Monday, 12 October 2026 Hijri: — 02:27:55 pm
MalayalamQuran.in
Quran translation reader

അൽ മുജ്ജമ്മിൽ المزمل Al-Muzzammil

Surah 73 മക്കിയ്യ • مكية • Makkiyah 20 ആയത്തുകൾ • 20 Ayahs

സൂറത്ത് അൽ മുജ്ജമ്മിൽ (Al-Muzzammil), ഖുർആൻ അധ്യായം 73 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 20 ആയത്തുകൾ വായിക്കുക. Read Surah Al-Muzzammil with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–10

പുതച്ചു മൂടിക്കിടക്കുന്ന നബീ, എഴുന്നേറ്റ് രാത്രിയുടെ കുറഞ്ഞ സമയമൊഴിച്ച് താങ്കള്‍ നിശാനമസ്‌കാരം നിര്‍വഹിക്കുക-അതായത് രാത്രിയുടെ പകുതി; അല്ലെങ്കില്‍ അല്‍പം കൂട്ടുകയോ കുറക്കുകയോ ചെയ്യുക1
അവധാനതയോടെ ഖുര്‍ആനോതുക. നിശ്ചയം താങ്കളിലേക്കു നാം ഒരു കനപ്പെട്ട ഭാഷ്യം നിക്ഷേപിക്കാന്‍ പോകയാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള നിശാനമസ്‌കാരം അതിശക്തമായ ഹൃദയസാന്നിധ്യദായകവും വാക്കുകള്‍ സ്പഷ്ടമാക്കുന്നതുമാണ്. പകല്‍നീളേ താങ്കള്‍ക്ക് സുദീര്‍ഘമായ ജോലിത്തിരക്കുകളുണ്ട്. നാഥനെ അനുസ്മരിക്കുകയും അവനിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യുക. ഉദയാസ്തമന സ്ഥലങ്ങളുടെ രക്ഷിതാവാണവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതുകൊണ്ട് കാര്യങ്ങള്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി താങ്കള്‍ അവനെ വരിക്കുക; നിഷേധികളുടെ ജല്‍പനങ്ങള്‍ സഹിക്കുകയും സുന്ദരമായി അവരെ മാറ്റി നിര്‍ത്തുകയും ചെയ്യുക2

2 വിശദീകരണങ്ങൾ കാണുക

1. അല്‍മുസ്സമ്മില്‍ എന്നത് നബി(സ്വ)യുടെ ഒരു വിശേഷണ നാമമാണ്. ഇവിടെ വിവക്ഷ നബി(സ്വ) തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ മൂടിപ്പുതച്ചത് എപ്പോഴായിരുന്നു എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമല്ല ഉള്ളത്. നുബുവ്വത്ത് ലഭിച്ച് അധികം കഴിയും മുമ്പേ അവതരിച്ച ഒരു അധ്യായമാണിത്. നബി(സ്വ)യും സ്വഹാബത്തും അന്ന് നീണ്ട സമയം തന്നെ തഹജ്ജുദ് നിര്‍വഹിക്കുമായിരുന്നുവെന്നും അന്നത് നിര്‍ബന്ധമായിരുന്നുവെന്നും പിന്നീട് ഉമ്മത്തിനെ നിര്‍ബന്ധത്തില്‍ നിന്നൊഴിവാക്കിയതാണെന്നും പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. രാത്രിയുടെ മൂന്നിലൊന്ന്/ പാതി/ അതിനേക്കാള്‍ കുറച്ചു കൂടി എന്നീ അളവിലാണ് അന്നവര്‍ നമസ്‌കരിച്ചിരുന്നത്. പിന്നീടത് ലഘൂകരിച്ചു.

2. വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക ശരീഅത്തിന്റെ നിയമ സംഹിതകളുമാണ് നബി(സ്വ)ക്ക് നല്‍കപ്പെടാന്‍ പോകുന്ന ഭാരിച്ച ഭാഷ്യം. നിശാനമസ്‌കാരം വിശ്വാസിയുടെ മനസ്സിന് കരുത്തും കര്‍മങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയും വര്‍ധിപ്പിക്കും. നിഷേധികള്‍ എന്തൊക്കെ ജല്‍പിച്ചാലും പ്രതിബന്ധങ്ങളുണ്ടാക്കിയാലും മുഴുവന്‍ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നോട്ടു നീങ്ങണം.

يَٰٓأَيُّهَا ٱلۡمُزَّمِّلُ ۝١
قُمِ ٱلَّيۡلَ إِلَّا قَلِيلٗا ۝٢
نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا ۝٣
أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا ۝٤
إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا ۝٥
إِنَّ نَاشِئَةَ ٱلَّيۡلِ هِيَ أَشَدُّ وَطۡـٔٗا وَأَقۡوَمُ قِيلًا ۝٦
إِنَّ لَكَ فِي ٱلنَّهَارِ سَبۡحٗا طَوِيلٗا ۝٧
وَٱذۡكُرِ ٱسۡمَ رَبِّكَ وَتَبَتَّلۡ إِلَيۡهِ تَبۡتِيلٗا ۝٨
رَّبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذۡهُ وَكِيلٗا ۝٩
وَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱهۡجُرۡهُمۡ هَجۡرٗا جَمِيلٗا ۝١٠
11–19

എന്നെയും ഭൗതിക സൗഖ്യങ്ങള്‍ നല്‍കപ്പെട്ട നിഷേധികളെയും വിട്ടേക്കുകയും അവര്‍ക്കല്‍പം കാലതാമസം നല്‍കുകയും ചെയ്യുക3
നിശ്ചയം, നമ്മുടെ പക്കല്‍ കനത്ത ചങ്ങലകളും നരകാഗ്നിയും തൊണ്ടയില്‍ കുടുങ്ങുന്ന ഭക്ഷണവും വേദനയുറ്റ ശിക്ഷയുമുണ്ട്-ഭൂമിയും മലകളും പ്രകമ്പിതമാവുകയും പര്‍വതങ്ങള്‍ ഒലിക്കുന്ന മണല്‍ക്കൂന പോലെ ആവുകയും ചെയ്യുന്ന നാളില്‍4
മക്കാ മുശ്‌രിക്കുകളേ, നിങ്ങളുടെ നിലപാടുകള്‍ക്ക് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിങ്ങളിലേക്ക് നിയോഗിച്ചിരിക്കുന്നു; ഫിര്‍ഔന്റെയടുത്തേക്ക് ഒരു ദൂതനെ അയച്ചതുപോലെ. എന്നിട്ട് ഫറോവ ആ റസൂലിനെ ധിക്കരിച്ചു. തത്സമയം, അവന്നു കടുത്ത ശിക്ഷ നല്‍കി നാം പിടികൂടി. അപ്പോള്‍ സത്യം നിഷേധിക്കുന്നുവെങ്കില്‍, കുട്ടികള്‍ നരച്ചവരായിത്തീരുന്ന ഒരു നാളിനെ നിങ്ങള്‍ക്കെങ്ങനെ പ്രതിരോധിക്കാനാകും? അന്ന് ആകാശം പൊട്ടിപ്പിളരുന്നതും നാഥന്റെ വാഗ്ദാനം സാക്ഷാല്‍കൃതമാകുന്നതുമാണ്. ഇത് നിശ്ചയം, ഒരു ഉദ്‌ബോധനമാകുന്നു. അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥങ്കലേക്കുള്ള ഒരു വഴി സ്വീകരിച്ചു കൊള്ളട്ടെ5

3 വിശദീകരണങ്ങൾ കാണുക

3. ഭൗതിക സൗകര്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് അല്ലാഹുവിനെ ധിക്കരിച്ച് ജീവിക്കുന്ന മുശ്‌രിക്കുകള്‍ക്കുള്ള ഒരു താക്കീതിന്റെ ശൈലിയാണിത്. ഞാനവരെ കൈകാര്യം ചെയ്തുകൊള്ളാം എന്നു വ്യംഗ്യഭാഷ്യം. ഇതേ പ്രയോഗം 68:44ല്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവിടെ നോക്കുക.

4. ഖിയാമ നാളിലെ ഇത്തരം ഭീതിദസംഭവങ്ങള്‍ വിവിധ ശൈലികളായി ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. 18:47, 19:90, 20:105, 52:10, 69:14 എന്നിവ നോക്കുക. ഇവയൊന്നും പരസ്പര വിരുദ്ധമല്ല, വ്യത്യസ്ത സന്ദര്‍ഭങ്ങളിലോ ഘട്ടങ്ങളിലോ ആകാം.

5. നാല്‍പത് വയസ്സ് വരെ ജാഹിലിയ്യ അറബികളൊന്നിച്ചാണല്ലോ നബി(സ്വ) വസിച്ചിരുന്നത്. നിങ്ങളുടെ സാക്ഷി എന്ന പരാമര്‍ശത്തിന്റെ വിവക്ഷ അതാണ്. ഫിര്‍ഔന്‍ മൂസാ നബി(അ)നെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്തതിനാല്‍ സംഹരിക്കപ്പെട്ടതുപോലെ നിങ്ങളും പിടികൂടപ്പെടും എന്നാണ് സൂചന. ' കുട്ടികള്‍ നരക്കുന്ന ദിനം' അന്ത്യനാളാണ്. 22:1,2 നോക്കുക. ആ നാളിന്റെ ഭയാനകതകളും കഠോരതകളും സത്യവിശ്വാസികള്‍ക്ക് മാത്രമേ തരണം ചെയ്യാന്‍ സാധിക്കൂ.

وَذَرۡنِي وَٱلۡمُكَذِّبِينَ أُوْلِي ٱلنَّعۡمَةِ وَمَهِّلۡهُمۡ قَلِيلًا ۝١١
إِنَّ لَدَيۡنَآ أَنكَالٗا وَجَحِيمٗا ۝١٢
وَطَعَامٗا ذَا غُصَّةٖ وَعَذَابًا أَلِيمٗا ۝١٣
يَوۡمَ تَرۡجُفُ ٱلۡأَرۡضُ وَٱلۡجِبَالُ وَكَانَتِ ٱلۡجِبَالُ كَثِيبٗا مَّهِيلًا ۝١٤
إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولٗا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولٗا ۝١٥
فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذٗا وَبِيلٗا ۝١٦
فَكَيۡفَ تَتَّقُونَ إِن كَفَرۡتُمۡ يَوۡمٗا يَجۡعَلُ ٱلۡوِلۡدَٰنَ شِيبًا ۝١٧
ٱلسَّمَآءُ مُنفَطِرُۢ بِهِۦۚ كَانَ وَعۡدُهُۥ مَفۡعُولًا ۝١٨
إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا ۝١٩
20

താങ്കളും ഒരുപറ്റം അനുയായികളും നിശയുടെ മൂന്നില്‍ രണ്ടു ഭാഗത്തോളവും ചിലപ്പോള്‍ പാതിയും മറ്റു ചിലപ്പോള്‍ മൂന്നിലൊന്നും നമസ്‌കരിക്കാറുണ്ടെന്ന് അങ്ങയുടെ നാഥന്‍ അറിയുക തന്നെ ചെയ്യുന്നുണ്ട്. അല്ലാഹുവാണ് രാപ്പകലുകള്‍ നിര്‍ണയിക്കുന്നത്; നിങ്ങള്‍ക്കത് തിട്ടപ്പെടുത്താനാവില്ലെന്ന് അവന്നറിയാം. അതുകൊണ്ട് നിങ്ങളുടെ പശ്ചാത്താപം അവന്‍ സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ആവുന്നത്ര ഖുര്‍ആന്‍ ഓതുക6
രോഗാതുരര്‍, അല്ലാഹുവിന്റെ ഔദാര്യം തേടുന്ന യാത്രക്കാര്‍, ദൈവമാര്‍ഗത്തില്‍ പുണ്യസമരം ചെയ്യുന്നവര്‍ എന്നിങ്ങനെ പലരും നിങ്ങളിലുണ്ടാകാമെന്ന് അവന്നറിയാം. അതുകൊണ്ട് സൗകര്യപ്പെട്ടത്ര ഖുര്‍ആന്‍ പാരായണം ചെയ്യുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന് ഉദാത്തമായ കടം കൊടുക്കുകയും ചെയ്യുക. സ്വന്തത്തിനായി വല്ല നന്മയും മുന്‍കൂട്ടി ചെയ്യുന്നുവെങ്കില്‍ അത് കൂടുതല്‍ പുണ്യകരവും മഹത്തായ പ്രതിഫലത്തിനര്‍ഹവുമായി അല്ലാഹുവിങ്കല്‍ നിങ്ങള്‍ കണ്ടെത്തും7
അവനോട് പാപമോചനം തേടുക; ധാരാളം പൊറുക്കുന്നവനും കരുണാമയനുമാണവന്‍.

2 വിശദീകരണങ്ങൾ കാണുക

6. കഴിയുന്നത്ര തഹജ്ജുദ് നമസ്‌കരിക്കുക എന്നാണ് ഉദ്ദേശ്യം. നാം മുകളില്‍ സൂചിപ്പിച്ച ലഘൂകരണമാണിത്. ആദ്യനാളുകളില്‍ നിര്‍ബന്ധമായിരുന്ന നിശാനമസ്‌കാരം സുന്നത്താക്കി എന്നു താല്‍പര്യം. രോഗികള്‍, യാത്രക്കാര്‍, സൈനിക സേവനരംഗങ്ങളില്‍ വ്യാപൃതരായ പടയാളികള്‍ തുടങ്ങിയവര്‍ക്ക് അത് യഥാസമയം നിര്‍വഹിക്കുക പ്രയാസകരമായിരിക്കുമല്ലോ. എന്നാല്‍ പ്രാരംഭഘട്ടങ്ങളില്‍ ത്യാഗപൂര്‍ണവും ചിട്ടയൊപ്പിച്ചതുമായ തീവ്രപരിശീലനങ്ങളിലൂടെ സ്വഹാബത്തിനെ പാകപ്പെടുത്തിയെടുക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. തീര്‍ച്ചയായും അത് വിജയം കണ്ടു. അവരുടെ കഠിനാധ്വാനം കൊണ്ടാണല്ലോ ദീനും ഖുര്‍ആനും ചുരുങ്ങിയ കാലം കൊണ്ട് നാനാഭാഗത്തേക്കും പടര്‍ന്നു പന്തലിച്ചത്.

7. തഹജ്ജുദ് മാത്രമല്ല, പുണ്യകരമായ ഏതുതരം പ്രവര്‍ത്തനവും അല്ലാഹുവിന്റെ സാമീപ്യലബ്ധിക്ക് സഹായകമാണ്. അതുകൊണ്ട് അത്തരം കര്‍മങ്ങള്‍ പരമാവധി മുന്‍കൂട്ടി ചെയ്തുവെക്കണം. പരലോകത്ത് ഏറെ പ്രതിഫലാര്‍ഹമായി മനുഷ്യന്ന് അതനുഭവപ്പെടുന്നതാണ്

۞ إِنَّ رَبَّكَ يَعۡلَمُ أَنَّكَ تَقُومُ أَدۡنَىٰ مِن ثُلُثَيِ ٱلَّيۡلِ وَنِصۡفَهُۥ وَثُلُثَهُۥ وَطَآئِفَةٞ مِّنَ ٱلَّذِينَ مَعَكَۚ وَٱللَّهُ يُقَدِّرُ ٱلَّيۡلَ وَٱلنَّهَارَۚ عَلِمَ أَن لَّن تُحۡصُوهُ فَتَابَ عَلَيۡكُمۡۖ فَٱقۡرَءُواْ مَا تَيَسَّرَ مِنَ ٱلۡقُرۡءَانِۚ عَلِمَ أَن سَيَكُونُ مِنكُم مَّرۡضَىٰ وَءَاخَرُونَ يَضۡرِبُونَ فِي ٱلۡأَرۡضِ يَبۡتَغُونَ مِن فَضۡلِ ٱللَّهِ وَءَاخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ فَٱقۡرَءُواْ مَا تَيَسَّرَ مِنۡهُۚ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗاۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِ هُوَ خَيۡرٗا وَأَعۡظَمَ أَجۡرٗاۚ وَٱسۡتَغۡفِرُواْ ٱللَّهَۖ إِنَّ ٱللَّهَ غَفُورٞ رَّحِيمُۢ ۝٢٠