അളവിലും തൂക്കത്തിലും കുറവു വരുത്തുന്നവര്‍ക്ക്-ആളുകളോട് അളന്നുവാങ്ങുമ്പോള്‍ മുഴുവനായെടുക്കുകയും അളന്നോ തൂക്കിയോ ആളുകള്‍ക്ക് അങ്ങോട്ട് കൊടുക്കുമ്പോള്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്-മഹാനാശം! ഭയാനകമായ ഒരു നാളിലേക്ക് -ലോകനാഥങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസത്തേക്ക്-തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്ന് അക്കൂട്ടര്‍ വിശ്വസിക്കുന്നില്ലേ?1
1 വിശദീകരണം കാണുക
1. അളവു-തൂക്കങ്ങളില്‍ കൃത്രിമവും വഞ്ചനയും ചതിയുമൊക്കെ പ്രയോഗിക്കല്‍ ഇന്ന് ഏറെക്കുറെ സാര്‍വത്രികമായിരിക്കുന്നു. അതു ഗുരുതരമായ കുറ്റമാണെന്നാണിവിടെ പറയുന്നത്. അത്തരക്കാര്‍ അങ്ങോട്ട് ഒരു കിലോ കൊടുക്കുമ്പോള്‍ അമ്പതോ നൂറോ ഗ്രാം കുറച്ചുകൊടുക്കും; ഇങ്ങോട്ട് വാങ്ങുകയാണെങ്കില്‍ കുറച്ചെങ്കിലും കൂട്ടിയെടുക്കും. ചതിയും മോഷണവും തട്ടിപ്പും ഒരേസമയം നടക്കുകയാണിതില്‍. അന്ത്യനാളും മഹ്ശറും വിചാരണയും അഭിമുഖീകരിക്കണം എന്ന വിശ്വാസം ഇത്തരക്കാര്‍ക്ക് ഇല്ലേ എന്ന ഗൗരവതരമായ ചോദ്യമാണ് അല്ലാഹു ഉയര്‍ത്തുന്നത്.