27–31
നിശ്ചയം, ക്ഷണികമായ ഐഹിക ജീവിതമാണ് നിഷേധികള്‍ ആഗ്രഹിക്കുന്നത്; വരാന്‍ പോകുന്ന ദുര്‍വഹമായ അന്ത്യനാളിന്റെ കാര്യം അവര്‍ വിട്ടുകളയുകയും ചെയ്യുന്നു. നാമാണ് അവരെ പടച്ചുണ്ടാക്കിയതും അവരുടെ സൃഷ്ടിപ്പ് ദൃഢീകരിച്ചതും7
നാം വിചാരിക്കുകയാണെങ്കില്‍ അവര്‍ക്കു പകരം തത്തുല്യരെ കൊണ്ടുവരുന്നതാകുന്നു. നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥങ്കലേക്കുള്ള ഒരു വഴി ഉണ്ടാക്കിക്കൊള്ളട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ; നിശ്ചയം അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അതിക്രമകാരികള്‍ക്ക് വേദനാനിര്‍ഭരമായ ശിക്ഷ അവന്‍ സജ്ജീകരിച്ചിരിക്കുന്നു8
2 വിശദീകരണങ്ങൾ കാണുക
7. തീരേ ബുദ്ധിശൂന്യമായ നിലപാടാണ് ബഹുദൈവ വിശ്വാസികളുടേത്. അഞ്ചോ ആറോ ദശകങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഭൗതിക ജീവിതത്തിന്റെ പകിട്ടും പത്രാസുമാണ് അവര്‍ കാണുന്നതും ലക്ഷീകരിക്കുന്നതും; അതേ സമയം, ശാശ്വതമായ പാരത്രിക ജീവിതം ക്ഷേമകരമാക്കുന്നതിനു വേണ്ടി യാതൊന്നും തന്നെ പ്രവര്‍ത്തിക്കുന്നുമില്ല. മഹ്ശറിന്റെയും വിചാരണയുടെയും നരകത്തിന്റെയും ഭയാനകതകളും വിഹ്വലതകളും എത്ര രൂക്ഷവും തീക്ഷ്ണവുമാണ്! നാമവരെ സൃഷ്ടിക്കുകയും ജീവിത സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയുമുണ്ടായെങ്കിലും അതിനൊന്നുമവര്‍ കൃതജ്ഞത കാട്ടിയില്ല.
8. അല്ലാഹുവിന്റെ നിര്‍ണയമനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ മനുഷ്യനു ഉദ്ദേശിക്കാനും ചിന്തിക്കാനും പ്രയോഗവല്‍ക്കരിക്കാനും സാധിക്കുകയുള്ളു. അതനുസരിച്ചു തന്നെയാണ് അല്ലാഹുവിന്റെ കാരുണ്യത്തിനും അതുവഴി സ്വര്‍ഗപ്രവേശനത്തിനും മനുഷ്യര്‍ അര്‍ഹരാകുന്നത്. എന്നാല്‍ അതിക്രമികളും അഹങ്കാരികളും അവിശ്വാസികളുമായവര്‍ക്ക് അവന്റെ അനുഗ്രഹമോ സംതൃപ്തിയോ നേടാന്‍ സാധിക്കുകയില്ല. അവര്‍ ശാശ്വത പരാജയത്തിലും നരകത്തിലുമാണ് എത്തിച്ചേരുക. അല്ലാഹു നമ്മെ കാക്കട്ടെ.
إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلۡعَاجِلَةَ وَيَذَرُونَ وَرَآءَهُمۡ يَوۡمٗا ثَقِيلٗا ٢٧
نَّحۡنُ خَلَقۡنَٰهُمۡ وَشَدَدۡنَآ أَسۡرَهُمۡۖ وَإِذَا شِئۡنَا بَدَّلۡنَآ أَمۡثَٰلَهُمۡ تَبۡدِيلًا ٢٨
إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلٗا ٢٩
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ٣٠
يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّٰلِمِينَ أَعَدَّ لَهُمۡ عَذَابًا أَلِيمَۢا ٣١