രാജാധിരാജനും മഹാപരിശുദ്ധനും അജയ്യനും യുക്തിമാനുമായ അല്ലാഹുവിനെ ഭുവന-വാനങ്ങളിലുള്ളവയൊക്കെയും പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നിരക്ഷര സമൂഹത്തിനിടയില്‍ തന്റെ സൂക്തങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കരിക്കുകയും വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണവന്‍; നേരത്തെ സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു അവര്‍.1
ഇവരില്‍ പെട്ടതും ഇതുവരെയും വന്നുചേര്‍ന്നിട്ടില്ലാത്തതുമായ മറ്റു ചിലരിലേക്കും (ആണ് ദൂതനിയോഗം)2
അവന്‍ അജയ്യനും യുക്തിമാനുമാകുന്നു. അല്ലാഹുവിന്റെ ഔദാര്യമാണത്; താനുദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. മഹത്തായ ഔദാര്യനാണ് അവന്‍.
2 വിശദീകരണങ്ങൾ കാണുക
1. ഈസാനബി(അ)യുടെ വാനാരോഹണാനന്തരം ആറു നൂറ്റാണ്ട് കഴിഞ്ഞാണ് നബി(സ്വ)ക്ക് നുബുവ്വത്ത് കിട്ടുന്നത്. അന്ന്, അക്ഷരജ്ഞാനമോ സാംസ്‌കാരിക അസ്തിത്വമോ ഇല്ലാത്ത ആ സമൂഹം അധഃപതനത്തിന്റെ പടുകുഴിയിലേക്ക് വീണിരുന്നു. അവരെ സംസ്‌കരിക്കാനും സന്മാര്‍ഗദര്‍ശനം ചെയ്യാനുമാണ് അവരില്‍ നിന്ന് തന്നെയുള്ള നിരക്ഷരനായ മുഹമ്മദ് നബി(സ്വ)യെ അല്ലാഹു നിയോഗിക്കുന്നത്. അതിമഹത്തായ ഒരനുഗ്രഹമാണിതെന്ന് വ്യംഗ്യഭാഷ്യം.
2. അറബികള്‍ക്ക് മാത്രമല്ല, മര്‍ത്യസഞ്ചയത്തില്‍നിന്നു ഇനി വരാനിരിക്കുന്ന കുറേയാളുകളിലേക്കു കൂടിയാണ് തിരുനബി(സ്വ) നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നര്‍ത്ഥം. മുസ്‌ലിം പണ്ഡിതന്മാരിലും ഇമാമുകളിലും മുഹദ്ദിസുകളിലും നിന്ന് വലിയൊരു വിഭാഗം അനറബികളില്‍ നിന്നാണ്; മുസ്‌ലിംകളില്ലാത്ത ഒരു രാജ്യവും ഇന്ന് ഭൂതലത്തിലില്ല താനും. ഈ ജനകോടികളത്രയും വെളിച്ചമാര്‍ജിച്ചതും വിജ്ഞാനം നുകര്‍ന്നതും സന്മാര്‍ഗ പ്രാപ്തരായതും തിരുനബി(സ്വ) പഠിപ്പിച്ച ഖുര്‍ആനിലും ഹദീസിലും നിന്നാണ്. എത്ര വിപുലമാണ് ആ ശൃംഖല!