Sunday, 11 October 2026 Hijri: — 02:16:57 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ മുനാഫിഖൂൻ المنافقون Al-Munafiqun

Surah 63 മദനിയ്യ • مدنية • Madaniyah 11 ആയത്തുകൾ • 11 Ayahs

സൂറത്ത് അൽ മുനാഫിഖൂൻ (Al-Munafiqun), ഖുർആൻ അധ്യായം 63 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Al-Munafiqun with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

കപടവിശ്വാസികള്‍ അങ്ങയുടെ സമീപത്തെത്തിയാല്‍ 'തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' എന്നു തട്ടിവിടും -അവന്നറിയാം, അങ്ങ് അവന്റെ ദൂതന്‍ തന്നെ-ആ കപട വിശ്വാസികള്‍ നുണതന്നെയാണ് ജല്‍പിക്കുന്നതെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നുണ്ട്.1
തങ്ങളുടെ ശപഥങ്ങള്‍ ഒരു പരിചയാക്കിയിരിക്കയാണവര്‍; അങ്ങനെ അല്ലാഹുവിന്റെ വഴിയില്‍ നിന്ന് ആളുകളെ പ്രതിരോധിക്കുന്നു. അവരുടെ ചെയ്തികള്‍ അതീവഹീനം തന്നെ. അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ നിഷേധികളാവുകയും ചെയ്തതിനാലത്രേ അത്. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ മുദ്രചാര്‍ത്തപ്പെട്ടു. തന്മൂലമവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുകയില്ല.2

2 വിശദീകരണങ്ങൾ കാണുക

1. ഈ അധ്യായം മദനീ ആണല്ലോ. മദീനയിലെ വലിയൊരു സാമൂഹിക വിപത്തായിരുന്നു കപടവിശ്വാസികള്‍. നബി(സ്വ)യുടെ മസ്ജിദിലും സദസ്സിലുമൊക്കെ വന്ന് അവര്‍ കള്ളസത്യം ചെയ്യും, നബി(സ്വ) റസൂല്‍ തന്നെയാണ്; തങ്ങള്‍ സത്യവിശ്വാസികള്‍ തന്നെയാണ്, തങ്ങളെപ്പറ്റി ചിലര്‍ക്കുള്ളത് തെറ്റുധാരണയാണ്... എന്നൊക്കെ അല്ലാഹുവിനെ പിടിച്ചു ശപഥം ചെയ്തു പറയും. ഇത്തരക്കാരെ കണ്ടുപിടിച്ച് വിചാരണ ചെയ്ത് സൂക്ഷ്മാന്വേഷണം നടത്താന്‍ നബി(സ്വ)യോടു കല്‍പിക്കപ്പെട്ടതുമില്ല; സ്വന്തം അനുയായികളെ ശിക്ഷിക്കുന്നു എന്നു ദുഷ്‌പേരും വരുമല്ലോ.

2. വിശ്വാസം, നിഷേധം എന്നിങ്ങനെ ഞാണിന്മേല്‍ കളി നടത്തിയതുകൊണ്ടാണ് അവര്‍ അഭിശപ്തരായത്. അപ്പുറത്ത് ചെല്ലുമ്പോള്‍ ഞങ്ങള്‍ നിങ്ങളൊന്നിച്ചാണ്, മുസ്‌ലിംകളെ ഞങ്ങള്‍ കബളിപ്പിക്കുകയല്ലേ എന്നവര്‍ നല്ലപിള്ള ചമയും. 2:14 നോക്കുക.

إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ ۝١
ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ فَصَدُّواْ عَن سَبِيلِ ٱللَّهِۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ ۝٢
ذَٰلِكَ بِأَنَّهُمۡ ءَامَنُواْ ثُمَّ كَفَرُواْ فَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ ۝٣
4–6

അവര്‍ നിന്റെ ദൃഷ്ടിയില്‍ പെടുകയാണെങ്കില്‍ അവരുടെ ആകാരം നിന്നെ വിസ്മയിപ്പിക്കുകയും സംസാരിക്കുകയാണെങ്കില്‍ നീ ശ്രവിച്ചിരുന്നുപോവുകയും ചെയ്യും. ചാരിവെച്ച മരത്തടികള്‍ക്കു സമാനമാണവര്‍. ഏതു സ്വരവും തങ്ങള്‍ക്ക് പ്രതികൂലമാണെന്നാണ് അവര്‍ ധരിക്കുക. അവരാണ് സാക്ഷാല്‍ ശത്രുക്കള്‍; ജാഗ്രത വേണം. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്!3
'വരൂ, റസൂല്‍ നിങ്ങള്‍ക്കായി പാപമോചനപ്രാര്‍ത്ഥന നടത്തിക്കൊള്ളും' എന്ന് നിര്‍ദേശിക്കപ്പെട്ടാല്‍ അവര്‍ തല തിരിച്ചുകളയുകയും അഹങ്കാര നാട്യത്തോടെ പിന്തിരിഞ്ഞുപോകുന്നത് നീ കാണുകയും ചെയ്യും.4
നബീ, അങ്ങ് അവര്‍ക്കായി പാപമോചനത്തിനര്‍ത്ഥിച്ചാലും ഇല്ലെങ്കിലും അവര്‍ക്കത് തുല്യം തന്നെ. അല്ലാഹു അവര്‍ക്ക് പൊറുക്കുന്നതേയല്ല, തീര്‍ച്ച. വഴിതെറ്റിയ ജനത്തെ അവന്‍ സന്മാര്‍ഗ ദര്‍ശനംചെയ്യുകയേയില്ല.

2 വിശദീകരണങ്ങൾ കാണുക

3. ഏതൊരാളെയും വശീകരിക്കുന്ന ആകാരസൗഷ്ഠവവും കേട്ടിരുന്നുപോകുന്ന സംസാരചാതുരിയുമാണവര്‍ക്ക്. പക്ഷേ, വ്യക്തമായ ഒരു നിലപാടോ ആശയമോ അവര്‍ക്കില്ല; ഉള്ളു പൊള്ളയാണ്; മതിലില്‍ ചാരിവെച്ച മരത്തടികള്‍ പോലെ. കപടമുഖവുമായി നടക്കുന്നതുകൊണ്ട് ഓരോ വ്യക്തിയെയും സാഹചര്യങ്ങളെയും സംശയാസ്പദമായി തങ്ങള്‍ക്കു പ്രതികൂലമാണെന്ന നിലക്കാണവര്‍ വീക്ഷിക്കുക. ഏതൊരു ശബ്ദവും തങ്ങള്‍ക്കെതിരേയുള്ളതാണ് എന്ന് അവര്‍ക്കു തോന്നും.

4. മറ്റുള്ളവരോടുള്ള ഗുണകാംക്ഷ മുസ്‌ലിമിന്റെ മുഖമുദ്രയാണല്ലോ. ഇതനുസരിച്ച്, മുനാഫിഖുകളുടെ സന്മാര്‍ഗ ലബ്ധി ആഗ്രഹിക്കുന്ന സത്യവിശ്വാസികള്‍ അവരെ നബിസന്നിധിയിലേക്ക് ക്ഷണിക്കും- പശ്ചാത്തപിക്കാനും പാപമോചനം ലഭിക്കാനുമായി നബി പ്രാര്‍ത്ഥിച്ചു കൊള്ളും എന്നവര്‍ പറഞ്ഞുനോക്കും. പക്ഷേ, അവര്‍ തലയൂരും. ഒരു യാഥാര്‍ത്ഥ്യ ബോധവുമില്ലാത്ത മഹാഹതഭാഗ്യര്‍!

۞ وَإِذَا رَأَيۡتَهُمۡ تُعۡجِبُكَ أَجۡسَامُهُمۡۖ وَإِن يَقُولُواْ تَسۡمَعۡ لِقَوۡلِهِمۡۖ كَأَنَّهُمۡ خُشُبٞ مُّسَنَّدَةٞۖ يَحۡسَبُونَ كُلَّ صَيۡحَةٍ عَلَيۡهِمۡۚ هُمُ ٱلۡعَدُوُّ فَٱحۡذَرۡهُمۡۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ ۝٤
وَإِذَا قِيلَ لَهُمۡ تَعَالَوۡاْ يَسۡتَغۡفِرۡ لَكُمۡ رَسُولُ ٱللَّهِ لَوَّوۡاْ رُءُوسَهُمۡ وَرَأَيۡتَهُمۡ يَصُدُّونَ وَهُم مُّسۡتَكۡبِرُونَ ۝٥
سَوَآءٌ عَلَيۡهِمۡ أَسۡتَغۡفَرۡتَ لَهُمۡ أَمۡ لَمۡ تَسۡتَغۡفِرۡ لَهُمۡ لَن يَغۡفِرَ ٱللَّهُ لَهُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ۝٦
7–8

'ദൈവദൂതന്റെയടുത്തുള്ള മുഹാജിറുകള്‍ക്ക് അവര്‍ പിരിഞ്ഞു പോകുംവരെ നിങ്ങള്‍ ചെലവിനു നല്‍കരുത്' എന്ന് ജല്‍പിക്കുന്നവരാണവര്‍. ഭുവന-വാനങ്ങളിലെ ഖജനാവുകള്‍ അല്ലാഹുവിന്റേതാണ്; പക്ഷേ, മുനാഫിഖുകള്‍ വസ്തുത ഗ്രഹിക്കുന്നില്ല. 'ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ പ്രതാപശാലികള്‍ ഹീനന്മാരെ ബഹിഷ്‌കരിക്കുക തന്നെ ചെയ്യും' എന്നവര്‍ തട്ടിവിടുന്നു. എന്നാല്‍ അല്ലാഹുവിനും ദൂതന്നും വിശ്വാസികള്‍ക്കുമാണ് പ്രതാപം; പക്ഷേ, കപടവിശ്വാസികള്‍ വസ്തുതയറിയുന്നില്ല.5

1 വിശദീകരണം കാണുക

5. ബനുല്‍മുസ്വ്ഥലഖ് യുദ്ധം കഴിഞ്ഞു മടങ്ങിവരവേ മുനാഫിഖ്‌നേതാവ് ഇബ്‌നുസലൂല്‍ ചില ഗുരുതര പ്രസ്താവനകള്‍ നടത്തി. നബി(സ്വ)യുടെ അടുത്തുള്ള മുഹാജിറുകള്‍ക്ക് നിങ്ങള്‍ ഒരുവിധ സാമ്പത്തിക സഹായവും ചെയ്യരുത്, അങ്ങനെ ഗതിമുട്ടി അവര്‍ മടങ്ങിപ്പോയിക്കൊള്ളും എന്നായിരുന്നു ഒന്ന്. അതിന് അല്ലാഹുവിന്റെ മറുപടി, ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലഖജനാവുകളും എന്റെ വശമാണല്ലോ എന്നാണ്. 'മദീനയില്‍ തിരിച്ചെത്തിയാല്‍ ഏറ്റം പ്രതാപമുള്ളവര്‍ ഏറ്റം ഹീനരെ നാട്ടില്‍ നിന്നു ബഹിഷ്‌കരിക്കും' എന്നായിരുന്നു അവന്റെ മറ്റൊരു ഗീര്‍വാണം. എന്നാല്‍ ഏറ്റം പ്രതാപമുള്ളവര്‍ അല്ലാഹുവും റസൂലും സത്യവിശ്വാസികളുമാണ് എന്നു ഖുര്‍ആന്‍ മറുപടി നല്‍കി.
ഇബ്‌നുഉബയ്യിന്റെ അക്ഷന്തവ്യമായ ഈ അഹന്തയും തെറിയും സംബന്ധിച്ച് യുദ്ധയാത്രയിലുണ്ടായിരുന്ന സൈദുബ്‌നുഅര്‍ഖം വഴി നബിക്ക് വിവരം കിട്ടി. അവിടന്ന് ഇബ്‌നുസലൂലിനെയും സംഘത്തെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തങ്ങളങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ തറപ്പിച്ചു സത്യം ചെയ്തു! അപ്പോള്‍ സൈദ് വ്യാജം പറഞ്ഞയാളായി ജനസംസാരമുണ്ടാവുകയും താന്‍ അതീവ ദുഃഖിതനാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഒന്ന് മുതല്‍ എട്ട് വരെയുള്ള ഈ സൂക്തങ്ങളിറങ്ങിയത് (ബുഖാരി).
ഖുര്‍ആനിലൂടെ തൊലിയുരിക്കപ്പെട്ട് അപമാനിതനായ ഈ ദുഷ്ടനെ ഗളച്ഛേദം ചെയ്യാന്‍ ഹസ്രത്ത് ഉമര്‍(റ) ധൃഷ്ടനായി. നബി(സ്വ) വിലക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സത്യവിശ്വാസിയായ ഒരു മകനും അതിനു വാശിയോടെ മുന്നോട്ടു വന്നു. അയാളോടും അരുത് എന്ന് നബി(സ്വ) കല്‍പിച്ചു. താനാണ് ഹീനനും നിസ്സാരനുമെന്ന് സ്വയം സാക്ഷ്യം വഹിക്കുകയും നബി(സ്വ) പ്രത്യേക സമ്മതം നല്‍കുകയും ചെയ്ത ശേഷം മാത്രമേ അവന്ന് മദീനയിലേക്ക്പ്രവേശിക്കാന്‍ കഴിഞ്ഞുള്ളു!

هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُواْ عَلَىٰ مَنۡ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّواْۗ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَفۡقَهُونَ ۝٧
يَقُولُونَ لَئِن رَّجَعۡنَآ إِلَى ٱلۡمَدِينَةِ لَيُخۡرِجَنَّ ٱلۡأَعَزُّ مِنۡهَا ٱلۡأَذَلَّۚ وَلِلَّهِ ٱلۡعِزَّةُ وَلِرَسُولِهِۦ وَلِلۡمُؤۡمِنِينَ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَعۡلَمُونَ ۝٨
9–11

സത്യവിശ്വാസികളേ, സമ്പത്തുകളും സന്താനങ്ങളും അല്ലാഹുവിനെക്കുറിച്ച ഓര്‍മയില്‍ നിന്ന് നിങ്ങളെ വ്യാപൃതരാക്കാതിരിക്കട്ടെ. അങ്ങനെ ചെയ്യുന്നവരാരോ, അവര്‍ തന്നെയാണ് സര്‍വനാശം വന്നവര്‍.6
നിങ്ങളിലോരോരുത്തര്‍ക്കും മരണമാസന്നമാകും മുമ്പേ നാം തന്നതില്‍ നിന്ന് ചെലവഴിക്കുക. തത്സമയം അവന്‍ ഇങ്ങനെ പരിഭവിച്ചേക്കാം. 'നാഥാ, സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്? അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്കയും സജ്ജനങ്ങളിലുള്‍പ്പെടുകയും ചെയ്യാം.' അവധി സംജാതമായിക്കഴിഞ്ഞാല്‍ ഒരാള്‍ക്കും അല്ലാഹു നീട്ടിക്കൊടുക്കുകയേ ചെയ്യില്ല. നിങ്ങളുടെ ചെയ്തികളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണവന്‍.7

2 വിശദീകരണങ്ങൾ കാണുക

6. അല്ലാഹുവിലുള്ള പൂര്‍ണവിശ്വാസവും വിധേയത്വവും അനുസരണയുമാണ് ഉദ്ദേശ്യം. അതില്ലാതെപോകുന്ന മനുഷ്യന്‍ ഭൗതിക താല്‍പര്യങ്ങളുടെയും സ്വേച്ഛയുടെയും പിന്നാലെയാണ് സഞ്ചരിക്കുക. സര്‍വനാശമായിരിക്കും അതിന്റെ ഭവിഷ്യത്ത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

7. ആസന്നമരണനാകുന്ന നേരം ഏതൊരാളും പശ്ചാത്തപിക്കും, ഏതു പുണ്യകര്‍മവും ചെയ്യാന്‍ സന്നദ്ധനാകും, സ്വത്തുസമ്പാദ്യങ്ങളത്രയും പുണ്യമാര്‍ഗങ്ങളില്‍ വ്യയം ചെയ്യാനൊരുങ്ങും; പക്ഷേ, യാതൊരു ഫലവുമുണ്ടാകില്ല. 'അവരുടെ അവധിയെത്തിക്കഴിഞ്ഞാല്‍ ഒരു മുഹൂര്‍ത്തം പോലും മുന്നോട്ടോ പിന്നോട്ടോ അവര്‍ വരില്ല'-ഖുര്‍ആന്‍ 7:34, 10:49, 16:61.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُلۡهِكُمۡ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُمۡ عَن ذِكۡرِ ٱللَّهِۚ وَمَن يَفۡعَلۡ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٩
وَأَنفِقُواْ مِن مَّا رَزَقۡنَٰكُم مِّن قَبۡلِ أَن يَأۡتِيَ أَحَدَكُمُ ٱلۡمَوۡتُ فَيَقُولَ رَبِّ لَوۡلَآ أَخَّرۡتَنِيٓ إِلَىٰٓ أَجَلٖ قَرِيبٖ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ ۝١٠
وَلَن يُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَآءَ أَجَلُهَاۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ۝١١