പുനരുത്ഥാനനാള്‍ കൊണ്ടും സ്വയം കുറ്റപ്പെടുത്തുന്ന ആത്മാവിനെക്കൊണ്ടും ഞാനിതാ ശപഥം ചെയ്യുന്നു1
നാം മനുഷ്യന്റെ അസ്ഥികള്‍ ശേഖരിക്കുകയില്ലെന്ന് അവന്‍ ധരിച്ചിരിക്കുകയാണോ? അതെ, അവന്റെ വിരല്‍തുമ്പുകള്‍ പോലും ശരിപ്പെടുത്താന്‍ ശക്തരാണ് നാം. എന്നിട്ടും തന്റെ മുമ്പിലുള്ള പുനര്‍ജന്മത്തില്‍ അധര്‍മകാരിയാകാനാണവന്റെ ഉദ്ദേശ്യം. അന്ത്യനാള്‍ എപ്പോഴാണ് എന്നാണവന്റെ പരിഹാസച്ചോദ്യം. എന്നാല്‍, കണ്ണുകള്‍ തള്ളിപ്പോവുകയും ചന്ദ്രന്‍ ഗ്രഹണബാധിതമാവുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചു ചേര്‍ക്കപ്പെടുകയും ചെയ്താല്‍ 'എങ്ങോട്ടാണ് ഓടി രക്ഷപ്പെടുക' എന്ന് നിഷേധിയായ മനുഷ്യന്‍ ചോദിക്കും2
2 വിശദീകരണങ്ങൾ കാണുക
1. വിശ്വാസികളായ സജ്ജനങ്ങളുടെ ആത്മാവിനെ പിടിച്ചാണ് സത്യം ചെയ്യുന്നത്. അല്ലാഹുവുമായുള്ള കടപ്പാടുകളില്‍ വീഴ്ച സംഭവിച്ചാല്‍ ആ മനസ്സ് കുറ്റപ്പെടുത്തുകയും ആ വ്യക്തിയെ ഗുണദോഷിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് പുനര്‍ജന്മവും വിചാരണയും തുടര്‍ന്ന് സ്വര്‍ഗ നരകങ്ങളുമുണ്ടാകും എന്നാണിവിടെ, ശപഥം ചെയ്തു വ്യക്തമാക്കുന്നത്.
2. മരിച്ച് മണ്ണടിഞ്ഞ് അസ്ഥികള്‍ ദ്രവിച്ചു പോയാല്‍ പിന്നെ എങ്ങനെയൊരു പുനര്‍ജന്മം എന്ന ദുര്‍ബലമായ ഭൗതിക മാനദണ്ഡമാണ് നിഷേധിവശമുള്ളത്. എന്നാല്‍, കേവലം പുനര്‍ജീവിപ്പിക്കല്‍ മാത്രമല്ല, വിരല്‍തുമ്പുകളിലെ അതി സൂക്ഷ്മരേഖകള്‍ സഹിതം തന്നെ നാം വീണ്ടും ശരിപ്പെടുത്തുമെന്നാണ് അല്ലാഹു പറയുന്നത്. പതിനാല് നൂറ്റാണ്ടു മുമ്പുള്ള ഈ പ്രവചനത്തിന്റെ വ്യാപ്തിയും വലിപ്പവും നിഗൂഢതകളും അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രം അനാവരണം ചെയ്തത്. അനേക കോടി ജനങ്ങള്‍ ലോകത്ത് ജീവിച്ചു കൊണ്ടിരിക്കുന്നുണ്ട്; അതിലേറെ പേര്‍ മരിച്ചു പോയി. ഇവരുടെ സര്‍വരുടെയും വിരല്‍തുമ്പുകള്‍ വ്യത്യസ്തമാണ്. ഒന്നും മറ്റൊന്നുമായി സദൃശമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. അത്രയേറെ നിഗൂഢമായവ പോലും അല്ലാഹു പുനഃസൃഷ്ടി നടത്തുമെന്ന് താല്‍പര്യം.