Sunday, 11 October 2026 Hijri: — 02:17:00 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ മുംതഹിന الممتحنة Al-Mumtahanah

Surah 60 മദനിയ്യ • مدنية • Madaniyah 13 ആയത്തുകൾ • 13 Ayahs

സൂറത്ത് അൽ മുംതഹിന (Al-Mumtahanah), ഖുർആൻ അധ്യായം 60 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 13 ആയത്തുകൾ വായിക്കുക. Read Surah Al-Mumtahanah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

സത്യവിശ്വാസികളേ, എന്റെയും നിങ്ങളുടെയും ശത്രുക്കളായിട്ടുള്ളവരോട് സൗഹൃദം പുലര്‍ത്തി നിങ്ങളവരെ മിത്രങ്ങളാക്കരുത്-നിങ്ങള്‍ക്ക് ലഭിച്ച സത്യം നിഷേധിച്ചിരിക്കയാണവര്‍. നാഥനായ അല്ലാഹുവില്‍ വിശ്വസിക്കുന്നുവെന്നതിനാല്‍ റസൂലിനെയും നിങ്ങളെയുമവര്‍ നാട്ടില്‍ നിന്ന് ബഹിഷ്‌കരിച്ചിരിക്കുകയാണ്. എന്റെ വഴിയില്‍ ധര്‍മസമരം ചെയ്യാനും എന്റെ സംതൃപ്തിയന്വേഷിക്കാനുമാണ് നിങ്ങള്‍ നാടുവിട്ടിരിക്കുന്നതെങ്കില്‍ അത് ചെയ്യരുത്. രഹസ്യമായി അവരോടു നിങ്ങള്‍ സൗഹൃദം പുലര്‍ത്തുകയാണ്. നിങ്ങള്‍ രഹസ്യമായും പരസ്യമായും ചെയ്യുന്നതൊക്കെ ഞാന്‍ നന്നായറിയും. നിങ്ങളിലൊരാള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുക തന്നെ ചെയ്തു.1
അവസരമൊത്തുകിട്ടിയാല്‍ അവര്‍ നിങ്ങളുടെ ശത്രുക്കളാവുകയും ദുഷ്ടലാക്കോടെ നിങ്ങള്‍ക്കു നേരെ കൈകളും നാക്കുകളും നീട്ടുകയും നിങ്ങള്‍ സത്യനിഷേധികളായിരുന്നുവെങ്കില്‍ എന്ന് അഭിലഷിക്കുകയും ചെയ്യും. നിഷേധീസൗഹൃദത്തില്‍ അവരുമായുള്ള രക്തബന്ധങ്ങളോ സ്വസന്തതികളോ നിങ്ങള്‍ക്ക് ഫലദായകമാവുകയേ ഇല്ല. അന്ത്യനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വേര്‍പെടുത്തും. നിങ്ങളുടെ പ്രവൃത്തികള്‍ കണ്ടറിയുന്നവനാണവന്‍.2

2 വിശദീകരണങ്ങൾ കാണുക

1. ബദ്‌റില്‍ പങ്കെടുത്ത ശ്രേഷ്ഠ സ്വഹാബിയായ ഹാഥിബുബ്‌നുഅബീബല്‍തഅ(റ) മദീനയിലെത്തിയ മുഹാജിറാണ്. തിരുനബി(സ്വ) മക്കാഫത്ഹിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയപ്പോള്‍ അത് വേണ്ടപ്പെട്ടവരെ അറിയിക്കാനായി ഒരു യാത്രക്കാരി വശം അദ്ദേഹമൊരു എഴുത്ത് മക്കയിലേക്ക് കൊടുത്തയക്കുകയും അത് പിടിക്കപ്പെടുകയും താന്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. തനിക്കിതില്‍ നബിക്കോ ഇസ്‌ലാമിനോ എതിരായ യാതൊരുവിധ ദുരുദ്ദേശ്യവുമില്ലെന്ന് പറഞ്ഞ് അദ്ദേഹം വിശദീകരണം നടത്തി. തല്‍സമയമാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത് (ബുഖാരി, മുസ്‌ലിം).

2. തീര്‍ത്തും അകാരണമായാണ് ഖുറൈശ് നിങ്ങളെ നാട്ടില്‍ നിന്ന് ബഹിഷ്‌കരിച്ചത്. പിന്നെയെന്തിന് അവരോട് നിങ്ങള്‍ ചങ്ങാത്തവും സൗഹൃദവും പുലര്‍ത്തണം? ദീനിന്റെ ശത്രുവുമായുള്ള ബന്ധം ഒരുവിധ ഗുണവും നിങ്ങള്‍ക്ക് നേടിത്തരില്ല; നിങ്ങളുടെ ബന്ധുക്കളോ മക്കളോ കുടുംബങ്ങളോ ആര് അക്കൂട്ടത്തിലുണ്ടെങ്കിലും ശരി. പരലോകത്താകട്ടെ, സര്‍വരും സ്വന്തം കാര്യത്തില്‍ ഭയവിഹ്വലരായിരിക്കും. നിഷേധികള്‍ക്ക് പരാജയം നേരില്‍ ബോധ്യപ്പെടുന്ന ദിവസമാണല്ലോ അത്. 80:33-37 നോക്കുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ عَدُوِّي وَعَدُوَّكُمۡ أَوۡلِيَآءَ تُلۡقُونَ إِلَيۡهِم بِٱلۡمَوَدَّةِ وَقَدۡ كَفَرُواْ بِمَا جَآءَكُم مِّنَ ٱلۡحَقِّ يُخۡرِجُونَ ٱلرَّسُولَ وَإِيَّاكُمۡ أَن تُؤۡمِنُواْ بِٱللَّهِ رَبِّكُمۡ إِن كُنتُمۡ خَرَجۡتُمۡ جِهَٰدٗا فِي سَبِيلِي وَٱبۡتِغَآءَ مَرۡضَاتِيۚ تُسِرُّونَ إِلَيۡهِم بِٱلۡمَوَدَّةِ وَأَنَا۠ أَعۡلَمُ بِمَآ أَخۡفَيۡتُمۡ وَمَآ أَعۡلَنتُمۡۚ وَمَن يَفۡعَلۡهُ مِنكُمۡ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ ۝١
إِن يَثۡقَفُوكُمۡ يَكُونُواْ لَكُمۡ أَعۡدَآءٗ وَيَبۡسُطُوٓاْ إِلَيۡكُمۡ أَيۡدِيَهُمۡ وَأَلۡسِنَتَهُم بِٱلسُّوٓءِ وَوَدُّواْ لَوۡ تَكۡفُرُونَ ۝٢
لَن تَنفَعَكُمۡ أَرۡحَامُكُمۡ وَلَآ أَوۡلَٰدُكُمۡۚ يَوۡمَ ٱلۡقِيَٰمَةِ يَفۡصِلُ بَيۡنَكُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ۝٣
4–5

ഇബ്‌റാഹീം നബിയിലും സഹചാരികളിലും-അവര്‍ സ്വജനതയോട് പറഞ്ഞ സന്ദര്‍ഭം- നിങ്ങള്‍ക്ക് ഉദാത്ത മാതൃകയുണ്ട്. 'നിങ്ങളിലും അല്ലാഹുവിനെവിട്ട് നിങ്ങള്‍ ആരാധിക്കുന്നവയിലും നിന്ന് ഞങ്ങള്‍ മുക്തരാവുകയും നിങ്ങളെ ഞങ്ങള്‍ നിഷേധിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വാസമുറപ്പിക്കുന്നതുവരെ നാം തമ്മില്‍ പ്രകടമായ ശാശ്വതവിദ്വേഷത്തിലും സ്പര്‍ധയിലുമായിരിക്കും'- ഇബ്‌റാഹീം നബി പിതാവിനോട് 'ഞാന്‍ താങ്കള്‍ക്കു വേണ്ടി പാപമോചനമര്‍ത്ഥിക്കുക തന്നെ ചെയ്യാം; എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് താങ്കള്‍ക്കൊന്നും നേടിത്തരാന്‍ എനിക്കാവില്ല' എന്നു പറഞ്ഞതിലൊഴികെ.3
അവരിങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു: നാഥാ, ഞങ്ങള്‍ നിങ്കലേക്കു കാര്യങ്ങള്‍ ഭരമേല്‍പിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്തിരിക്കുന്നു, തിരിച്ചെത്തലും നിന്നിലേക്കു തന്നെ. നാഥാ, അവിശ്വാസികളുടെ പരീക്ഷണത്തിന് ഞങ്ങളെ ഇരയാക്കരുതേ. നാഥാ, ഞങ്ങള്‍ക്ക് പാപമോചനമരുളേണമേ. അജയ്യനും യുക്തിമാനും നീ തന്നെയാകുന്നു.4

2 വിശദീകരണങ്ങൾ കാണുക

3. വിശ്വാസത്തില്‍ അടിയുറച്ച മഹാനായിരുന്നു ഇബ്‌റാഹീം നബി(അ). തന്റെ സഹചാരികളും ആദരണീയരായിരുന്നു. അവരില്‍ സര്‍വജനങ്ങള്‍ക്കും മാതൃകയുണ്ട്. നിഷേധികളോട് ഒരുവിധ സന്ധിക്കും അവര്‍ തയ്യാറായില്ല. എന്നാല്‍, ദുര്‍മാര്‍ഗിയും അവിശ്വാസിയുമായ പിതാവിനോട്, താങ്കള്‍ക്കുവേണ്ടി ഞാന്‍ അല്ലാഹുവിനോട് പാപമോചനമര്‍ത്ഥിക്കാം എന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞത് മാതൃകായോഗ്യമല്ലെന്നാണ് വ്യക്തമാക്കുന്നത്. അതുസംബന്ധിച്ച് 9:114ഉം വിശദീകരണക്കുറിപ്പും നോക്കുക.

4. ഇബ്‌റാഹീം നബി(അ)യും അനുയായികളും ചെയ്തിരുന്ന ദുആയാണിവിടെ ഉദ്ധരിച്ചിരിക്കുന്നത്. കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക, പാപങ്ങളില്‍ നിന്ന് പശ്ചാത്തപിക്കുക, വിശ്വാസ സംഹിതതകളില്‍ അടിയുറച്ചു നില്‍ക്കുക മുതലായവ സത്യവിശ്വാസികളുടെ മൗലിക ലക്ഷണങ്ങളാണ്. സത്യനിഷേധികളുടെ മേല്‍ക്കോയ്മയില്‍ കുടുങ്ങിയാല്‍ വിശ്വാസികള്‍ ഗുരുതര പരീക്ഷണങ്ങള്‍ക്കു വിധേയമാവുക സ്വാഭാവികമാണ്; ചരിത്രമാണതിനു സാക്ഷി. അതുകൊണ്ടാണ് അതില്‍ നിന്നു പ്രത്യേകം കാവല്‍ തേടുന്നത്.

قَدۡ كَانَتۡ لَكُمۡ أُسۡوَةٌ حَسَنَةٞ فِيٓ إِبۡرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذۡ قَالُواْ لِقَوۡمِهِمۡ إِنَّا بُرَءَٰٓؤُاْ مِنكُمۡ وَمِمَّا تَعۡبُدُونَ مِن دُونِ ٱللَّهِ كَفَرۡنَا بِكُمۡ وَبَدَا بَيۡنَنَا وَبَيۡنَكُمُ ٱلۡعَدَٰوَةُ وَٱلۡبَغۡضَآءُ أَبَدًا حَتَّىٰ تُؤۡمِنُواْ بِٱللَّهِ وَحۡدَهُۥٓ إِلَّا قَوۡلَ إِبۡرَٰهِيمَ لِأَبِيهِ لَأَسۡتَغۡفِرَنَّ لَكَ وَمَآ أَمۡلِكُ لَكَ مِنَ ٱللَّهِ مِن شَيۡءٖۖ رَّبَّنَا عَلَيۡكَ تَوَكَّلۡنَا وَإِلَيۡكَ أَنَبۡنَا وَإِلَيۡكَ ٱلۡمَصِيرُ ۝٤
رَبَّنَا لَا تَجۡعَلۡنَا فِتۡنَةٗ لِّلَّذِينَ كَفَرُواْ وَٱغۡفِرۡ لَنَا رَبَّنَآۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٥
6–7

നിശ്ചയം, അല്ലാഹുവിനെയും അന്ത്യനാളിനെയും കാത്തിരിക്കുന്ന നിങ്ങള്‍ക്ക് അവരില്‍ ഉദാത്ത മാതൃകയുണ്ട്. ഇതില്‍ നിന്ന് ആരെങ്കിലും വ്യതിചലിച്ചുപോകുന്നുവെങ്കില്‍ അല്ലാഹു തന്നെയാണ് സ്വാശ്രയനും സ്തുത്യര്‍ഹനും. അവരില്‍ നിന്ന് നിങ്ങളുമായി ശത്രുതയില്‍ കഴിഞ്ഞിരുന്നവര്‍ക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു സൗഹൃദമുണ്ടാക്കിയേക്കാം. അവന്‍ ഏറെ കഴിവുറ്റവനും പൊറുക്കുന്നവനും കരുണാമയനുമത്രേ.5

1 വിശദീകരണം കാണുക

5. ഇപ്പോള്‍ ഖുറൈശുമായും മറ്റു പ്രതിയോഗികളുമായൊക്കെ ശത്രുതയിലാണ് നിങ്ങളുള്ളതെങ്കിലും അതിനു ലഘൂകരണവും ശാന്തതയും കൈവന്നേക്കുമെന്നാണ് അല്ലാഹു സാന്ത്വനിപ്പിക്കുന്നത്. അത് ക്രമേണ സാക്ഷാല്‍കൃതമായി. ഹുദൈബിയ സന്ധിക്ക് ശേഷം പ്രതിസന്ധികള്‍ അയഞ്ഞു. ഇരുവിഭാഗവും കൂടുതല്‍ അടുത്തറിഞ്ഞു. ആളുകള്‍ നബി(സ്വ)യെയും ഇസ്‌ലാമിനെയും കൂടുതല്‍ മനസ്സിലാക്കി. കൂട്ടമായി ദീനിലേക്ക് വരാന്‍ തുടങ്ങി. രക്തം ചിന്തപ്പെടാതെ സമാധാനപൂര്‍വം മക്കാവിജയം സംജാതമായി.

لَقَدۡ كَانَ لَكُمۡ فِيهِمۡ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ ۝٦
۞ عَسَى ٱللَّهُ أَن يَجۡعَلَ بَيۡنَكُمۡ وَبَيۡنَ ٱلَّذِينَ عَادَيۡتُم مِّنۡهُم مَّوَدَّةٗۚ وَٱللَّهُ قَدِيرٞۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٧
8–9

മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കംവെട്ടാതിരിക്കുകയും സ്വഭവനങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ പറ്റി, അവര്‍ക്ക് നന്മയും നീതിയും ചെയ്യുന്നതില്‍ അല്ലാഹു നിങ്ങളെ തടയുന്നില്ല; നീതിപാലകരെ അവന്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു. മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കം വെട്ടുകയും സ്വഭവനങ്ങളില്‍ നിന്ന് നിങ്ങളെ ബഹിഷ്‌കരിക്കുകയും അതിനു സഹകരിക്കുകയും ചെയ്തവരോട് സൗഹൃദം പുലര്‍ത്തുന്നതേ അല്ലാഹു നിരോധിക്കുന്നുള്ളു. അവരോട് ആരെങ്കിലും സൗഹൃദം പുലര്‍ത്തുന്നുവെങ്കില്‍ അവര്‍ തന്നെയത്രേ അതിക്രമകാരികള്‍.6

1 വിശദീകരണം കാണുക

6. അന്യമതക്കാരുമായുള്ള ഇസ്‌ലാമിന്റെ നിലപാട് വളരെ സ്പഷ്ടമായി ഇവിടെ അനാവൃതമായിരിക്കുകയാണ്. മുസ്‌ലിംകളായതിന്റെ പേരില്‍ വിദ്വേഷം പുലര്‍ത്തുക, അക്രമ-മര്‍ദനങ്ങള്‍ ചെയ്യുക, നാട്ടില്‍ നിന്ന് ബഹിഷ്‌കരിക്കുക, അത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സഹായിക്കുക ഇത്യാദി നയരീതികള്‍ പുലര്‍ത്തുന്നവരോട് ചങ്ങാത്തവും സൗഹാര്‍ദവും ഇല്ല; അത് നിഷിദ്ധമാണ്. അങ്ങനെയൊന്നും ചെയ്യാത്ത അന്യമതസ്ഥരോട് ഒരു ശാത്രവവുമില്ലെന്നു മാത്രമല്ല, അവരോട് പുണ്യസമീപനങ്ങളും നീതിനിഷ്ഠമായ വിനിമയങ്ങളുമാണ് ഉണ്ടാകേണ്ടത്.

لَّا يَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمۡ يُقَٰتِلُوكُمۡ فِي ٱلدِّينِ وَلَمۡ يُخۡرِجُوكُم مِّن دِيَٰرِكُمۡ أَن تَبَرُّوهُمۡ وَتُقۡسِطُوٓاْ إِلَيۡهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ ۝٨
إِنَّمَا يَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمۡ فِي ٱلدِّينِ وَأَخۡرَجُوكُم مِّن دِيَٰرِكُمۡ وَظَٰهَرُواْ عَلَىٰٓ إِخۡرَاجِكُمۡ أَن تَوَلَّوۡهُمۡۚ وَمَن يَتَوَلَّهُمۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝٩
10

ഹേ മുഅ്മിനുകളേ, സത്യവിശ്വാസം പുല്‍കിയ വനിതകള്‍ സ്വദേശം ത്യജിച്ച് നിങ്ങളുടെയടുത്ത് വന്നാല്‍ അവരെ പരീക്ഷണവിധേയമാക്കുക. അല്ലാഹു അവരുടെ വിശ്വാസത്തെക്കുറിച്ച് നന്നായറിയുന്നവനത്രേ. അവര്‍ വിശ്വാസിനികള്‍ തന്നെയാണെന്ന് ബോധ്യമായാല്‍ പിന്നെയവരെ നിഷേധികളിലേക്ക് മടക്കിവിടരുത്; ഇവര്‍ അവര്‍ക്കും അവര്‍ ഇവര്‍ക്കും അനുവദനീയരല്ല. അവര്‍ക്കായി ആ വിശ്വാസികള്‍ ചെലവുചെയ്തത് നിങ്ങള്‍ കൊടുക്കണം.7
വിവാഹമൂല്യം നല്‍കുന്നുവെങ്കില്‍ നിങ്ങള്‍ക്കവരെ വേള്‍ക്കുന്നതിന് കുഴപ്പമില്ല. സത്യനിഷേധിനികളുമായുള്ള ദാമ്പത്യബന്ധത്തില്‍ നിങ്ങള്‍ പിടിച്ചു തൂങ്ങേണ്ട. അതിനായി ചെലവഴിച്ചത് നിങ്ങള്‍ തിരിച്ചു ചോദിക്കുക; തങ്ങള്‍ വ്യയം ചെയ്തത് അവരും ആവശ്യപ്പെട്ടുകൊള്ളട്ടെ-നിങ്ങള്‍ക്കിടയില്‍ അല്ലാഹു കല്‍പിക്കുന്ന വിധി ഇതാണ്. അവന്‍ കാര്യങ്ങള്‍ നന്നായി അറിയുന്നവനും യുക്തിമാനും ആകുന്നു.

1 വിശദീകരണം കാണുക

7. ഹുദൈബിയ സന്ധിക്കു ശേഷം ഉമ്മുകുല്‍സൂം ബിന്‍തു ഉഖ്ബത്തുബ്‌നുഅബീമുഐത്ത് മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയിലെത്തി. സ്വസഹോദരങ്ങള്‍ അവരെ തിരിച്ചുനല്‍കാനാവശ്യപ്പെട്ട് നബി(സ്വ)യെ ചെന്നുകണ്ടു. തല്‍സമയമാണ് ഈ സൂക്തമിറങ്ങിയത്. അല്ലാഹുവിനെയും റസൂലിനെയും മാത്രം ലക്ഷ്യം വെച്ച് മദീനയിലെത്തിയ വനിതയെ മുശ്‌രിക്കുകള്‍ക്ക് തിരിച്ചുനല്‍കുക എന്നത് അതീവഗുരുതരമാണ്. ഉദ്ദേശ്യശുദ്ധിയെ പറ്റി പരിശോധന നടത്തി അവരെ സ്വീകരിക്കുകയാണു വേണ്ടത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا جَآءَكُمُ ٱلۡمُؤۡمِنَٰتُ مُهَٰجِرَٰتٖ فَٱمۡتَحِنُوهُنَّۖ ٱللَّهُ أَعۡلَمُ بِإِيمَٰنِهِنَّۖ فَإِنۡ عَلِمۡتُمُوهُنَّ مُؤۡمِنَٰتٖ فَلَا تَرۡجِعُوهُنَّ إِلَى ٱلۡكُفَّارِۖ لَا هُنَّ حِلّٞ لَّهُمۡ وَلَا هُمۡ يَحِلُّونَ لَهُنَّۖ وَءَاتُوهُم مَّآ أَنفَقُواْۚ وَلَا جُنَاحَ عَلَيۡكُمۡ أَن تَنكِحُوهُنَّ إِذَآ ءَاتَيۡتُمُوهُنَّ أُجُورَهُنَّۚ وَلَا تُمۡسِكُواْ بِعِصَمِ ٱلۡكَوَافِرِ وَسۡـَٔلُواْ مَآ أَنفَقۡتُمۡ وَلۡيَسۡـَٔلُواْ مَآ أَنفَقُواْۚ ذَٰلِكُمۡ حُكۡمُ ٱللَّهِ يَحۡكُمُ بَيۡنَكُمۡۖ وَٱللَّهُ عَلِيمٌ حَكِيمٞ ۝١٠
11

നിങ്ങളുടെ സഹധര്‍മിണിമാരിലാരെങ്കിലും അവിശ്വാസികളുടെയടുത്തേക്ക് പോയി വിനഷ്ടമാവുകയും പിന്നീട് ആ നിഷേധികളോട് നിങ്ങള്‍ പോരാടി ഗനീമത്ത് കിട്ടുകയും ചെയ്താല്‍ ആ വിനഷ്ട ഭാര്യമാര്‍ക്ക് ഭര്‍ത്താക്കള്‍ ചെലവുചെയ്തതിനുള്ള തുല്യസംഖ്യ അവര്‍ക്കു നല്‍കുക. നിങ്ങള്‍ വിശ്വാസമര്‍പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക.8

1 വിശദീകരണം കാണുക

8. മുന്‍സൂക്തത്തില്‍ പറഞ്ഞതിന്റെ മറുവശമാണിത്. മുസ്‌ലിമിന്റെ സഹോദരി മക്കയിലേക്ക് തിരിച്ചുപോയി; പിന്നീട് അവരുമായി ഏറ്റുമുട്ടി ഗനീമത്ത് കിട്ടിയാല്‍, ആ ഭര്‍ത്താവ് ഈ വിനഷ്ട ഭാര്യക്കായി മഹ്‌റ് വകയിലും മറ്റും എന്തൊക്കെ ചെലവു ചെയ്തിരുന്നോ, അത് സമരാര്‍ജിത സമ്പത്തില്‍ നിന്നെടുത്ത് അയാള്‍ക്ക് നല്‍കണം-ചെറിയൊരു നഷ്ടപരിഹാരം. അത്തരം വിനിമയങ്ങളിലും മറ്റെല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക.

وَإِن فَاتَكُمۡ شَيۡءٞ مِّنۡ أَزۡوَٰجِكُمۡ إِلَى ٱلۡكُفَّارِ فَعَاقَبۡتُمۡ فَـَٔاتُواْ ٱلَّذِينَ ذَهَبَتۡ أَزۡوَٰجُهُم مِّثۡلَ مَآ أَنفَقُواْۚ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ أَنتُم بِهِۦ مُؤۡمِنُونَ ۝١١
12

നബീ, അല്ലാഹുവിന് ഒരു പങ്കാളിയെയും സ്ഥാപിക്കില്ല, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ മക്കളെ കൊല്ലുകയോ ചെയ്യില്ല, ജാരസന്തതികളെ ഭര്‍ത്താക്കളിലേക്ക് ചേര്‍ത്തിപ്പറയില്ല, താങ്കളോട് ഒരു കാര്യത്തിലും അനുസരണരാഹിത്യം കാണിക്കില്ല എന്നീ കാര്യങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ വന്നാല്‍ ആ ഉടമ്പടി സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുക. നിശ്ചയം, അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാമയനുമാകുന്നു.9

1 വിശദീകരണം കാണുക

9. മക്കാവിജയം പൂര്‍ണമായി കഴിഞ്ഞപ്പോള്‍ തിരുനബി(സ്വ) ജനങ്ങളുമായി ബൈഅത്ത് ചെയ്തു. ആദ്യം ആണുങ്ങളുടെ ഊഴമായിരുന്നു; അതു കഴിഞ്ഞായിരുന്നു സ്ത്രീകള്‍ക്കുള്ള ബൈഅത്ത്. ശിര്‍ക്കിന്റെയും ജാഹിലിയ്യത്തിന്റെയും പശ്ചാത്തലത്തില്‍ പ്രസക്തമായിരുന്ന ചില പ്രധാന കാര്യങ്ങളാണതില്‍ പരാമര്‍ശിച്ചത്. അക്കാര്യങ്ങള്‍ സമ്മതിച്ചു കഴിഞ്ഞാല്‍ 'നിന്നോട് ഞാനിതാ ബൈഅത്ത് ചെയ്തിരിക്കുന്നു' എന്ന് പറയുകയാണ് നബി(സ്വ) ചെയ്തത് എന്നും ഒരു സ്ത്രീയുടെയും കൈ നബി(സ്വ) സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ബീവി ആഇശ(റ) ഇവിടെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ട് (ബുഖാരി).
മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയുണ്ട്: സന്ധിയുടെ ഭാഗമായി താങ്കള്‍ ഞങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുന്നില്ലേ എന്ന് സ്ത്രീകള്‍ ചോദിക്കുകയും ഞാന്‍ സ്ത്രീകള്‍ക്ക് കൈ കൊടുക്കാറില്ല എന്ന് അവിടന്ന് പ്രതികരിക്കുകയും ചെയ്തു (അഹ്മദ്-മുസ്‌നദ്). യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അതിപ്രസരം തലക്കു പിടിച്ച ചില ആധുനിക മുസ്‌ലിം പണ്ഡിതര്‍ അതനുവദനീയമാക്കിയത് അവരുടെ സ്വേച്ഛാനുസൃതം മാത്രമാണ്. ഖുര്‍ആനിലോ സുന്നത്തിലോ സ്വഹാബികളുടെയോ ഇമാമുകളുടെയോ അഭിപ്രായങ്ങളിലോ അതിന് യാതൊരു പിന്‍ബലവും ഇല്ല

يَٰٓأَيُّهَا ٱلنَّبِيُّ إِذَا جَآءَكَ ٱلۡمُؤۡمِنَٰتُ يُبَايِعۡنَكَ عَلَىٰٓ أَن لَّا يُشۡرِكۡنَ بِٱللَّهِ شَيۡـٔٗا وَلَا يَسۡرِقۡنَ وَلَا يَزۡنِينَ وَلَا يَقۡتُلۡنَ أَوۡلَٰدَهُنَّ وَلَا يَأۡتِينَ بِبُهۡتَٰنٖ يَفۡتَرِينَهُۥ بَيۡنَ أَيۡدِيهِنَّ وَأَرۡجُلِهِنَّ وَلَا يَعۡصِينَكَ فِي مَعۡرُوفٖ فَبَايِعۡهُنَّ وَٱسۡتَغۡفِرۡ لَهُنَّ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١٢
13

സത്യവിശ്വാസികളേ, അല്ലാഹുവിന്റെ കോപത്തിനു വിധേയരായ ഒരു കൂട്ടരോട് നിങ്ങള്‍ സൗഹൃദബന്ധത്തിലേര്‍പെടരുത്. ശ്മശാനവാസികളുടെ കാര്യത്തില്‍ നിഷേധികള്‍ ഭഗ്നാശരായതുപോലെ അവര്‍ പാരത്രിക ലോകത്തെക്കുറിച്ച് നിരാശരായിക്കഴിഞ്ഞിരിക്കുന്നു.10

1 വിശദീകരണം കാണുക

10. അല്ലാഹുവിന്റെയും നബി(സ്വ)യുടെയും മുസ്‌ലിംകളുടെയും ശത്രുക്കളായ സത്യനിഷേധികളെ സംരക്ഷകരും കൈകാര്യകര്‍ത്താക്കളുമായി വരിക്കരുതെന്ന് നിരോധിച്ചുകൊണ്ട് ആരംഭിച്ച അതേ ശൈലിയില്‍ തന്നെ അധ്യായം അവസാനിക്കുകയാണ്. പാരത്രിക ലോക ജീവിതം നിശ്ശേഷം തള്ളിപ്പറയുകയും നിഷേധിക്കുകയും ചെയ്തവരാണല്ലോ അവര്‍. തങ്ങളുടെ സ്വന്തക്കാര്‍ മരിച്ചു പോയാല്‍ പിന്നെ അവരെ പറ്റി യാതൊരു പാരത്രിക ചിത്രവും മക്കാമുശ്‌രിക്കുകള്‍ക്കുണ്ടായിരുന്നില്ല. അതിനെക്കുറിച്ചാണ് നിഷേധികള്‍ ആശമുറിഞ്ഞവരാണ് എന്നു പറഞ്ഞത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَوَلَّوۡاْ قَوۡمًا غَضِبَ ٱللَّهُ عَلَيۡهِمۡ قَدۡ يَئِسُواْ مِنَ ٱلۡأٓخِرَةِ كَمَا يَئِسَ ٱلۡكُفَّارُ مِنۡ أَصۡحَٰبِ ٱلۡقُبُورِ ۝١٣