Sunday, 11 October 2026 Hijri: — 11:47:57 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

യൂസുഫ് يوسف Yusuf

Surah 12 മക്കിയ്യ • مكية • Makkiyah 111 ആയത്തുകൾ • 111 Ayahs

സൂറത്ത് യൂസുഫ് (Yusuf), ഖുർആൻ അധ്യായം 12 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 111 ആയത്തുകൾ വായിക്കുക. Read Surah Yusuf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

അലിഫ് ലാം റാ. വ്യക്തമായ ദിവ്യഗ്രന്ഥത്തിലെ സൂക്തങ്ങളാണിവ. നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്നതായി നാമത് അവതരിപ്പിച്ചിരിക്കുകയാണ്. അങ്ങേക്ക് ഈ ഖുര്‍ആന്‍ ദിവ്യബോധനം നല്‍കുകവഴി അത്യുദാത്ത കഥാകഥനമാണ് നാം നിര്‍വഹിക്കുന്നത്. ഇതിനുമുമ്പ് അതു സംബന്ധിച്ച് താങ്കള്‍ അനഭിജ്ഞന്‍ തന്നെയായിരുന്നു1

1 വിശദീകരണം കാണുക

1. ഇബ്രാഹീം നബിയുടെ പുത്രന്‍ ഇസ്ഹാഖ് നബിയുടെ പുത്രന്‍ യഅ്ഖൂബ് നബിയുടെ പുത്രന്‍ യൂസുഫ് നബി(അ)യുടെ ചരിത്രം വിശദമായി വിവരിക്കുന്നത് കൊണ്ട് ഈ അധ്യായത്തിന് ആ മഹാന്റെ പേരുതന്നെയാണുള്ളത്. തുടക്കത്തിലെ കേവലാക്ഷരങ്ങളെപ്പറ്റി നേരത്തെ പറഞ്ഞിട്ടുണ്ട്. ഉദ്വേഗജനകവും വികാരവിജൃംഭകവുമായ വിവിധ സംഭവങ്ങള്‍ ഇതില്‍ കാണാം. നബി തിരുമേനി(സ്വ)ക്കു തന്നെ നേരത്തെ അവയറിയുമായിരുന്നില്ല. മനുഷ്യര്‍ക്ക് ഒട്ടേറെ പാഠങ്ങള്‍ അവയില്‍ നിന്നൊക്കെയുണ്ട്.

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ۝١
إِنَّآ أَنزَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ ۝٢
نَحۡنُ نَقُصُّ عَلَيۡكَ أَحۡسَنَ ٱلۡقَصَصِ بِمَآ أَوۡحَيۡنَآ إِلَيۡكَ هَٰذَا ٱلۡقُرۡءَانَ وَإِن كُنتَ مِن قَبۡلِهِۦ لَمِنَ ٱلۡغَٰفِلِينَ ۝٣
4–5

യൂസുഫ്‌നബി തന്റെ പിതാവ് യഅ്ഖൂബ് നബിയോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം നമിക്കുന്നതായി ഞാന്‍ കിനാവു കാണുകയുണ്ടായി! ബാപ്പ പ്രതികരിച്ചു: എന്റെ കുഞ്ഞു മകനേ, സഹോദരന്‍മാരോട് നിന്റെ ഈ സ്വപ്നവൃത്താന്തം പറയരുതേ; അവര്‍ നിനക്കെതിരെ എന്തെങ്കിലും കുതന്ത്രം പ്രയോഗിക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രു തന്നെയത്രേ2

1 വിശദീകരണം കാണുക

2. യൂസുഫ് നബി(അ) പിതാവിന്റെ ഇളയ മകനാണ്. ആകെ പന്ത്രണ്ടു പേരുണ്ടായിരുന്നു അവര്‍. ഇതില്‍ ആദ്യത്തെ പത്തുമക്കള്‍ വേറെ ഉമ്മയില്‍ ജനിച്ചവരാണ്. മറ്റൊരു ഭാര്യയിലാണ് കൊച്ചുപുത്രന്‍മാരായ യൂസുഫും ബിന്‍യാമീനും പിറന്നത്. അവരിരുവരോടും ബാപ്പാക്ക് അളവറ്റ സ്‌നേഹമായിരുന്നു. ഇത് മറ്റുമക്കളില്‍ അസൂയയുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് കൊച്ചുയൂസുഫ് ഒരു പ്രത്യേകരീതിയിലുള്ള കിനാവുകാണുന്നത്:
സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തനിക്കു സുജൂദ് ചെയ്യുന്നതായാണ് കൊച്ചു യൂസുഫിന്റെ സ്വപ്നദര്‍ശനം. അന്നു തനിക്ക് പന്ത്രണ്ട് വയസ്സാകുന്നതേയുള്ളൂ. സ്വാഭാവികമായും കുട്ടി പിതാവിനോട് സംഭവം വിവരിച്ചു. പ്രവാചക പ്രമുഖനായ യഅ്ഖൂബ് നബി(അ)ക്ക് സ്വപ്നസൂചന മനസ്സിലായി-സൂര്യചന്ദ്രന്‍മാര്‍ മാതാപിതാക്കളും പതിനൊന്നു നക്ഷത്രങ്ങള്‍ സഹോദരങ്ങളുമാണ്; ഇവരെക്കാളെല്ലാം മഹോന്നതമായ പദവികള്‍ യൂസുഫിനെ കാത്തിരിക്കുന്നുണ്ട്!

إِذۡ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّي رَأَيۡتُ أَحَدَ عَشَرَ كَوۡكَبٗا وَٱلشَّمۡسَ وَٱلۡقَمَرَ رَأَيۡتُهُمۡ لِي سَٰجِدِينَ ۝٤
قَالَ يَٰبُنَيَّ لَا تَقۡصُصۡ رُءۡيَاكَ عَلَىٰٓ إِخۡوَتِكَ فَيَكِيدُواْ لَكَ كَيۡدًاۖ إِنَّ ٱلشَّيۡطَٰنَ لِلۡإِنسَٰنِ عَدُوّٞ مُّبِينٞ ۝٥
6

സ്വപ്നം കണ്ടത് പോലെ, താങ്കളെ രക്ഷിതാവ് തെരഞ്ഞെടുക്കുകയും കിനാവുകളുടെ വ്യാഖ്യാനം പഠിപ്പിച്ചു തരികയും താങ്കളുടെയും യഅ്ഖൂബ് കുടുംബത്തിന്റെയും മേല്‍ തന്റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതാണ്-മുമ്പ് ഇബ്രാഹീം, ഇസ്ഹാഖ് എന്നീ പിതാക്കള്‍ക്ക് അനുഗ്രഹപൂര്‍ത്തീകരണം നല്‍കിയതു പോലെ. താങ്കളുടെ നാഥന്‍ സര്‍വജ്ഞനും യുക്തിമാനും തന്നെയത്രേ3

1 വിശദീകരണം കാണുക

3. യഅ്ഖൂബ് നബി(അ)യുടെ മറ്റൊരു പേരാണ് ഇസ്രാഈല്‍. തന്റെ സന്തതീപരമ്പരയാണ് ഇസ്രയേല്യര്‍ (ബനൂഇസ്രാഈല്‍). ഒരു പ്രത്യേക ജനവിഭാഗം എന്നനിലക്ക് ഒട്ടേറെ അനുഗ്രഹങ്ങള്‍ അല്ലാഹു ബനൂഇസ്രാഈല്യര്‍ക്കു നല്‍കി. അല്‍ബഖറ സൂറയുടെ ആരംഭത്തില്‍ നൂറിലധികം ആയത്തുകളിലവ സൂചിപ്പിച്ചിട്ടുണ്ട്; പുറമെ മറ്റു പലേടത്തും. ഇബ്രാഹീം(അ), ഇസ്ഹാഖ്(അ) എന്നീ പിതാക്കള്‍ എന്ന പ്രയോഗം കൊണ്ട് പിതാമഹന്‍മാര്‍ എന്നാണു വിവക്ഷ.

وَكَذَٰلِكَ يَجۡتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأۡوِيلِ ٱلۡأَحَادِيثِ وَيُتِمُّ نِعۡمَتَهُۥ عَلَيۡكَ وَعَلَىٰٓ ءَالِ يَعۡقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيۡكَ مِن قَبۡلُ إِبۡرَٰهِيمَ وَإِسۡحَٰقَۚ إِنَّ رَبَّكَ عَلِيمٌ حَكِيمٞ ۝٦
7–9

നിശ്ചയം, യൂസുഫ് നബിയിലും സഹോദരങ്ങളിലും അന്വേഷിച്ചറിയുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഒട്ടേറെയുണ്ട്. അവര്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: യൂസുഫും അവന്റെ പൂര്‍ണ സഹോദരന്‍ ബിന്‍യാമീനുമാണ് ബാപ്പാക്ക് നമ്മെക്കാള്‍ ഏറ്റം പ്രിയങ്കരര്‍; നാമാകട്ടെ ഒരു സംഘമുണ്ട്താനും. വ്യക്തമായി വഴിവിട്ട നിലപാടില്‍ തന്നെയാണ് ബാപ്പയുള്ളത്. 'നിങ്ങള്‍ യൂസുഫിനെ വധിച്ചുകളയുകയോ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഇട്ടേക്കുകയോ ചെയ്യുക; എങ്കില്‍ പിതൃമുഖം നിങ്ങള്‍ക്ക് സ്വന്തമായിക്കിട്ടുന്നതാണ്; പിന്നീട് നിങ്ങള്‍ക്ക് സദ്‌വൃത്തരായിത്തീരുകയും ചെയ്യാം' എന്നു അവര്‍ പറഞ്ഞ സന്ദര്‍ഭം4

1 വിശദീകരണം കാണുക

4. യൂസുഫി(അ)നെ പിതാവില്‍ നിന്നകറ്റാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെ അവരുടെ ഗൂഢാലോചനയും പരസ്പര സംഭാഷണങ്ങളുമാണിവിടെ സൂചിപ്പിക്കുന്നത്. യൂസുഫും ബിന്‍യാമീനുമാണ് പൂര്‍ണസഹോദരര്‍; മറ്റുള്ളവര്‍ അര്‍ധസഹോദരങ്ങളാണ് - അവരുടെ മാതാവ് വേറെയാണ്. ഇരുവരില്‍ തന്നെ യൂസുഫിനോടായിരുന്നു യഅ്ഖൂബ് നബി(അ)ക്ക് അതിരറ്റ സ്‌നേഹവും വാത്സല്യവും.

۞ لَّقَدۡ كَانَ فِي يُوسُفَ وَإِخۡوَتِهِۦٓ ءَايَٰتٞ لِّلسَّآئِلِينَ ۝٧
إِذۡ قَالُواْ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحۡنُ عُصۡبَةٌ إِنَّ أَبَانَا لَفِي ضَلَٰلٖ مُّبِينٍ ۝٨
ٱقۡتُلُواْ يُوسُفَ أَوِ ٱطۡرَحُوهُ أَرۡضٗا يَخۡلُ لَكُمۡ وَجۡهُ أَبِيكُمۡ وَتَكُونُواْ مِنۢ بَعۡدِهِۦ قَوۡمٗا صَٰلِحِينَ ۝٩
10–12

അവരില്‍ ഒരാള്‍ നിര്‍ദേശിച്ചു: യൂസുഫിനെ നിങ്ങള്‍ കൊല്ലേണ്ട; എന്തെങ്കിലും ചെയ്‌തേ പറ്റൂ എങ്കില്‍ കിണറ്റിനടിയിലേക്ക് ഇടുക, വല്ല യാത്രാസംഘങ്ങളും അവനെ എടുത്ത്‌കൊണ്ട് പൊയ്‌ക്കൊള്ളുമല്ലോ5
(ഗൂഢാലോചനക്ക് ശേഷം പിതാവിനെ ചെന്നു കണ്ട്) അവര്‍ പറഞ്ഞു: ബാപ്പാ, അങ്ങേക്കെന്തു സംഭവിച്ചു! യൂസുഫിന്റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല? ഞങ്ങളവന്റെ ഗുണകാംക്ഷികള്‍ തന്നെയാണ്. ഞങ്ങളൊന്നിച്ച് നാളെയവനെ(ആടുമേക്കാന്‍) അയച്ചു തരൂ. അവന്‍ ആഹ്ലാദിച്ചുല്ലസിക്കുകയും കളിച്ചു നടക്കുകയും ചെയ്യട്ടെ. ഞങ്ങളവനെ കാത്തു സംരക്ഷിക്കുക തന്നെ ചെയ്യും6

2 വിശദീകരണങ്ങൾ കാണുക

5. ഏറെ നാളത്തെ ഗൂഢാലോചനകള്‍ കൊച്ചു യൂസുഫിന്റെ ദൂരീകരണ വിഷയത്തില്‍ നടന്നു. മൂത്ത സഹോദരന്‍ റൂബീലിന്റെ നിര്‍ദേശമായിരുന്നു മരുഭൂമിയിലുള്ള കിണറ്റില്‍ നിക്ഷേപിക്കല്‍. അതു നടപ്പാക്കാന്‍ എല്ലാവരും തീരുമാനിച്ചു.

6. സഹോദരങ്ങളുടെ ഗൂഢാലോചനയുടെ പ്രയോഗവല്‍ക്കരണം ആരംഭിക്കുകയാണ്. നല്ലപിള്ളചമഞ്ഞ്, യൂസുഫിന്റെ ഗുണകാംക്ഷികള്‍ മാത്രമായഭിനയിച്ച് പിതാവിന്റെ മുമ്പില്‍ ചെന്ന് അവര്‍ വിഷയം പറഞ്ഞു - ബാലനായ കൊച്ചുസഹോദരനെ കളിക്കാനും ഉല്ലസിക്കാനുമൊക്കെയായി ഞങ്ങളൊന്നിച്ച് ആടുമേക്കാന്‍ അയച്ചുതരണം. ഞങ്ങളവനെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കും. മുതിര്‍ന്ന പത്തുമക്കളുടെ ശക്തമായ ആവശ്യം തിരസ്‌കരിക്കാന്‍ വൃദ്ധനായ യഅ്ഖൂബ് നബി(അ)ക്ക് കഴിയാതെ പോയി.

قَالَ قَآئِلٞ مِّنۡهُمۡ لَا تَقۡتُلُواْ يُوسُفَ وَأَلۡقُوهُ فِي غَيَٰبَتِ ٱلۡجُبِّ يَلۡتَقِطۡهُ بَعۡضُ ٱلسَّيَّارَةِ إِن كُنتُمۡ فَٰعِلِينَ ۝١٠
قَالُواْ يَٰٓأَبَانَا مَا لَكَ لَا تَأۡمَ۬نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَٰصِحُونَ ۝١١
أَرۡسِلۡهُ مَعَنَا غَدٗا يَرۡتَعۡ وَيَلۡعَبۡ وَإِنَّا لَهُۥ لَحَٰفِظُونَ ۝١٢
13–14

അദ്ദേഹം പ്രതികരിച്ചു: അവനെയും കൊണ്ട് നിങ്ങള്‍ പോവുക എന്നത് എന്നെ അതീവദുഃഖിതനാക്കുക തന്നെ ചെയ്യും. നിങ്ങള്‍ അശ്രദ്ധരായിരിക്കെ അവനെ ചെന്നായ പിടിച്ചു തിന്നുമെന്ന ഭീതിയും എനിക്കുണ്ട്. അവര്‍ പ്രത്യുത്തരം നല്‍കി: ഞങ്ങളൊരു കൂട്ടം ആളുകളുണ്ടായിട്ടും അവനെ ചെന്നായ പിടിച്ചു തിന്നുകയാണെങ്കില്‍, തീര്‍ച്ചയായും മഹാപരാജിതര്‍ തന്നെയാകുമല്ലോ ഞങ്ങള്‍!

قَالَ إِنِّي لَيَحۡزُنُنِيٓ أَن تَذۡهَبُواْ بِهِۦ وَأَخَافُ أَن يَأۡكُلَهُ ٱلذِّئۡبُ وَأَنتُمۡ عَنۡهُ غَٰفِلُونَ ۝١٣
قَالُواْ لَئِنۡ أَكَلَهُ ٱلذِّئۡبُ وَنَحۡنُ عُصۡبَةٌ إِنَّآ إِذٗا لَّخَٰسِرُونَ ۝١٤
15–18

അങ്ങനെയവര്‍ യൂസുഫിനെ കൊണ്ടുപോവുകയും കിണറ്റിനടിയിലേക്ക് തള്ളാന്‍ ഏകകണ്ഠരായി ഖണ്ഡിതതീരുമാനമെടുക്കുകയും (ആ കടുംകൈ ചെയ്യുകയും) ഉണ്ടായി. 'തങ്ങളുടെ ഈ കഠോരകൃത്യത്തെപ്പറ്റി ഓര്‍ക്കാപുറത്ത് അവരെ നീ അറിയിക്കുന്നതാണ്' എന്ന് യൂസുഫിന്ന് നാം ബോധനം നല്‍കി7
സന്ധ്യമയങ്ങിയപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് പിതാവിനടുത്തെത്തുകയും ഇങ്ങനെ ബോധിപ്പിക്കുകയുമുണ്ടായി: 'ബാപ്പാ, ഞങ്ങള്‍ ഓട്ടപ്പന്തയത്തിന് പോവുകയും യൂസുഫിനെ സാധനങ്ങള്‍ക്കരികെ വിടുകയും ചെയ്തിരുന്നു. അപ്പോഴവനെ ചെന്നായ തിന്നു. നേരു പറയുകയാണെങ്കില്‍ തന്നെയും അങ്ങു ഞങ്ങളെ വിശ്വസിക്കുകയില്ല!'യൂസുഫിന്റെ കുപ്പായത്തില്‍ വ്യാജരക്തം പുരട്ടിയാണവരെത്തിയത്. പിതാവു പ്രതികരിച്ചു: അല്ല, നിങ്ങള്‍ക്ക് ഒരു കടുംകൈ ഭംഗിയായിത്തോന്നി എന്നുമാത്രം. അതുകൊണ്ട്, നന്നായി ക്ഷമിക്കുക തന്നെ. നിങ്ങളുടെ ഈ പ്രതിപാദനങ്ങളില്‍ എനിക്കു സഹായമര്‍ഥിക്കാനുള്ളത് അല്ലാഹുവത്രേ8

2 വിശദീകരണങ്ങൾ കാണുക

7. സഹോദരങ്ങള്‍ നടത്തിയ ഗൂഢാലോചനകളെയും കൊലച്ചതിയെയും സംബന്ധിച്ചെല്ലാം അവര്‍ ഓര്‍ക്കാത്തവിധം പിന്നീടൊരിക്കല്‍ താങ്കള്‍ സംസാരിക്കുന്നതാണ് എന്ന് യൂസുഫിന് അല്ലാഹു കിണറ്റില്‍ വെച്ച് ബോധനം നല്‍കി. ഇത് വലിയൊരു സമാശ്വാസമായി എന്നു പറയേണ്ടതില്ലല്ലോ. കിണറ്റില്‍ നിന്നു രക്ഷപ്പെടുമെന്നു വ്യംഗ്യഭാഷ്യം.

8. മുതലക്കണ്ണീരുമായി പിതാവിനടുത്തെത്തിയപ്പോള്‍ യൂസുഫിന്റെ ശരീരത്തില്‍ നിന്നഴിച്ചെടുത്ത്, അറുത്ത ആടിന്റെ രക്തം പുരട്ടിയ കുപ്പായം 'തെളിവി'നായി അവര്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ കുട്ടിയെ ഇവര്‍ അപായപ്പെടുത്തി എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. അണപൊട്ടിയൊഴുകിയ ദുഃഖത്തില്‍ നിലവിളിച്ച്‌കൊണ്ട് താന്‍ പറഞ്ഞു: എന്നാലും ആ ചെന്നായ വല്ലാത്ത സഹിഷ്ണു തന്നെ - കുട്ടിയെ തിന്നുവെങ്കിലും അവന്റെ കുപ്പായം കീറിയില്ലല്ലോ!

فَلَمَّا ذَهَبُواْ بِهِۦ وَأَجۡمَعُوٓاْ أَن يَجۡعَلُوهُ فِي غَيَٰبَتِ ٱلۡجُبِّۚ وَأَوۡحَيۡنَآ إِلَيۡهِ لَتُنَبِّئَنَّهُم بِأَمۡرِهِمۡ هَٰذَا وَهُمۡ لَا يَشۡعُرُونَ ۝١٥
وَجَآءُوٓ أَبَاهُمۡ عِشَآءٗ يَبۡكُونَ ۝١٦
قَالُواْ يَٰٓأَبَانَآ إِنَّا ذَهَبۡنَا نَسۡتَبِقُ وَتَرَكۡنَا يُوسُفَ عِندَ مَتَٰعِنَا فَأَكَلَهُ ٱلذِّئۡبُۖ وَمَآ أَنتَ بِمُؤۡمِنٖ لَّنَا وَلَوۡ كُنَّا صَٰدِقِينَ ۝١٧
وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٖ كَذِبٖۚ قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٞۖ وَٱللَّهُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ ۝١٨
19–20

ഒരു സംഘം യാത്രക്കാര്‍ അതുവഴി വരികയും വെള്ളംകോരാന്‍ ആളെ അയക്കുകയുമുണ്ടായി. തൊട്ടി കിണറ്റിലിറക്കിയ അയാള്‍ 'ഹാ സന്തോഷം, ഇതാ ഒരു ബാലന്‍' എന്നു വിളിച്ചു കൂവി. അവരവനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവരുടെ ചെയ്തികളെക്കുറിച്ചു നന്നായി അറിയുന്നവനത്രേ അല്ലാഹു. അവരവനെ തുച്ഛവിലയ്ക്ക്, എണ്ണപ്പെട്ട വെള്ളിക്കാശിനു വിറ്റു. അവന്റെ കാര്യത്തില്‍ വിമുഖരായിരുന്നു അവര്‍9

1 വിശദീകരണം കാണുക

9. മദ്‌യനില്‍ നിന്നു ഈജിപ്തിലേക്ക് പോകുന്ന ഒരു യാത്രാസംഘം അതുവഴി വരികയും അവരിലൊരാള്‍ വെള്ളം കോരിയപ്പോള്‍ യൂസുഫ് അതില്‍ പിടിക്കുകയും അങ്ങനെ കരക്കെത്തുകയും ചെയ്തു. അടിമച്ചന്തയില്‍ വില്‍ക്കാമെന്ന തീരുമാനത്തില്‍ കുട്ടിയെ അവര്‍ ഒളിപ്പിച്ചുവെച്ചു; മറ്റാരെയും അറിയിച്ചില്ല. തുച്ഛമായ വിലക്കവര്‍ കുട്ടിയെ ഈജിപ്ഷ്യന്‍ അടിമച്ചന്തയില്‍ വിറ്റു - ഇമാം ഇക്‌രിമ(റ)യുടെ നിവേദനപ്രകാരം കേവലം നാല്‍പത് ദിര്‍ഹമിന്ന്. അവര്‍ക്ക് ഇക്കാര്യത്തില്‍ വലിയ താല്‍പര്യവും വാശിയുമുണ്ടായിരുന്നില്ല.

وَجَآءَتۡ سَيَّارَةٞ فَأَرۡسَلُواْ وَارِدَهُمۡ فَأَدۡلَىٰ دَلۡوَهُۥۖ قَالَ يَٰبُشۡرَىٰ هَٰذَا غُلَٰمٞۚ وَأَسَرُّوهُ بِضَٰعَةٗۚ وَٱللَّهُ عَلِيمُۢ بِمَا يَعۡمَلُونَ ۝١٩
وَشَرَوۡهُ بِثَمَنِۭ بَخۡسٖ دَرَٰهِمَ مَعۡدُودَةٖ وَكَانُواْ فِيهِ مِنَ ٱلزَّٰهِدِينَ ۝٢٠
21

ഈജിപ്തില്‍ നിന്നു യൂസുഫിനെ വാങ്ങിയയാള്‍ ഭാര്യയോട് നിര്‍ദേശിച്ചു: ഇവനു ആദരപൂര്‍ണമായ താമസ സൗകര്യമേര്‍പ്പെടുത്തണം. നമുക്കിവന്‍ ഉപകാരപ്പെട്ടേക്കാം; അല്ലെങ്കില്‍ നമുക്കു വളര്‍ത്തുപുത്രനാക്കാം. ഇങ്ങനെ അന്നാട്ടില്‍ യൂസുഫിനു നാം സ്വാധീനമുണ്ടാക്കി. സ്വപ്നവ്യാഖ്യാനം തനിക്കു പഠിപ്പിച്ചു കൊടുക്കാന്‍വേണ്ടി കൂടിയായിരുന്നു ഇത്. തന്റെ കാര്യങ്ങളില്‍ അല്ലാഹു അജയ്യനായിരിക്കും; എന്നാല്‍ മിക്ക മനുഷ്യരും അതറിയുകയില്ല10

1 വിശദീകരണം കാണുക

10. ഈജിപ്തിലെ അന്നത്തെ റയ്യാന്‍ രാജാവിന്റെ ധനകാര്യമന്ത്രിയാണ് യൂസുഫിനെ അടിമച്ചന്തയില്‍ നിന്നു വാങ്ങിയത്. എന്നാല്‍, വളരെ ആദരണീയ പദവിയില്‍ വളര്‍ത്താന്‍ പ്രത്യേക നിര്‍ദേശം നല്‍കിയാണയാള്‍ കുട്ടിയെ ഭാര്യ സുലൈഖ ക്ക് ഏല്‍പിച്ചത്. അന്ന് യൂസുഫിന് പതിനഞ്ച് വയസ്സായിരുന്നുവെന്ന് ചില മുഫസ്സിറുകള്‍ പറയുന്നുണ്ട്. ഈ ദമ്പതികള്‍ക്ക് മക്കളില്ലാതിരുന്നതിനാല്‍ യൂസുഫിനെ വളര്‍ത്തുപുത്രനാക്കുന്ന കാര്യവും അവര്‍ ചിന്തിച്ചു.

وَقَالَ ٱلَّذِي ٱشۡتَرَىٰهُ مِن مِّصۡرَ لِٱمۡرَأَتِهِۦٓ أَكۡرِمِي مَثۡوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗاۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ وَلِنُعَلِّمَهُۥ مِن تَأۡوِيلِ ٱلۡأَحَادِيثِۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمۡرِهِۦ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٢١
22–24

അങ്ങനെ, യൗവനം പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിനു നാം തത്ത്വജ്ഞാനവും അറിവും നല്‍കി. ഉല്‍കൃഷ്ടന്‍മാര്‍ക്ക് അങ്ങനെയാണ് നാം പ്രതിഫലം നല്‍കുക. താന്‍ നിവസിച്ചിരുന്ന കൊട്ടാരത്തിലെ റാണി യൂസുഫ് നബിയെ വശീകരിച്ചു. വാതിലുകള്‍ കൊട്ടിയടച്ച് അവള്‍ കല്‍പിച്ചു-ഇങ്ങോട്ടു വാ. അദ്ദേഹം പ്രതികരിച്ചു: അല്ലാഹുവില്‍ ശരണം, യജമാനനായ അദ്ദേഹം എന്റെ നിവാസം ഉദാത്തമാക്കിയിട്ടുണ്ട്. അക്രമികള്‍ വിജയം വരിക്കയില്ല, തീര്‍ച്ച. അവള്‍ അദ്ദേഹത്തെക്കൊണ്ട് ദുഷ്‌കൃത്യമുദ്ദേശിക്കുക തന്നെ ചെയ്തു; തന്റെ നാഥനായ അല്ലാഹുവിന്റെ ദൃഷ്ടാന്തം കണ്ടറിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹവും അതുദ്ദേശിച്ചിരുന്നേനെ. അങ്ങനെ നാം ചെയ്തത്, അദ്ദേഹത്തില്‍ നിന്നു തിന്‍മയും നീചവൃത്തിയും തിരിച്ചുവിടാനാണ്. നമ്മുടെ സമുല്‍കൃഷ്ട ദാസരില്‍ പെട്ടയാള്‍ തന്നെയാണദ്ദേഹം11

1 വിശദീകരണം കാണുക

11. സൂക്തം 22ല്‍ പറഞ്ഞ തത്ത്വജ്ഞാനവും അറിവും കൊണ്ടുള്ള വിവക്ഷ പ്രവാചകത്വവും ദിവ്യത്വവും ആണെന്നും അല്ലെന്നുമുള്ള ഭിന്ന പക്ഷമുണ്ട്. ഏതായാലും സുന്ദരനും സുമുഖനുമായ യൂസുഫില്‍ സുലൈഖ അനുരക്തയായി. അവളദ്ദേഹത്തെ വ്യഭിചാരത്തിനു നിര്‍ബന്ധിച്ചു. തന്റെ യജമാനന്റെ സഹധര്‍മിണിയുമായി കിടപ്പറ പങ്കിടുന്നത് ഗുരുതരമായ ചതിയും വഞ്ചനയും സര്‍വോപരി അല്ലാഹുവിങ്കല്‍ മഹാപാതകവുമാണെന്നു പറഞ്ഞ് യൂസുഫ് നബി(അ) അനുസരിച്ചില്ല. പിടിയും വലിയുമായി. അദ്ദേഹം പിന്തിരിഞ്ഞോടി. അല്ലാഹുവിന്റെ ദൃഷ്ടാന്തം എന്നതിന്റെ വിവക്ഷ അദ്ദേഹത്തിന്റെ പക്കലുള്ള സത്യനിഷ്ഠയും ജ്ഞാനവും ദൈവഭയവുമാണ്. അതുസംബന്ധമായി മുഫസ്സിറുകള്‍ വേറെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝٢٢
وَرَٰوَدَتۡهُ ٱلَّتِي هُوَ فِي بَيۡتِهَا عَن نَّفۡسِهِۦ وَغَلَّقَتِ ٱلۡأَبۡوَٰبَ وَقَالَتۡ هَيۡتَ لَكَۚ قَالَ مَعَاذَ ٱللَّهِۖ إِنَّهُۥ رَبِّيٓ أَحۡسَنَ مَثۡوَايَۖ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ ۝٢٣
وَلَقَدۡ هَمَّتۡ بِهِۦۖ وَهَمَّ بِهَا لَوۡلَآ أَن رَّءَا بُرۡهَٰنَ رَبِّهِۦۚ كَذَٰلِكَ لِنَصۡرِفَ عَنۡهُ ٱلسُّوٓءَ وَٱلۡفَحۡشَآءَۚ إِنَّهُۥ مِنۡ عِبَادِنَا ٱلۡمُخۡلَصِينَ ۝٢٤
25–29

അവരിരുവരും വാതിലിനടുത്തേക്ക് മത്സരിച്ചോടുകയും അവളദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍ നിന്നു വലിച്ചുകീറുകയുമുണ്ടായി. (തത്സമയം യദൃച്ഛയാ) അവളുടെ ഭര്‍ത്താവ് വാതില്‍ക്കലുള്ളത് ഇരുവരും കണ്ടു. അപ്പോള്‍ അവള്‍ പറഞ്ഞു: താങ്കളുടെ സഹധര്‍മിണിയുമായി ഹീനകൃത്യം ചെയ്യാനുദ്ദേശിച്ച ഇവനെ ജയിലിലടക്കുകയോ വേദനാജനകമായ ശിക്ഷക്കു വിധേയനാക്കുകയോ അല്ലാതെ മറ്റെന്തു പ്രതിഫലം നല്‍കും!12
യൂസുഫ് പ്രതികരിച്ചു: 'എന്നെ പാട്ടിലാക്കാന്‍ അവളാണ് ശ്രമിച്ചത്.' അവളുടെ കുടുംബത്തില്‍ നിന്നു ഒരു സാക്ഷി ഇങ്ങനെ സാക്ഷ്യം ബോധിപ്പിച്ചു: അവന്റെ കുപ്പായം മുന്‍വശമാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ പറഞ്ഞതാണു സത്യം; അവന്‍ നുണയന്‍മാരില്‍ പെട്ടു. ഇനി, പിന്‍വശത്താണത് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ നുണ പറഞ്ഞു; അവനാകട്ടെ സത്യവാന്‍മാരിലായി.13
അങ്ങനെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെന്ന് കണ്ടപ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു: ഈ സംഭവം നിങ്ങളുടെ പെണ്‍കുതന്ത്രങ്ങളില്‍ പെട്ടതത്രേ. നിങ്ങളുടെ കുതന്ത്രങ്ങള്‍ ഗൗരവതരം തന്നെ! 'യൂസുഫേ, ഇക്കാര്യം നീ അവഗണിച്ചു കളഞ്ഞേക്ക്. (എടീ,) നീ ചെയ്ത പാതകത്തിന് മോചനമര്‍ത്ഥിക്കുക; നീ മഹാപാപമനുവര്‍ത്തിച്ചവരിലകപ്പെടുക തന്നെ ചെയ്തിരിക്കുന്നു.14

3 വിശദീകരണങ്ങൾ കാണുക

12. സംഭവം തകിടംമറിച്ച് നിരപരാധിയായ യൂസുഫിന്റെ മേല്‍ കുറ്റംചാരാനുള്ള പാഴ്ശ്രമം നടത്തുകയാണ് സുലൈഖ. പലപ്പോഴും സ്ത്രീകള്‍ പ്രയോഗിക്കാറുള്ള ഒരു അടവാണിത്. സ്വന്തം ഇഷ്ടപ്രകാരം നീണ്ടകാലം വ്യഭിചാരം നടത്തി വഴിയെ ബലാല്‍സംഗത്തിന്നു കേസ്‌കൊടുക്കുന്ന നൂറുനൂറു സംഭവങ്ങള്‍ നാം കേള്‍ക്കാറുള്ളതാണല്ലോ.

13. യൂസുഫ് നബി(അ) വസ്തുത വ്യക്തമാക്കി. തൊട്ടിലില്‍ കിടക്കുകയായിരുന്ന ഒരു കൊച്ചു കുട്ടിയാണ് ഈ സാക്ഷിയെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്. സുലൈഖയുടെ അമ്മാവന്റെ ശിശുവായിരുന്നു അത്. സത്യനിഷ്ഠനും തന്റെ ഇഷ്ടമിത്രവുമായ യൂസുഫ് നബി(അ)യുടെ നിഷ്‌കളങ്കത വ്യക്തമാക്കാനായി ഒരദ്ഭുത കൃത്യം അല്ലാഹു സാക്ഷാല്‍ക്കരിക്കുകയായിരുന്നു.

14. അസീസിനു യാഥാര്‍ഥ്യം ബോധ്യമായി. ഏതായാലും അരമനരഹസ്യം അങ്ങാടിപ്പാട്ടാകാതിരിക്കാന്‍ വേണ്ടി,സംഭവം അവഗണിച്ചുകളയാന്‍ യൂസുഫിനോടദ്ദേഹം ആവശ്യപ്പെടുകയാണ്. അതേസമയം അവളെയദ്ദേഹം ശകാരിക്കുകയും ചെയ്തു. പെണ്ണുങ്ങളുടെ കുതന്ത്രമാണിത്; എടീ, നീ തന്നെയാണ് കുറ്റക്കാരി; അതുകൊണ്ട് നീ പശ്ചാത്തപിക്കണം.

وَٱسۡتَبَقَا ٱلۡبَابَ وَقَدَّتۡ قَمِيصَهُۥ مِن دُبُرٖ وَأَلۡفَيَا سَيِّدَهَا لَدَا ٱلۡبَابِۚ قَالَتۡ مَا جَزَآءُ مَنۡ أَرَادَ بِأَهۡلِكَ سُوٓءًا إِلَّآ أَن يُسۡجَنَ أَوۡ عَذَابٌ أَلِيمٞ ۝٢٥
قَالَ هِيَ رَٰوَدَتۡنِي عَن نَّفۡسِيۚ وَشَهِدَ شَاهِدٞ مِّنۡ أَهۡلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٖ فَصَدَقَتۡ وَهُوَ مِنَ ٱلۡكَٰذِبِينَ ۝٢٦
وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٖ فَكَذَبَتۡ وَهُوَ مِنَ ٱلصَّٰدِقِينَ ۝٢٧
فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٖ قَالَ إِنَّهُۥ مِن كَيۡدِكُنَّۖ إِنَّ كَيۡدَكُنَّ عَظِيمٞ ۝٢٨
يُوسُفُ أَعۡرِضۡ عَنۡ هَٰذَاۚ وَٱسۡتَغۡفِرِي لِذَنۢبِكِۖ إِنَّكِ كُنتِ مِنَ ٱلۡخَاطِـِٔينَ ۝٢٩
30–32

പട്ടണത്തിലെ ചില കുലീനമഹിളകള്‍ പറഞ്ഞു: 'അസീസിന്റെ സഹധര്‍മിണി ഭൃത്യനെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണ്; പ്രേമംകൊണ്ട് അവന്‍ അവളുടെ മനം കവര്‍ന്നിരിക്കുന്നു. അവള്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടതായാണ് ഞങ്ങള്‍ കാണുന്നത്.' ഈ ഗൂഢാലോചന സംബന്ധിച്ചു കേട്ടപ്പോള്‍ സുലൈഖ അവരുടെയടുത്തേക്ക് ആളെ അയച്ച് ക്ഷണിക്കുകയും സവിശേഷ ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു.(അങ്ങനെയവര്‍ സദ്യക്കെത്തി. പഴങ്ങള്‍ മുറിക്കാനായി) ഓരോരുത്തര്‍ക്കും ഓരോ കത്തിയും അവള്‍ നല്‍കിയിരുന്നു. (അവര്‍ പഴങ്ങള്‍ മുറിച്ചുകൊണ്ടിരിക്കവെ യൂസുഫിനോട്) സുലൈഖ കല്‍പിച്ചു: അവരുടെ അടുത്തുകൂടെ ചെല്ല്. അദ്ദേഹത്തെ കണ്ടുകഴിഞ്ഞപ്പോള്‍ അവര്‍ അത്ഭുതപരതന്ത്രരാവുകയും സ്വകരങ്ങള്‍(അറിയാതെ) മുറിപ്പെടുത്തുകയുമുണ്ടായി. അവര്‍ പ്രതികരിച്ചു: തമ്പുരാനേ, ഇതൊരു മനുഷ്യനേയല്ല, വിശിഷ്ടനായ ഒരു മലക്ക് തന്നെയാണ്.15
അവള്‍ ഇടപെട്ടു: ഇവന്റെ കാര്യത്തിലാണ് എന്നെ നിങ്ങള്‍ അധിക്ഷേപിച്ചിരുന്നത്. ഞാനവനെ പാട്ടിലാക്കാന്‍ ശ്രമിക്കുക തന്നെ ചെയ്തിട്ടുണ്ട്. അപ്പോളവന്‍ നിഷ്‌കളങ്കത പരിരക്ഷിച്ചു. എന്നാല്‍ ഞാന്‍ കല്‍പിക്കുന്നത് ചെയ്യുന്നില്ലെങ്കില്‍ അവന്‍ ജയിലിലടക്കപ്പെടുകയും ഹീനരിലുള്‍പെടുകയും ചെയ്യും, തീര്‍ച്ച.16

2 വിശദീകരണങ്ങൾ കാണുക

15. അസീസിന്റെ അരമനയിലെ രഹസ്യം അങ്ങാടിയില്‍ പാട്ടായി. സമ്പന്നരുടെയും പ്രമുഖന്‍മാരുടെയുമൊക്കെ വീടുകളിലെ കുലീന സ്ത്രീകള്‍ക്കിടയില്‍ സംഭവം സരസമായി ചര്‍ച്ചചെയ്യപ്പെട്ടു. ഇതറിഞ്ഞു കുണ്‍ഠിതപ്പെട്ട സുലൈഖ അവരോട് പ്രതികാരംചെയ്യാന്‍ കുറേപേരെ ക്ഷണിച്ച് ഒരു സദ്യയൊരുക്കി. പഴങ്ങള്‍ കത്തികൊണ്ട് ചെത്തുകയും തൊലിയുരിയുകയും കഷ്ണിക്കുകയുമൊക്കെ ചെയ്യുന്നതിനിടക്ക് യൂസുഫ്‌നബി(അ)യെ അവള്‍ അവര്‍ക്കിടയിലൂടെ വിട്ടു. ഹാ, വല്ലാത്തൊരനുഭവം, ആ സൗന്ദര്യ തേജസ്സ് കണ്ട് അവര്‍ അന്തംവിട്ടു, പരിസരം മറന്നു, കൈകള്‍ക്കു കത്തിതട്ടി മുറിവേറ്റു. സുലൈഖ അവസരം മുതലെടുത്തു: 'ഇവന്റെ കാര്യത്തിലാണ് നിങ്ങളെന്നെ അധിക്ഷേപിക്കുന്നത്; ഇപ്പോള്‍ നിങ്ങളുടെ സ്ഥിതിയോ?' അസീസിന്റ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ മേധാവിത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥ പ്രമുഖരുടെ ഭാര്യമാരായ അഞ്ചു കുലീന മഹിളകളായിരുന്നു ഇവരെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

16. അപമാനിതയായിട്ടും സുലൈഖ പിന്‍വാങ്ങുകയല്ല, തന്റെ മാംസദാഹത്തിനു ശമനംവരുത്തിത്തരുന്നില്ലെങ്കില്‍ ഇവനെ ജയിലിലടക്കുകയും മാനക്കേടിലാക്കുകയും ചെയ്യുമെന്ന് ആ സ്ത്രീകളോടവള്‍ പരസ്യമായി പറയുകയാണ്. ഭൗതികതയുടെ ഔന്നത്യത്തിലും പ്രൗഢിയിലും മിക്കവരും ഇങ്ങനെയാണല്ലോ. നീതിയും സത്യവുമൊന്നും അത്തരക്കാര്‍ക്ക് തടസ്സമാകാറില്ല.

۞ وَقَالَ نِسۡوَةٞ فِي ٱلۡمَدِينَةِ ٱمۡرَأَتُ ٱلۡعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفۡسِهِۦۖ قَدۡ شَغَفَهَا حُبًّاۖ إِنَّا لَنَرَىٰهَا فِي ضَلَٰلٖ مُّبِينٖ ۝٣٠
فَلَمَّا سَمِعَتۡ بِمَكۡرِهِنَّ أَرۡسَلَتۡ إِلَيۡهِنَّ وَأَعۡتَدَتۡ لَهُنَّ مُتَّكَـٔٗا وَءَاتَتۡ كُلَّ وَٰحِدَةٖ مِّنۡهُنَّ سِكِّينٗا وَقَالَتِ ٱخۡرُجۡ عَلَيۡهِنَّۖ فَلَمَّا رَأَيۡنَهُۥٓ أَكۡبَرۡنَهُۥ وَقَطَّعۡنَ أَيۡدِيَهُنَّ وَقُلۡنَ حَٰشَ لِلَّهِ مَا هَٰذَا بَشَرًا إِنۡ هَٰذَآ إِلَّا مَلَكٞ كَرِيمٞ ۝٣١
قَالَتۡ فَذَٰلِكُنَّ ٱلَّذِي لُمۡتُنَّنِي فِيهِۖ وَلَقَدۡ رَٰوَدتُّهُۥ عَن نَّفۡسِهِۦ فَٱسۡتَعۡصَمَۖ وَلَئِن لَّمۡ يَفۡعَلۡ مَآ ءَامُرُهُۥ لَيُسۡجَنَنَّ وَلَيَكُونٗا مِّنَ ٱلصَّٰغِرِينَ ۝٣٢
33–34

അദ്ദേഹം പ്രാര്‍ഥിച്ചു: 'എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന ഹീനകൃത്യത്തെക്കാള്‍ എനിക്കു പ്രിയങ്കരം ജയില്‍ തന്നെയാണ്. ഇവരുടെ ഗൂഢാലോചനകള്‍ എന്നില്‍ നിന്നു നീ തട്ടിമാറ്റുന്നില്ലങ്കില്‍ ഞാനവരിലേക്ക് വ്യതിചലിച്ച് പോകയും മൂഢന്‍മാരിലകപ്പെടുകയും ചെയ്യുന്നതാണ്.' അപ്പോള്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും അവരുടെ ഗൂഢാലോചനകള്‍ അദ്ദേഹത്തില്‍ നിന്നു തിരിച്ചുവിടുകയും ചെയ്തു. നിശ്ചയം, എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെയത്രേ അവന്‍.17

1 വിശദീകരണം കാണുക

17. തന്റെ റാണിയുടെ ദൃഢനിശ്ചയം യൂസുഫ് നബി(അ)യെ ഭയവിഹ്വലനാക്കി. ഇനി, ഈ കെണിയില്‍ നിന്ന് എങ്ങനെ മോചിതനാകും? താന്‍ അല്ലാഹുവിന്റെ മുന്നില്‍ കൈയുയര്‍ത്തി രക്ഷയും കാവലും തേടി. പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു.

قَالَ رَبِّ ٱلسِّجۡنُ أَحَبُّ إِلَيَّ مِمَّا يَدۡعُونَنِيٓ إِلَيۡهِۖ وَإِلَّا تَصۡرِفۡ عَنِّي كَيۡدَهُنَّ أَصۡبُ إِلَيۡهِنَّ وَأَكُن مِّنَ ٱلۡجَٰهِلِينَ ۝٣٣
فَٱسۡتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنۡهُ كَيۡدَهُنَّۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٣٤
35–36

പിന്നീട്, തെളിവുകള്‍ മനസ്സിലായ ശേഷവും, കുറെ കാലം അദ്ദേഹത്തെ ജയിലിലിടണമെന്ന് അവര്‍ക്കു തോന്നി. രണ്ടു യുവാക്കളും അദ്ദേഹമൊന്നിച്ചു ജയിലില്‍ പ്രവേശിച്ചിരുന്നു. അവരിലൊരാള്‍ (യൂസുഫ് നബിയോട്) പറഞ്ഞു: 'ഞാന്‍ വീഞ്ഞു പിഴിഞ്ഞെടുക്കുന്നതായി കിനാവ് കണ്ടിരിക്കുന്നു.' അപരന്‍ വ്യക്തമാക്കി: 'തലയില്‍ റൊട്ടി വഹിക്കുകയും അതില്‍ നിന്നു പക്ഷികള്‍ തിന്നുകയും ചെയ്യുന്നതായാണ് എന്റെ സ്വപ്നം.' ഞങ്ങള്‍ക്കവ വ്യാഖ്യാനിച്ചു തരൂ; താങ്കളെ ഒരു പുണ്യവാളനായാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.18

1 വിശദീകരണം കാണുക

18. യൂസുഫ് നബി(അ) നിരപരാധിയാണെന്ന് ബോധ്യമായിട്ടും മാനംകാക്കാനെന്ന നിലയ്ക്ക് അവരദ്ദേഹത്തെ ജയിലിലടക്കാന്‍ തീരുമാനിച്ചു. ഇമാം ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഹിബ്രു അടിമയായ യൂസുഫ് യജമാനത്തിക്കെതിരെ പീഡനശ്രമം നടത്തിയതിനാല്‍ അവനെ ജയിലിലടക്കുകയാണ് എന്നു അങ്ങാടിയിലൂടെ പെരുമ്പറയടിച്ച് കഴുതപ്പുറത്തു കയറ്റിയാണ് അദ്ദേഹത്തെ കൊണ്ടുപോയത് - ഈ സംഭവം ഉദ്ധരിക്കുമ്പോഴെല്ലാം ഇമാം ഇബ്‌നു അബ്ബാസ് കരയുമായിരുന്നു എന്ന് അബൂസ്വാലിഹ്(റ) രേഖപ്പെടുത്തിയിട്ടുണ്ട്. (ഇബ്‌നു കസീര്‍, ബഹ്‌റുല്‍ മുഹീഥ്) രാജാവിന്റെ പാചകക്കാരും തന്നോടൊപ്പം ജയിലില്‍ വന്നവരുമായ രണ്ടുപേര്‍ യൂസുഫ് നബി(അ)യെ സ്വപ്നവ്യാഖ്യാനത്തിനു വേണ്ടി സമീപിച്ചതാണ് തുടര്‍ന്നു വിവരിക്കുന്നത്.

ثُمَّ بَدَا لَهُم مِّنۢ بَعۡدِ مَا رَأَوُاْ ٱلۡأٓيَٰتِ لَيَسۡجُنُنَّهُۥ حَتَّىٰ حِينٖ ۝٣٥
وَدَخَلَ مَعَهُ ٱلسِّجۡنَ فَتَيَانِۖ قَالَ أَحَدُهُمَآ إِنِّيٓ أَرَىٰنِيٓ أَعۡصِرُ خَمۡرٗاۖ وَقَالَ ٱلۡأٓخَرُ إِنِّيٓ أَرَىٰنِيٓ أَحۡمِلُ فَوۡقَ رَأۡسِي خُبۡزٗا تَأۡكُلُ ٱلطَّيۡرُ مِنۡهُۖ نَبِّئۡنَا بِتَأۡوِيلِهِۦٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ ۝٣٦
37–38

അദ്ദേഹം പ്രസ്താവിച്ചു: നിങ്ങളിരുവര്‍ക്കുമുള്ള ഭക്ഷണം ഹാജരാക്കപ്പെടുന്നതിനു മുമ്പുതന്നെ അതിന്റെ വിവരണം ഞാന്‍ തരാം. എന്റെ നാഥന്‍ എനിക്കഭ്യസിപ്പിച്ചതില്‍ പെട്ടതാണത്. അല്ലാഹുവില്‍ അവിശ്വസിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്നവരുടെ മാര്‍ഗം ഞാന്‍ തള്ളിക്കളയുക തന്നെ ചെയ്തിരിക്കുന്നു. എന്റെ പിതാക്കളായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നീ നബിമാരുടെ മാര്‍ഗമാണ് ഞാന്‍ അനുധാവനം ചെയ്യുന്നത്. യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളികളാക്കാന്‍ ഞങ്ങള്‍ക്കു പാടില്ല. ഞങ്ങള്‍ക്കും മറ്റുമനുഷ്യര്‍ക്കും അവന്‍ നല്‍കിയ അനുഗ്രഹമത്രേ അത്. പക്ഷേ മിക്കമനുഷ്യരും കൃതജ്ഞത പ്രകാശിപ്പിക്കുന്നില്ല19

1 വിശദീകരണം കാണുക

19. ദീനി ദഅ്‌വത്തിനുള്ള തന്റെ യോഗ്യതയും ബാധ്യതയും അര്‍ഹതയുമൊക്കെ സൂചിപ്പിച്ച് ആ വഴിക്കു നീങ്ങുകയാണ് യൂസുഫ് നബി(അ): നിങ്ങള്‍ക്കു ഹാജറാക്കപ്പെടാന്‍ പോകുന്ന ഭക്ഷണത്തിന്റെ വിസ്തൃതമായ ഉള്ളടക്കം ഇപ്പോള്‍ തന്നെ - അല്ലാഹു അറിയിച്ചുതന്നത് പ്രകാരം - പറഞ്ഞുതരാന്‍ എനിക്കു കഴിയുമെന്നാണ് നബി(അ) അവരെ മനസ്സിലാക്കുന്നത്.

قَالَ لَا يَأۡتِيكُمَا طَعَامٞ تُرۡزَقَانِهِۦٓ إِلَّا نَبَّأۡتُكُمَا بِتَأۡوِيلِهِۦ قَبۡلَ أَن يَأۡتِيَكُمَاۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّيٓۚ إِنِّي تَرَكۡتُ مِلَّةَ قَوۡمٖ لَّا يُؤۡمِنُونَ بِٱللَّهِ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ۝٣٧
وَٱتَّبَعۡتُ مِلَّةَ ءَابَآءِيٓ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَۚ مَا كَانَ لَنَآ أَن نُّشۡرِكَ بِٱللَّهِ مِن شَيۡءٖۚ ذَٰلِكَ مِن فَضۡلِ ٱللَّهِ عَلَيۡنَا وَعَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ۝٣٨
39–42

ജയില്‍ സോദരരേ, ഭിന്നരായ സംരക്ഷകന്‍മാരാണോ ഉത്തമം, അതോ ഏകനും അജയ്യനുമായ അല്ലാഹുവോ? അവനെക്കൂടാതെ നിങ്ങളാരാധിക്കുന്നവ നിങ്ങളും പിതാക്കളും നാമകരണം ചെയ്ത ചില സംജ്ഞകളല്ലാതെ മറ്റൊന്നുമല്ല. അവയെക്കുറിച്ച് ഒരുവിധ പ്രമാണവും അല്ലാഹു ഇറക്കിയിട്ടില്ല. വിധികര്‍തൃത്വാധികാരം അവന്നുമാത്രമുള്ളതാണ്. തന്നെയല്ലാതെ മറ്റൊന്നിനെയുമാരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. ഋജുവായ മതം അതാണ്.20
പക്ഷേ മനുഷ്യരില്‍ മിക്കവരും യാഥാര്‍ഥ്യം അറിയുന്നില്ല. ജയില്‍ സോദരരേ, (ചോദിച്ച സ്വപ്നത്തിന്റെ വ്യാഖ്യാനം ഇതാണ്:) 'നിങ്ങളിലൊരാള്‍ തന്റെ യജമാനന്നു വീഞ്ഞ് തുടര്‍ന്നും കുടിപ്പിക്കും. എന്നാല്‍ മറ്റേയാള്‍ കുരിശിലേറ്റപ്പെടുകയും അയാളുടെ ശിരസ്സ് പക്ഷികള്‍ കൊത്തിത്തിന്നുകയും ചെയ്യുന്നതാണ്. നിങ്ങളിരുവരും ഏതു വിഷയം സംബന്ധിച്ചു വിവരണമന്വേഷിക്കുന്നുണ്ടോ അത് തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.' ഇരുവരില്‍ നിന്നു ജയില്‍മുക്തനാകുമെന്നു താന്‍ മനസ്സിലാക്കിയ വ്യക്തിയോട് യൂസുഫ് ആവശ്യപ്പെട്ടു: 'യജമാന സന്നിധിയില്‍ എന്നെക്കുറിച്ച് അനുസ്മരിക്കുക.' എന്നാല്‍ യജമാനനോട് അതുണര്‍ത്തുന്ന വിഷയം പിശാച് അയാളെ വിസ്മരിപ്പിച്ചു. അങ്ങനെ ഏതാനും വര്‍ഷം അദ്ദേഹം തടവറയില്‍ കഴിച്ചുകൂട്ടി.21

2 വിശദീകരണങ്ങൾ കാണുക

20. ഓരോ കാലഘട്ടത്തില്‍, ഓരോനാട്ടില്‍ ചിന്താശൂന്യരായ മനുഷ്യര്‍ ബഹുവിധദൈവങ്ങളെ കെട്ടിച്ചമച്ചുണ്ടാക്കുകയാണ്. ഒരുഗുണമോ ദോഷമോ ഒരാള്‍ക്കും ചെയ്തുകൊടുക്കാന്‍ കഴിയാത്ത ദുര്‍ബല വസ്തുക്കളാണല്ലോ അവ. വ്യത്യസ്ത സംജ്ഞകളില്‍ അവ അറിയപ്പെടുന്നു. യഥാര്‍ഥത്തില്‍ ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്. പ്രപഞ്ചത്തെയും മനുഷ്യനെയും മറ്റും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതുമൊക്കെ അവന്‍ മാത്രം. അല്ലാഹുവിലുള്ള യഥാര്‍ഥ വിശ്വാസം വെച്ചുപുലര്‍ത്തുന്ന മതം മാത്രമാണ് ശരിയായ മതം.

21. ദഅ്‌വത്തിന്റെ ചില മൗലികകാര്യങ്ങള്‍ ഉണര്‍ത്തിയ ശേഷം യൂസുഫ് നബി(അ) അവരുടെ സ്വപ്നത്തിന്റെ വ്യാഖ്യാനം അറിയിച്ചുകൊടുത്തു: 'ഒരാള്‍ രാജാവിന്റെ പാനീയ കാര്യങ്ങളുടെ സാരഥ്യത്തില്‍ തുടരും; അപരനാകട്ടെ കുരിശില്‍ തറച്ച് കൊല്ലപ്പെടും; മൃതദേഹം അവിടെത്തന്നെ വിട്ടേക്കുന്നതു മൂലം ശിരസ്സ് പക്ഷിപറവകള്‍ കൊത്തിപ്പറിച്ച് തിന്നുന്നതാണ്.' ഇതോടൊപ്പം, ഒന്നാമനോട്, തന്റെ കാര്യം രാജാവിനെ സൗകര്യാനുസൃതം ഉണര്‍ത്താനും ഏല്‍പിച്ചു. അയാള്‍ ജയില്‍ വിമോചിതനായി കൊട്ടാരത്തിലേക്ക് മടങ്ങുമല്ലോ.

يَٰصَٰحِبَيِ ٱلسِّجۡنِ ءَأَرۡبَابٞ مُّتَفَرِّقُونَ خَيۡرٌ أَمِ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ۝٣٩
مَا تَعۡبُدُونَ مِن دُونِهِۦٓ إِلَّآ أَسۡمَآءٗ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِ أَمَرَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٤٠
يَٰصَٰحِبَيِ ٱلسِّجۡنِ أَمَّآ أَحَدُكُمَا فَيَسۡقِي رَبَّهُۥ خَمۡرٗاۖ وَأَمَّا ٱلۡأٓخَرُ فَيُصۡلَبُ فَتَأۡكُلُ ٱلطَّيۡرُ مِن رَّأۡسِهِۦۚ قُضِيَ ٱلۡأَمۡرُ ٱلَّذِي فِيهِ تَسۡتَفۡتِيَانِ ۝٤١
وَقَالَ لِلَّذِي ظَنَّ أَنَّهُۥ نَاجٖ مِّنۡهُمَا ٱذۡكُرۡنِي عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيۡطَٰنُ ذِكۡرَ رَبِّهِۦ فَلَبِثَ فِي ٱلسِّجۡنِ بِضۡعَ سِنِينَ ۝٤٢
43–46

ഒരിക്കല്‍ രാജാവ് പറഞ്ഞു: തടിച്ച ഏഴു പശുക്കളെ മെലിഞ്ഞ ഏഴെണ്ണം തിന്നുന്നതും കൂടാതെ ഏഴുവീതം പച്ചക്കതിരുകളും ഉണക്കക്കതിരുകളും നാം സ്വപ്നം കണ്ടിരിക്കുന്നു. ഹേ പ്രമുഖരേ, നിങ്ങള്‍ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുന്നവരാണെങ്കില്‍ ഇവ വിവരിച്ചു തരൂ. അവര്‍ പ്രതികരിച്ചു: ഇവയെല്ലാം പേക്കിനാവുകളാണ്. ആ ഗണത്തില്‍ പെട്ടവയുടെ വ്യാഖ്യാനം ഞങ്ങള്‍ക്കറിയില്ല. ആ രണ്ടു ജയില്‍ സോദരരില്‍ മുക്തനായ ആള്‍ കുറേക്കാലശേഷം ഓര്‍ത്തെടുത്ത് ബോധിപ്പിച്ചു:'നിങ്ങള്‍ നിയോഗിക്കുകയാണെങ്കില്‍ രാജ സ്വപ്നവ്യാഖ്യാനം ഞാന്‍ അറിയിച്ചു തരാം.' അങ്ങനെ യൂസുഫ് നബിയുടെയടുത്ത് ജയിലില്‍ ചെന്ന് അയാളപേക്ഷിച്ചു:22
ഹേ സത്യനിഷ്ഠനായ യൂസുഫ്, തടിച്ച ഏഴു പശുക്കളെ മെലിഞ്ഞ ഏഴെണ്ണം തിന്നുന്നതിലും ഏഴുവീതം പച്ചക്കതിരുകളിലും ഉണക്കക്കതിരുകളിലും താങ്കള്‍ ഞങ്ങള്‍ക്ക് സ്വപ്നവ്യാഖ്യാനം നല്‍കണം. ആളുകള്‍ക്ക് അവ ഗ്രഹിക്കാനായി അതിന്റെ വിവരണവുമായി എനിക്ക് തിരിച്ചുപോകാമായിരുന്നു.

1 വിശദീകരണം കാണുക

22. ഒരിക്കല്‍ രാജാവുകണ്ട സ്വപ്നമാണു പറഞ്ഞത്. മന്ത്രിമാരോടും ഉപദേഷ്ടാക്കളോടുമന്വേഷിച്ചപ്പോള്‍, അവ ദുഃസ്വപ്നങ്ങളാണെന്നു തട്ടിവിട്ടു തടിയൂരുകയാണവര്‍ ചെയ്തത്. തത്സമയം, ജയിലില്‍ നിന്നു നേരത്തേ മുക്തനായ വ്യക്തിക്ക് യൂസുഫ്‌നബി(അ)യുടെ കാര്യം ഓര്‍മവരികയും ദര്‍ബാറിലുണര്‍ത്തുകയും ചെയ്തു. അവര്‍ അയാളെ സ്വപ്നത്തിന്റെ വിശദീകരണമറിയാനായി ജയിലിലേക്ക് പറഞ്ഞയച്ചു.

وَقَالَ ٱلۡمَلِكُ إِنِّيٓ أَرَىٰ سَبۡعَ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعَ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖۖ يَٰٓأَيُّهَا ٱلۡمَلَأُ أَفۡتُونِي فِي رُءۡيَٰيَ إِن كُنتُمۡ لِلرُّءۡيَا تَعۡبُرُونَ ۝٤٣
قَالُوٓاْ أَضۡغَٰثُ أَحۡلَٰمٖۖ وَمَا نَحۡنُ بِتَأۡوِيلِ ٱلۡأَحۡلَٰمِ بِعَٰلِمِينَ ۝٤٤
وَقَالَ ٱلَّذِي نَجَا مِنۡهُمَا وَٱدَّكَرَ بَعۡدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأۡوِيلِهِۦ فَأَرۡسِلُونِ ۝٤٥
يُوسُفُ أَيُّهَا ٱلصِّدِّيقُ أَفۡتِنَا فِي سَبۡعِ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعِ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖ لَّعَلِّيٓ أَرۡجِعُ إِلَى ٱلنَّاسِ لَعَلَّهُمۡ يَعۡلَمُونَ ۝٤٦
47–49

യൂസുഫ് നബി വ്യാഖ്യാനിച്ചു: ഏഴു വര്‍ഷം തുടര്‍ച്ചയായി നിങ്ങള്‍ കൃഷിയിറക്കണം; എന്നിട്ട് കൊയ്‌തെടുക്കുന്നവ - ഭക്ഷിക്കാന്‍ വേണ്ട അല്‍പമൊഴികെ - കതിരോടെ സൂക്ഷിച്ചുവെക്കുക. ശേഷം കഠിന ക്ഷാമത്തിന്റെ ഏഴാണ്ടുകള്‍ വന്നെത്തും. മുന്‍കരുതലായി നിങ്ങള്‍ സൂക്ഷിച്ചതെല്ലാം അക്കാലം തിന്നുതീര്‍ക്കുന്നതാണ്; കരുതലായി വെക്കുന്ന സ്വല്‍പമൊഴികെ. പിന്നീട് ഒരു കൊല്ലം വരും; അന്നു ജനങ്ങള്‍ക്കു സമൃദ്ധി കൈവരുന്നതും (പഴസത്തുക്കളും മറ്റും) പിഴിഞ്ഞുണ്ടാക്കുന്നതുമാകുന്നു.23

1 വിശദീകരണം കാണുക

23. നിയുക്ത വ്യക്തി ജയിലിലെത്തി യൂസുഫ്‌നബി(അ)യെ കണ്ടു സംസാരിച്ചു. രാജാവിന്റെ തിരുസ്വപ്നവിവരം വിശദമായി ഉണര്‍ത്തി. താന്‍ അതിന്റെ വ്യാഖ്യാനമറിയാന്‍ നിയുക്തനാണെന്നും രാജാവും ദര്‍ബാറും പ്രജകളുമൊക്കെ അതറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. തത്സയം യൂസുഫ്‌നബി(അ) അതിന്റെ വ്യാഖ്യാനം വിശദീകരിച്ചുകൊടുത്തതാണ് മേല്‍സൂക്തങ്ങളില്‍ പറഞ്ഞത്.

قَالَ تَزۡرَعُونَ سَبۡعَ سِنِينَ دَأَبٗا فَمَا حَصَدتُّمۡ فَذَرُوهُ فِي سُنۢبُلِهِۦٓ إِلَّا قَلِيلٗا مِّمَّا تَأۡكُلُونَ ۝٤٧
ثُمَّ يَأۡتِي مِنۢ بَعۡدِ ذَٰلِكَ سَبۡعٞ شِدَادٞ يَأۡكُلۡنَ مَا قَدَّمۡتُمۡ لَهُنَّ إِلَّا قَلِيلٗا مِّمَّا تُحۡصِنُونَ ۝٤٨
ثُمَّ يَأۡتِي مِنۢ بَعۡدِ ذَٰلِكَ عَامٞ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعۡصِرُونَ ۝٤٩
50–53

യൂസുഫിനെ നമ്മുടെ മുമ്പില്‍ ഹാജരാക്കുക എന്നു രാജാവ് ഉത്തരവിട്ടു. എന്നാല്‍, തന്റെയടുത്ത് ദൂതനെത്തിയപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ചു: നീ രാജാവിന്റെയടുത്ത് തിരിച്ച് ചെല്ലുകയും പണ്ട് സ്വകരങ്ങള്‍ മുറിപ്പെടുത്തിയ മഹിളകളുടെ നിലപാട് എന്താണെന്നന്വേഷിക്കുകയും ചെയ്യണം. അവരുടെ കുതന്ത്രത്തെക്കുറിച്ച് തന്റെ നാഥന്‍ അഭിജ്ഞന്‍ തന്നെ തീര്‍ച്ച24
ആ മഹിളകളെ വരുത്തി രാജാവ് ആരാഞ്ഞു: യൂസുഫിനെ പാട്ടിലാക്കാന്‍ തുനിഞ്ഞപ്പോഴത്തെ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പ്രതികരിച്ചു: അല്ലാഹു എത്ര പരിശുദ്ധന്‍! അദ്ദേഹത്തെക്കുറിച്ച് ഹീനമായതൊന്നും ഞങ്ങള്‍ക്കു ഗ്രഹിക്കാനായിട്ടില്ല. അസീസിന്റെ സഹധര്‍മിണി വ്യക്തമാക്കി: ഇപ്പോള്‍ യാഥാര്‍ഥ്യം വെളിപ്പെട്ടിരിക്കുകയാണ് - യൂസുഫിനെ പാട്ടിലാക്കാന്‍ ശ്രമിക്കയുണ്ടായത് ഞാനാണ്. അദ്ദേഹം സത്യനിഷ്ഠരില്‍ പെട്ടയാള്‍ തന്നെ, തീര്‍ച്ച25
(യൂസുഫ് പറഞ്ഞു:) ഞാനിങ്ങനെ നിര്‍ദേശിക്കുന്നത്, അസാന്നിധ്യാവസ്ഥയില്‍ അസീസിനെ ഞാന്‍ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയാനും ചതിയന്‍മാരുടെ കുതന്ത്രങ്ങള്‍ അല്ലാഹു സാക്ഷാല്‍ക്കരിക്കില്ല എന്നതിനാലുമാകുന്നു.26
എന്നാല്‍ സ്വന്തം മനസ്സിനെ ഞാന്‍ കുറ്റമുക്തമാക്കുന്നില്ല; ഹീന വൃത്തികള്‍ക്ക് മനുഷ്യമനസ്സ് വല്ലാതെ പ്രേരിപ്പിക്കുക തന്നെ ചെയ്യും - എന്റെ നാഥന്റെ കാരുണ്യം ലഭിച്ചവരുടേതൊഴികെ. എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയത്രേ.27

4 വിശദീകരണങ്ങൾ കാണുക

24. കുറ്റവാളികളെ ബഹുജനം പെട്ടെന്നു മറന്നുപോകും. ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ നാമറിഞ്ഞുകൊണ്ടിരിക്കുന്ന പാതകങ്ങളുടെ സ്ഥിതിയും ഇതാണല്ലോ. എന്നാല്‍ നിരപരാധിയായ ഒരാള്‍ വ്യാജമുദ്രയടിക്കപ്പെട്ട് ജയിലില്‍ കിടക്കുകയാണെങ്കില്‍, അയാളൊരിക്കലുമത് മറക്കുകയില്ലല്ലോ. അതാണ് ഇവിടെ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നതായി യൂസുഫ്‌നബി(അ)യെ നാം കാണുന്നത്. ആ തന്ത്രമാവട്ടെ നൂറുശതമാനവും വിജയിച്ചു.

25. രാജകൊട്ടാരങ്ങളിലെയും പ്രഭുസദനങ്ങളിലെയും മന്ത്രിമന്ദിരങ്ങളിലെയും ശരിയായ ചിത്രം ഗ്രഹിച്ചിരുന്നത് കൊണ്ടാണ് 'നിങ്ങള്‍ യൂസുഫിനെ പാട്ടിലാക്കാന്‍ തുനിഞ്ഞപ്പോള്‍...'എന്നു രാജാവു ചോദിക്കുന്നത്. അതനുസരിച്ചു തന്നെയായിരുന്നു മറുപടിയും. യൂസുഫ്‌നബി(അ)യുടെ പാതിവ്രത്യവും സ്വഭാവ വിശുദ്ധിയും മുഴുവന്‍ സ്ത്രീകളും സശിരകമ്പം സമ്മതിച്ചു. അസീസിന്റ പത്‌നി സുലൈഖയതിന്ന് ശക്തമായ അടിവരയുമിട്ടു.

26. രാജാവിന്റെ ഉത്തരവുണ്ടായിട്ടും താന്‍ പെട്ടെന്ന് ജയിലില്‍ നിന്നിറങ്ങാതിരുന്നത്, അസീസിന്റെ കൊട്ടാരത്തില്‍ താമസിക്കുകയും അദ്ദേഹത്തിന്റെ ഔദാര്യങ്ങളാസ്വദിക്കുകയും ചെയ്തുകൊണ്ട് ഭാര്യയുടെ കാര്യത്തില്‍ അദ്ദേഹത്തെ താന്‍ വഞ്ചിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണെന്നാണ് യൂസുഫ്‌നബി(അ) വ്യക്തമാക്കുന്നത്. ഒന്നാമതായി അസീസും കൂടാതെ മാലോകരൊക്കെയും തന്റെ നിരപരാധിത്വം മനസ്സിലാക്കിയിരിക്കേണ്ടതുണ്ടല്ലോ.

27. നിസ്തുലമായ പാതിവ്രത്യവും അത്യുന്നതമായ വിശുദ്ധിയുമാണ് താന്‍ പുലര്‍ത്തിയതെങ്കിലും അങ്ങനെയൊരവകാശവാദം യൂസുഫ്‌നബി(അ) ഉന്നയിക്കുന്നില്ല. പ്രവാചകന്‍മാരുടെ പരമലാളിത്യവും മികവുറ്റ താഴ്മയുമാണത് വ്യക്തമാക്കുന്നത്. മനുഷ്യന്റെ മനസ്സ് കുറ്റകൃത്യങ്ങള്‍ക്ക് ധാരാളമായി പ്രേരിപ്പിക്കും; അല്ലാഹുവിന്റെ പ്രത്യേകമായ സുരക്ഷയും കാവലുമുള്ളവരേ അതില്‍ നിന്നു രക്ഷപ്പെടൂ.

وَقَالَ ٱلۡمَلِكُ ٱئۡتُونِي بِهِۦۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرۡجِعۡ إِلَىٰ رَبِّكَ فَسۡـَٔلۡهُ مَا بَالُ ٱلنِّسۡوَةِ ٱلَّٰتِي قَطَّعۡنَ أَيۡدِيَهُنَّۚ إِنَّ رَبِّي بِكَيۡدِهِنَّ عَلِيمٞ ۝٥٠
قَالَ مَا خَطۡبُكُنَّ إِذۡ رَٰوَدتُّنَّ يُوسُفَ عَن نَّفۡسِهِۦۚ قُلۡنَ حَٰشَ لِلَّهِ مَا عَلِمۡنَا عَلَيۡهِ مِن سُوٓءٖۚ قَالَتِ ٱمۡرَأَتُ ٱلۡعَزِيزِ ٱلۡـَٰٔنَ حَصۡحَصَ ٱلۡحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفۡسِهِۦ وَإِنَّهُۥ لَمِنَ ٱلصَّٰدِقِينَ ۝٥١
ذَٰلِكَ لِيَعۡلَمَ أَنِّي لَمۡ أَخُنۡهُ بِٱلۡغَيۡبِ وَأَنَّ ٱللَّهَ لَا يَهۡدِي كَيۡدَ ٱلۡخَآئِنِينَ ۝٥٢
۞ وَمَآ أُبَرِّئُ نَفۡسِيٓۚ إِنَّ ٱلنَّفۡسَ لَأَمَّارَةُۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّيٓۚ إِنَّ رَبِّي غَفُورٞ رَّحِيمٞ ۝٥٣
54–57

രാജാവ് ഉത്തരവിട്ടു: 'അദ്ദേഹത്തെ നമ്മുടെയടുത്ത് ഹാജരാക്കുക; ഞാനദ്ദേഹത്തെ എന്റെ വിശിഷ്ടനായി നിശ്ചയിക്കട്ടെ.' അങ്ങനെ യൂസുഫ് നബിയുമായി സംസാരിച്ചപ്പോള്‍ രാജാവ് അരുളി: താങ്കളിന്ന് നമ്മുടെ സവിധത്തില്‍ ഉന്നത സ്ഥാനീയനും വിശ്വസ്തനുമാകുന്നു. അദ്ദേഹം അപേക്ഷിച്ചു: 'അവിടന്ന് സാമ്രാജ്യത്തിന്റെ ഖജനാവുകള്‍ എന്നെ ഏല്‍പിച്ചാലും! ഞാനവ നന്നായി സംരക്ഷിക്കുന്നതാണ്; അതിനുള്ള പരിജ്ഞാനവും എനിക്കുണ്ട്.' അങ്ങനെ അന്നാട്ടില്‍ താനുദ്ദേശിക്കുന്ന എങ്ങും താമസിക്കാവുന്ന വിധം യൂസുഫ് നബിക്ക് നാം ആധിപത്യമേകി. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യവര്‍ഷമേകുന്നു. പുണ്യകര്‍മങ്ങളനുഷ്ഠിച്ചവരുടെ പ്രതിഫലം നാം പാഴാക്കിക്കളയുകയേ ഇല്ല. സത്യവിശ്വാസം കൈക്കൊള്ളുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്തവര്‍ക്ക് പാരത്രിക ലോകത്തെ പ്രതിഫലമത്രേ ഏറ്റം ഉല്‍കൃഷ്ടം28

1 വിശദീകരണം കാണുക

28. പെണ്‍വലയം ഭേദിച്ച് രക്ഷപ്പെട്ട കഥ കേട്ടപ്പോള്‍ തന്നെ രാജാവ് യൂസുഫ്‌നബി(അ)യെപ്പറ്റി സവിസ്തരം മനസ്സിലാക്കിയിരുന്നു. അത്യദ്ഭുത വ്യക്തിത്വത്തിനേ അതു സാധിക്കുകയുള്ളുവല്ലോ. നേരില്‍കണ്ടു വിശദമായി സംസാരിച്ചപ്പോഴാകട്ടെ കൂടുതല്‍ ബോധ്യമായി. സാമ്പത്തികമായി തകര്‍ന്നടിയാറായ സാമ്രാജ്യത്തെ താന്‍ വീണ്ടെടുക്കാമെന്നാണ് സംഭാഷണമധ്യേ നബി(അ) പറയുന്നത്. അങ്ങനെ താന്‍ ഉന്നത പദവിയില്‍ അവരോധിതനായി. ദര്‍ബാറില്‍ വെച്ച് രാജാവ് യൂസുഫ് നബി(അ)യെ ഭരണാധികാരിയായി പ്രഖ്യാപിച്ചുവെന്നും തന്റെ മോതിരമണിയിച്ചുവെന്നുമൊക്കെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പോയ നൂറ്റാണ്ടുകളില്‍ ചക്രവര്‍ത്തിമാരുടെയോ രാജാവിന്റെയോ കീഴില്‍ ഭരണമേല്‍നോട്ടംനടത്തിയിരുന്ന വൈസ്രോയി, പ്രഭു മുതലായ പദവി പോലുള്ളതായിരുന്നു ഈജിപ്തിലെ 'അസീസ്'. ഏതായാലും പുതിയ അസീസ് സുചിന്തിതവും ആസൂത്രിതവുമായി ഭരണചക്രം തിരിക്കാന്‍ തുടങ്ങി. സര്‍വമേഖലകളിലും പുരോഗതി കൈവന്നു. സുഭിക്ഷത നാട്ടിലെങ്ങും കളിയാടി. ഇതിനിടെ രാജ സ്വപ്നത്തിലെ സൂചനപോലെ വരള്‍ച്ച വന്നു. ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും വ്യാപകമായി. ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല അയല്‍ നാടുകളില്‍ നിന്നുപോലും ആളുകള്‍ ഭക്ഷ്യധാന്യം തേടി കൊട്ടാരപ്പടിക്കലെത്തി. ഒരിക്കല്‍ അക്കൂട്ടത്തില്‍ യഅ്ഖൂബ് നബി(അ)യുടെ മക്കളും വന്നു - യൂസുഫ് നബി(അ)യെ കിണറ്റിലെറിഞ്ഞ സഹോദരങ്ങള്‍!...

وَقَالَ ٱلۡمَلِكُ ٱئۡتُونِي بِهِۦٓ أَسۡتَخۡلِصۡهُ لِنَفۡسِيۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلۡيَوۡمَ لَدَيۡنَا مَكِينٌ أَمِينٞ ۝٥٤
قَالَ ٱجۡعَلۡنِي عَلَىٰ خَزَآئِنِ ٱلۡأَرۡضِۖ إِنِّي حَفِيظٌ عَلِيمٞ ۝٥٥
وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ يَتَبَوَّأُ مِنۡهَا حَيۡثُ يَشَآءُۚ نُصِيبُ بِرَحۡمَتِنَا مَن نَّشَآءُۖ وَلَا نُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ۝٥٦
وَلَأَجۡرُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ۝٥٧
58–60

യൂസുഫ് നബിയുടെ സഹോദരങ്ങള്‍ ഈജിപ്തിലെത്തി തന്റെയടുത്ത് പ്രവേശിച്ചു. തത്സമയം താനവരെ തിരിച്ചറിഞ്ഞു, അവര്‍ക്കദ്ദേഹത്തെ മനസ്സിലായില്ല. ചരക്കുകള്‍കെട്ടി അവരെ യാത്രയാക്കാനൊരുങ്ങിയപ്പോള്‍ യൂസുഫ് നബി നിര്‍ദേശിച്ചു: പിതാവൊത്ത സഹോദരനെക്കൂടി (ഇനി വരുമ്പോള്‍) എന്റെയടുത്ത് കൊണ്ടുവരണം. നിങ്ങള്‍ക്കു ഞാന്‍ വേണ്ടത്ര ഭക്ഷ്യധാന്യം തന്നുവെന്നും ഉദാത്തമായ ആതിഥ്യമൊരുക്കിയെന്നും നിങ്ങള്‍ കണ്ടില്ലേ? ഇനി, അവനെ കൊണ്ടുവരുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെയടുത്ത് ഭക്ഷ്യധാന്യമില്ല, എന്നെ സമീപിക്കുകയേ വേണ്ടതാനും!29

1 വിശദീകരണം കാണുക

29. യൂസുഫ് നബി(അ) തന്നെക്കുറിച്ച വസ്തുത പിടികൊടുക്കാതെ തന്നെ സഹോദരങ്ങളെ യഥോചിതം സ്വീകരിച്ചു സല്‍ക്കരിച്ചു. കുടുംബ വിവരങ്ങളൊക്കെ പൂര്‍ണമായി മനസ്സിലാക്കി. ഒരു പ്രവാചകശ്രേഷ്ഠന്റെ മക്കളെന്നനിലക്കും പട്ടിണിമൂലം അന്യനാട്ടില്‍നിന്ന് ഏറെ ദൂരം താണ്ടി വന്നവരെന്നതിനാലും അവര്‍ അതര്‍ഹിക്കുന്നുമുണ്ടല്ലോ. എന്നാല്‍ മടക്കയാത്ര പുറപ്പെടുമ്പോള്‍ 'അസീസ്' ഒരു വ്യവസ്ഥ വെച്ചു: അടുത്ത തവണ വരുമ്പോള്‍ നിര്‍ബന്ധമായി അനുജനെ കൊണ്ടുവരണം, അല്ലെങ്കില്‍ ധാന്യം തരില്ല.

وَجَآءَ إِخۡوَةُ يُوسُفَ فَدَخَلُواْ عَلَيۡهِ فَعَرَفَهُمۡ وَهُمۡ لَهُۥ مُنكِرُونَ ۝٥٨
وَلَمَّا جَهَّزَهُم بِجَهَازِهِمۡ قَالَ ٱئۡتُونِي بِأَخٖ لَّكُم مِّنۡ أَبِيكُمۡۚ أَلَا تَرَوۡنَ أَنِّيٓ أُوفِي ٱلۡكَيۡلَ وَأَنَا۠ خَيۡرُ ٱلۡمُنزِلِينَ ۝٥٩
فَإِن لَّمۡ تَأۡتُونِي بِهِۦ فَلَا كَيۡلَ لَكُمۡ عِندِي وَلَا تَقۡرَبُونِ ۝٦٠
61–62

അവര്‍ പ്രതികരിച്ചു: അതിന്നവന്റെ പിതാവിനോടു ഞങ്ങളപേക്ഷിച്ചുനോക്കാം. ഞങ്ങളക്കാര്യം നിര്‍വഹിക്കുക തന്നെ ചെയ്യും. യൂസുഫ് നബി സേവകന്‍മാരോട് കല്‍പിച്ചു: ഇവര്‍ ധാന്യവിലയായി കൊണ്ടുവന്നത് ഇവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിക്ഷേപിക്കുക, സ്വകുടുംബത്തില്‍ മടങ്ങിയെത്തുമ്പോള്‍ അവരതറിഞ്ഞുകൊള്ളും - തന്‍മൂലമവര്‍ ഇനിയും വന്നേക്കാം30

1 വിശദീകരണം കാണുക

30. ധാന്യത്തിന്റെ വിലയായി സഹോദരങ്ങള്‍ കൊണ്ടുവന്നവ തിരിച്ചയക്കാന്‍ യൂസുഫ്‌നബി(അ) ബന്ധപ്പെട്ടവരോടു പറഞ്ഞു. അസീസിനു തങ്ങളോടുള്ള സ്‌നേഹവും മതിപ്പും പരിഗണനയും ഗ്രഹിച്ചു ഇനിയും വരാന്‍ അവര്‍ക്കത് പ്രേരകമാകുമല്ലോ. നാട്ടിലെത്തിയശേഷം അവരത് അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു.

قَالُواْ سَنُرَٰوِدُ عَنۡهُ أَبَاهُ وَإِنَّا لَفَٰعِلُونَ ۝٦١
وَقَالَ لِفِتۡيَٰنِهِ ٱجۡعَلُواْ بِضَٰعَتَهُمۡ فِي رِحَالِهِمۡ لَعَلَّهُمۡ يَعۡرِفُونَهَآ إِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمۡ لَعَلَّهُمۡ يَرۡجِعُونَ ۝٦٢
63–65

അങ്ങനെ പിതാവിനടുത്ത് മടങ്ങിച്ചെന്നപ്പോള്‍ അവര്‍ ബോധിപ്പിച്ചു: ബാപ്പാ, നമുക്ക് ധാന്യലബ്ധി നിഷേധിക്കപ്പെട്ടിരിക്കയാണ്; അതുകൊണ്ട് അനുജന്‍ ബിന്‍യാമീനെക്കൂടി ഞങ്ങളോടൊപ്പം അയച്ചുതരണം-എങ്കില്‍ ധാന്യമളന്നു കിട്ടും. അവനെ ഞങ്ങള്‍ നന്നായി സംരക്ഷിക്കുകതന്നെ ചെയ്യും, തീര്‍ച്ച. അദ്ദേഹം പ്രതികരിച്ചു: ഇവന്റെ സഹോദരന്‍ യൂസുഫിനെപ്പറ്റി പണ്ട് നിങ്ങളെ വിശ്വസിച്ചതുപോലെയല്ലാതെ ഇവന്റെ കാര്യത്തില്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുമോ?31
അല്ലാഹുവാണ് ഏറ്റം ഉത്തമനായ സംരക്ഷകന്‍. കാരുണ്യവാന്‍മാരില്‍ പരമകാരുണികനും അവനത്രേ. അങ്ങനെ അവര്‍ സാമാനങ്ങള്‍ തുറന്നപ്പോള്‍ വില തങ്ങള്‍ക്കു തന്നെ തിരിച്ചുനല്‍കപ്പെട്ടതായി കണ്ടു. അവര്‍ വിസ്മയം കൂറി: ബാപ്പാ, ഇതിലപ്പുറമിനി എന്ത് ഔദാര്യമാണ് നാം പ്രതീക്ഷിക്കുക? ചരക്കുകളുടെ വില ഇതാ ഇങ്ങോട്ടുതന്നെ തിരിച്ചുതന്നിരിക്കുന്നു. ഇനിയും ഞങ്ങള്‍ കുടുംബത്തിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാം; അനുജനെ സംരക്ഷിക്കുകയും ചെയ്യാം. ഒരൊട്ടകം ചുമക്കുന്ന അളവ് -അസീസിനത് നിസ്സാരമാണ്-ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടുന്നതുമാണ്32

2 വിശദീകരണങ്ങൾ കാണുക

31. പണ്ടു യൂസുഫിനെ കൊണ്ടുപോയപ്പോള്‍ മധുരോദാരമായ വാക്കുകള്‍ പറഞ്ഞ് വഞ്ചിച്ചവരാണല്ലോ അവര്‍. അതുപോലെ, ഇതും ഒരു കെണിവലയാണെന്നുതന്നെയല്ലേ ഞാന്‍ വിശ്വസിക്കുക എന്നാണ് യഅ്ഖൂബ് നബി(അ) ചോദിക്കുന്നത്.

32. ഭക്ഷ്യധാന്യങ്ങള്‍ക്ക് നല്‍കാനായി കൊണ്ടുപോയിരുന്ന വില തിരിച്ചുകിട്ടിയത് മുന്‍നിറുത്തി വീണ്ടും പിതാവിനെ പ്രലോഭിപ്പിക്കയാണവര്‍. ബിന്‍യാമീന്‍ കൂടി വരികയേ വേണ്ടൂ. ഒരൊട്ടകത്തിന് വഹിക്കാവുന്ന ധാന്യം നിഷ്പ്രയാസം കിട്ടും. അസീസിനാകട്ടെ അതൊരു വലിയ അളവൊന്നുമല്ല താനും.

فَلَمَّا رَجَعُوٓاْ إِلَىٰٓ أَبِيهِمۡ قَالُواْ يَٰٓأَبَانَا مُنِعَ مِنَّا ٱلۡكَيۡلُ فَأَرۡسِلۡ مَعَنَآ أَخَانَا نَكۡتَلۡ وَإِنَّا لَهُۥ لَحَٰفِظُونَ ۝٦٣
قَالَ هَلۡ ءَامَنُكُمۡ عَلَيۡهِ إِلَّا كَمَآ أَمِنتُكُمۡ عَلَىٰٓ أَخِيهِ مِن قَبۡلُ فَٱللَّهُ خَيۡرٌ حَٰفِظٗاۖ وَهُوَ أَرۡحَمُ ٱلرَّٰحِمِينَ ۝٦٤
وَلَمَّا فَتَحُواْ مَتَٰعَهُمۡ وَجَدُواْ بِضَٰعَتَهُمۡ رُدَّتۡ إِلَيۡهِمۡۖ قَالُواْ يَٰٓأَبَانَا مَا نَبۡغِيۖ هَٰذِهِۦ بِضَٰعَتُنَا رُدَّتۡ إِلَيۡنَاۖ وَنَمِيرُ أَهۡلَنَا وَنَحۡفَظُ أَخَانَا وَنَزۡدَادُ كَيۡلَ بَعِيرٖۖ ذَٰلِكَ كَيۡلٞ يَسِيرٞ ۝٦٥
66–67

അദ്ദേഹം പറഞ്ഞു: വല്ല ഗുരുതര വിപത്തിലും കുടുങ്ങിയാലൊഴികെ, അവനെ എന്റെയടുത്ത് തിരിച്ചെത്തിക്കുമെന്ന് അല്ലാഹുവിനെപ്പിടിച്ച് ഉടമ്പടിചെയ്താലല്ലാതെ ഞാനയച്ചു തരികയേ ഇല്ല. അങ്ങനെ പിതാവിനോടവര്‍ കരാര്‍ ചെയ്തപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: നാം പറയുന്ന ഈ ഉടമ്പടിക്ക് അല്ലാഹു സാക്ഷിയാകുന്നു. താന്‍ തുടര്‍ന്നു: മക്കളേ, നിങ്ങള്‍ എല്ലാവരുംകൂടി ഒരു കവാടത്തിലൂടെ പ്രവേശിക്കരുത്; വ്യത്യസ്ത വാതിലുകളിലൂടെ വേണം കടക്കുക.33
അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള യാതൊന്നും നിങ്ങളില്‍ നിന്നു പ്രതിരോധിച്ചു നിര്‍ത്താന്‍ എനിക്കു പറ്റില്ല. അവന്ന് മാത്രമാണ് വിധികര്‍തൃത്വാവകാശം. അവനില്‍ സര്‍വ കാര്യങ്ങളും ഞാന്‍ ഏല്‍പിച്ചിരിക്കുകയാണ്. ഭരമേല്‍പിക്കാനുള്ളവര്‍ അവനെ ഏല്‍പിച്ചുകൊള്ളട്ടെ.

1 വിശദീകരണം കാണുക

33. മക്കള്‍ സുന്ദരന്‍മാരും യോഗ്യന്‍മാരുമായതിനാല്‍ കണ്ണേറ് ഏല്‍ക്കുമോ എന്ന ഭയമുണ്ടായതിനാലാണ് യഅ്ഖൂബ് നബി(അ) ഇങ്ങനെ നിര്‍ദേശിച്ചതെന്ന് ഇമാം ഇബ്‌നു അബ്ബാസും(റ)മറ്റും പ്രസ്താവിച്ചിട്ടുണ്ട്. അതേസമയം റബ്ബിന്റെ ഖുദ്‌റത്തും നടപടികളും താന്‍ വ്യക്തമാക്കുന്നുണ്ട് താനും. കണ്ണേറ് സത്യമാണെന്ന് ഇമാം മുസ്‌ലിമിന്റെ ഹദീസില്‍ കാണാം. പൗത്രരായ ഹസനെ(റ)യും ഹുസൈനെ(റ)യും നബി(സ്വ) കണ്ണേറ് ഏല്‍ക്കാതിരിക്കാന്‍ വേണ്ടി മന്ത്രിച്ചിരുന്നതായി ബുഖാരി നിവേദനം ചെയ്ത ഹദീസിലുമുണ്ട്. ചില ഉല്‍പതിഷ്ണുക്കളും യുക്തിവാദികളും കണ്ണേറ് നിഷേധികളാണെങ്കിലും വസ്തുതകള്‍ക്കു നേരെ കണ്ണുചിമ്മുന്ന അല്പന്‍മാരാണവര്‍. ഏറ്റം ചുരുങ്ങിയത് ഡോ. കെ. രാജശേഖരന്‍ നായരുടെ 'മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും' എന്ന പുസ്തകമെങ്കിലും(പേജ്: 117-121) അവരൊന്നു വായിക്കുന്നത് ഫലപ്രദമായിരിക്കുമെന്നു ഉണര്‍ത്തുകയാണ്.

قَالَ لَنۡ أُرۡسِلَهُۥ مَعَكُمۡ حَتَّىٰ تُؤۡتُونِ مَوۡثِقٗا مِّنَ ٱللَّهِ لَتَأۡتُنَّنِي بِهِۦٓ إِلَّآ أَن يُحَاطَ بِكُمۡۖ فَلَمَّآ ءَاتَوۡهُ مَوۡثِقَهُمۡ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ ۝٦٦
وَقَالَ يَٰبَنِيَّ لَا تَدۡخُلُواْ مِنۢ بَابٖ وَٰحِدٖ وَٱدۡخُلُواْ مِنۡ أَبۡوَٰبٖ مُّتَفَرِّقَةٖۖ وَمَآ أُغۡنِي عَنكُم مِّنَ ٱللَّهِ مِن شَيۡءٍۖ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ عَلَيۡهِ تَوَكَّلۡتُۖ وَعَلَيۡهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ ۝٦٧
68

അങ്ങനെ ബാപ്പ കല്‍പിച്ച വിധം (ഈജിപ്തില്‍) കടന്നപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന ഒന്നുംതന്നെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല; തന്റെ മനസ്സിലെ ഒരാവശ്യം യഅ്ഖൂബ് നബി നിര്‍വഹിച്ചു എന്നുമാത്രം. നാം പഠിപ്പിച്ചുകൊടുത്തത്‌കൊണ്ട് വിജ്ഞാനി തന്നെയാണദ്ദേഹം. പക്ഷേ, മിക്ക മനുഷ്യരും യാഥാര്‍ഥ്യമറിയുന്നില്ല34

1 വിശദീകരണം കാണുക

34. പിതാവിന്റെ നിര്‍ദേശാനുസൃതം വിവിധ കവാടങ്ങളിലൂടെയാണവര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നുവെങ്കില്‍ ഈ സൂക്ഷ്മതകൊണ്ട് നേട്ടമൊന്നും ഉണ്ടാകുമായിരുന്നില്ല എന്നു വ്യക്തമാക്കുകയാണിവിടെ. 'ഏതു സൂക്ഷ്മതയും നിഷ്ഫലമാണ്, വിധി മറ്റൊന്നാണെങ്കില്‍' എന്നു ഹദീസിലുണ്ട്.എങ്കിലും സൂക്ഷ്മത പാലിക്കുക എന്നത് മനുഷ്യന്റെ ബാധ്യതയാണ്. ആ നിലക്കാണ്, 'തന്റെ മനസ്സിലെ ഒരാശ യഅ്ഖൂബ് നബി(അ) നിര്‍വഹിച്ചുവെന്ന് മാത്രം' എന്നിവിടെ പറഞ്ഞത്. തുടര്‍ന്നുള്ള വാക്കുകള്‍ അദ്ദേഹത്തെ ശ്ലാഘിക്കുകയാണ്.

وَلَمَّا دَخَلُواْ مِنۡ حَيۡثُ أَمَرَهُمۡ أَبُوهُم مَّا كَانَ يُغۡنِي عَنۡهُم مِّنَ ٱللَّهِ مِن شَيۡءٍ إِلَّا حَاجَةٗ فِي نَفۡسِ يَعۡقُوبَ قَضَىٰهَاۚ وَإِنَّهُۥ لَذُو عِلۡمٖ لِّمَا عَلَّمۡنَٰهُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٦٨
69

അവര്‍ യൂസുഫ് നബിയുടെ അടുത്ത് കടന്നുചെന്നപ്പോള്‍ സ്വസഹോദരനെയദ്ദേഹം തന്റെയൊപ്പം താമസിപ്പിക്കുകയും ഇങ്ങനെ വെളിപ്പെടുത്തുകയുമുണ്ടായി: നിന്റെ സഹോദരന്‍ തന്നെയാണ് ഞാന്‍; അവരുടെ ചെയ്തികളെ സംബന്ധിച്ചു നീ ദു:ഖാകുലനാകേണ്ടതില്ല35

1 വിശദീകരണം കാണുക

35. വികാരവിജൃംഭകമായ ഈ രംഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട്. എല്ലാവരുമായും കുശലം പറയുകയും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും രാജകീയമായി സല്‍ക്കരിക്കുകയും ചെയ്ത ശേഷം രണ്ടുവീതമാളുകളെ 'അസീസ്' ഓരോ അതിഥിമന്ദിരത്തില്‍ താമസിപ്പിച്ചു. അവസാനം ബിന്‍യാമീന്‍ ഒറ്റക്കു ബാക്കിയായപ്പോള്‍ അദ്ദേഹത്തെ തന്റെ കൂടെയാക്കി. എന്നിട്ട്,താങ്കളുടെ സഹോദരനാണ് ഞാന്‍ എന്ന് യൂസുഫ്‌നബി(അ) പറഞ്ഞപ്പോള്‍ ബിന്‍യാമീന്‍ തിരുത്തിയത്രേ - പക്ഷെ താങ്കളുടെ മാതാപിതാക്കള്‍ റാഹീലും യഅ്ഖൂബ്‌നബി(അ)യുമല്ലല്ലോ! തത്സമയം പതിറ്റാണ്ടുകളിലൂടെ നീണ്ടുകിടക്കുന്ന സംഭ്രജനകമായ സംഭവങ്ങളൊക്കെ യൂസുഫ്‌നബി(അ) വിസ്തരിച്ചു പറഞ്ഞു. പണ്ട് തന്നെയവര്‍ കൊല്ലാനൊരുങ്ങിയതും കിണറ്റിലെറിഞ്ഞതുമായ ഹീനകൃത്യങ്ങളെക്കുറിച്ചും ബിന്‍യാമീനോടുതന്നെ ഒരുതരം അന്യതാബോധം വെച്ചുപുലര്‍ത്തുന്നതുമൊന്നും ചിന്തിച്ച് വിഷണ്ണനാകേണ്ടതില്ലെന്നും അദ്ദേഹം ഉണര്‍ത്തി.

وَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَخَاهُۖ قَالَ إِنِّيٓ أَنَا۠ أَخُوكَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَعۡمَلُونَ ۝٦٩
70–75

അങ്ങനെ അവരുടെ ചരക്കുകള്‍ തയ്യാറാക്കിക്കൊടുത്തപ്പോള്‍ അളക്കുന്ന പാനപാത്രം അദ്ദേഹം സ്വസഹോദരന്റെ ഭാണ്ഡത്തിലിട്ടു. പിന്നീട് ഒരാള്‍ വിളിച്ചറിയിച്ചു: ഹേ യാത്രാസംഘമേ, നിങ്ങള്‍ കള്ളന്‍മാര്‍ തന്നെയാകുന്നു! അവരുടെ നേരെ തിരിഞ്ഞുവന്നുകൊണ്ട് ഇവരന്വേഷിച്ചു: നിങ്ങള്‍ക്കെന്താണു നഷ്ടപ്പെട്ടിരിക്കുന്നത്? അവര്‍ പ്രതികരിച്ചു: രാജാവിന്റെ അളവുപാത്രം ഞങ്ങള്‍ കാണുന്നില്ല. അത് ഹാജരാക്കുന്നവര്‍ക്ക് ഒരൊട്ടകച്ചുമട്(ധാന്യം) കിട്ടും; അക്കാര്യം ഞാനേറ്റു. സഹോദരര്‍ ബോധിപ്പിച്ചു: അല്ലാഹു തന്നെ സത്യം, കുഴപ്പമുണ്ടാക്കാനല്ല ഞങ്ങള്‍ ഇന്നാട്ടിലെത്തിയതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ; ഞങ്ങള്‍ കള്ളന്‍മാരായിട്ടുമില്ല. അവര്‍ ചോദിച്ചു: എന്നാല്‍, നിങ്ങള്‍ വ്യാജമാണു പറയുന്നതെങ്കില്‍ എന്തു ശിക്ഷതരണം? സഹോദരര്‍ മറുപടി നല്‍കി: ആരുടെ ഭാണ്ഡത്തിലാണോ അതുള്ളത് അയാളെ പിടിച്ചുവെക്കലാണതിന്റെ ശിക്ഷ. അക്രമികള്‍ക്ക് അങ്ങനെയാണ് ഞങ്ങള്‍ പ്രതിഫലം നല്‍കുക36

1 വിശദീകരണം കാണുക

36. ഒന്നിച്ചുള്ള താമസത്തിനിടയില്‍ യൂസുഫ്‌നബി(അ)ക്ക് സഹോദരനെ നാട്ടിലേക്കയക്കാതെ ഇവിടെത്തന്നെ നിറുത്തണമെന്ന അത്യാഗ്രഹമുണ്ടായി. അതിന് ഇരുവരും സംയുക്തമായി ആവിഷ്‌കരിച്ചു നടപ്പാക്കിയ ഒരു പദ്ധതിയാണിത്. മോഷണം നടത്തിയവരെ ഒരുവര്‍ഷം പിടിച്ച്‌വെച്ച് അടിമയാക്കുക എന്നതായിരുന്നു കന്‍ആനിലെ ശിക്ഷ. ആ ആവശ്യം അവരുടെ നാക്കിലൂടെത്തന്നെ അല്ലാഹു പുറത്തുകൊണ്ടുവന്നു. ഈജിപ്തിലെ മോഷണശിക്ഷയാകട്ടെ പരസ്യമായി ചാട്ടവാറടി നല്‍കി വിട്ടയക്കലായിരുന്നു. ഇവിടെയത് അപ്രായോഗികവും ഫലശൂന്യവുമാണല്ലോ. ഈ തന്ത്രം നാമാണ് ആവിഷ്‌കരിച്ചുകൊടുത്തത് എന്നു അടുത്ത വചനത്തില്‍ അല്ലാഹു പറയുന്നുണ്ട്. രാജാവ് മുമ്പ് ജലപാനത്തിനുപയോഗിച്ചിരുന്ന രത്‌നഖചിതമായ വിലപിടിച്ച ഒരു പാത്രമാണവര്‍ അളക്കാന്‍ ഉപയോഗിച്ചിരുന്നത്.

فَلَمَّا جَهَّزَهُم بِجَهَازِهِمۡ جَعَلَ ٱلسِّقَايَةَ فِي رَحۡلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلۡعِيرُ إِنَّكُمۡ لَسَٰرِقُونَ ۝٧٠
قَالُواْ وَأَقۡبَلُواْ عَلَيۡهِم مَّاذَا تَفۡقِدُونَ ۝٧١
قَالُواْ نَفۡقِدُ صُوَاعَ ٱلۡمَلِكِ وَلِمَن جَآءَ بِهِۦ حِمۡلُ بَعِيرٖ وَأَنَا۠ بِهِۦ زَعِيمٞ ۝٧٢
قَالُواْ تَٱللَّهِ لَقَدۡ عَلِمۡتُم مَّا جِئۡنَا لِنُفۡسِدَ فِي ٱلۡأَرۡضِ وَمَا كُنَّا سَٰرِقِينَ ۝٧٣
قَالُواْ فَمَا جَزَٰٓؤُهُۥٓ إِن كُنتُمۡ كَٰذِبِينَ ۝٧٤
قَالُواْ جَزَٰٓؤُهُۥ مَن وُجِدَ فِي رَحۡلِهِۦ فَهُوَ جَزَٰٓؤُهُۥۚ كَذَٰلِكَ نَجۡزِي ٱلظَّٰلِمِينَ ۝٧٥
76

അങ്ങനെ യൂസുഫ് നബി സ്വസഹോദരന്റെ ഭാണ്ഡത്തിന് മുമ്പേ അവരുടേത് പരിശോധനയാരംഭിക്കുകയും പിന്നീട് സഹോദരന്റേതില്‍ നിന്ന് അതു പുറത്തെടുക്കുകയും ചെയ്തു. യൂസുഫ് നബിക്കു വേണ്ടി ഇങ്ങനെ നാം തന്ത്രംമെനയുകയുണ്ടായി. രാജാവിന്റെ ഭരണവ്യവസ്ഥപ്രകാരം യൂസുഫ് നബിക്ക് സ്വസഹോദരനെ പിടിച്ച് വെക്കാന്‍ സാധിക്കില്ലായിരുന്നു. ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നതാണ്. എല്ലാ ജ്ഞാനികള്‍ക്കുമുപരി ഒരു സര്‍വജ്ഞനുണ്ട്.

فَبَدَأَ بِأَوۡعِيَتِهِمۡ قَبۡلَ وِعَآءِ أَخِيهِ ثُمَّ ٱسۡتَخۡرَجَهَا مِن وِعَآءِ أَخِيهِۚ كَذَٰلِكَ كِدۡنَا لِيُوسُفَۖ مَا كَانَ لِيَأۡخُذَ أَخَاهُ فِي دِينِ ٱلۡمَلِكِ إِلَّآ أَن يَشَآءَ ٱللَّهُۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ وَفَوۡقَ كُلِّ ذِي عِلۡمٍ عَلِيمٞ ۝٧٦
77

സഹോദരര്‍ പറഞ്ഞു: ഇവന്‍ കളവുനടത്തിയിട്ടുണ്ടെങ്കില്‍ പണ്ടു ഇവന്റെ സഹോദരനും അതു ചെയ്തിട്ടുണ്ട്. തത്സമയം യൂസുഫ് നബി അത് മനസ്സിലൊളിപ്പിച്ചു, വെളിപ്പെടുത്തിയില്ല; ഇങ്ങനെ (മനസ്സാ)പറഞ്ഞു: നിങ്ങളുടെ നിലപാട് എത്ര മോശം! നിങ്ങളുടെ ഈ വിവരണങ്ങളെക്കുറിച്ചെല്ലാം അല്ലാഹുവിന്നു നന്നായറിയാം37

1 വിശദീകരണം കാണുക

37. തങ്ങളിലൊരാളുടെ ഭാണ്ഡത്തില്‍ നിന്നു കളവുമുതല്‍ കണ്ടെടുക്കപ്പെട്ടപ്പോള്‍ അവര്‍ വല്ലാതെ ഇളിഭ്യരും അപമാനിതരുമാവുകയുണ്ടായി. മുഖംരക്ഷിക്കാനുള്ള വൃഥാശ്രമങ്ങള്‍ക്കിടെ അവര്‍ ബിന്‍യാമീനെയും യൂസുഫിനെയും ഒരന്യതാബോധത്തോടെ വിലയിരുത്തുകയാണ്. മോഷണം തെളിഞ്ഞസ്ഥിതിക്ക്, ഇതിലത്ര അദ്ഭുതമോ അസാധാരണത്വമോ ഇല്ലെന്നും ഇവന്റെ ഒരു സഹോദരന്‍ - ഉമ്മയും ബാപ്പയുമൊത്ത യൂസുഫ് ആണു ഉദ്ദേശ്യം - മുമ്പ് മോഷണം നടത്തിയിട്ടുണ്ടെന്നും അവര്‍ തട്ടിവിട്ടു. തങ്ങള്‍ പത്തുപേര്‍ പരമശുദ്ധരാണെന്നു വ്യംഗ്യഭാഷ്യം. ഇത് ശുദ്ധനുണയാണെന്നാണ് മിക്ക മുഫസ്സിറുകളും പറയുന്നത്. എന്നാല്‍ ചെറുപ്പത്തില്‍ ആരും കാണാതെ യൂസുഫ് നബി(അ) ഒരു ബിംബനിഗ്രഹം നടത്തിയതാണ് സൂചന എന്നു ചിലര്‍ പ്രതിപാദിച്ചിട്ടുണ്ട്.

۞ قَالُوٓاْ إِن يَسۡرِقۡ فَقَدۡ سَرَقَ أَخٞ لَّهُۥ مِن قَبۡلُۚ فَأَسَرَّهَا يُوسُفُ فِي نَفۡسِهِۦ وَلَمۡ يُبۡدِهَا لَهُمۡۚ قَالَ أَنتُمۡ شَرّٞ مَّكَانٗاۖ وَٱللَّهُ أَعۡلَمُ بِمَا تَصِفُونَ ۝٧٧
78–79

സഹോദരര്‍ അപേക്ഷിച്ചു: പ്രഭോ, ഇവന്ന് വയോവൃദ്ധനായ പിതാവുണ്ട്; അതുകൊണ്ട് ഇവന്നുപകരം ഞങ്ങളിലൊരാളെ പിടിച്ചുവെച്ചാലും! ഒരു ഉത്തമനായിത്തന്നെയാണ് താങ്കളെ ഞങ്ങള്‍ മനസ്സിലാക്കുന്നത്. അദ്ദേഹം പ്രതികരിച്ചു: അല്ലാഹുവോട് ഞാന്‍ കാവല്‍ തേടുകയാണ്. നമ്മുടെ സാധനം ആരുവശം കണ്ടെത്തിയോ അവനെയല്ലാതെ പിടികൂടുകയോ? തത്സമയം ഞങ്ങള്‍ അക്രമകാരികള്‍ തന്നെയായിപ്പോകുമല്ലോ38

1 വിശദീകരണം കാണുക

38. ബിന്‍യാമീന്‍ ഇല്ലാതെ കന്‍ആനിലേക്കു തിരിച്ചുചെല്ലുക എന്നത് അവര്‍ക്കചിന്ത്യമായിരുന്നു. അതൊഴിവാക്കാനുള്ള ചില വൃഥാശ്രമങ്ങള്‍ നടത്തിനോക്കുകയാണവര്‍. അപരാധം ചെയ്യാത്ത ഒരാളെ - എന്ത് കാരണം പറഞ്ഞാലും - പിടികൂടുന്നത് കടുത്ത അനീതിയാണെന്നും അല്ലാഹുവിന്റെ ക്രോധത്തിനും ശിക്ഷക്കും കാരണമാകുമെന്നതിനാല്‍ അതൊരിക്കലും ഞങ്ങളുടെ ഭരണകൂടം ചെയ്യില്ലെന്നുമാണ് യൂസുഫ് നബി(അ) വ്യക്തമാക്കുന്നത്.

قَالُواْ يَٰٓأَيُّهَا ٱلۡعَزِيزُ إِنَّ لَهُۥٓ أَبٗا شَيۡخٗا كَبِيرٗا فَخُذۡ أَحَدَنَا مَكَانَهُۥٓۖ إِنَّا نَرَىٰكَ مِنَ ٱلۡمُحۡسِنِينَ ۝٧٨
قَالَ مَعَاذَ ٱللَّهِ أَن نَّأۡخُذَ إِلَّا مَن وَجَدۡنَا مَتَٰعَنَا عِندَهُۥٓ إِنَّآ إِذٗا لَّظَٰلِمُونَ ۝٧٩
80–82

അങ്ങനെ ബിന്‍യാമീനെക്കുറിച്ച് ഭഗ്നാശരായിക്കഴിഞ്ഞപ്പോള്‍ അവര്‍ അകലെ മാറി കൂടിയാലോചന നടത്തി. മൂത്തയാള്‍ പറഞ്ഞു: അല്ലാഹുവിനെ മുന്‍നിറുത്തി (ബിന്‍യാമീന്റെ കാര്യത്തില്‍) ബാപ്പ ഉറപ്പുവാങ്ങിയതും പണ്ട്, യൂസുഫിന്റെ വിഷയത്തില്‍ വീഴ്ചവരുത്തിയതും നിങ്ങള്‍ക്കോര്‍മയില്ലേ? അതുകൊണ്ട്, എനിക്ക് ബാപ്പ സമ്മതം നല്‍കുകയോ അല്ലാഹു ഒരു വിധിതരുകയോ ചെയ്യുന്നതുവരെ ഞാന്‍ ഈ നാടുവിടുകയില്ല. അല്ലാഹു വിധികര്‍ത്താക്കളില്‍ ഏറ്റം ഉത്തമനാകുന്നു. നിങ്ങള്‍ പിതാവിനടുത്തേക്ക് തിരിച്ചുചെന്ന് ഇങ്ങനെ ബോധിപ്പിക്കുക: ബാപ്പാ, താങ്കളുടെ പുത്രന്‍ മോഷണം നടത്തുകതന്നെ ചെയ്തിരിക്കുന്നു. അറിവില്‍പെട്ട കാര്യത്തിന്നു മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടായിരുന്നത്; മറഞ്ഞ കാര്യം ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളുണ്ടായിരുന്ന നാട്ടുകാരോടും ഞങ്ങളുടെ സഹയാത്രിക സംഘത്തോടും താങ്കള്‍ക്കന്വേഷിച്ചു നോക്കാം. സത്യം തന്നെയണ് ഞങ്ങള്‍ പറയുന്നത്39

1 വിശദീകരണം കാണുക

39. സഹോദരങ്ങള്‍ ഗുരുതരമായ കെണിയിലാണു പെട്ടത്. താനേതായാലും നാട്ടിലേക്കില്ലെന്ന് മൂത്തയാള്‍ റൂബീല്‍ തീരുമാനമെടുത്തു. ഒന്‍പത് സഹോദരങ്ങളെ കന്‍ആനിലേക്ക് തിരിച്ചയച്ച് പിതാവിനോട് വസ്തുതകള്‍ വിവരിച്ചുകൊടുക്കാന്‍ വേണ്ട നിര്‍ദേശം നല്‍കുകയാണദ്ദേഹം. ഗത്യന്തരമില്ലാതെ നാട്ടിലേക്കു തിരിക്കാനും പിതാവിനു മുമ്പില്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനും അവര്‍ തീരുമാനമെടുത്തു. ബാപ്പ പ്രത്യേകം തിരിച്ചുവിളിച്ചെങ്കിലേ പോകൂ എന്നാണ് മൂത്ത സഹോദരന്റെ തീരുമാനം. അല്ലാഹു വിധിക്കുക എന്നതിന്റെ വിവക്ഷ ബിന്‍യാമീനെ വിട്ടയച്ചുകൊണ്ടുള്ള എന്തെങ്കിലും തീരുമാനം എന്നാണ്.

فَلَمَّا ٱسۡتَيۡـَٔسُواْ مِنۡهُ خَلَصُواْ نَجِيّٗاۖ قَالَ كَبِيرُهُمۡ أَلَمۡ تَعۡلَمُوٓاْ أَنَّ أَبَاكُمۡ قَدۡ أَخَذَ عَلَيۡكُم مَّوۡثِقٗا مِّنَ ٱللَّهِ وَمِن قَبۡلُ مَا فَرَّطتُمۡ فِي يُوسُفَۖ فَلَنۡ أَبۡرَحَ ٱلۡأَرۡضَ حَتَّىٰ يَأۡذَنَ لِيٓ أَبِيٓ أَوۡ يَحۡكُمَ ٱللَّهُ لِيۖ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ۝٨٠
ٱرۡجِعُوٓاْ إِلَىٰٓ أَبِيكُمۡ فَقُولُواْ يَٰٓأَبَانَآ إِنَّ ٱبۡنَكَ سَرَقَ وَمَا شَهِدۡنَآ إِلَّا بِمَا عَلِمۡنَا وَمَا كُنَّا لِلۡغَيۡبِ حَٰفِظِينَ ۝٨١
وَسۡـَٔلِ ٱلۡقَرۡيَةَ ٱلَّتِي كُنَّا فِيهَا وَٱلۡعِيرَ ٱلَّتِيٓ أَقۡبَلۡنَا فِيهَاۖ وَإِنَّا لَصَٰدِقُونَ ۝٨٢
83–84

യഅ്ഖൂബ് നബി പറഞ്ഞു: 'അല്ല, നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായിത്തോന്നി; അതുകൊണ്ട് നന്നായി ക്ഷമിക്കുകതന്നെ. എന്റെ മുമ്പില്‍ അവരെയെല്ലാവരെയും അല്ലാഹു കൊണ്ടുവന്നേക്കാം. സര്‍വജ്ഞനും യുക്തിമാനും തന്നെയാണവന്‍.' അവരെ വിട്ടു തിരിഞ്ഞ്, യൂസുഫിന്റെ കാര്യം മഹാകഷ്ടം തന്നെ എന്ന് അദ്ദേഹം സഹതപിച്ചു; കടുത്ത ദുഃഖംമൂലം തന്റെ നയനദ്വയങ്ങള്‍ വെളുത്തുപോയി; ആഴമേറിയ സങ്കടം കടിച്ചമര്‍ത്തി40

1 വിശദീകരണം കാണുക

40. റൂബീല്‍ ഒഴികെ ബാക്കിയുള്ള ഒമ്പതുപേര്‍ നാട്ടിലേക്കു തിരിച്ചു വീടണഞ്ഞു. പിതാവിന്റെ മുമ്പില്‍ കഥകള്‍ നിരത്തി. പിടിച്ചുനില്‍ക്കാന്‍ പരമാവധി ന്യായീകരണങ്ങളും തെളിവുകളും ബോധ്യപ്പെടുത്തി. പക്ഷെ, ആ പിതൃഹൃദയത്തിന്നു അതൊന്നും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. കരഞ്ഞു കരഞ്ഞു കണ്ണു കലങ്ങി; കാഴ്ച നഷ്ടപ്പെട്ടു.

قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٌۖ عَسَى ٱللَّهُ أَن يَأۡتِيَنِي بِهِمۡ جَمِيعًاۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ ۝٨٣
وَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبۡيَضَّتۡ عَيۡنَاهُ مِنَ ٱلۡحُزۡنِ فَهُوَ كَظِيمٞ ۝٨٤
85–87

മക്കള്‍ പറഞ്ഞു: അല്ലാഹു തന്നെ സത്യം, നിശ്ശേഷം പാരവശ്യം ബാധിക്കുകയോ മരണപ്പെടുകതന്നെയോ ചെയ്യുമാറ് യൂസുഫിനെ സ്മരിച്ചുകൊണ്ടേയിരിക്കുകയാണല്ലോ ബാപ്പാ താങ്കള്‍? അദ്ദേഹം പ്രതികരിച്ചു: ഞാനെന്റെ വര്‍ധിത ദുഃഖവും നെടുംഖേദവും അല്ലാഹുവിങ്കല്‍ മാത്രം ബോധിപ്പിക്കുകയാണ്. നിങ്ങളറിയാത്ത ചിലകാര്യങ്ങള്‍ അവങ്കല്‍ നിന്നു ഞാനറിയുന്നുണ്ട്. (കുറേ കഴിഞ്ഞ് താന്‍ നിര്‍ദേശിച്ചു:) പ്രിയമക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും സഹോദരനെയും കുറിച്ച് അന്വേഷണം നടത്തുക; അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ചു ആശയറ്റുപോകരുത്. നിഷേധികളായ ജനങ്ങള്‍ മാത്രമേ അവന്റെയനുഗ്രഹത്തെപ്പറ്റി ഭഗ്നാശരാകൂ41

1 വിശദീകരണം കാണുക

41. സഹോദരങ്ങളും കുടുംബാംഗങ്ങളും യൂസുഫ് നബി(അ)യെപ്പറ്റി വിസ്മരിച്ചുപോയമട്ടാണ്; അദ്ദേഹം മരിച്ചുപോയെന്നാണ് സര്‍വരുടെയും കണക്കുകൂട്ടല്‍. എന്നാല്‍ പിതാവിന്റെ വിശ്വാസം മറിച്ചായിരുന്നു. യൂസുഫ് നബി(അ)നെയും ബിന്‍യാമീനെയും അന്വേഷിച്ചു കണ്ടുപിടിക്കാനായി മക്കളെ പ്രത്യാശാപൂര്‍വം പറഞ്ഞയക്കുകയാണ് ആ പ്രവാചകശ്രേഷ്ഠന്‍. ഭക്ഷണ ശേഖരണവും മക്കളുടെ അജണ്ടയിലുണ്ടായിരുന്നു.

قَالُواْ تَٱللَّهِ تَفۡتَؤُاْ تَذۡكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوۡ تَكُونَ مِنَ ٱلۡهَٰلِكِينَ ۝٨٥
قَالَ إِنَّمَآ أَشۡكُواْ بَثِّي وَحُزۡنِيٓ إِلَى ٱللَّهِ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ۝٨٦
يَٰبَنِيَّ ٱذۡهَبُواْ فَتَحَسَّسُواْ مِن يُوسُفَ وَأَخِيهِ وَلَا تَاْيۡـَٔسُواْ مِن رَّوۡحِ ٱللَّهِۖ إِنَّهُۥ لَا يَاْيۡـَٔسُ مِن رَّوۡحِ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡكَٰفِرُونَ ۝٨٧
88

(മക്കള്‍ വീണ്ടും ഈജിപ്തിലേക്കു പോയി.) അങ്ങനെ യൂസുഫ് നബിയുടെ അടുത്ത് പ്രവേശിച്ചിട്ട് അവര്‍ ബോധിപ്പിച്ചു: പ്രഭോ, ഞങ്ങളും കുടുംബവും ദുരിതബാധിതരായിരിക്കുന്നു. മോശം വിലയാണ് ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. എന്നാലും അളവു തികച്ചു തരികയും ഉദാരമനസ്‌കത പുലര്‍ത്തുകയും ചെയ്യണം. ഔദാര്യന്മാര്‍ക്ക് അല്ലാഹു തക്ക പ്രതിഫലം നല്‍കുകതന്നെ ചെയ്യുന്നതാണ്42

1 വിശദീകരണം കാണുക

42. യഅ്ഖൂബ് നബി(അ)യുടെ നിര്‍ദേശാനുസരണം മക്കള്‍ ഈജിപ്തിനെ ലക്ഷ്യമാക്കി. ധാന്യത്തിനും ബിന്‍യാമീനെ കിട്ടാനും അവിടെ പോകണമല്ലോ. കൊട്ടാരത്തില്‍ പ്രവേശിച്ച ശേഷം അവര്‍ ആദ്യം അവതരിപ്പിച്ചത് റേഷന്‍ കാര്യമായിരുന്നു. തങ്ങള്‍ വിലയായി കൊണ്ടുവന്നവ മോശപ്പെട്ട വസ്തുക്കളാണെങ്കിലും കുടുംബത്തില്‍ ദുരിതാവസ്ഥയുളളത് കൊണ്ട് അനുഭാവ പൂര്‍വം തങ്ങളെ പരിഗണിക്കണമെന്നവര്‍ അപേക്ഷിച്ചു. എന്നാല്‍ യൂസുഫ് നബി(അ)യുടെ അന്തരംഗം തിരശ്ശീലകളുയര്‍ത്താന്‍ തത്രപ്പെടുകയായിരുന്നു. അടുത്ത നിമിഷം താനത് നിര്‍വഹിക്കുകയാണ്.

فَلَمَّا دَخَلُواْ عَلَيۡهِ قَالُواْ يَٰٓأَيُّهَا ٱلۡعَزِيزُ مَسَّنَا وَأَهۡلَنَا ٱلضُّرُّ وَجِئۡنَا بِبِضَٰعَةٖ مُّزۡجَىٰةٖ فَأَوۡفِ لَنَا ٱلۡكَيۡلَ وَتَصَدَّقۡ عَلَيۡنَآۖ إِنَّ ٱللَّهَ يَجۡزِي ٱلۡمُتَصَدِّقِينَ ۝٨٨
89–90

അദ്ദേഹം ചോദിച്ചു: അറിവില്ലാത്തവരായിരുന്ന കാലത്ത് നിങ്ങള്‍ യൂസുഫിനെയും സഹോദരനെയും എന്തുചെയ്തുവെന്ന് ഓര്‍ക്കുന്നുണ്ടോ?! അവര്‍ ചോദിച്ചു: താങ്കള്‍ തന്നെയാണോ യൂസുഫ്? അദ്ദേഹം പ്രതികരിച്ചു: അതെ, ഞാനാണ് യൂസുഫ്, ഇതെന്റെ സഹോദരന്‍ ബിന്‍യാമീന്‍. നിശ്ചയം, അല്ലാഹു ഞങ്ങള്‍ക്ക് ഔദാര്യം ചെയ്തിരിക്കുന്നു. ആരെങ്കിലും സൂക്ഷ്മജീവിതം നയിക്കുകയും സഹനം കൈക്കൊള്ളുകയുമാണെങ്കില്‍ അത്തരം പുണ്യവാന്‍മാരുടെ കൂലി അല്ലാഹു പാഴാക്കുന്നതേയല്ല.43

1 വിശദീകരണം കാണുക

43. വര്‍ഷങ്ങളിലൂടെ നീണ്ടു പഴകിക്കിടക്കുന്ന നൂറുനൂറു സംഭവ പരമ്പരകളൊന്നടങ്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് യൂസുഫ് നബി(അ)യുടെ തീക്ഷ്ണമായ ചോദ്യം. യൂസുഫ് എന്ന ഒരേഒരാള്‍ക്കേ ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കാനാവൂ എന്നവര്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് നീ തന്നെയാണോ അതെന്ന് അവര്‍ തിരിച്ചു ചോദിച്ചത്.

قَالَ هَلۡ عَلِمۡتُم مَّا فَعَلۡتُم بِيُوسُفَ وَأَخِيهِ إِذۡ أَنتُمۡ جَٰهِلُونَ ۝٨٩
قَالُوٓاْ أَءِنَّكَ لَأَنتَ يُوسُفُۖ قَالَ أَنَا۠ يُوسُفُ وَهَٰذَآ أَخِيۖ قَدۡ مَنَّ ٱللَّهُ عَلَيۡنَآۖ إِنَّهُۥ مَن يَتَّقِ وَيَصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ۝٩٠
91–93

അവര്‍ പ്രതികരിച്ചു: അല്ലാഹു തന്നെ ശപഥം, അവന്‍ താങ്കളെ ഞങ്ങളെക്കാള്‍ ഉല്‍കൃഷ്ടനാക്കിയിരിക്കുന്നു. ഞങ്ങള്‍ പാപികള്‍ തന്നെയാണ്. അദ്ദേഹം വ്യക്തമാക്കി: നിങ്ങളെപ്പറ്റി ഒരധിക്ഷേപവും ഞാനിപ്പോള്‍ ഉന്നയിക്കുന്നില്ല! അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. ഏറ്റം വലിയ കരുണാവാരിധിയത്രെ അവന്‍. നിങ്ങള്‍ എന്റെ കുപ്പായവുമായിപോയി പിതൃമുഖത്ത് വെച്ചുകൊടുക്കുക; എങ്കിലദ്ദേഹം കാഴ്ചയുള്ളയാളായി പരിണമിക്കുന്നതാണ്. എന്നിട്ട് കുടുംബങ്ങളെയൊന്നടങ്കം കൂട്ടി എന്റെയടുത്തേക്ക് വരിക44

1 വിശദീകരണം കാണുക

44. സ്വഭാവ മഹിമകളുടെ ഔന്നത്യം പ്രാപിച്ചുകഴിഞ്ഞ യൂസുഫ് നബി(അ) സഹോദരന്‍മാരെ കുറ്റവിചാരണ നടത്താനൊന്നും തയ്യാറായില്ല. അവരുടെ പാപമോചനത്തിനായി അദ്ദേഹം പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് താന്‍ സഹോദരങ്ങളെ തന്റെ കുപ്പായവുമായി കന്‍ആനിലേക്ക് തിരിച്ചയക്കുകയാണ് - അവര്‍ചെന്ന് കുപ്പായം ബാപ്പാന്റെ മുഖത്തുവെച്ചാല്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുപോയ അദ്ദേഹത്തിന്റെ കണ്ണുകള്‍ വീണ്ടും കാഴ്ചയുള്ളതായി മാറും. എന്നാല്‍ ഇക്കാര്യം താനെങ്ങനെ മനസ്സിലാക്കി? അല്ലാഹു അറിയിച്ചതു തന്നെ.

قَالُواْ تَٱللَّهِ لَقَدۡ ءَاثَرَكَ ٱللَّهُ عَلَيۡنَا وَإِن كُنَّا لَخَٰطِـِٔينَ ۝٩١
قَالَ لَا تَثۡرِيبَ عَلَيۡكُمُ ٱلۡيَوۡمَۖ يَغۡفِرُ ٱللَّهُ لَكُمۡۖ وَهُوَ أَرۡحَمُ ٱلرَّٰحِمِينَ ۝٩٢
ٱذۡهَبُواْ بِقَمِيصِي هَٰذَا فَأَلۡقُوهُ عَلَىٰ وَجۡهِ أَبِي يَأۡتِ بَصِيرٗا وَأۡتُونِي بِأَهۡلِكُمۡ أَجۡمَعِينَ ۝٩٣
94–98

സാര്‍ത്ഥവാഹകസംഘം ഈജിപ്ത് വിട്ടപ്പോള്‍ തന്നെ അവരുടെ പിതാവ് പറഞ്ഞു: യൂസുഫിന്റെ ഗന്ധം ഞാന്‍ അനുഭവിക്കുക തന്നെ ചെയ്യുന്നുണ്ട്; എനിക്കു ബുദ്ധിഭ്രമമാണെന്നു നിങ്ങള്‍ അധിക്ഷേപിക്കുന്നില്ലെങ്കില്‍...! ചുറ്റുമുള്ളവര്‍ പ്രതികരിച്ചു: അല്ലാഹു തന്നെ ശപഥം, താങ്കളിപ്പോഴും ആ പഴയ മൂഢധാരണയില്‍ തന്നെയാണല്ലോ!45
അങ്ങനെ ശുഭവാര്‍ത്താ വാഹകനെത്തിയപ്പോള്‍ ആ കുപ്പായം യഅ്ഖൂബ് നബിയുടെ മുഖത്ത് വെക്കുകയും ഉടനെ താന്‍ കാഴ്ചയുള്ളവനാകുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: നിശ്ചയം നിങ്ങള്‍ക്കറിയാത്തത് അല്ലാഹുവിങ്കല്‍ നിന്നു ഞാനറിയുന്നുണ്ടെന്നു നിങ്ങളോടു ഞാന്‍ പറഞ്ഞിരുന്നില്ലേ? അവരപേക്ഷിച്ചു: ഞങ്ങളുടെ പാപമോചനത്തിനായി താങ്കള്‍ അല്ലാഹുവിനോടര്‍ഥിച്ചാലും! ഞങ്ങള്‍ കുറ്റവാളികളായിക്കഴിഞ്ഞിട്ടുണ്ട്, തീര്‍ച്ച. അദ്ദേഹം പ്രതികരിച്ചു: നിങ്ങള്‍ക്കുവേണ്ടി വഴിയെ ഞാനെന്റെ നാഥനോടര്‍ഥിക്കാം. ഏറെ പൊറുക്കുന്നവനും പരമകാരുണികനും തന്നെയാണവന്‍46

2 വിശദീകരണങ്ങൾ കാണുക

45. പ്രവാചക ശ്രേഷ്ഠനായ യഅ്ഖൂബ് നബി(അ)ന്റെ ഉള്‍ക്കാഴ്ചയെയും ദിവ്യബോധനങ്ങളെയും കുറിച്ച്, അടുത്തറിയുന്നവര്‍ക്കും ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്കുപോലും മനസ്സിലാകുന്നില്ല. വിദൂരതയില്‍ കഴിയുന്നവരും വസ്തുതകള്‍ ഗ്രഹിക്കാത്തവരും ചിന്താവിഹീനരുമായ ഉല്‍പതിഷ്ണുക്കളെപ്പറ്റി പിന്നെയെന്തു പറയാന്‍? 'ളലാല്‍' എന്ന പദം അബദ്ധം, പിഴവ്, മൂഢധാരണ തുടങ്ങിയ അര്‍ഥത്തിലാണിവിടെ സൂക്തം 95 ല്‍ പ്രയോഗിച്ചിരിക്കുന്നത്.

46. പൂര്‍വിക പ്രവാചകരില്‍ നിന്നു പൈതൃകമായി കിട്ടിയ അദ്ഭുത സിദ്ധികളുള്ള ഒരു കുപ്പായമായിരുന്നു അത് എന്നു ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും പുത്രന്‍ യൂസുഫ് നബി(അ) ജീവിച്ചിരിക്കുന്ന കാര്യവും അദ്ദേഹത്തെക്കുറിച്ച സമ്പൂര്‍ണ വിവരങ്ങളും ഗ്രഹിച്ച പിതാവ് വളരെ സന്തുഷ്ടനായി. തങ്ങള്‍ക്കു പാപമോചനത്തിനു വേണ്ടി അല്ലാഹുവിനോടു ദുആ ചെയ്യാനവര്‍ പിതാവിനോടപേക്ഷിച്ചു. തുടര്‍ന്ന്, യൂസുഫ് നബി(അ) യുടെ ക്ഷണം സ്വീകരിച്ച് ഈജിപ്തിലേക്കു പുറപ്പെടാനൊരുങ്ങുകയാണവര്‍.

وَلَمَّا فَصَلَتِ ٱلۡعِيرُ قَالَ أَبُوهُمۡ إِنِّي لَأَجِدُ رِيحَ يُوسُفَۖ لَوۡلَآ أَن تُفَنِّدُونِ ۝٩٤
قَالُواْ تَٱللَّهِ إِنَّكَ لَفِي ضَلَٰلِكَ ٱلۡقَدِيمِ ۝٩٥
فَلَمَّآ أَن جَآءَ ٱلۡبَشِيرُ أَلۡقَىٰهُ عَلَىٰ وَجۡهِهِۦ فَٱرۡتَدَّ بَصِيرٗاۖ قَالَ أَلَمۡ أَقُل لَّكُمۡ إِنِّيٓ أَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ۝٩٦
قَالُواْ يَٰٓأَبَانَا ٱسۡتَغۡفِرۡ لَنَا ذُنُوبَنَآ إِنَّا كُنَّا خَٰطِـِٔينَ ۝٩٧
قَالَ سَوۡفَ أَسۡتَغۡفِرُ لَكُمۡ رَبِّيٓۖ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ۝٩٨
99–100

അങ്ങനെ, അവര്‍ യൂസുഫ് നബിയുടെ അടുത്ത് എത്തിയപ്പോള്‍ മാതാപിതാക്കളെയദ്ദേഹം ആശ്ലേഷിച്ചു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനപൂര്‍ണരായി നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുക എന്നദ്ദേഹം സ്വാഗതമോതി; മാതാപിതാക്കളെ സിംഹാസനത്തിലിരുത്തി. എല്ലാവരും തനിക്ക് സാഷ്ടാംഗപ്രണാമമര്‍പ്പിച്ചു47
അദ്ദേഹം പ്രതിവചിച്ചു: എന്റെ വന്ദ്യപിതാവേ, ഞാന്‍ പണ്ടുകണ്ട കിനാവിന്റെ വ്യാഖ്യാനമാണിത്. എന്റെ നാഥനത് സാക്ഷാല്‍കരിച്ചിരിക്കയാണ്. ജയില്‍ വിമുക്തനാക്കിയപ്പോഴും സഹോദരങ്ങള്‍ക്കും എനിക്കും മധ്യേ പിശാച് കുഴപ്പമുണ്ടാക്കിയതിനു ശേഷം മരുഭൂമിയില്‍ നിന്നു നിങ്ങളെയിവിടെ സന്നിഹിതരാക്കിയപ്പോഴും അവനെനിക്ക് മികച്ച നന്മയാണ് വര്‍ഷിച്ചത്. നിശ്ചയം എന്റെ നാഥന്‍ താനുദ്ദേശിക്കുന്ന വിഷയങ്ങളുടെ അതിസൂക്ഷ്മ സംവിധായകനാണ്. സര്‍വജ്ഞനും അതീവ യുക്തിമാനുമത്രേ അവന്‍48

2 വിശദീകരണങ്ങൾ കാണുക

47. ഇവിടെ പറഞ്ഞ സാഷ്ടാംഗം ഇബാദത്ത് അല്ല; അത് അല്ലാഹുവിനേ പാടുള്ളുവല്ലോ. ബഹുമാനാദരവുകളുടെ പ്രകടനമായി പൂര്‍വിക സമുദായങ്ങളില്‍ അനുവദിക്കപ്പെട്ടിരുന്ന ഒരു വിശിഷ്ട അഭിവാദനമാണത്. അക്കാലത്ത് രാജാക്കന്‍മാര്‍ക്കുള്ള അഭിവാദനം ഈ രീതിയിലായിരുന്നു എന്നു ഇമാം ഇബ്‌നു ജരീര്‍ തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് അല്ലാഹു നല്‍കിയ നിസ്തുലവും അമൂല്യവുമായ അനുഗ്രഹങ്ങളെക്കുറിച്ചാണ് യൂസുഫ് നബി(അ) ഇവിടെ അനുസ്മരിക്കുന്നത്.

48. ഓരോ കാര്യവും എത്ര വിസ്മയകരവും അവിശ്വസനീയവുമായാണ് അല്ലാഹു സംവിധാനിക്കുകയെന്ന് നാമാലോചിക്കാറുണ്ടോ? ഇവിടെ സംഭവിച്ചതെന്താണ്. കുടുംബത്തില്‍ നിന്ന് ദൂരീകൃതനായി മരണത്തിലേക്ക് തള്ളിവിടപ്പെട്ട യൂസുഫ് നബി(അ) കിണറ്റിലൂടെ, അടിമച്ചന്തയിലൂടെ വന്ന് കൊട്ടാരത്തിലെ പെണ്‍വലയവും ജയിലും തരണംചെയ്ത് ഈജിപ്തിലെ അസീസും രാജാവുമായിത്തീര്‍ന്നു. മാതാപിതാക്കളും സഹോദരങ്ങളും അവരുടെ മക്കളും പൗത്രരുമായി നൂറോളം പേരാണ് ആദ്യം ഈജിപ്തിലുണ്ടായിരുന്നത്. പിന്നീടവര്‍ ലക്ഷങ്ങളായി പെരുകി. അല്ലാഹുവിന്റെ സംവിധാനങ്ങളാണിതെല്ലാം.

فَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَبَوَيۡهِ وَقَالَ ٱدۡخُلُواْ مِصۡرَ إِن شَآءَ ٱللَّهُ ءَامِنِينَ ۝٩٩
وَرَفَعَ أَبَوَيۡهِ عَلَى ٱلۡعَرۡشِ وَخَرُّواْ لَهُۥ سُجَّدٗاۖ وَقَالَ يَٰٓأَبَتِ هَٰذَا تَأۡوِيلُ رُءۡيَٰيَ مِن قَبۡلُ قَدۡ جَعَلَهَا رَبِّي حَقّٗاۖ وَقَدۡ أَحۡسَنَ بِيٓ إِذۡ أَخۡرَجَنِي مِنَ ٱلسِّجۡنِ وَجَآءَ بِكُم مِّنَ ٱلۡبَدۡوِ مِنۢ بَعۡدِ أَن نَّزَغَ ٱلشَّيۡطَٰنُ بَيۡنِي وَبَيۡنَ إِخۡوَتِيٓۚ إِنَّ رَبِّي لَطِيفٞ لِّمَا يَشَآءُۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ ۝١٠٠
101

യൂസുഫ് നബി ദുആ ചെയ്തു: എന്റെ രക്ഷിതാവേ, എനിക്കു നീ രാജാധികാരം നല്‍കുകയും സ്വപ്നവ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്തു. ഭുവന - വാനങ്ങളുടെ സ്രഷ്ടാവേ, ഇഹലോകത്തും പരലോകത്തും നീയാണ് എന്റെ സംരക്ഷകന്‍. എന്നെ നീ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളിലുള്‍പ്പെടുത്തുകയും ചെയ്യേണമേ49

1 വിശദീകരണം കാണുക

49. ഭൗതിക പ്രൗഢിയുടെ കൊടുമുടിയിലെത്തിയിട്ടും പാരത്രിക വിജയത്തിന്നും സജ്ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിനുമാണ് യൂസുഫ് നബി(അ) ദുആ ചെയ്യുന്നത് എന്ന വസ്തുത പ്രത്യേകം ചിന്തോദ്ദീപകവും പഠനാര്‍ഹവും മാതൃകായോഗ്യവുമാണ്.

۞ رَبِّ قَدۡ ءَاتَيۡتَنِي مِنَ ٱلۡمُلۡكِ وَعَلَّمۡتَنِي مِن تَأۡوِيلِ ٱلۡأَحَادِيثِۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ أَنتَ وَلِيِّۦ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ تَوَفَّنِي مُسۡلِمٗا وَأَلۡحِقۡنِي بِٱلصَّٰلِحِينَ ۝١٠١
102–104

ഇവയത്രയും അദൃശ്യ വൃത്താന്തങ്ങളില്‍ പെട്ടതാണ്. ദിവ്യസന്ദേശമായി താങ്കള്‍ക്കു നാമിത് നല്‍കിയിരിക്കുന്നു. (യൂസുഫ് നബിക്കെതിരെ)നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പദ്ധതികളാവിഷ്‌കരിച്ചപ്പോള്‍ അവരൊന്നിച്ചു താങ്കളുണ്ടായിരുന്നില്ല.50
താങ്കളെത്ര കൊതിച്ചാലും മിക്കമനുഷ്യരും സത്യവിശ്വാസം വരിക്കയില്ല. ഈ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അവരില്‍ നിന്നു ഒരു പ്രതിഫലവും അങ്ങ് ചോദിക്കുന്നില്ല. പ്രപഞ്ചത്തിനൊന്നാകെയുള്ള ഒരു ഉദ്‌ബോധനം തന്നെയാണ് ഈ ഖുര്‍ആന്‍.

1 വിശദീകരണം കാണുക

50. മേല്‍സംഭവങ്ങള്‍ ഇങ്ങനെ വസ്തുനിഷ്ഠമായും കൃത്യമായും വിവരിക്കത്തക്കവിധം ആ സംഭവങ്ങളുടെ ദൃക്‌സാക്ഷിയായിരുന്നില്ല താങ്കള്‍; മറിച്ച് അല്ലാഹുവിങ്കള്‍ നിന്നുള്ള ദിവ്യസന്ദേശം ലഭിച്ചതനുസരിച്ചാണ് അങ്ങ് കഥകള്‍ പറയുന്നതും വസ്തുതകള്‍ വിവരിക്കുന്നതും. ഇവയിലൊന്നും സന്ദേഹം അശേഷമില്ല.

ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۖ وَمَا كُنتَ لَدَيۡهِمۡ إِذۡ أَجۡمَعُوٓاْ أَمۡرَهُمۡ وَهُمۡ يَمۡكُرُونَ ۝١٠٢
وَمَآ أَكۡثَرُ ٱلنَّاسِ وَلَوۡ حَرَصۡتَ بِمُؤۡمِنِينَ ۝١٠٣
وَمَا تَسۡـَٔلُهُمۡ عَلَيۡهِ مِنۡ أَجۡرٍۚ إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝١٠٤
105–107

ഭുവന - വാനങ്ങളിലുള്ള എത്രയെത്ര ദൃഷ്ടാന്തങ്ങള്‍ക്കരികിലൂടെയാണു നിഷേധികള്‍ നടന്നുപോകുന്നത്! അവയെക്കുറിച്ച് അവര്‍ പിന്തിരിഞ്ഞ് കളയുകയാണ്. മറ്റുവസ്തുക്കളെ അല്ലാഹുവിനോട് പങ്കാളികളാക്കിക്കൊണ്ടു മാത്രമേ അവരില്‍ മിക്കവരും വിശ്വസിക്കുന്നുള്ളൂ. തങ്ങളെ ഗ്രസിച്ചുകളയുന്ന എന്തെങ്കിലും ദൈവികശിക്ഷ വന്നെത്തുകയോ യദൃച്ഛയാ അന്ത്യനാള്‍ ആസന്നമാവുകയോ ചെയ്യുന്നതിനെക്കുറിച്ച് വിശ്വസ്തരായിരിക്കുകയാണോ അവര്‍?51

1 വിശദീകരണം കാണുക

51. നിഷേധികളുടെ ചിന്താശൂന്യതയിലേക്കും വിവേകരാഹിത്യത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. തങ്ങളുടെ പൂര്‍വികന്‍മാര്‍ ഉന്‍മൂലനത്തിന് വിധേയരായ എത്രയെത്ര മേഖലയിലൂടെയാണ് നബി(സ്വ)യുടെയും ഖുര്‍ആന്റെയും ശത്രുക്കള്‍ സഞ്ചരിക്കുന്നത്. എന്നിട്ടും അവര്‍ ബഹുദൈവങ്ങളെ വരിക്കുന്നു. അന്ത്യനാള്‍ വരികയോ ദൈവികശിക്ഷയിറങ്ങുകയോ ചെയ്യുമ്പോള്‍ അവരെ രക്ഷപ്പെടുത്തുവാന്‍ ഏതൊരു ശക്തിയാണുണ്ടാവുക!

وَكَأَيِّن مِّنۡ ءَايَةٖ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يَمُرُّونَ عَلَيۡهَا وَهُمۡ عَنۡهَا مُعۡرِضُونَ ۝١٠٥
وَمَا يُؤۡمِنُ أَكۡثَرُهُم بِٱللَّهِ إِلَّا وَهُم مُّشۡرِكُونَ ۝١٠٦
أَفَأَمِنُوٓاْ أَن تَأۡتِيَهُمۡ غَٰشِيَةٞ مِّنۡ عَذَابِ ٱللَّهِ أَوۡ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝١٠٧
108

നബീ, പ്രഖ്യാപിക്കുക: ഇതാണ് എന്റെ മാര്‍ഗം-അല്ലാഹുവിന്റെ വഴിയിലേക്കു ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്തുടര്‍ന്നവരും ഉള്‍ക്കാഴ്ചയോടെയാണ് നിലകൊള്ളുന്നത്. അല്ലാഹു പരിശുദ്ധനത്രെ; ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല.52

1 വിശദീകരണം കാണുക

52. നബി(സ്വ)യുടെ മൗലികലക്ഷ്യത്തിന്റെ വിളംബരവും പ്രഖ്യാപനവുമാണിവിടെ സൂചിപ്പിക്കുന്നത്. മുഴുവന്‍ ദൈവദൂതരും അവരുടെ പിന്‍മുറക്കാരായി ഖിയാമനാള്‍ വരെ രംഗത്തുവരാനിരിക്കുന്ന സര്‍വമതപ്രബോധകരും ഈ ഉദ്ദേശ്യലക്ഷ്യങ്ങളോടെയും വിശേഷണങ്ങളോടെയുമാണ് ജിവിച്ചത്, ജീവിക്കേണ്ടത്.

قُلۡ هَٰذِهِۦ سَبِيلِيٓ أَدۡعُوٓاْ إِلَى ٱللَّهِۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِيۖ وَسُبۡحَٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ ۝١٠٨
109

അങ്ങേക്ക് മുമ്പ് നാം ദൈവദൂതന്‍മാരായി നിയമിച്ചിരുന്നത് പട്ടണവാസികളായ പുരുഷന്‍മാരെത്തന്നെയാണ്; അവര്‍ക്ക് നാം ബോധനം നല്‍കുകയുണ്ടായി. നിഷേധികള്‍ ഭൂമിയില്‍ സഞ്ചരിക്കുകയും തങ്ങളുടെ പൂര്‍വികരുടെ പരിണതി എങ്ങനെയായിരുന്നുവെന്ന് കണ്ടുമനസ്സിലാക്കുകയും ചെയ്യുന്നില്ലേ? സൂക്ഷ്മാലുക്കള്‍ക്ക് പാരത്രികസദനമാണ് ഉദാത്തമായിട്ടുള്ളത്. ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ നിങ്ങള്‍?53

1 വിശദീകരണം കാണുക

53. പൗരാണിക കാലത്ത് നല്ലൊരു വിഭാഗം ജനങ്ങള്‍ ഗ്രാമവാസികളായിരുന്നു. എന്നാല്‍ വിദ്യയും സംസ്‌കാരവും സല്‍സ്വഭാവ മൂല്യങ്ങളും അന്നു പട്ടണവാസികള്‍ക്കാണുണ്ടാവുക. അക്കാരണത്താല്‍ അത്തരക്കാരായ പുരുഷന്‍മാരെയാണ് ദൈവദൂതരായി നിശ്ചയിക്കപ്പെട്ടിരുന്നത്. നബി(സ്വ)യുടെ സ്ഥിതിയും ഇതുതന്നെയാണ്. അതുകൊണ്ട് ബഹുദൈവ വിശ്വാസികള്‍ നബി(സ്വ)യെ തള്ളിപ്പറയുന്നത് തീര്‍ത്തും നിരര്‍ഥകമാണ്. നിഷേധികളുടെ പരിണതി എത്രമാത്രം ദയനീയമായിരുന്നുവെന്ന് ഖുറൈശിനും മറ്റുമൊക്കെ ചരിത്രത്തില്‍ നിന്നു നന്നായി വായിച്ചെടുക്കാമല്ലോ.

وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِم مِّنۡ أَهۡلِ ٱلۡقُرَىٰٓۗ أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۗ وَلَدَارُ ٱلۡأٓخِرَةِ خَيۡرٞ لِّلَّذِينَ ٱتَّقَوۡاْۚ أَفَلَا تَعۡقِلُونَ ۝١٠٩
110

(നിഷേധികളുടെ സീമയറ്റ വിളയാട്ടമുണ്ടായപ്പോള്‍) ദൈവദൂതന്‍മാര്‍ ഹതാശരാവുകയും ജനങ്ങളാല്‍ തങ്ങള്‍ വ്യാജരാക്കപ്പെട്ടിരിക്കുന്നുവെന്ന് വിചാരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് കിട്ടി; അങ്ങനെ നാമുദ്ദേശിച്ചവര്‍ സുരക്ഷിതരായി. അധര്‍മകാരികളായ ജനതയില്‍ നിന്നു നമ്മുടെ ശിക്ഷ തട്ടിമാറ്റപ്പെടുന്നതല്ല54

1 വിശദീകരണം കാണുക

54. ചരിത്രത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ധിക്കാരികള്‍ ചിലപ്പോഴൊക്കെ അക്ഷന്തവ്യമായ വിളയാട്ടം നടത്തിയതായി കാണാം. പ്രവാചകര്‍ നിരാശയുടെ വക്കോളമെത്തി; ജനങ്ങള്‍- ദൈവസഹായം കിട്ടാഞ്ഞിട്ട്-അവരെ കളിയാക്കി, തള്ളിപ്പറഞ്ഞു. എന്നാല്‍ ഒടുവില്‍ അല്ലാഹുവിന്റെ സഹായം കിട്ടുകയും വിശ്വാസികള്‍ സംതൃപ്തരാവുകയും ചെയ്തു.

حَتَّىٰٓ إِذَا ٱسۡتَيۡـَٔسَ ٱلرُّسُلُ وَظَنُّوٓاْ أَنَّهُمۡ قَدۡ كُذِبُواْ جَآءَهُمۡ نَصۡرُنَا فَنُجِّيَ مَن نَّشَآءُۖ وَلَا يُرَدُّ بَأۡسُنَا عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ ۝١١٠
111

നിശ്ചയം, അവരുടെ കഥാകഥനങ്ങളില്‍ ബുദ്ധിമാന്‍മാര്‍ക്ക് വലിയ ഗുണപാഠമുണ്ട്. കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു വൃത്താന്തമല്ല ഈ ഖുര്‍ആന്‍; പ്രത്യുത പൂര്‍വവേദങ്ങളെ ശരിവെക്കുന്നതും എല്ലാവിഷയങ്ങളെയും അധികരിച്ചുള്ള ഒരു പ്രതിപാദനവും സത്യവിശ്വാസം കൈക്കൊള്ളുന്ന ജനതതിക്ക് സന്‍മാര്‍ഗ ദര്‍ശനവും ദിവ്യാനുഗ്രഹവുമാകുന്നു55

1 വിശദീകരണം കാണുക

55. പൂര്‍വികരുടെ കഥാകഥനങ്ങളിലും ചരിത്രപ്രതിപാദനങ്ങളിലും ചിന്താശീലരും ബുദ്ധിമാന്‍മാരുമായ ആളുകള്‍ക്ക് ഒട്ടേറെ ഗുണപാഠങ്ങളുണ്ട്. അതുള്‍ക്കൊള്ളുകയാണ് വേണ്ടത്; എന്നല്ലാതെ മുന്‍വിധിയോടെയും അന്ധമായും നിഷേധിക്കയല്ല. ഒരു ദിവ്യദാനവും അനുഗ്രഹവുമാണിത്. പൂര്‍വവേദങ്ങളെയൊക്കെ ഇത് ശരിവെക്കുന്നു. മാനവകുലത്തിന് ആകമാനമുള്ള സന്ദേശമത്രേ ഈ ഖുര്‍ആന്‍. (സൂറത്തു ഇബ്രാഹീം: 52)

لَقَدۡ كَانَ فِي قَصَصِهِمۡ عِبۡرَةٞ لِّأُوْلِي ٱلۡأَلۡبَٰبِۗ مَا كَانَ حَدِيثٗا يُفۡتَرَىٰ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ كُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ۝١١١