Sunday, 11 October 2026 Hijri: — 11:47:53 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ മുദ്ദസ്സിർ المدثر Al-Muddaththir

Surah 74 മക്കിയ്യ • مكية • Makkiyah 56 ആയത്തുകൾ • 56 Ayahs

സൂറത്ത് അൽ മുദ്ദസ്സിർ (Al-Muddaththir), ഖുർആൻ അധ്യായം 74 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 56 ആയത്തുകൾ വായിക്കുക. Read Surah Al-Muddaththir with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–10

ഹേ മൂടിപ്പുതച്ച നബീ, എഴുന്നേറ്റ് സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയും നാഥനെ മഹത്ത്വവല്‍ക്കരിക്കുകയും ഉടയാടകള്‍ ശുദ്ധിയാക്കുകയും ബിംബസംസ്‌കാരം വര്‍ജിക്കുകയും ചെയ്യുക1
കൂടുതല്‍ തിരിച്ചുകിട്ടണമെന്ന് മോഹിച്ച് ദാനം ചെയ്യരുത്. നാഥനു വേണ്ടി എല്ലാം സഹിക്കുക. എന്നാല്‍ കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് നിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദുഷ്‌കര ദിനമായിരിക്കും.

1 വിശദീകരണം കാണുക

1. അല്‍മുദ്ദസ്സിര്‍ എന്നതും നബി(സ്വ)യുടെ ഒരു വിശേഷണ നാമമാണ്. ഈ കാര്യങ്ങള്‍ തിരുമേനിയെ വിളിച്ചാണ് കല്‍പിക്കുന്നതെങ്കിലും ഉദ്ദേശ്യം ഉമ്മത്താണ്. നേതാവ് എന്ന പരിഗണനയില്‍ അവിടത്തെ വിളിച്ചു പറഞ്ഞു എന്നുമാത്രം. ബിംബങ്ങളെയും ജാഹിലീ സംസ്‌കാരവും വര്‍ജിക്കണമെന്നാണ് കല്‍പിക്കുന്നത്. യൂറോപ്യരും അമേരിക്കക്കാരും മറ്റുമെല്ലാം പ്രാകൃതരും കാട്ടുമനുഷ്യരുമായി നടന്നിരുന്ന കാലത്താണ് ഖുര്‍ആന്റെ അനുയായികള്‍ ഈ മഹനീയ കല്‍പനകള്‍ ഉദ്‌ബോധിപ്പിക്കപ്പെടുന്നത് എന്ന് പ്രത്യേകം പരിഗണിക്കണം. സര്‍വമാലിന്യങ്ങളില്‍ നിന്നും മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കണമെന്നാണ് ഈ ആലങ്കാരിക പ്രയോഗത്തിന്റെ താല്‍പര്യമെന്നാണ് മഹാനായ ഇബ്‌നുഅബ്ബാസ്(റ) വിശദീകരിക്കുന്നത്.

يَٰٓأَيُّهَا ٱلۡمُدَّثِّرُ ۝١
قُمۡ فَأَنذِرۡ ۝٢
وَرَبَّكَ فَكَبِّرۡ ۝٣
وَثِيَابَكَ فَطَهِّرۡ ۝٤
وَٱلرُّجۡزَ فَٱهۡجُرۡ ۝٥
وَلَا تَمۡنُن تَسۡتَكۡثِرُ ۝٦
وَلِرَبِّكَ فَٱصۡبِرۡ ۝٧
فَإِذَا نُقِرَ فِي ٱلنَّاقُورِ ۝٨
فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ ۝٩
عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ ۝١٠
11–25

എന്നെയും ഏകനായി ഞാന്‍ സൃഷ്ടിച്ച ഒരാളെയും വിട്ടേക്കൂ; ഞാനവന്ന് സമൃദ്ധമായ സമ്പത്തും സര്‍വസജ്ജരായ സന്താനങ്ങളെയും നല്‍കുകയും ഒട്ടേറെ സൗകര്യങ്ങളൊരുക്കുകയും ചെയ്തു. ഇനിയും ഞാന്‍ വര്‍ധന നല്‍കണമെന്നാണവന്റെ വ്യാമോഹം! കാര്യമങ്ങനെയല്ല, നമ്മുടെ സൂക്തങ്ങളോട് അവന്‍ മാത്സര്യ മനഃസ്ഥിതി കാട്ടുകയാണുണ്ടായത്2
ദുഷ്‌കരമായ മലകയറ്റത്തിന്ന് നാമവനെ നിര്‍ബന്ധിക്കാന്‍ പോകയാണ്. നിശ്ചയം, അവനൊന്നു ആലോചിച്ചു നോക്കുകയും കണക്കുകൂട്ടുകയുമുണ്ടായി. തുലയട്ടെ അവന്‍! എന്താണവന്‍ കണക്കു കൂട്ടിയത്? വീണ്ടും അവന്ന് നാശം ഭവിക്കട്ടെ; എങ്ങനെയാണവന്‍ കണക്കു കൂട്ടിയത്? പിന്നെയും അവന്‍ ഒന്ന് ചിന്തിക്കുകയും മുഖം ചുളിക്കുകയും കറുപ്പിക്കുകയും ചെയ്ത് പിന്നോട്ട് മാറി അഹങ്കാര പ്രകടനം നടത്തിയിട്ട് ജല്‍പിച്ചു: ഉദ്ധരിക്കപ്പെടുന്ന ഒരു ആഭിചാരം മാത്രമാണ് ഈ ഖുര്‍ആന്‍; മനുഷ്യവചനമല്ലാതെ മറ്റൊന്നുമല്ല ഇത്3

2 വിശദീകരണങ്ങൾ കാണുക

2. നബി(സ്വ)യുടെയും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധവൈരിയും കഠിനമര്‍ദകനുമായിരുന്ന വലീദുബ്‌നുല്‍മുഗീറ അല്‍മഖ്‌സൂമിയുടെ വിഷയത്തിലാണ് 11-ാം സൂക്തം മുതലുള്ള കുറേ ആയത്തുകള്‍ അവതരിച്ചത്. ഒരിക്കല്‍ ഖുര്‍ആനെ അംഗീകരിച്ച അവന്‍ പിന്നെ തള്ളിപ്പറഞ്ഞു.

3. വലീദിന്റെ കഥ പ്രസിദ്ധമാണ്. കഅ്ബക്കു സമീപം നമസ്‌കരിക്കുകയായിരുന്ന നബി(സ്വ)യുടെ ഖുര്‍ആന്‍ പാരായണം സശ്രദ്ധം ശ്രവിക്കാന്‍ ഒരിക്കല്‍ അവനു സുവര്‍ണാവസരം കിട്ടി. കേട്ടുകഴിഞ്ഞപ്പോള്‍ മനഃപരിവര്‍ത്തനമുണ്ടായി. സ്വന്തം കുടുംബമായ ബനൂമഖ്‌സൂമിനോട് ഖുര്‍ആനെ ശ്ലാഘിച്ചും അംഗീകരിച്ചും സംസാരിച്ചു. അവരാകെ ഇളകിവശായി. എന്നാല്‍ അബൂജഹ്ല്‍ ശക്തമായി ഇടപെട്ട് വലീദിനെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി പഴയപടി തന്നെയാക്കി. തത്സമയത്താണ് ഈ സൂക്തങ്ങളുടെ അവതരണം. മലകയറുക എന്നാല്‍ നരകത്തിലെ തീയിന്റെ മലയാണ്. അതുകയറാന്‍ അവന്‍ നിര്‍ബന്ധിതനാകും. അള്ളിപ്പിടിച്ച് കയറി മുകളിലെത്തും മുമ്പ് ഉരുണ്ട് വീഴും. കാലാകാലവും ഈ പ്രക്രിയ തന്നെ...!.

ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا ۝١١
وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا ۝١٢
وَبَنِينَ شُهُودٗا ۝١٣
وَمَهَّدتُّ لَهُۥ تَمۡهِيدٗا ۝١٤
ثُمَّ يَطۡمَعُ أَنۡ أَزِيدَ ۝١٥
كـَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا ۝١٦
سَأُرۡهِقُهُۥ صَعُودًا ۝١٧
إِنَّهُۥ فَكَّرَ وَقَدَّرَ ۝١٨
فَقُتِلَ كَيۡفَ قَدَّرَ ۝١٩
ثُمَّ قُتِلَ كَيۡفَ قَدَّرَ ۝٢٠
ثُمَّ نَظَرَ ۝٢١
ثُمَّ عَبَسَ وَبَسَرَ ۝٢٢
ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ ۝٢٣
فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ ۝٢٤
إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ ۝٢٥
26–30

അവനെ നാം സഖര്‍ എന്ന നരകത്തിലിട്ട് ജ്വലിപ്പിക്കും! എന്താണ് 'സഖര്‍' എന്ന് താങ്കള്‍ക്കറിയുമോ? അത് യാതൊന്നും വിട്ടുകളയുകയോ അവശേഷിപ്പിക്കുകയോ ചെയ്യില്ല. ചര്‍മം കരിച്ച് വികൃതരൂപമാക്കും; പത്തൊമ്പത് പേര്‍ അതിന്റെ മേല്‍നോട്ടത്തിനുണ്ടായിരിക്കും.

سَأُصۡلِيهِ سَقَرَ ۝٢٦
وَمَآ أَدۡرَىٰكَ مَا سَقَرُ ۝٢٧
لَا تُبۡقِي وَلَا تَذَرُ ۝٢٨
لَوَّاحَةٞ لِّلۡبَشَرِ ۝٢٩
عَلَيۡهَا تِسۡعَةَ عَشَرَ ۝٣٠
31

നരകത്തിന്റെ കാര്യദര്‍ശികളായി മലക്കുകളെയേ നാം നിശ്ചയിച്ചിട്ടുള്ളു. സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണവിഷയം മാത്രമാണവരുടെ എണ്ണം- വേദക്കാര്‍ക്ക് ദൃഢവിശ്വാസമുണ്ടാകാനും മുഅ്മിനുകളുടെ വിശ്വാസ വര്‍ധനക്കും വേദക്കാരും വിശ്വാസികളും സന്ദേഹികളാകാതിരിക്കാനും 'ഈ ഉദാഹരണം കൊണ്ട് അല്ലാഹുവിന്റെ ഉദ്ദേശ്യമെന്താണ്' എന്ന് കപടന്മാരും നിഷേധികളും പരിഹസിക്കാനും വേണ്ടി4
ഇപ്രകാരം താനുദ്ദേശിക്കുന്നവരെ അല്ലാഹു വഴിതെറ്റിക്കുകയും ഉദ്ദേശിക്കുന്ന മറ്റുചിലരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. താങ്കളുടെ നാഥന്റെ സൈന്യങ്ങളെ അവനു മാത്രമേ അറിയൂ. മനുഷ്യര്‍ക്കുള്ള ഒരു ഉദ്‌ബോധനം മാത്രമാണ് ഈ നരകം5

2 വിശദീകരണങ്ങൾ കാണുക

4. നരകത്തിന്റെ കാവല്‍ക്കാര്‍ പത്തൊമ്പത് മലക്കുകളാണ് എന്ന എണ്ണം നിശ്ചയിച്ചത് ഒരു പരീക്ഷണമാണ്. മുസ്‌ലിംകള്‍ അത് അപ്പടി വിശ്വസിക്കുകയാണ് വേണ്ടത്. അല്ലാഹുവും ഖുര്‍ആനും നബി(സ്വ)യും എന്തുപറഞ്ഞാലും അവരുടെ രീതി അതാണല്ലോ. എന്നാല്‍ വേദക്കാര്‍ക്ക് ഖുര്‍ആന്റെ സത്യസന്ധത മനസ്സിലാക്കാന്‍ ഇതവസരം നല്‍കും; കാരണം, അവരുടെ വേദവും റസൂലും നേരത്തെ ഇത് പഠിപ്പിച്ചിരിക്കും. അതേ സമയം, മുനാഫിഖുകളും നിഷേധികളും ഇത്തരം കാര്യങ്ങള്‍ പരിഹസിക്കയാണ് ചെയ്യുക. ഇത്ര കുറച്ചാളുകള്‍ മാലോകരെയൊന്നടങ്കം എങ്ങനെ ശിക്ഷിക്കും എന്നവര്‍ ചോദിച്ചു. മുഹമ്മദിന്റെ റബ്ബിന് ഇത്ര കുറച്ച് സൈന്യമേയുള്ളൂ എന്ന് അബൂജഹ്ല്‍ ചോദിച്ചതിനു മറുപടിയാണ് 31-ാം സൂക്താന്ത്യം.

5. അദൃശ്യകാര്യങ്ങളെക്കുറിച്ച പ്രതിപാദനങ്ങളും ഭാവിയില്‍ വരാന്‍ പോകുന്ന പ്രവചനങ്ങളും ഖുര്‍ആനില്‍ വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഉറപ്പും ദാര്‍ഢ്യവും വര്‍ധിക്കും; അങ്ങനെയവര്‍ സന്മാര്‍ഗ നിഷ്ഠരാകും. നിഷേധികളും കപടരുമാകട്ടെ, അവര്‍ക്കെതിരെ പരിഹാസവും അവഹേളനങ്ങളുമായി കൂടുതല്‍ ആവേശത്തോടെ രംഗത്തുവരും. അതവര്‍ക്ക് മാര്‍ഗഭ്രഷ്ട് വര്‍ധിപ്പിക്കുന്നു.

وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ۝٣١
32–38

അവരുടെ ധാരണയല്ല ശരി, ചന്ദ്രനെയും രാത്രി പിന്നിടുമ്പോള്‍ അതിനെയും പ്രഭാതം പുലരുമ്പോള്‍ അതിനെയും തന്നെ ശപഥം, മാനവതക്കുള്ള ഒരു മുന്നറിയിപ്പെന്ന നിലയില്‍ ആ നരകം ഒരതിഭീകരസംഭവം തന്നെയത്രേ- നിങ്ങളില്‍ നിന്ന് മുന്നോട്ടോ പിന്നോട്ടോ പോകാനുദ്ദേശിക്കുന്നവര്‍ക്ക്. തന്റെ കര്‍മഫലങ്ങള്‍ക്ക് കടപ്പെട്ടവനാണ് ഓരോ വ്യക്തിയും6

1 വിശദീകരണം കാണുക

6. മുന്നോട്ടു പോവുക എന്നാല്‍ അല്ലാഹുവിലേക്കടുക്കുക എന്നാണ്. നരകത്തിന്റെ ഭീതിദ വിവരണങ്ങള്‍ കേട്ടാല്‍ വിശ്വാസി ഭയന്ന് അല്ലാഹുവിലേക്കടുക്കുമല്ലോ. പിന്നോട്ട് പോവുക എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് അകലുകയാണ്. പ്രപഞ്ചനാഥനും സര്‍വശക്തനുമായ അല്ലാഹുവിന്റെ താക്കീതാണല്ലോ നരകം. അവിശ്വാസികള്‍ക്കും പാപികള്‍ക്കുമെല്ലാം പാഠമുള്‍ക്കൊള്ളാന്‍ പര്യാപ്തമാണത്

كـَلَّا وَٱلۡقَمَرِ ۝٣٢
وَٱلَّيۡلِ إِذۡ أَدۡبَرَ ۝٣٣
وَٱلصُّبۡحِ إِذَآ أَسۡفَرَ ۝٣٤
إِنَّهَا لَإِحۡدَى ٱلۡكُبَرِ ۝٣٥
نَذِيرٗا لِّلۡبَشَرِ ۝٣٦
لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ ۝٣٧
كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ ۝٣٨
39–47

എന്നാല്‍ വലതുപക്ഷക്കാര്‍ ചില സ്വര്‍ഗീയാരാമങ്ങളിലായിരിക്കും. അധര്‍മകാരികളെക്കുറിച്ച് അവര്‍ അന്വേഷിച്ചറിയും, നിങ്ങളെ നരകത്തില്‍ കടത്തിയത് എന്തു നിലപാടാണെന്ന്. അവര്‍ പ്രതികരിക്കും: ഞങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരുടെ ഗണത്തിലാവുകയോ അഗതികള്‍ക്ക് ഭക്ഷണം കൊടുക്കുകയോ ചെയ്തില്ല. പാപകൃത്യങ്ങളില്‍ വിലയിച്ചിരുന്നവരോടൊപ്പം ഞങ്ങളും മുഴുകുകയും അന്ത്യനാളിനെ നിഷേധിക്കുകയും ചെയ്തു. അങ്ങനെ കഴിയവെ ഞങ്ങള്‍ക്ക് മരണം വന്നെത്തി.

إِلَّآ أَصۡحَٰبَ ٱلۡيَمِينِ ۝٣٩
فِي جَنَّٰتٖ يَتَسَآءَلُونَ ۝٤٠
عَنِ ٱلۡمُجۡرِمِينَ ۝٤١
مَا سَلَكَكُمۡ فِي سَقَرَ ۝٤٢
قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ ۝٤٣
وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ ۝٤٤
وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ ۝٤٥
وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ ۝٤٦
حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ ۝٤٧
48–56

ഇനി, അവര്‍ക്കു ശുപാര്‍ശകന്മാരുടെ ശുപാര്‍ശയൊന്നും ഫലം ചെയ്യില്ല. വസ്തുത ഇതായിട്ടും എന്തു സംഭവിച്ചു ഇവര്‍ക്ക്! സിംഹത്തില്‍ നിന്ന് ഓടിയകലുന്ന പരിഭ്രാന്തരായ കാട്ടുകഴുതകളെ പോലെ ഈ ഖുര്‍ആനില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു കളയുന്നു7
അല്ല, അവരില്‍ ഓരോ വ്യക്തിയുടെയും അഭിലാഷം തനിക്ക് സ്വന്തമായി തുറന്ന ദൈവികവേദം കിട്ടണമെന്നാണ്8
എന്നല്ല, പാരത്രിക ലോകത്തെ പേടിക്കുന്നില്ല അവര്‍; അല്ല, ഇത് ഒരു ഉദ്‌ബോധനമാണ്, ഇഷ്ടമുള്ളവര്‍ അനുസ്മരിച്ചു കൊള്ളട്ടെ. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലേ അവര്‍ ഓര്‍മിക്കുന്നവരാകൂ. ഭയഭക്തിയും പാപമോചനവും നല്‍കാന്‍ അവകാശപ്പെട്ടവന്‍ അവനാകുന്നു9

3 വിശദീകരണങ്ങൾ കാണുക

7. അത്യന്തം ഹീനവും സഹതാപാര്‍ഹവുമായ ഉപമയാണ് ബഹുദൈവ വിശ്വാസികള്‍ക്കിവിടെ നല്‍കിയിരിക്കുന്നത്. സിംഹഗര്‍ജ്ജനം കേട്ടാല്‍ കാട്ടുകഴുത അന്ധമായി നാനാഭാഗത്തേക്കും വിരണ്ടോടും. ഓട്ടത്തില്‍ ആ മൂഢജീവികളെ പോലെതന്നെയാണിവര്‍. പക്ഷേ, അവ സ്വന്തത്തെ രക്ഷപ്പെടുത്താനാണ് ഓടുന്നത്; ഇവരോ, നരകശിക്ഷയില്‍ വീഴാന്‍!

8. മുഹമ്മദിനേക്കാള്‍ ഭേദപ്പെട്ടവരും അഢ്യന്മാരും സമ്പന്നരും നേതാക്കളും തങ്ങളാണെന്നായിരുന്നു മക്കയിലെ തീവ്രമുശ്‌രിക്കുകളുടെ നിലപാട്. അതുകൊണ്ട്, മുഹമ്മദിന് ദൈവിക വേദം ലഭിക്കുന്നുവെങ്കില്‍ തങ്ങള്‍ക്കും അത് വേണമെന്ന് ശഠിക്കയാണവര്‍. അബൂജഹ്ല്‍ ഒരിക്കല്‍ പച്ചയായി തന്നെ നിര്‍ലജ്ജം ഇതു പറഞ്ഞു. 6:124 നോക്കുക. തെമ്മാടികള്‍ക്കും ധിക്കാരികള്‍ക്കും പ്രവാചകരുടെ പദവിയോ വേദമോ എങ്ങനെ കിട്ടാന്‍?

9. തനിക്ക് വിജയവും സൗഭാഗ്യവും അല്ലാഹുവിന്റെ പ്രീതിയും കരഗതമാവണമെന്ന് വ്യക്തി ആത്മാര്‍ത്ഥമായി ആഗ്രഹിക്കണമെന്നത് അടിസ്ഥാനപരമായ കാര്യമാണ്. മുശ്‌രിക്കുകള്‍ക്ക് അങ്ങനെ ഒരാഗ്രഹമില്ല. പ്രസ്തുത അഭിലാഷമുള്ളവര്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും ചിന്തിക്കുകയും പാഠമുള്‍ക്കൊള്ളുകയും വേണം. എത്രയോ ധിക്കാരികള്‍ അങ്ങനെ സന്മാര്‍ഗ പ്രാപ്തരായിട്ടുണ്ടല്ലോ. അല്ലാഹുവിനെ പേടിക്കലും സൂക്ഷിക്കലുമാണ് അനിവാര്യം

فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّٰفِعِينَ ۝٤٨
فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ ۝٤٩
كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ ۝٥٠
فَرَّتۡ مِن قَسۡوَرَةِۭ ۝٥١
بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ ۝٥٢
كـَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ ۝٥٣
كـَلَّآ إِنَّهُۥ تَذۡكِرَةٞ ۝٥٤
فَمَن شَآءَ ذَكَرَهُۥ ۝٥٥
وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ ۝٥٦