ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ പൂര്‍ത്തീകരിക്കുക1
ഒട്ടകം, മാട്, ആട് എന്നീവര്‍ഗത്തില്‍ പെട്ട മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷണമായി അനുവദിക്കപ്പെട്ടിരിക്കുന്നു; താഴെ പറയപ്പെടുന്നവയൊഴികെ. ഹജ്ജ്-ഉംറക്ക് ഇഹ്‌റാം ചെയ്തവരായിരിക്കെ നിങ്ങള്‍ വേട്ട അനുവദനീയമാക്കരുത്. നിശ്ചയം, താനുദ്ദേശിക്കുന്നത് അല്ലാഹു വിധിക്കുന്നു. സത്യവിശ്വാസികളേ, അല്ലാഹുവിന്റെ സമാദൃത ചിഹ്നങ്ങളെയും പുണ്യമാസത്തെയും ഹറമിലേക്കുള്ള ബലിമൃഗത്തെയും അവയുടെ കഴുത്തിലിട്ട അടയാളങ്ങളെയും തങ്ങളുടെ നാഥന്റെ ഔദാര്യവും സംതൃപ്തിയും കാംക്ഷിച്ച് പുണ്യഭവനം ലക്ഷീകരിച്ചു പോകുന്ന തീര്‍ത്ഥാടകരെയും നിങ്ങള്‍ അനാദരിക്കരുത്2
എന്നാല്‍, ഇഹ്‌റാമില്‍ നിന്ന് 'തഹല്ലുലാ'യാല്‍ വേട്ടയാകാം. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതിന് നേരത്തെ നിങ്ങളെ ഉപരോധിച്ചിരുന്നു എന്നതിനാല്‍ ഒരു വിഭാഗത്തോടുള്ള വിദ്വേഷം, അതിക്രമം കാട്ടുന്നതിന് ഒരിക്കലും നിങ്ങള്‍ക്കു പ്രേരകമായിക്കൂടാ. നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കണം; കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; കഠിന ശിക്ഷ നല്‍കുന്നവനാണവന്‍.
2 വിശദീകരണങ്ങൾ കാണുക
1. ഇസ്രയേല്യര്‍ ഈസാനബി (അ)യോട് ആകാശത്തുനിന്ന് ഒരു ഭക്ഷണത്തളിക (മാഇദ) ഇറക്കിത്തരാനാവശ്യപ്പെട്ടത് അധ്യായത്തിന്റെ അവസാനം പറയുന്നുണ്ട്. അതാണ് നാമകരണത്തിന്റെ പശ്ചാത്തലം. ലോകത്തിനാകമാനം പഠനാര്‍ഹവും പകര്‍ത്തല്‍ അനിവാര്യവുമായ രണ്ടു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു-ഒന്ന്: എല്ലാ വിധ കരാറുകളും ഉടമ്പടികളും പാലിക്കുക, രണ്ട്: ജാതി-മത-കക്ഷി ഭേദമന്യേ നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹകരിക്കുക, കുറ്റകൃത്യങ്ങളിലും അതിക്രമത്തിലും നിസ്സഹകരിക്കുക. ശാന്തിയും സമാധാനവും തേടി ലോകത്തങ്ങോളമിങ്ങോളം അലഞ്ഞു ഗവേഷണങ്ങള്‍ നടത്തി ഉച്ചകോടികള്‍ സംഘടിപ്പിച്ച് ഹതാശരായവര്‍ ഖുര്‍ആന്റെ ഈ നിര്‍ദ്ദേശം പ്രയോഗവല്‍കരിക്കട്ടെ.
2. നിയമാനുസൃതം അറുക്കപ്പെട്ട കാലികളെ ഭക്ഷിക്കാം. എന്നാല്‍, ചത്തമൃഗമോ പന്നിയോ ഒരു നിലക്കും അനുവദനീയമല്ല. ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചാല്‍ അതില്‍ നിന്നൊഴിവാകുന്നതുവരെ കാലികളെ വേട്ടയാടാന്‍ പാടില്ല. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളൊന്നും അനുവര്‍ത്തിച്ചു കൂടാത്തതാണ്. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങള്‍ക്ക് ആദരണീയതയുള്ളതിനാല്‍ (അത്തൗബ: 36) അവയില്‍ യുദ്ധം ചെയ്തുകൂടാ. ഹറമിലെ പാവങ്ങള്‍ക്കു വേണ്ടി നിശ്ചയിക്കപ്പെട്ട് പ്രത്യേകം അടയാളപ്പെടുത്തിയ മൃഗങ്ങള്‍ അക്കാലത്ത് സാര്‍വത്രികമായിരുന്നു; അവയെ അക്രമിക്കുകയോ പിടിച്ചെടുക്കുകയോ ഒന്നും ചെയ്തു കൂടാ. കഅ്ബയെ ലക്ഷ്യം വെച്ചു പോകുന്ന തീര്‍ത്ഥാടകരെ അക്രമിക്കരുത്; അല്ലാഹുവിന്റെ അതിഥികളാണവര്‍.
ഹിജ്‌റ 6-ാം വര്‍ഷം ഉംറക്കുവേണ്ടി മദീനയില്‍ നിന്ന് മക്കയിലേക്ക് ചെന്ന നബിയെയും സ്വഹാബികളെയും മുശ്‌രിക്കുകള്‍ പ്രതിരോധിച്ചു തിരിച്ചയച്ച ഹുദൈബിയ സന്ധീ സംഭവം പ്രസിദ്ധമാണല്ലോ. യാതൊരു ദുരുദ്ദേശ്യവുമില്ലാതെ ഉംറക്കു മാത്രമായി വന്ന തങ്ങളെ മക്കക്കാര്‍ തിരിച്ചയച്ചതില്‍ കടുത്ത രോഷമുണ്ടായിരുന്നു മുസ്‌ലിംകള്‍ക്ക്. എങ്കില്‍ തന്നെ അവരോട് അതിക്രമം കാട്ടാന്‍ അതു നിമിത്തമാകരുതെന്ന് അല്ലാഹു കല്‍പിച്ചിരിക്കയാണ്. ഇസ്‌ലാമിന്റെ നീതി ബോധവും സത്യസന്ധതയും ഇതില്‍ നിന്നു സ്പഷ്ടമായി ഗ്രഹിക്കാം. പശ്ചാത്തലം ഇതാണെങ്കിലും ഈ കല്‍പന സാര്‍വകാലികവും സാര്‍വലൗകികവുമാണ്.