِينَ ٱسۡتَجَابُواْ لِرَبِّهِمُ ٱلۡحُسۡنَىٰۚ وَٱلَّذِينَ لَمۡ يَسۡتَجِيبُواْ لَهُۥ لَوۡ أَنَّ لَهُم مَّا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦٓۚ أُوْلَٰٓئِكَ لَهُمۡ سُوٓءُ ٱلۡحِسَابِ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ ۝١٨
19–21

രക്ഷിതാവിങ്കല്‍ നിന്നു താങ്കള്‍ക്കവതീര്‍ണമായിട്ടുള്ളത് സത്യമാണെന്നറിയുന്ന ഒരാള്‍ അന്ധനെപ്പോലെയാണോ? ബുദ്ധിമാന്‍മാരേ ചിന്തിച്ച് വസ്തുതകള്‍ ഗ്രഹിക്കുകയുള്ളൂ. അല്ലാഹുവുമായുള്ള പ്രതിജ്ഞകള്‍ നിറവേറ്റുകയും കരാറുകള്‍ ലംഘിക്കാതിരിക്കുകയും അവന്‍ ആജ്ഞാപിച്ച ബന്ധങ്ങള്‍ കൂട്ടിയിണക്കുകയും തങ്ങളുടെ നാഥനെ പേടിക്കുകയും കഠിനമായ പാരത്രിക വിചാരണ ഭയപ്പെടുകയും ചെയ്യുന്നവരാണവര്‍13

1 വിശദീകരണം കാണുക

13. സത്യത്തെ നിഷേധിക്കുന്നവന്‍ മുരത്ത അഹങ്കാരിയാണ്. കണ്ണുകാണാത്ത കുരുടനെപ്പോലെയാണവന്‍. ദുര്‍മാര്‍ഗത്തില്‍ ബഹുമുഖാന്ധകാരങ്ങളില്‍ തപ്പിത്തടയുകയാണവന്‍ ചെയ്യുക. എന്നാല്‍ സത്യമതവും ഖുര്‍ആനും അംഗീകരിക്കുന്നവര്‍ മാതൃകാ വ്യക്തിത്വങ്ങളും പാരത്രികബോധമുള്ളവരുമായിരിക്കുന്നതാണ്. അവര്‍ ശാശ്വതവിജയത്തിന്നര്‍ഹരായിരിക്കും.

۞ أَفَمَن يَعۡلَمُ أَنَّمَآ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ كَمَنۡ هُوَ أَعۡمَىٰٓۚ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ ۝١٩
ٱلَّذِينَ يُوفُونَ بِعَهۡدِ ٱللَّهِ وَلَا يَنقُضُونَ ٱلۡمِيثَٰقَ ۝٢٠
وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخۡشَوۡنَ رَبَّهُمۡ وَيَخَافُونَ سُوٓءَ ٱلۡحِسَابِ ۝٢١
22–24

തങ്ങളുടെ നാഥന്റെ സംതൃപ്തി കാംക്ഷിച്ചുകൊണ്ട് സഹനം കൈക്കൊള്ളുകയും നമസ്‌കാരം നിലനിറുത്തുകയും നാം നല്‍കിയ ധനത്തില്‍ നിന്നു രഹസ്യവും പരസ്യവുമായി വ്യയംചെയ്കയും തിന്മയെ നന്മകൊണ്ട് ഉപരോധിക്കുകയും ചെയ്യുന്നവരാണവര്‍. പരലോകത്ത് ശോഭന പര്യവസാനം - ശാശ്വതവാസത്തിനുള്ള സ്വര്‍ഗങ്ങള്‍-ആണ് അവര്‍ക്കുള്ളത്14
അവരും തങ്ങളുടെ മാതാപിതാക്കള്‍ ഇണകള്‍ സന്താനങ്ങള്‍ എന്നിവരില്‍ നിന്നുള്ള സദ്‌വൃത്തരും അതില്‍ പ്രവേശിക്കുന്നതാണ്. അവരുടെയടുത്ത് എല്ലാ കവാടങ്ങളിലൂടെയും മലക്കുകള്‍ കടന്നുവരികയും 'സഹനം കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം ഭവിക്കട്ടെ, ഈ അന്തിമസങ്കേതം എത്ര ഉദാത്തമായിരിക്കുന്നു' എന്ന് ആശംസിക്കുകയും ചെയ്യുന്നതാണ്15

2 വിശദീകരണങ്ങൾ കാണുക

14. ഇവിടെ മൂന്നു സൂക്തങ്ങളില്‍ സ്വര്‍ഗപ്രവേശനത്തിനര്‍ഹരാകുന്ന സൗഭാഗ്യവാന്‍മാരുടെ ഏതാനും വിശേഷണങ്ങള്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്: അല്ലാഹുവിനോടുള്ള കരാറും ഉറപ്പുകളും പാലിക്കുക, ലംഘിക്കരുത്. അവന്‍ ചേര്‍ക്കാന്‍ കല്‍പിച്ച ബന്ധങ്ങള്‍ ദൃഢീകരിക്കണം. അവനെ ഭയപ്പെടുകയും ശാസനകള്‍ അനുസരിക്കുകയും ചെയ്യുക. മഹ്ശറിനെയും ഹിസാബിനെയും ഭയപ്പെടുക. ദൈവപ്രീതി കാംക്ഷിച്ച്, പരീക്ഷണങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും സഹനം മുറുകെപിടിക്കുക. നമസ്‌കാരം കൃത്യമായനുഷ്ഠിക്കുക. ഉത്തമ മാര്‍ഗങ്ങളില്‍ പണം ചെലവഴിക്കുക. നന്മകൊണ്ട് തിന്മയെ ഉപരോധിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും മാതൃകയാവുക - ഇവയോരോന്നും ധാരാളം വിശദീകരണങ്ങളുള്‍ക്കൊള്ളുന്ന തത്ത്വങ്ങളാണ്. ഇവരാണ് സ്വര്‍ഗാവകാശികള്‍.

15. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മുറുകെപിടിച്ച ആളുകള്‍ കൂട്ടുകുടുംബമായി, തലമുറകളായുള്ള മാതാപിതാക്കളും സന്താനങ്ങളുമായാണ് സ്വര്‍ഗത്തില്‍ നിവസിക്കുക. മുഴുവന്‍ കവാടങ്ങളിലൂടെയും മലക്കുകള്‍ കടന്നുവന്നുകൊണ്ട് അവര്‍ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ടിരിക്കുന്നതാണ്. എന്തൊരാഹ്ലാദനിര്‍ഭരമായ ജീവിതമായിരിക്കും അത്.അവിടത്തെ സുഖസൗകര്യങ്ങള്‍ക്കാണെങ്കില്‍ കൈയുംകണക്കുമില്ല. ഒരാള്‍ക്കും ഊഹിക്കാനാകാത്തതാണ് അവയെന്ന് പ്രസിദ്ധമായ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരുണാമയനായ റബ്ബ് നമ്മെ ആ സ്വര്‍ഗത്തിന്റെ അവകാശികളാക്കട്ടെ.

وَٱلَّذِينَ صَبَرُواْ ٱبۡتِغَآءَ وَجۡهِ رَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ أُوْلَٰٓئِكَ لَهُمۡ عُقۡبَى ٱلدَّارِ ۝٢٢
جَنَّٰتُ عَدۡنٖ يَدۡخُلُونَهَا وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّٰتِهِمۡۖ وَٱلۡمَلَٰٓئِكَةُ يَدۡخُلُونَ عَلَيۡهِم مِّن كُلِّ بَابٖ ۝٢٣
سَلَٰمٌ عَلَيۡكُم بِمَا صَبَرۡتُمۡۚ فَنِعۡمَ عُقۡبَى ٱلدَّارِ ۝٢٤
25–29

അല്ലാഹുവുമായുള്ള കരാര്‍ ദൃഢീകരിച്ച ശേഷം അതു ലംഘിക്കുകയും കൂട്ടിയിണക്കാനായി അവനനുശാസിച്ച ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് തന്നെയാണ് ശാപവും ഹീനമായ നിവാസസ്ഥലവും16
താനുദ്ദേശിക്കുന്ന ചിലര്‍ക്ക് അല്ലാഹു ഭക്ഷണം സുഭിക്ഷമായി നല്‍കുന്നു; (മറ്റുചിലര്‍ക്കത്) കുടുസ്സാക്കുകയും ചെയ്യുന്നു. ഭൗതിക ജീവിതത്തില്‍ പ്രമത്തരാവുകയാണ് ആളുകള്‍; എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിതം ഒരു ക്ഷണിക സുഖാസ്വാദനം മാത്രം! തന്റെ നാഥനില്‍ നിന്ന് മുഹമ്മദ് നബിക്ക് ഒരു ദൃഷ്ടാന്തം വന്നുകിട്ടാത്തതെന്താണ് എന്നു നിഷേധികള്‍ ചോദിക്കുകയാണ്. താങ്കള്‍ പറയുക: താനുദ്ദേശിച്ചവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുക തന്നെചെയ്യുന്നു. പശ്ചാത്തപിച്ചുമടങ്ങിയവരെ - സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവസ്മരണയാല്‍ മനഃസമാധാനമാര്‍ജിക്കുകയും ചെയ്തവരെ - തന്നിലേക്കവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു. അറിയുക, ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദയങ്ങള്‍ക്കു പ്രശാന്തി കൈവരൂ17
വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്കാണ് സൗഭാഗ്യവും അത്യുദാത്ത സങ്കേതവും.

2 വിശദീകരണങ്ങൾ കാണുക

16. അല്ലാഹുവിന്റെ ഇഷ്ടങ്ങള്‍ ഭൂമിയില്‍ നടപ്പാക്കാനും അനിഷ്ടങ്ങള്‍ വിപാടനംചെയ്യാനുമാണ് മനുഷ്യന്‍ നിയുക്തനായിരിക്കുന്നത്. ആലമുല്‍ അര്‍വാഹില്‍ (ആത്മാക്കളുടെ ലോകത്ത്) പണ്ടു നടന്ന കരാറാണിവിടെ സൂചന. പ്രവാചകന്‍മാര്‍ വന്ന് ആ കരാറിന്റെ ഉള്ളടക്കങ്ങളും താല്‍പര്യങ്ങളും ദൃഢീകരിച്ചു. ഖുര്‍ആന്‍ 2: 27 കാണുക. മാതൃ-പിതൃ-പുത്ര ബന്ധങ്ങളും കുടുംബബന്ധങ്ങളും മാനവിക സൗഹൃദവുമൊക്കെ സുസ്ഥാപിതമാക്കാന്‍ അല്ലാഹു കല്‍പിച്ചു. എന്നിട്ടും കുഴപ്പവും നാശവുമായി നടക്കുന്ന പ്രതിലോമകാരികള്‍ക്ക് ദൈവികശാപവും നരകശിക്ഷയുമാണുണ്ടാവുക.

17. സര്‍വവിധ ഭൗതികപുരോഗതിയും സാങ്കേതിക നേട്ടവും കൈവരിച്ചിട്ടും ശാന്തിയും സമാധാനവും സ്വസ്ഥതയുമില്ലാതെ പരിഭ്രമിച്ച് വേവലാതിപ്പെടുന്ന ആധുനികലോകത്തിനുള്ള ഒറ്റമൂലിയാണ് ഈ കൊച്ചുവചനം-ദൈവസ്മരണ മുറുകെ പിടിക്കുക; എവിടെയുമത് കൈവിട്ടുകൂടാ. അത്തരമൊരു ജീവിതക്രമത്തിന്നു മാത്രമേ ലോകസമാധാനം കൈവരിക്കാനാകൂ.

وَٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِ أُوْلَٰٓئِكَ لَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ ۝٢٥
ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ وَفَرِحُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَمَا ٱلۡحَيَوٰةُ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا مَتَٰعٞ ۝٢٦
وَيَقُولُ ٱلَّذِينَ كَفَرُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَنۡ أَنَابَ ۝٢٧
ٱلَّذِينَ ءَامَنُواْ وَتَطۡمَئِنُّ قُلُوبُهُم بِذِكۡرِ ٱللَّهِۗ أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ ۝٢٨
ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ طُوبَىٰ لَهُمۡ وَحُسۡنُ مَـَٔابٖ ۝٢٩
30

ഓ നബീ, അപ്രകാരം18
നേരത്തെ കഴിഞ്ഞുപോയ വിവിധ ജനപഥങ്ങളെപ്പോലുള്ള ഒരു സമുദായത്തിലേക്കാണ് - അവര്‍ കരുണാമയനായ നാഥനെ നിഷേധിച്ചുകൊണ്ടിരിക്കെ - നമ്മുടെ ദിവ്യസന്ദേശങ്ങള്‍ പാരായണംചെയ്തുകൊടുക്കാനായി അങ്ങയെ നാം റസൂലായി നിശ്ചയിച്ചിരിക്കുന്നത്. താങ്കള്‍ പ്രഖ്യാപിക്കുക: അവനാകുന്നു എന്റെ രക്ഷിതാവ്. അവനല്ലാതെ യാതൊരാരാധ്യനുമില്ല. ഞാന്‍ എല്ലാകാര്യങ്ങളും അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവനിലേക്കാണ് എന്റെ മടക്കം19

2 വിശദീകരണങ്ങൾ കാണുക

18. എല്ലാ ജനപഥങ്ങളിലേക്കും അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചിരുന്നു. നിരന്തരമായി ഖുര്‍ആന്‍ അതു സൂചിപ്പിച്ചുകൊണ്ടിരിക്കാറുണ്ട്. ഈ അധ്യായം ഏഴാംസൂക്തത്തിലതു സ്പഷ്ടമാക്കുകയും ചെയ്തിരുന്നു - അങ്ങോട്ടാണ് സൂചന.

19. മതത്തിന്റെ മൂല ശിലകളാണിത്: ഏതൊരു സൃഷ്ടിയെയും പടച്ചതും സംരക്ഷിക്കുന്നതും നിയന്ത്രിക്കുന്നതുമൊക്കെ അല്ലാഹുവാണ്. അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. എന്തൊക്കെ അനുകൂല സാഹചര്യങ്ങള്‍ ഒരാള്‍ക്കുണ്ടെങ്കിലും മുഴുവന്‍ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പിക്കണം. അവസാന മടക്കസ്ഥലവും ആശ്രയകേന്ദ്രവും അവന്‍ മാത്രമാണ്.

كَذَٰلِكَ أَرۡسَلۡنَٰكَ فِيٓ أُمَّةٖ قَدۡ خَلَتۡ مِن قَبۡلِهَآ أُمَمٞ لِّتَتۡلُوَاْ عَلَيۡهِمُ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَهُمۡ يَكۡفُرُونَ بِٱلرَّحۡمَٰنِۚ قُلۡ هُوَ رَبِّي لَآ إِلَٰهَ إِلَّا هُوَ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ مَتَابِ ۝٣٠
31–32

പാരായണം നിര്‍വഹിക്കപ്പെടുന്ന ഏതെങ്കിലുമൊരുഗ്രന്ഥം വഴി പര്‍വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയോ ഭൂമി തുണ്ടങ്ങളായി കഷ്ണിക്കപ്പെടുകയോ പരേതരോട് സംസാരിക്കപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ (അത് ഈ ഖുര്‍ആന്‍ ആയേനെ; എന്നാലും നിഷേധികള്‍ വിശ്വസിക്കുകയില്ല.) എന്നാല്‍ കാര്യങ്ങളുടെ നിയന്ത്രണമത്രയും അല്ലാഹുവിനത്രേ. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മര്‍ത്യകുലത്തെയൊന്നടങ്കം മാര്‍ഗദര്‍ശനം ചെയ്‌തേനെ എന്ന വസ്തുത ഗ്രഹിച്ച് സത്യവിശ്വാസികള്‍ (നിഷേധികളുടെ സന്മാര്‍ഗപ്രാപ്തിയെക്കുറിച്ച്) ഭഗ്നാശരായിട്ടില്ലേ? തങ്ങളുടെ ദുഷ്‌ചെയ്തികള്‍ മൂലം അവരെ ഗുരുതരവിപത്ത് പിടികൂടുകയോ അതവരുടെ ഗൃഹസമീപം ഇറങ്ങുകയോ ചെയ്യും. അങ്ങനെ അല്ലാഹുവിന്റെ വാഗ്ദാനം സാക്ഷാല്‍കൃതമാകുന്നതാണ്. അവന്‍ കരാറുകള്‍ ലംഘിക്കുന്നതേയല്ല20
താങ്കള്‍ക്കു മുമ്പും ദൈവദൂതന്‍മാര്‍ പരിഹാസവിധേയരായിട്ടുണ്ട്. തല്‍സമയം നിഷേധികള്‍ക്ക് ഞാന്‍ സമയം നീട്ടിയിട്ടുകൊടുക്കുകയും വഴിയെ പിടികൂടുകയും ചെയ്തു. എങ്ങനെയുണ്ടായിരുന്നു എന്റെ ശിക്ഷ!

1 വിശദീകരണം കാണുക

20. മൂസാനബി(അ)യുടെ വടിയും സ്വാലിഹ്‌നബി(അ)യുടെ ഒട്ടകവും പോലെ മുഹമ്മദ് നബി(സ്വ)ക്ക് എന്താണ് ഒരു ദൃഷ്ടാന്തം നല്‍കപ്പെടാത്തത് എന്ന് നിഷേധികള്‍ ചോദിച്ചത് 27-ാം സൂക്തത്തില്‍ പറഞ്ഞിരുന്നല്ലോ. എന്നാല്‍ മഹാദ്ഭുതങ്ങള്‍ നിറഞ്ഞതായിട്ടും ഈ ഖുര്‍ആന്‍ അവര്‍ വിശ്വസിക്കുന്നില്ല. നിഷേധികള്‍ സത്യവിശ്വാസം സ്വീകരിക്കുക എന്നതില്‍ പ്രതീക്ഷക്ക് വല്ല വകയുമുണ്ടോ? ആശമുറിഞ്ഞ കാര്യമാണത്. ഇനി, സംഭവിക്കുക ഇതാണ് - അവര്‍ ഉന്മൂലനം ചെയ്യപ്പെടുകയും ഇസ്‌ലാം വിജയക്കൊടി നാട്ടുകയും ചെയ്യും എന്ന ദിവ്യവാഗ്ദാനം സാക്ഷാല്‍കൃതമാകും. ബദ്‌റില്‍ അതു സംഭവിച്ചു. നിഷേധികളും ധിക്കാരികളും ഉന്മൂലനവിധേയരായി. തുടര്‍ന്ന് പുണ്യദീനിന്റെ ജൈത്രയാത്രയായിരുന്നു. ഇസ്‌ലാമികഭരണവും നിലവില്‍വന്നു.

وَلَوۡ أَنَّ قُرۡءَانٗا سُيِّرَتۡ بِهِ ٱلۡجِبَالُ أَوۡ قُطِّعَتۡ بِهِ ٱلۡأَرۡضُ أَوۡ كُلِّمَ بِهِ ٱلۡمَوۡتَىٰۗ بَل لِّلَّهِ ٱلۡأَمۡرُ جَمِيعًاۗ أَفَلَمۡ يَاْيۡـَٔسِ ٱلَّذِينَ ءَامَنُوٓاْ أَن لَّوۡ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعٗاۗ وَلَا يَزَالُ ٱلَّذِينَ كَفَرُواْ تُصِيبُهُم بِمَا صَنَعُواْ قَارِعَةٌ أَوۡ تَحُلُّ قَرِيبٗا مِّن دَارِهِمۡ حَتَّىٰ يَأۡتِيَ وَعۡدُ ٱللَّهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ ۝٣١
وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَأَمۡلَيۡتُ لِلَّذِينَ كَفَرُواْ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ عِقَابِ ۝٣٢
33–34

അപ്പോള്‍, ഓരോരുത്തരുടെയും കര്‍മങ്ങള്‍ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നവന്‍ (വ്യാജ ദൈവങ്ങളായ ബിംബങ്ങളെപ്പോലെയാണോ?) നിഷേധികള്‍ അല്ലാഹുവിന്നു പങ്കുകാരെ സ്ഥാപിച്ചിരിക്കുകയാണ്. നബീ, ചോദിക്കുക: നിങ്ങള്‍ ആ ദൈവങ്ങളുടെ പേരുവിവരങ്ങളൊന്നു തരൂ! അതോ, ഭൂമിയില്‍ അവനറിയാത്ത കാര്യങ്ങള്‍ നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അതുമല്ല, ചില ഉപരിപ്ലവ പ്രസ്താവങ്ങളോ അത്?21
വസ്തുത അതൊന്നുമല്ല, തങ്ങളുടെ കുതന്ത്രങ്ങള്‍ നിഷേധികള്‍ക്ക് അലംകൃതമാക്കപ്പെടുകയും സന്മാര്‍ഗത്തില്‍ നിന്ന് അവര്‍ വ്യതിചലിപ്പിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. അല്ലാഹു ഒരാളെ വഴിതെറ്റിക്കുന്നുവെങ്കില്‍ അവന്ന് ഒരു മാര്‍ഗദര്‍ശകനും ഉണ്ടാവില്ല. ഐഹിക ലോകത്ത് അവര്‍ക്ക് ശിക്ഷയുണ്ടാകും; എന്നാല്‍ പാരത്രികശിക്ഷയാണ് ഏറെ ദുഷ്‌ക്കരം. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവരെ കാത്തുസംരക്ഷിക്കാന്‍ ആരുംതന്നെ ഉണ്ടാകുന്നതല്

1 വിശദീകരണം കാണുക

21. വ്യാജദൈവങ്ങളായ ബിംബങ്ങള്‍ എത്രവലിയ ദൈന്യതയാണര്‍ഹിക്കുന്നത്! അവക്ക് വല്ല മേല്‍വിലാസവുമുണ്ടോ? തെന്നിന്ത്യന്‍ ദൈവങ്ങളെ ഉത്തരേന്ത്യക്കാര്‍ക്കോ യൂറോപ്യരുടെ ദൈവങ്ങളെ അമേരിക്കക്കാര്‍ക്കോ അറിയില്ല. പ്രപഞ്ചംമുഴുവന്‍ സൃഷ്ടിച്ചുസംരക്ഷിക്കുകയും ഓരോ വ്യക്തിയുടെയും മുഴുവന്‍ കാര്യങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അല്ലാഹുവും കരിങ്കല്ലിന്റെ പ്രതിഷ്ഠയും തമ്മില്‍ എന്തുസാമ്യമാണ്! അതോ അല്ലാഹുവിന്റെ അറിവില്‍പെടാത്ത ദൈവങ്ങളാണോ ഇവ എന്നാണ് പരിഹാസാത്മകമായ ചോദ്യം. ബഹുദൈവാരാധകരുടെ കടുത്ത മൗഢ്യത്തിലേക്കാണിത് വിരല്‍ചൂണ്ടുന്നത്.

أَفَمَنۡ هُوَ قَآئِمٌ عَلَىٰ كُلِّ نَفۡسِۭ بِمَا كَسَبَتۡۗ وَجَعَلُواْ لِلَّهِ شُرَكَآءَ قُلۡ سَمُّوهُمۡۚ أَمۡ تُنَبِّـُٔونَهُۥ بِمَا لَا يَعۡلَمُ فِي ٱلۡأَرۡضِ أَم بِظَٰهِرٖ مِّنَ ٱلۡقَوۡلِۗ بَلۡ زُيِّنَ لِلَّذِينَ كَفَرُواْ مَكۡرُهُمۡ وَصُدُّواْ عَنِ ٱلسَّبِيلِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ۝٣٣
لَّهُمۡ عَذَابٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَشَقُّۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٖ ۝٣٤
35–37

സൂക്ഷ്മാലുക്കള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗത്തിന്റെ ഉപമ, അതിന്റെ ചുവട്ടിലൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കുന്നതും ഫലങ്ങളും തണലും ശാശ്വതമായിരിക്കുന്നതുമാണ്. അതാണ് ജീവിതഭക്തി പുലര്‍ത്തിയവര്‍ക്കുള്ള അനന്തരഫലം. എന്നാല്‍ നിഷേധികളുടെ പര്യവസാനം നരകമായിരിക്കും. നാം മുമ്പ് ദിവ്യഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ താങ്കള്‍ക്കവതീര്‍ണമായ ഈ ഖുര്‍ആനില്‍ സംതൃപ്തരാകുന്നു. എന്നാല്‍ ആ വിഭാഗങ്ങളില്‍ തന്നെ അതിലെ ചിലത് നിഷേധിക്കുന്നവരുണ്ട്22
താങ്കള്‍ പ്രഖ്യാപിക്കുക: അല്ലാഹുവിനെ ആരാധിക്കണമെന്നും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നുമാണ് ഞാന്‍ അനുശാസിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് എന്റെ ക്ഷണം; എന്റെ മടക്കവും അവങ്കലേക്കുതന്നെ. ഉപരിസൂചിത ഗ്രന്ഥങ്ങള്‍ പോലെ, ഈ ഖുര്‍ആനെ അറബിഭാഷയിലുള്ള ഒരു നിയമസമുച്ചയമായി നാമവതരിപ്പിച്ചു. ജ്ഞാനം കൈവന്നശേഷം താങ്കള്‍ അവരുടെ സ്വേച്ഛകളനുധാവനം ചെയ്യുന്നുവെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു മോചിപ്പിക്കുന്ന യാതൊരു സഹായിയും സംരക്ഷകനും താങ്കള്‍ക്കുണ്ടാകില്ല23

2 വിശദീകരണങ്ങൾ കാണുക

22. ജൂതന്മാരും ക്രിസ്ത്യാനികളുമാണിവിടെ വിവക്ഷ. അവര്‍ക്ക് നബി(സ്വ)യും ഖുര്‍ആനും സത്യമാണെന്ന് നന്നായറിയാമായിരുന്നു. അക്കാരണത്താലാണ് പലരും അതംഗീകരിക്കുന്നത്. പക്ഷേ, ചിലര്‍ തങ്ങളുടെ ഭൗതികതാല്‍പര്യങ്ങളുടെ സംരക്ഷണാര്‍ഥം ചിലത് തള്ളുകയും മറ്റുചിലത് കൊള്ളുകയും ചെയ്തു. എന്നാല്‍, നിങ്ങളൊക്കെ അംഗീകരിക്കുകയും മരണാനന്തരം ലക്ഷീകരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ സല്‍പന്ഥാവിലേക്ക് ക്ഷണിക്കുക മാത്രമാണ് എന്റെ ദൗത്യം എന്ന് ലോകത്തോട് പ്രഖ്യാപിക്കാന്‍ നബി(സ്വ)യോട് പറയുകയാണ്.

23. സംബോധന നബി(സ്വ)യോടാണെങ്കിലും അനുയായികളും മര്‍ത്യകുലം ഒന്നടങ്കവുമാണ് ഉദ്ദേശ്യം. ഖുര്‍ആന്റെയും നബി(സ്വ)യുടെയും സാധുതയും സ്വീകാര്യതയും ബോധ്യമായിട്ടും അവ തള്ളിക്കളയുന്നവര്‍ക്ക് ശാശ്വത പരാജയവും നരകവുമാണ് പരലോകത്തുണ്ടാവുക. യാതൊരു സംരക്ഷകരും വിമോചകരും അവിടെ ആര്‍ക്കുമുണ്ടാകുന്നതല്ല.

۞ مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ أُكُلُهَا دَآئِمٞ وَظِلُّهَاۚ تِلۡكَ عُقۡبَى ٱلَّذِينَ ٱتَّقَواْۚ وَّعُقۡبَى ٱلۡكَٰفِرِينَ ٱلنَّارُ ۝٣٥
وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَفۡرَحُونَ بِمَآ أُنزِلَ إِلَيۡكَۖ وَمِنَ ٱلۡأَحۡزَابِ مَن يُنكِرُ بَعۡضَهُۥۚ قُلۡ إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ وَلَآ أُشۡرِكَ بِهِۦٓۚ إِلَيۡهِ أَدۡعُواْ وَإِلَيۡهِ مَـَٔابِ ۝٣٦
وَكَذَٰلِكَ أَنزَلۡنَٰهُ حُكۡمًا عَرَبِيّٗاۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ مَا جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا وَاقٖ ۝٣٧
38–39

താങ്കള്‍ക്കുമുമ്പ് നാം ദൂതന്‍മാരെ അയക്കുകയും അവര്‍ക്ക് ഭാര്യാസന്താനങ്ങളെ നല്‍കുകയും ചെയ്തിട്ടുണ്ട്24
ഒരു റസൂലിനും അല്ലാഹുവിന്റെ സമ്മതാനുസാരമല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ കഴിയില്ല25
ഓരോ അവധിക്കും ഓരോ പ്രമാണമുണ്ട്; താനുദ്ദേശിക്കുന്നത് അല്ലാഹു മായ്ച്ചുകളയുകയും അല്ലാത്തത് സ്ഥിരപ്പെടുത്തുകയും ചെയ്യും. മൂലപ്രമാണമുള്ളത് അവങ്കലാകുന്നു26

3 വിശദീകരണങ്ങൾ കാണുക

24. നബി(സ്വ)യെ കണ്ണടച്ച് നിഷേധിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഇത്രയേറെ ഭാര്യമാരുണ്ടായാല്‍ ആരാധനക്കും മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ പിന്നെ എങ്ങനെ സമയംകിട്ടും എന്നായിരുന്നു ചില വേദക്കാരുടെ പരിഹാസാത്മകമായ ചോദ്യം. എന്നാല്‍ അവര്‍ ആദരിക്കുകയും പ്രവാചകരായി അംഗീകരിക്കുകയും ചെയ്യുന്ന പല മുന്‍ഗാമികള്‍ക്കും ഭാര്യാസന്താനങ്ങളുണ്ടായിരുന്നു. ദാവൂദ്‌നബി(അ)(കിങ്‌ഡേവിഡ്)ക്ക് നൂറുഭാര്യമാരാണുണ്ടായിരുന്നത്. (ബുഖാരി.) മകന്‍ സുലൈമാന്‍(അ)(കിങ് സോളമന്‍)ക്കും ഒട്ടേറെ പത്‌നിമാരുണ്ടായിരുന്നു.

25. മക്കാമുശ്‌രിക്കുകള്‍ ദുര്‍വാശിപിടിച്ച് പലവിധ അമാനുഷദൃഷ്ടാന്തങ്ങളും ആവശ്യപ്പെട്ടിരുന്നു. സൂറത്തുല്‍ ഇസ്രാഅ് 90-93 കാണുക. അല്ലാഹുവിന്റെ സമ്മതാനുസാരമാണ്, ദൂതന്റെ സ്വേഷ്ടയനുസരിച്ചല്ല അമാനുഷകൃത്യങ്ങള്‍ ഉണ്ടാവുക എന്ന വസ്തുതയാണ് ഇവിടെ ഉണര്‍ത്തുന്നത്.

26. ലോകത്ത് നടക്കുന്ന ചെറുതോ വലുതോ ആയ ഏതുകാര്യത്തിന്നും അല്ലാഹുവിങ്കല്‍ ഒരുനിര്‍ണയമുണ്ട്; ആ കാര്യം എവിടെ, എങ്ങനെ, എപ്പോള്‍ സംഭവിക്കണം എന്നതുസംബന്ധിച്ച സമഗ്രമായ രൂപം ഉല്ലേഖിതമായിരിക്കും. ഉമ്മുല്‍ കിതാബ് അഥവാ ലൗഹുല്‍ മഹ്ഫൂള് അതാണ്. ഇവയില്‍ മൗലികവും അടിസ്ഥാനപരവുമല്ലാത്ത വിഷയങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യാനുസൃതം ഭേദഗതികള്‍ സംഭവിക്കാവുന്നതാണ്.

وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ وَجَعَلۡنَا لَهُمۡ أَزۡوَٰجٗا وَذُرِّيَّةٗۚ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۗ لِكُلِّ أَجَلٖ كِتَابٞ ۝٣٨
يَمۡحُواْ ٱللَّهُ مَا يَشَآءُ وَيُثۡبِتُۖ وَعِندَهُۥٓ أُمُّ ٱلۡكِتَٰبِ ۝٣٩
40–41

അവര്‍ക്ക് താക്കീതുനല്‍കുന്ന ചില ശിക്ഷകള്‍ താങ്കള്‍ക്കു നാം കാണിച്ചുതരികയോ അല്ലെങ്കില്‍ താങ്കളെ നാം മരിപ്പിക്കുകയോ (എന്തുണ്ടായാലും) പ്രശ്‌നമല്ല, പ്രബോധനമേ താങ്കള്‍ക്കു ഉത്തരവാദിത്വമുള്ളു; വിചാരണാ ബാധ്യത നമ്മുടേതാണ്. അവരുടെ നാടുകള്‍ നാനാ ദിക്കുകളില്‍നിന്നും നാം ചുരുക്കിക്കൊണ്ടുവരുന്നതവര്‍ കാണുന്നില്ലേ? അല്ലാഹുവാണ് വിധിക്കുന്നത്; അതു ഭേദഗതിചെയ്യുന്ന ഒരാളുംതന്നെയില്ല. അതിദ്രുതം വിചാരണചെയ്യുന്നവനത്രേ അവന്‍.27

1 വിശദീകരണം കാണുക

27. വാഗ്ദത്ത ശിക്ഷകള്‍ നിഷേധികളെ പിടികൂടിയോ ഇല്ലേ, അതോ അതിനുമുമ്പേ നബി(സ്വ) വഫാത്തായോ എന്നത് ഒരു അടിസ്ഥാനവിഷയമല്ല; പാരത്രികശിക്ഷ അവര്‍ക്ക് ലഭിച്ചേതീരൂ. നബി(സ്വ)യുടെ ദൗത്യം സത്യപ്രബോധനമാണ്. ആരത് സ്വീകരിച്ചു, അവഗണിച്ചു മുതലായ കാര്യങ്ങളൊക്കെ ആളുകളെ വിചാരണചെയ്ത് ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹുവാണ് നല്‍കുക. ഒരു കാര്യം നിഷേധികള്‍ക്കും തള്ളിക്കളയാനാവില്ല - അറേബ്യന്‍ ഉപദ്വീപ് മുഴുവന്‍ ബഹുദൈവവിശ്വാസികളുടെയും ബിംബാരാധകരുടെയും കൈപ്പിടിയിലായിരുന്നല്ലോ. അവരുടെ ഭൂവിസ്തൃതി ക്രമേണ കുറഞ്ഞു ചെറുതായിവരികയാണ്, അവിടങ്ങളിലൊക്കെ തൗഹീദും ഇസ്‌ലാമും വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. അല്ലാഹുവിന്റെ വിധിയും തീരുമാനവും മാത്രമേ പ്രപഞ്ചത്തില്‍ നടക്കുകയുള്ളൂ എന്ന് താല്‍പര്യം.

وَإِن مَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ وَعَلَيۡنَا ٱلۡحِسَابُ ۝٤٠
أَوَلَمۡ يَرَوۡاْ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَاۚ وَٱللَّهُ يَحۡكُمُ لَا مُعَقِّبَ لِحُكۡمِهِۦۚ وَهُوَ سَرِيعُ ٱلۡحِسَابِ ۝٤١
42

ഇവരുടെ പൂര്‍വഗാമികളും കുതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കുതന്ത്രങ്ങളത്രയും അല്ലാഹുവിന്റെ അധീനതയിലാണുള്ളത്. ഓരോ വ്യക്തിയുടെയും ചെയ്തികള്‍ അവന്‍ അറിയുന്നുണ്ട്. പാരത്രികലോകത്തെ ഉദാത്തമായ പര്യവസാനം ആര്‍ക്കാണുണ്ടാവുക എന്നു സത്യനിഷേധികള്‍ക്ക് വഴിയെ ബോധ്യപ്പെടുന്നതാകുന്നു.28

1 വിശദീകരണം കാണുക

28. അല്ലാഹുവിന്റെ ഇഷ്ട ദാസന്‍മാരായ പ്രവാചകന്‍മാര്‍ക്കെതിരെ എല്ലാകാലഘട്ടങ്ങളിലും സത്യനിഷേധികള്‍ ഗൂഢാലോചനകളും കുതന്ത്രങ്ങളും മെനയുകയും നിര്‍ദാക്ഷിണ്യം പ്രതിലോമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് പ്രവാചകനിയോഗം നിറുത്തിവെക്കപ്പെടുകയോ സത്യമതത്തിന്റെ പ്രബോധനം അവസാനിപ്പിക്കപ്പെടുകയോ ഉണ്ടായില്ല. ഏതുഗൂഢാലോചനയും അല്ലാഹു തകര്‍ത്തു. കുതന്ത്രപ്രവര്‍ത്തനങ്ങളുടെ തിക്തഫലം പരലോകത്തുവെച്ച് നിഷേധികള്‍ ഏറ്റുവാങ്ങുകയും ചെയ്യും.

وَقَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَلِلَّهِ ٱلۡمَكۡرُ جَمِيعٗاۖ يَعۡلَمُ مَا تَكۡسِبُ كُلُّ نَفۡسٖۗ وَسَيَعۡلَمُ ٱلۡكُفَّٰرُ لِمَنۡ عُقۡبَى ٱلدَّارِ ۝٤٢
43

താങ്കള്‍ ദൈവദൂതനല്ലെന്നാണ് സത്യനിഷേധികള്‍ ജല്‍പിക്കുന്നത്. അങ്ങ് പ്രതികരിക്കുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുവും വേദഗ്രന്ഥങ്ങളിലെ സത്യജ്ഞാനമുള്ളവരും തന്നെ പര്യാപ്തമാകുന്നു29

1 വിശദീകരണം കാണുക

29. ജൂതന്‍മാരും ക്രിസ്ത്യാനികളും ബഹുദൈവവിശ്വാസികളും മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വം നിഷേധിക്കുന്നു. എന്നാല്‍, ആര്‍ജവപൂര്‍വം ആ ജല്‍പനത്തിനു മറുപടിനല്‍കാന്‍ നബി(സ്വ)യോട് അല്ലാഹു നിര്‍ദേശിച്ചിരിക്കയാണ് - എന്റെ പ്രവാചകത്വത്തിനും ദൗത്യത്തിനും നിങ്ങളുടെയാരുടെയും അംഗീകാരമാവശ്യമില്ല. ഇനി, ആര്‍ക്കെങ്കിലും അങ്ങനെയൊരാവശ്യമുണ്ടെങ്കില്‍ അതിനു മതിയായ നിരവധി തെളിവുകള്‍ ഉണ്ട്താനും. പ്രഥമവും പ്രധാനവുമായി അല്ലാഹുവിന്റെ സാക്ഷ്യംതന്നെ. നാല്‍പതു വയസ്സുവരെ പവിത്രപശ്ചാത്തലത്തില്‍ അവന്‍ വളര്‍ത്തി. തുടര്‍ന്ന് ഖുര്‍ആന്‍ നല്‍കുകയും മറ്റുവിധ അമാനുഷിക കൃത്യങ്ങള്‍ സാക്ഷാല്‍ക്കരിക്കയും ചെയ്തു. ഇതിനുപുറമെ തൗറാത്തിന്റെയും ഇന്‍ജീലിന്റെയും വിജ്ഞാനങ്ങള്‍ ശരിയാംവണ്ണം കരസ്ഥമാക്കിയ നിഷ്പക്ഷരായ വേദപണ്ഡിതന്‍മാര്‍ നബി(സ്വ)യെയും ഖുര്‍ആനെയും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്നുതന്നെ യഥായോഗ്യം മനസ്സിലാക്കി ഇസ്‌ലാംമതം സ്വീകരിച്ചു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതു തുടര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ.
ഈ പശ്ചാത്തലത്തില്‍ പ്രവാചക പ്രസ്താവത്തിന്റെ സംഗ്രഹമിതാണ്: അല്ലാഹുവിന്റെ കല്‍പനയും അനിഷേധ്യമായ യാഥാര്‍ഥ്യങ്ങളും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും അതനുസരിച്ച് സന്മാര്‍ഗം സ്വീകരിക്കാനും ദുര്‍വാശിമൂലം സന്നദ്ധരല്ലാത്ത നിഷേധികളേ, നിങ്ങളുടെ അംഗീകാരം എനിക്കാവശ്യമില്ല! നബി(സ്വ)യുടെ ഈ പ്രസ്താവത്തിനുമുമ്പില്‍ പ്രതിലോമകാരികള്‍ അപമാനിതരായി നില്‍ക്കുകയാണല്ലോ. 'മുഹമ്മദ് നബിക്ക് നാം അവതരിപ്പിച്ച ഖുര്‍ആനില്‍ സംശയാലുക്കളാണെങ്കില്‍ തത്തുല്യമായതൊന്നു നിങ്ങള്‍ കൊണ്ടുവരൂ' എന്ന ഖുര്‍ആനിക വെല്ലുവിളി(2: 23) ശത്രുക്കളുടെ മുഖത്ത് അപമാനച്ഛവി പരത്തി അന്ത്യനാള്‍ വരെയും അധൃഷ്യമായി പ്രശോഭിതമായി നിലകൊള്ളും.

وَيَقُولُ ٱلَّذِينَ كَفَرُواْ لَسۡتَ مُرۡسَلٗاۚ قُلۡ كَفَىٰ بِٱللَّهِ شَهِيدَۢا بَيۡنِي وَبَيۡنَكُمۡ وَمَنۡ عِندَهُۥ عِلۡمُ ٱلۡكِتَٰبِ ۝٤٣