Sunday, 11 October 2026 Hijri: — 11:47:57 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അസ്സാഫ്ഫാത്ത് الصافات As-Saffat

Surah 37 മക്കിയ്യ • مكية • Makkiyah 182 ആയത്തുകൾ • 182 Ayahs

സൂറത്ത് അസ്സാഫ്ഫാത്ത് (As-Saffat), ഖുർആൻ അധ്യായം 37 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 182 ആയത്തുകൾ വായിക്കുക. Read Surah As-Saffat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–10

വരിവരിയായി അണിനിരക്കുന്നവരും1
മേഘങ്ങള്‍ തെളിച്ചു കൊണ്ടുപോകുന്നവരും വേദപാരായകരുമായ മാലാഖമാര്‍ തന്നെ ശപഥം, മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാണ്, തീര്‍ച്ച. ഭുവന-വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും ഉദയ ചക്രവാളങ്ങളുടെയും നാഥനാണവന്‍. നിശ്ചയം സമീപവാനത്തെ താരഭംഗിയാല്‍ നാം അലങ്കരിക്കുകയും ധിക്കാരികളായ സര്‍വ ചെകുത്താന്മാരില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഉപരിലോക സമൂഹത്തിലേക്ക് ചെവികൊടുത്ത് കേള്‍ക്കാന്‍ അവര്‍ക്കാവില്ല, എല്ലാ ദിശയില്‍ നിന്നും എറിഞ്ഞോടിക്കപ്പെടും. അവര്‍ക്ക് ശാശ്വത ശിക്ഷയുണ്ട്. എന്നാല്‍ അവരാരെങ്കിലും എന്തെങ്കിലും റാഞ്ചുകയാണെങ്കില്‍ തുളച്ചു കയറുന്ന തീജ്വാല അവനെ പിന്തുടരുന്നതാണ്2

2 വിശദീകരണങ്ങൾ കാണുക

1. അസ്സ്വാഫ്ഫാത്ത് എന്നാല്‍ വരിവരിയായി നില്‍ക്കുന്നവ എന്നാണ്. ഈ സൂറയുടെ നാമം ഈ ആദ്യവാക്കാകുന്നു. മലക്കുകളെ പിടിച്ച് സത്യം ചെയ്തു കൊണ്ട് ഒരേയൊരു ആരാധ്യനേയുള്ളൂ എന്നും അത് പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും സംരക്ഷകനുമായ അല്ലാഹുവാണെന്നുമാണ് ഇവിടെ വ്യക്തമാക്കുന്നത്. സകലമാന സൃഷ്ടിജാലങ്ങള്‍ക്കുമായി ഒരൊറ്റ ദൈവമുണ്ടായാല്‍ അതെങ്ങനെ മതിയാകും എന്ന് മക്കയിലെ മുശ്‌രിക്കുകള്‍ ചോദിച്ചപ്പോഴായിരുന്നു ഇതിന്റെ അവതരണം എന്ന് ഇമാം ഖതാദ(റ) പറഞ്ഞിട്ടുണ്ട്. എണ്ണപ്പെരുപ്പമല്ല, കഴിവും അര്‍ഹതയുമാണതില്‍ പരിഗണിക്കേണ്ടത് എന്നു വ്യംഗ്യഭാഷ്യം. കല്ലും മരവും പ്ലാസ്റ്റിക്കും ഫൈബറും മറ്റുമായ ദൈവങ്ങള്‍ ആയിരങ്ങളുണ്ടായിട്ടെന്തു കാര്യം?!

2. ആകാശ ലോകങ്ങളിലെത്തി അല്ലാഹുവിനും മലക്കുകള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രവിച്ച് ഭൂമിയിലെ ജ്യോത്സ്യന്മാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന രീതി പണ്ട് പിശാചുക്കള്‍ക്കുണ്ടായിരുന്നു. എന്നിട്ട് അദൃശ്യജ്ഞാനമെന്ന പേരില്‍ അവരത് ജനങ്ങളോട് കുറേ നുണകള്‍ ചേര്‍ത്തു പറഞ്ഞ് പ്രചരിപ്പിക്കും. എന്നാല്‍ തിരുനബി(സ്വ)യുടെ നിയോഗത്തോടെ ഇത് നിശ്ശേഷം നിരോധിതമായി. പിന്നെയും കട്ടുകേള്‍ക്കാന്‍ ശ്രമിക്കുന്ന ചെകുത്താന്മാരെ ചെങ്കോലുകളെയ്ത് നശിപ്പിക്കപ്പെടും (ബുഖാരി, തുര്‍മുദി).

وَٱلصَّٰٓفَّٰتِ صَفّٗا ۝١
فَٱلزَّٰجِرَٰتِ زَجۡرٗا ۝٢
فَٱلتَّٰلِيَٰتِ ذِكۡرًا ۝٣
إِنَّ إِلَٰهَكُمۡ لَوَٰحِدٞ ۝٤
رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَرَبُّ ٱلۡمَشَٰرِقِ ۝٥
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِزِينَةٍ ٱلۡكَوَاكِبِ ۝٦
وَحِفۡظٗا مِّن كُلِّ شَيۡطَٰنٖ مَّارِدٖ ۝٧
لَّا يَسَّمَّعُونَ إِلَى ٱلۡمَلَإِ ٱلۡأَعۡلَىٰ وَيُقۡذَفُونَ مِن كُلِّ جَانِبٖ ۝٨
دُحُورٗاۖ وَلَهُمۡ عَذَابٞ وَاصِبٌ ۝٩
إِلَّا مَنۡ خَطِفَ ٱلۡخَطۡفَةَ فَأَتۡبَعَهُۥ شِهَابٞ ثَاقِبٞ ۝١٠
11–19

നബീ, ആ നിഷേധികളോട് താങ്കള്‍ അഭിപ്രായമാരാഞ്ഞു നോക്കൂ: അവരാണോ അതല്ല നാം പടച്ചുണ്ടാക്കിയിട്ടുള്ള മറ്റു വസ്തുക്കളാണോ സൃഷ്ടിക്കാന്‍ ഏറെ പ്രയാസകരമായിട്ടുള്ളത്? നിശ്ചയം, അവരെ നാം പടച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു3
പക്ഷേ, അവരുടെ നിഷേധത്തില്‍ താങ്കള്‍ അദ്ഭുതപ്പെടുകയാണ്, അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു. ഉപദേശം നല്‍കപ്പെടുമ്പോള്‍ അവര്‍ ആലോചിക്കുന്നില്ല; എന്തെങ്കിലും ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ പരിഹസിക്കുകയും ഇത് സ്പഷ്ടമായ മാരണമാണ് എന്ന് തട്ടിവിടുകയും ചെയ്യുന്നു. മരിച്ച് മണ്ണും അസ്ഥികളുമായിക്കഴിഞ്ഞാല്‍ ഞങ്ങളും പൂര്‍വപിതാക്കളും പുനര്‍ജീവിപ്പിക്കപ്പെടുമോ എന്നാണവരുടെ ചോദ്യം. താങ്കള്‍ പ്രതികരിക്കുക: അതെ; മാത്രമല്ല, നിങ്ങള്‍ നിന്ദ്യരാവുക കൂടി ചെയ്യും. ഒരൊറ്റ ഘോരഗര്‍ജ്ജനം മാത്രമാണുണ്ടാവുക-തത്സമയമതാ അവര്‍ എണീറ്റു നോക്കുന്നു!4

2 വിശദീകരണങ്ങൾ കാണുക

3. ആദം നബി(അ)നെ സൃഷ്ടിച്ചിരിക്കുന്നത് കളിമണ്ണില്‍ നിന്നാണ്; തന്നില്‍ നിന്നുണ്ടായ മക്കളെയെല്ലാം ഇന്ദ്രിയ ബിന്ദുവില്‍ നിന്നും. മനുഷ്യസൃഷ്ടി പരാമര്‍ശിക്കുന്നിടത്ത് ഖുര്‍ആന്‍ ഇതുരണ്ടും പ്രയോഗിക്കാറുണ്ട്. നിങ്ങളെ മണ്ണില്‍ നിന്നു സൃഷ്ടിച്ചു എന്നതിന്റെ വിവക്ഷ ആദിപിതാവിനെ എന്നാണ്.

4. പുനരുത്ഥാനത്തില്‍ ശങ്കിക്കുന്നവരോ അവിശ്വാസികളോ മാത്രമല്ല, സകല മനുഷ്യരും പരലോകത്ത് പുനര്‍ജീവിപ്പിക്കപ്പെടും. നീതിനിഷ്ഠമായ വിചാരണക്കു ശേഷം നിഷേധികളെ നരകത്തിലേക്ക് തെളിക്കപ്പെടും. അത്യന്തം നിന്ദ്യരും അഭിശപ്തരുമായി വേദനാജനകമായ നരകശിക്ഷയില്‍ കാലാകാലം അവര്‍ നിവസിക്കും. സര്‍വശക്തന്‍ നമ്മെ കാത്തുരക്ഷിക്കട്ടെ.

فَٱسۡتَفۡتِهِمۡ أَهُمۡ أَشَدُّ خَلۡقًا أَم مَّنۡ خَلَقۡنَآۚ إِنَّا خَلَقۡنَٰهُم مِّن طِينٖ لَّازِبِۭ ۝١١
بَلۡ عَجِبۡتَ وَيَسۡخَرُونَ ۝١٢
وَإِذَا ذُكِّرُواْ لَا يَذۡكُرُونَ ۝١٣
وَإِذَا رَأَوۡاْ ءَايَةٗ يَسۡتَسۡخِرُونَ ۝١٤
وَقَالُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٌ ۝١٥
أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ ۝١٦
أَوَءَابَآؤُنَا ٱلۡأَوَّلُونَ ۝١٧
قُلۡ نَعَمۡ وَأَنتُمۡ دَٰخِرُونَ ۝١٨
فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ فَإِذَا هُمۡ يَنظُرُونَ ۝١٩
20–34

അവര്‍ പരിതപിക്കും: അഹോ, ഞങ്ങള്‍ക്ക് മഹാനാശം! ഇത് പ്രതിഫല ദിനമാണല്ലോ. 'നിങ്ങള്‍ വ്യാജമാക്കിയിരുന്ന നിര്‍ണായക വിധിയുടെ ദിനമത്രേ ഇത്'. അല്ലാഹുവിന്റെ ഉത്തരവുണ്ടാകും: അക്രമകാരികളെയും അവരുടെ കൂട്ടാളികളെയും അല്ലാഹുവിനെ വിട്ട് അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ സംഗമിപ്പിക്കുകയും നരകപാതയിലേക്ക് നയിക്കുകയും ചെയ്യുക. അവരെയൊന്നു പിടിച്ചുനിറുത്തൂ, ചോദ്യം ചെയ്യാനുണ്ട്: 'നിങ്ങള്‍ക്കെന്തു പറ്റി, പരസ്പരം സഹായിക്കുകയൊന്നും ചെയ്യുന്നില്ലല്ലോ?'5
എന്നാല്‍ ഇന്ന് അവര്‍ അങ്ങേയറ്റം കീഴ്‌വണക്കമുള്ളവരായിരിക്കും; ചിലര്‍ മറ്റു ചിലര്‍ക്കുനേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും. 'നിങ്ങള്‍ നന്മ വാഗ്ദാനം ചെയ്തുവന്ന് ഞങ്ങളെ വഴിതെറ്റിച്ചില്ലേ' എന്നവര്‍ ചോദിക്കും. നേതാക്കള്‍ പ്രതികരിക്കും: 'അല്ല, നിങ്ങള്‍ വിശ്വാസികളാകാതിരിക്കുകയാണ് ചെയ്തത്; നിങ്ങള്‍ക്കു മീതെ ഒരധീശത്വവും ഞങ്ങള്‍ക്കില്ലായിരുന്നു. പ്രത്യുത, അതിക്രമികളായ ഒരു ജനതയായിരുന്നു നിങ്ങള്‍. അങ്ങനെ നമുക്കുമേല്‍ രക്ഷിതാവിന്റെ ശിക്ഷാവചനം സാക്ഷാല്‍കൃതമായി; നാമത് ആസ്വദിക്കാന്‍ പോകയാണ്. ശരി, ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു; ഞങ്ങള്‍ തന്നെ മാര്‍ഗഭ്രഷ്ടരായിരുന്നു.' നിശ്ചയം, അവരൊക്കെയും അന്ന് ശിക്ഷയില്‍ പങ്കാളികളായിരിക്കും. അധര്‍മകാരികളെ കൊണ്ട് അങ്ങനെത്തന്നെയാണ് നാം ചെയ്യുക6

2 വിശദീകരണങ്ങൾ കാണുക

5. അക്രമകാരികളെയും കൂട്ടാളികളെയും സംഘടിപ്പിച്ച് നരകത്തിലേക്ക് തെളിച്ചുകൊണ്ടുപോകാന്‍ മലക്കുകളോട് അല്ലാഹുവിന്റെ കല്‍പനയുണ്ടാകും. തങ്ങള്‍ ഒറ്റക്കെട്ടാണെന്നും പരസ്പരം സഹായസഹകരണങ്ങള്‍ ചെയ്യുമെന്നും അവിശ്വാസികള്‍ ദുന്‍യാവില്‍ വെച്ച് ജല്‍പിക്കുമായിരുന്നു. 54:44 നോക്കുക. ആ വീമ്പു പറഞ്ഞിരുന്ന പരസ്പര സഹായമെന്തായി, എവിടെപ്പോയി എന്നാണ് ചോദ്യം.

6. അന്ത്യനാളില്‍ നിഷേധികള്‍ നേതാക്കളും അനുയായികളുമായി ചേരിതിരിഞ്ഞ് വാഗ്വാദങ്ങള്‍ നടത്തും. അത്തരമൊരു രംഗമാണിത്. ഖുര്‍ആനില്‍ പലേടത്തും ഇതു പരാമര്‍ശിച്ചതായി കാണാം. 34:31-33, 50:20-29 മുതലായവ നോക്കുക.

وَقَالُواْ يَٰوَيۡلَنَا هَٰذَا يَوۡمُ ٱلدِّينِ ۝٢٠
هَٰذَا يَوۡمُ ٱلۡفَصۡلِ ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ ۝٢١
۞ ٱحۡشُرُواْ ٱلَّذِينَ ظَلَمُواْ وَأَزۡوَٰجَهُمۡ وَمَا كَانُواْ يَعۡبُدُونَ ۝٢٢
مِن دُونِ ٱللَّهِ فَٱهۡدُوهُمۡ إِلَىٰ صِرَٰطِ ٱلۡجَحِيمِ ۝٢٣
وَقِفُوهُمۡۖ إِنَّهُم مَّسۡـُٔولُونَ ۝٢٤
مَا لَكُمۡ لَا تَنَاصَرُونَ ۝٢٥
بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ ۝٢٦
وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ ۝٢٧
قَالُوٓاْ إِنَّكُمۡ كُنتُمۡ تَأۡتُونَنَا عَنِ ٱلۡيَمِينِ ۝٢٨
قَالُواْ بَل لَّمۡ تَكُونُواْ مُؤۡمِنِينَ ۝٢٩
وَمَا كَانَ لَنَا عَلَيۡكُم مِّن سُلۡطَٰنِۭۖ بَلۡ كُنتُمۡ قَوۡمٗا طَٰغِينَ ۝٣٠
فَحَقَّ عَلَيۡنَا قَوۡلُ رَبِّنَآۖ إِنَّا لَذَآئِقُونَ ۝٣١
فَأَغۡوَيۡنَٰكُمۡ إِنَّا كُنَّا غَٰوِينَ ۝٣٢
فَإِنَّهُمۡ يَوۡمَئِذٖ فِي ٱلۡعَذَابِ مُشۡتَرِكُونَ ۝٣٣
إِنَّا كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ ۝٣٤
35–39

അല്ലാഹു അല്ലാതെ ഒരു ദൈവവും ഇല്ല എന്ന് പറയപ്പെടുമ്പോള്‍ അവര്‍ അഹന്ത നടിക്കുകയും 'ഒരു ഭ്രാന്ത കവിക്കുവേണ്ടി ഞങ്ങള്‍ സ്വന്തം ദൈവങ്ങളെ കൈവെടിയുകയോ' എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. അല്ല, സത്യവും കൊണ്ടാണ് ഈ നബി വന്നിരിക്കുന്നത്; പൂര്‍വിക ദൂതരെ ശരിവെക്കുന്നുമുണ്ട്. നിങ്ങള്‍, തീര്‍ച്ചയായും വേദനയുറ്റ ശിക്ഷ ആസ്വദിക്കുന്നവര്‍ തന്നെ; സ്വകര്‍മങ്ങള്‍ക്കേ നിങ്ങള്‍ പ്രതിഫലം നല്‍കപ്പെടുന്നുള്ളു.

إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ ۝٣٥
وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٖ مَّجۡنُونِۭ ۝٣٦
بَلۡ جَآءَ بِٱلۡحَقِّ وَصَدَّقَ ٱلۡمُرۡسَلِينَ ۝٣٧
إِنَّكُمۡ لَذَآئِقُواْ ٱلۡعَذَابِ ٱلۡأَلِيمِ ۝٣٨
وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ ۝٣٩
40–49

അല്ലാഹുവിന്റെ ആത്മാര്‍ത്ഥരായ അടിമകള്‍ ഇതില്‍ നിന്നൊഴിവാണ്; അവര്‍ക്ക് സുജ്ഞാതമായ ഉപജീവനമുണ്ട്; വിവിധ പഴവര്‍ഗങ്ങള്‍. സുഖാനുഗ്രഹത്തിന്റെ ഉദ്യാനങ്ങളില്‍ സമാദരണീയരായി കട്ടിലുകളില്‍ മുഖാമുഖമായി കഴിയുകയും ഒഴുകുന്ന മദ്യം നിറച്ച കോപ്പകളുമായി ചുറ്റപ്പെടുകയും ചെയ്യും അവര്‍. പാനം ചെയ്യുന്നവര്‍ക്ക് ആസ്വാദ്യകരവും വെളുത്തതുമായ പാനീയം. യാതൊരു ദൂഷ്യവും അതിനില്ല; അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല. നേത്രങ്ങള്‍ നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ-മുട്ടകള്‍ പോലെ ഭദ്രമായി സൂക്ഷിച്ചുവെക്കപ്പെട്ട- തരുണികള്‍ അവരുടെയടുത്തുണ്ടാകും7

1 വിശദീകരണം കാണുക

7. സ്വര്‍ഗക്കാരുടെ സുഖാനുഭൂതികളില്‍ ചിലതാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. 'കഅ്‌സ്' (കോപ്പ) എന്ന പദം ഖുര്‍ആനില്‍ വന്നേടത്തെല്ലാം മദ്യം നിറച്ച ചഷകങ്ങള്‍ എന്നാണ് വിവക്ഷ എന്ന് ഇമാം ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട്. ഒട്ടകപ്പക്ഷികള്‍ മുട്ടയിട്ടാല്‍ അഴുക്കും പൊടിയുമൊന്നും പുരളാതെ തൂവല്‍ കൊണ്ട് ആവരണം ചെയ്ത് ഭദ്രമായി സൂക്ഷിച്ചുവെക്കും; വശ്യമായൊരു നിറവും അതിന്നുണ്ടാകും. അതാണിവിടെ ഉദ്ദേശ്യം.

إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ۝٤٠
أُوْلَٰٓئِكَ لَهُمۡ رِزۡقٞ مَّعۡلُومٞ ۝٤١
فَوَٰكِهُ وَهُم مُّكۡرَمُونَ ۝٤٢
فِي جَنَّٰتِ ٱلنَّعِيمِ ۝٤٣
عَلَىٰ سُرُرٖ مُّتَقَٰبِلِينَ ۝٤٤
يُطَافُ عَلَيۡهِم بِكَأۡسٖ مِّن مَّعِينِۭ ۝٤٥
بَيۡضَآءَ لَذَّةٖ لِّلشَّٰرِبِينَ ۝٤٦
لَا فِيهَا غَوۡلٞ وَلَا هُمۡ عَنۡهَا يُنزَفُونَ ۝٤٧
وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ عِينٞ ۝٤٨
كَأَنَّهُنَّ بَيۡضٞ مَّكۡنُونٞ ۝٤٩
50–57

സ്വര്‍ഗവാസികളില്‍ ചിലര്‍ മറ്റുചിലരുമായി കുശലാന്വേഷണങ്ങള്‍ നടത്തുന്നതാണ്. അവരിലൊരാള്‍ പറയും: എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു; നീ പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്നവരില്‍ തന്നെയാണോ, മരിച്ച് മണ്ണും അസ്ഥികളുമായിക്കഴിഞ്ഞാല്‍ നമുക്ക് കര്‍മഫലങ്ങള്‍ നല്‍കപ്പെടുകതന്നെ ചെയ്യുമോ എന്ന് അവന്‍ ചോദിക്കുമായിരുന്നു. അവന്‍ എവിടെ എന്ന് ഒന്ന് എത്തിനോക്കാന്‍ വരുന്നോ നിങ്ങള്‍? തുടര്‍ന്ന് എത്തിനോക്കുമ്പോള്‍ അവനെ നരകമധ്യേ കണ്ടെത്തുന്നതാണ്8
അയാളവനോടു പറയും: അല്ലാഹു തന്നെ ശപഥം! നീ എന്നെ നശിപ്പിച്ചിരുന്നേനെ; എന്റെ നാഥന്റെ കാരുണ്യമില്ലായിരുന്നുവെങ്കില്‍ നരകശിക്ഷക്ക് സന്നിഹിതരാക്കപ്പെടുന്നവരില്‍ ഞാനുമുണ്ടായിരുന്നു!

1 വിശദീകരണം കാണുക

8. നിഷേധികളിലെ കുത്തിത്തിരിപ്പുകാരുടെ ഒരു പ്രധാന ഹോബിയാണ് സത്യവിശ്വാസികളെ ശല്യം ചെയ്യലും അലോസരപ്പെടുത്തലും. സ്വര്‍ഗസ്ഥനായ ഒരാള്‍ക്കുണ്ടായിരുന്ന ദുന്‍യാവിലെ അത്തരമൊരു കൂട്ടുകാരനെ കുറിച്ചാണിവിടെ ചര്‍ച്ച. തന്‍പോരിമ പറഞ്ഞു നടന്നിരുന്ന അവനെ അന്വേഷിച്ചു നടന്ന് ഒടുവില്‍ എത്തിനോക്കിയപ്പോള്‍ നരകമധ്യേ കണ്ടെത്തുകയാണ്.

فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ ۝٥٠
قَالَ قَآئِلٞ مِّنۡهُمۡ إِنِّي كَانَ لِي قَرِينٞ ۝٥١
يَقُولُ أَءِنَّكَ لَمِنَ ٱلۡمُصَدِّقِينَ ۝٥٢
أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَدِينُونَ ۝٥٣
قَالَ هَلۡ أَنتُم مُّطَّلِعُونَ ۝٥٤
فَٱطَّلَعَ فَرَءَاهُ فِي سَوَآءِ ٱلۡجَحِيمِ ۝٥٥
قَالَ تَٱللَّهِ إِن كِدتَّ لَتُرۡدِينِ ۝٥٦
وَلَوۡلَا نِعۡمَةُ رَبِّي لَكُنتُ مِنَ ٱلۡمُحۡضَرِينَ ۝٥٧
58–68

സ്വര്‍ഗസ്ഥര്‍ പറയും: നമ്മുടെ ആദ്യമരണമല്ലാതെ ഇനി നാം മരിക്കുന്നവരോ ശിക്ഷിക്കപ്പെടുന്നവരോ അല്ലല്ലോ. ഇതുതന്നെയാണ് മഹാസൗഭാഗ്യം. ഇതുപോലെയുള്ളതിനുവേണ്ടിയാകണം കര്‍മങ്ങളനുഷ്ഠിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടത്9
ഇതാണോ വിശിഷ്ടമായ ആതിഥ്യം, അതോ സഖ്ഖൂം മരമോ? അതിക്രമികള്‍ക്ക് നാമതൊരു പരീക്ഷണമാക്കിയിരിക്കുകയാണ്. നരകഗര്‍ത്തത്തില്‍ മുളച്ചു പൊന്തുന്ന ഒരു വൃക്ഷമത്രേ അത്. പിശാചുക്കളുടെ ശിരസ്സുകള്‍ പോലെയായിരിക്കും അതിന്റെ കുലകള്‍. അവരതില്‍ നിന്ന് ഭക്ഷിക്കുകയും വയര്‍ നിറക്കുകയും ചെയ്യും, ശേഷമവര്‍ക്ക് തിളക്കുന്ന വെള്ളത്തിന്റെ ഒരു മിശ്രിതവുമുണ്ടാകും. തദനന്തരവും അവരുടെ പോക്ക് നരകത്തിലേക്ക് തന്നെ, തീര്‍ച്ച10

2 വിശദീകരണങ്ങൾ കാണുക

9. സത്യവിശ്വാസികള്‍ സ്വര്‍ഗത്തിലും നിഷേധികള്‍ നരകത്തിലും പ്രവേശിച്ചു കഴിഞ്ഞ ശേഷം മരണത്തെ അറുക്കപ്പെടുമെന്ന് ഹദീസിലുണ്ട്. രണ്ടു കക്ഷികളും കാണ്‍കെ, അവരുടെ കണ്മുമ്പിലാണിതു സംഭവിക്കുക. ഇനി മരണമില്ല എന്ന വസ്തുത അനിഷേധ്യമായി മനസ്സില്‍ പതിയത്തക്ക വിധം അവരെ ബോധ്യപ്പെടുത്തുകയാണിതിന്റെ ലക്ഷ്യം. ഇതിന് ശേഷമാണ് സ്വര്‍ഗക്കാരുടെ ഈ ആത്മഗതം.

10. 'സഖ്ഖൂം' എന്ന നരകവൃക്ഷത്തെക്കുറിച്ച് ഇവിടെയും 44:43ലും 56:52ലും വ്യക്തമായും 17:60ല്‍ വ്യംഗ്യമായും പരാമര്‍ശമുണ്ട്. നരകത്തില്‍ മരംമുളക്കുന്നത് കേട്ടപ്പോഴേക്ക് മുശ്‌രിക്കുകള്‍ ഒച്ചയും ബഹളവും പരിഹാസവുമായി ബഹുമുഖ ഭാവഹാവങ്ങളോടെ സജീവമായി രംഗത്തെത്തി- അതാണ് അവര്‍ക്കത് പരീക്ഷണമാണ് എന്നു പറഞ്ഞത്. ചങ്ങലകളും ആമങ്ങളും ഉരുകാതിരിക്കുകയും ശിക്ഷക്കുള്ള പാമ്പുകളും തേളുകളും കരിയാതിരിക്കുകയും ചെയ്യുന്നതു പോലെ, അല്ലാഹുവിന്റെ പ്രത്യേക ഉദ്ദേശ്യത്തോടെ നരകത്തില്‍ അഗ്നിയുടെ മരം മുളക്കുന്നു എന്ന് വിശ്വസിക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. ഏറ്റം വെറുക്കപ്പെടുന്നവ ചിത്രീകരിക്കാന്‍ പിശാചിന്റെ മുഖവും തലയുമൊക്കെ അറബികള്‍ ഉപയോഗിക്കാറുണ്ട്.

أَفَمَا نَحۡنُ بِمَيِّتِينَ ۝٥٨
إِلَّا مَوۡتَتَنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُعَذَّبِينَ ۝٥٩
إِنَّ هَٰذَا لَهُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝٦٠
لِمِثۡلِ هَٰذَا فَلۡيَعۡمَلِ ٱلۡعَٰمِلُونَ ۝٦١
أَذَٰلِكَ خَيۡرٞ نُّزُلًا أَمۡ شَجَرَةُ ٱلزَّقُّومِ ۝٦٢
إِنَّا جَعَلۡنَٰهَا فِتۡنَةٗ لِّلظَّٰلِمِينَ ۝٦٣
إِنَّهَا شَجَرَةٞ تَخۡرُجُ فِيٓ أَصۡلِ ٱلۡجَحِيمِ ۝٦٤
طَلۡعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ ۝٦٥
فَإِنَّهُمۡ لَأٓكِلُونَ مِنۡهَا فَمَالِـُٔونَ مِنۡهَا ٱلۡبُطُونَ ۝٦٦
ثُمَّ إِنَّ لَهُمۡ عَلَيۡهَا لَشَوۡبٗا مِّنۡ حَمِيمٖ ۝٦٧
ثُمَّ إِنَّ مَرۡجِعَهُمۡ لَإِلَى ٱلۡجَحِيمِ ۝٦٨
69–74

ഇവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് മാര്‍ഗഭ്രംശം വന്നവരായിത്തന്നെയായിരുന്നു; അങ്ങനെ ഇവര്‍ അവരുടെ കാല്‍പാടുകളില്‍ അതിദ്രുത സഞ്ചരിക്കുകയാണ്. ഇവര്‍ക്കുമുമ്പേ പൂര്‍വികരില്‍ മിക്കവരും വഴിപിഴച്ചു പോവുക തന്നെയായിരുന്നു. അവരിലേക്ക് നാം മുന്നറിയിപ്പുകാരെ അയക്കുക തന്നെ ചെയ്തു. എന്നിട്ട്, ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ പരിണതി -അല്ലാഹുവിന്റെ ആത്മാര്‍ത്ഥ ദാസരുടേതൊഴിച്ച്-എങ്ങനെയുണ്ടായിരുന്നുവെന്ന് ആലോചിച്ചുനോക്കൂ!11

1 വിശദീകരണം കാണുക

11. അവിശ്വാസികള്‍ മിക്കവരുടെയും അവസ്ഥ ഇതാണ്- മാതാപിതാക്കന്മാരും പൂര്‍വികരും ഏതു മതത്തിലും ആരാധനയിലുമായിരുന്നോ അതേ വഴിയില്‍ മുന്നോട്ടു പോകുന്നു. ചിന്തിക്കാനോ സത്യം മനസ്സിലായിട്ടു പോലും അംഗീകരിക്കാനോ തയ്യാറല്ല. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുഹമ്മദ് നബി(സ്വ)യെയും പറ്റി നന്നായറിയുകയും അതുസംബന്ധിയായ സൃഷ്ടികളും ലേഖനങ്ങളും മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ചെയ്യുന്ന വൃദ്ധനായ ഒരു റിട്ടയേഡ് അധ്യാപകനെ ഈയിടെ ചില പ്രവര്‍ത്തകര്‍ വളരെ മാന്യമായിത്തന്നെ ഇസ്‌ലാമിലേക്കു ക്ഷണിച്ചു. എന്നെ കൂടുതല്‍ ബുദ്ധിമുട്ടിക്കരുതെന്നും ഞാന്‍ ജനിച്ച മതത്തില്‍ തന്നെ മരിച്ചുപോകാനാണുദ്ദേശിക്കുന്നതെന്നുമുള്ള തികച്ചും അപക്വവും ബുദ്ധിശൂന്യവുമായ മറുപടിയാണദ്ദേഹം പറഞ്ഞത്.

إِنَّهُمۡ أَلۡفَوۡاْ ءَابَآءَهُمۡ ضَآلِّينَ ۝٦٩
فَهُمۡ عَلَىٰٓ ءَاثَٰرِهِمۡ يُهۡرَعُونَ ۝٧٠
وَلَقَدۡ ضَلَّ قَبۡلَهُمۡ أَكۡثَرُ ٱلۡأَوَّلِينَ ۝٧١
وَلَقَدۡ أَرۡسَلۡنَا فِيهِم مُّنذِرِينَ ۝٧٢
فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ ۝٧٣
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ۝٧٤
75–82

നൂഹ്‌നബി നമ്മെ വിളിച്ച് സഹായാര്‍ത്ഥന നടത്തുകയുണ്ടായി. തത്സമയം ഉത്തരം നല്‍കിയവന്‍ എത്ര ഉദാത്തന്‍! അദ്ദേഹത്തെയും അനുയായികളെയും മഹാവിപത്തില്‍ നിന്ന് നാം രക്ഷിച്ചു. തന്റെ സന്തതികളെ നാം അവശേഷിപ്പിക്കുകയും അന്തിമസമൂഹങ്ങളില്‍ തന്നെക്കുറിച്ചുള്ള സല്‍പേര് നിലനിറുത്തുകയും ചെയ്തു. ലോകരിലുടനീളം നൂഹ് നബിക്ക് സമാധാനം ഭവിക്കട്ടെ! പുണ്യവാന്മാര്‍ക്ക് അങ്ങനെത്തന്നെയാണ് നാം പ്രതിഫലം കൊടുക്കുക. നിശ്ചയം, അദ്ദേഹം നമ്മുടെ വിശ്വാസികളായ അടിമകളില്‍ പെട്ടയാളായിരുന്നു. പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്ന് നശിപ്പിച്ചു12

1 വിശദീകരണം കാണുക

12. തൊള്ളായിരത്തി അമ്പത് വര്‍ഷം അല്ലാഹുവിന്റെ മതം പ്രബോധനം ചെയ്ത് ജീവിച്ച നൂഹ് നബി(അ) സഹിച്ച ത്യാഗങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കൈയും കണക്കുമില്ല. ഗത്യന്തരമില്ലാതെ താന്‍ അല്ലാഹുവിന്റെ മുമ്പില്‍ കൈയുയര്‍ത്തി. 26:117-121, 71:26-28 മുതലായവ നോക്കുക. അങ്ങനെ അവിശ്വാസികള്‍ ഒന്നടങ്കം മുക്കിക്കൊല്ലപ്പെട്ടു.

وَلَقَدۡ نَادَىٰنَا نُوحٞ فَلَنِعۡمَ ٱلۡمُجِيبُونَ ۝٧٥
وَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ ۝٧٦
وَجَعَلۡنَا ذُرِّيَّتَهُۥ هُمُ ٱلۡبَاقِينَ ۝٧٧
وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ ۝٧٨
سَلَٰمٌ عَلَىٰ نُوحٖ فِي ٱلۡعَٰلَمِينَ ۝٧٩
إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝٨٠
إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ ۝٨١
ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ ۝٨٢
83–87

അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ട വ്യക്തിതന്നെയാണ് ഇബ്‌റാഹീം നബി. ആത്മാര്‍ത്ഥ ഹൃദയവുമായി താന്‍ നാഥനെ അഭിമുഖീകരിച്ച സന്ദര്‍ഭം സ്മരണീയമത്രേ- സ്വപിതാവിനോടും ജനതയോടും താന്‍ ചോദിച്ച സമയം: നിങ്ങള്‍ ഈ ആരാധന നടത്തുന്നത് ഏതുവസ്തുവിനാണ്? അല്ലാഹുവിനെ വിട്ട് വ്യാജദൈവങ്ങളെയാണോ നിങ്ങള്‍ ലക്ഷീകരിക്കുന്നത്? അപ്പോള്‍, പ്രപഞ്ച നാഥനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെന്താണ്?13

1 വിശദീകരണം കാണുക

13. പ്രപഞ്ചം മുഴുവന്‍ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന ദൃഷ്ടാന്തങ്ങളാണ്. അവയില്‍ ഒന്നു പോലും ചിന്താവിധേയമാക്കാത്ത ബഹുദൈവ വിശ്വാസി എന്തു ന്യായീകരണത്തിലാണ് ശിലാ-ലോഹ പ്രതിമകളെ ആരാധിക്കുന്നത്! ഇതാണ് ഇബ്‌റാഹീം നബി(അ)ന്റെ ചോദ്യത്തിന്റെ പൊരുള്‍.

۞ وَإِنَّ مِن شِيعَتِهِۦ لَإِبۡرَٰهِيمَ ۝٨٣
إِذۡ جَآءَ رَبَّهُۥ بِقَلۡبٖ سَلِيمٍ ۝٨٤
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَاذَا تَعۡبُدُونَ ۝٨٥
أَئِفۡكًا ءَالِهَةٗ دُونَ ٱللَّهِ تُرِيدُونَ ۝٨٦
فَمَا ظَنُّكُم بِرَبِّ ٱلۡعَٰلَمِينَ ۝٨٧
88–98

അങ്ങനെ നക്ഷത്രത്തിലേക്ക് ഒന്നുനോക്കിയിട്ട് 'ഞാന്‍ രോഗബാധിതന്‍ തന്നെയാണ്' എന്നദ്ദേഹം പറഞ്ഞു. പിന്നെ ജനം അദ്ദേഹത്തെ വിട്ടുപോയി14
തത്സമയം താന്‍ അവരുടെ ദൈവങ്ങളുടെ നേരെ ചെന്ന് 'നിങ്ങള്‍ ആഹരിക്കുന്നില്ലേ, എന്തു പറ്റി, നിങ്ങള്‍ സംസാരിക്കുന്നില്ലല്ലോ' എന്ന് ചോദിക്കുകയും അവയെ അഭിമുഖീകരിച്ച് വലതു കൈ കൊണ്ട് ശക്തമായി വെട്ടുകയുമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ സമീപത്തേക്ക് അതിദ്രുതം അവര്‍ ചെന്നു. 'സ്വയം കൊത്തിയുണ്ടാക്കുന്ന ബിംബങ്ങളെയാണോ നിങ്ങളാരാധിക്കുന്നത്; നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയുമൊന്നടങ്കം സൃഷ്ടിച്ചുണ്ടാക്കുന്നതാകട്ടെ അല്ലാഹുവാണു താനും.' ജനം ആക്രോശിച്ചു: നിങ്ങള്‍ ഇവനുവേണ്ടി ഒരു ചൂളയുണ്ടാക്കുകയും ജ്വലിക്കുന്ന തീയില്‍ ഇവനെയിടുകയും ചെയ്യുക! ഇങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവര്‍ നിഗൂഢ തന്ത്രം ലക്ഷ്യമിട്ടു. എന്നാല്‍ നാം അവരെ ഏറ്റം തരംതാഴ്ന്നവരാക്കുകയാണുണ്ടായത്15

2 വിശദീകരണങ്ങൾ കാണുക

14. ബഹുദൈവാരാധകരായ സ്വന്തം ജനത ഉത്സവത്തിന് പോകാനൊരുങ്ങുമ്പോഴായിരുന്നു ഇത്. നക്ഷത്രാരാധകരും അവരിലുണ്ടായിരുന്നു. മൂഢ വിശ്വാസവും ബഹുദൈവാരാധനയും കണ്ടു മടുത്ത് മനഃസംഘര്‍ഷത്തിലകപ്പെട്ട വിഷമാവസ്ഥയെ പറ്റിയാണദ്ദേഹം 'ഞാന്‍ രോഗിയാണ്' എന്ന് പറഞ്ഞത്.

15. വലിയ ഗര്‍ത്തമുണ്ടാക്കി വിറകു നിറച്ച് തീ കത്തിച്ച് ഇബ്‌റാഹീം നബി(അ)നെ അതിലിട്ടതാണ് വിവക്ഷ. സംഭവം 21:51-70ലും മറ്റും വിശദീകരിച്ചിട്ടുണ്ട്. ഇബ്‌റാഹീം നബി(അ)യെ യാതൊരപകടവും കൂടാതെ പൂര്‍ണ സുരക്ഷിതനായി അല്ലാഹു പുറത്തുകൊണ്ടുവരികയായിരുന്നു.

فَنَظَرَ نَظۡرَةٗ فِي ٱلنُّجُومِ ۝٨٨
فَقَالَ إِنِّي سَقِيمٞ ۝٨٩
فَتَوَلَّوۡاْ عَنۡهُ مُدۡبِرِينَ ۝٩٠
فَرَاغَ إِلَىٰٓ ءَالِهَتِهِمۡ فَقَالَ أَلَا تَأۡكُلُونَ ۝٩١
مَا لَكُمۡ لَا تَنطِقُونَ ۝٩٢
فَرَاغَ عَلَيۡهِمۡ ضَرۡبَۢا بِٱلۡيَمِينِ ۝٩٣
فَأَقۡبَلُوٓاْ إِلَيۡهِ يَزِفُّونَ ۝٩٤
قَالَ أَتَعۡبُدُونَ مَا تَنۡحِتُونَ ۝٩٥
وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ ۝٩٦
قَالُواْ ٱبۡنُواْ لَهُۥ بُنۡيَٰنٗا فَأَلۡقُوهُ فِي ٱلۡجَحِيمِ ۝٩٧
فَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَسۡفَلِينَ ۝٩٨
99–102

അദ്ദേഹം പ്രഖ്യാപിച്ചു: ഞാന്‍ എന്റെ നാഥങ്കലേക്ക് പോവുകയാകുന്നു; അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. 'എന്റെ രക്ഷിതാവേ, സദ്‌വൃത്തനായ ഒരു പുത്രനെ എനിക്കു പ്രദാനം ചെയ്യേണമേ.' അപ്പോള്‍ സഹിഷ്ണുവായ ഒരു മകനെക്കുറിച്ച് തനിക്കു നാം ശുഭവാര്‍ത്ത നല്‍കി. ആ കുട്ടി താനൊന്നിച്ച് കര്‍മനിരതനാകാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ പ്രിയപ്പെട്ട മകനേ, നിന്നെ അറുക്കണമെന്ന് എനിക്ക് സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു, നിന്റെ നിലപാടെന്താണ്? കുട്ടി പ്രതികരിച്ചു: ബാപ്പാ, അനുശാസിക്കപ്പെടുന്നത് എന്താണോ, അത് താങ്കള്‍ നിര്‍വഹിച്ചുകൊള്ളുക; ക്ഷമാശീലനായി, ഇന്‍ശാ അല്ലാഹ്, താങ്കളെന്നെ കാണും!16

1 വിശദീകരണം കാണുക

16. ഏകനായാണ് ഇബ്‌റാഹീം നബി(അ) അല്ലാഹുവിന്റെ പന്ഥാവിലേക്ക് ഇറങ്ങി തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഒരു പുത്രനു വേണ്ടി ദുആ ചെയ്യുകയും അനുകൂലമായ ശുഭവാര്‍ത്ത ലഭിക്കുകയും ചെയ്തു. അന്ന് ഇബ്‌റാഹീം നബി(അ)ക്ക് 86 വയസ്സായിരുന്നു എന്ന് ചരിത്രങ്ങളിലുണ്ട്. അറുക്കാന്‍ കല്‍പിക്കപ്പെട്ടപ്പോള്‍ ഇസ്മാഈലിന്റെ പ്രായം 13 ആയിരുന്നു എന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയതായി കാണാം.

وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهۡدِينِ ۝٩٩
رَبِّ هَبۡ لِي مِنَ ٱلصَّٰلِحِينَ ۝١٠٠
فَبَشَّرۡنَٰهُ بِغُلَٰمٍ حَلِيمٖ ۝١٠١
فَلَمَّا بَلَغَ مَعَهُ ٱلسَّعۡيَ قَالَ يَٰبُنَيَّ إِنِّيٓ أَرَىٰ فِي ٱلۡمَنَامِ أَنِّيٓ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ يَٰٓأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ ۝١٠٢
103–108

അങ്ങനെ അവരിരുവരും ശാസനക്ക് വിധേയരാവുകയും അവനെയദ്ദേഹം കമിഴ്ത്തിക്കിടത്തുകയും ചെയ്തപ്പോള്‍ നാം വിളിച്ചറിയിച്ചു: ഹേ ഇബ്‌റാഹീം, താങ്കള്‍ കിനാവ് സാക്ഷാല്‍ക്കരിക്കുക തന്നെ ചെയ്തിരിക്കുന്നു! ഇങ്ങനെത്തന്നെയാണ് പുണ്യവാന്മാര്‍ക്ക് നാം പ്രതിഫലം നല്‍കുക. വ്യക്തമായൊരു പരീക്ഷണം തന്നെയാണിത്. ബലി നല്‍കാന്‍ അവന്നു പകരം മഹത്തായൊരു മൃഗത്തെ നാം നല്‍കുകയും പില്‍ക്കാലക്കാരില്‍ തന്റെ സല്‍പേര് നിലനിറുത്തുകയും ചെയ്തു17

1 വിശദീകരണം കാണുക

17. മകനെ അറുക്കാന്‍ കല്‍പിച്ചാല്‍ പിതാവിന്റെയും പുത്രന്റെയും പ്രതികരണം എങ്ങനെയിരിക്കും എന്ന് പരീക്ഷിക്കാനാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നത്. രണ്ടു പേരും അതില്‍ മഹാവിജയമാണ് നേടിയത്. ഒരൊറ്റ പിതാവിനും പുത്രനും ചിന്തിക്കാന്‍ പോലുമാകാത്ത വമ്പിച്ച ത്യാഗത്തിനാണ് ഇരുവരും സജ്ജരായത്.

فَلَمَّآ أَسۡلَمَا وَتَلَّهُۥ لِلۡجَبِينِ ۝١٠٣
وَنَٰدَيۡنَٰهُ أَن يَٰٓإِبۡرَٰهِيمُ ۝١٠٤
قَدۡ صَدَّقۡتَ ٱلرُّءۡيَآۚ إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝١٠٥
إِنَّ هَٰذَا لَهُوَ ٱلۡبَلَٰٓؤُاْ ٱلۡمُبِينُ ۝١٠٦
وَفَدَيۡنَٰهُ بِذِبۡحٍ عَظِيمٖ ۝١٠٧
وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ ۝١٠٨
109–113

ഇബ്‌റാഹീം നബിയുടെ മേല്‍ സമാധാനം വര്‍ഷിക്കട്ടെ. ഇങ്ങനെയാണ് സദ്‌വൃത്തരായ ആളുകള്‍ക്ക് നാം പ്രതിഫലം നല്‍കുക. നമ്മുടെ സത്യവിശ്വാസികളായ അടിമകളില്‍ പെട്ടയാള്‍ തന്നെയായിരുന്നു അദ്ദേഹം. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനെന്ന നിലക്ക് ഇസ്ഹാഖ് എന്ന പുത്രന്റെ പിറവിയെക്കുറിച്ചും തനിക്കു നാം ശുഭവൃത്താന്തം നല്‍കുകയും അദ്ദേഹത്തിനും ഇസ്ഹാഖ് നബിക്കും അനുഗ്രഹം വര്‍ഷിക്കുകയുമുണ്ടായി. ഇരുവരുടെയും സന്തതീപരമ്പരയില്‍ സദ്‌വൃത്തന്മാരും സ്വന്തത്തോട് അതിക്രമം കാട്ടുന്നവരുമുണ്ട്18

1 വിശദീകരണം കാണുക

18. ഇസ്മാഈല്‍ നബി(അ)ന്റെ ശേഷം ഇസ്ഹാഖ് എന്ന പുത്രന്‍ കൂടി ഇബ്‌റാഹീം നബിക്ക് ജനിച്ചു- ഇവര്‍ ഇരുവരുമാണ് യഥാക്രമം അറബികളുടെയും ഇസ്രയേല്യരുടെയും ആദ്യപിതാക്കള്‍. ഇവിടെ ആദ്യം ഇസ്മാഈല്‍ നബി(അ)ന്റെ ജനനവും തുടര്‍ന്ന് ബലി സംഭവവും പരാമര്‍ശിച്ച ശേഷമാണ് ഇസ്ഹാഖ് നബി(അ)ന്റെ കാര്യം പറയുന്നത്. പിതാവ് ബലി നല്‍കാനൊരുങ്ങിയത് ഇസ്മാഈലിനെയാണ് എന്ന് വിവക്ഷ. പക്ഷേ, ജൂതന്മാര്‍ ഇവിടെ കള്ളക്കഥകളുണ്ടാക്കി ഇസ്ഹാഖ്(അ) ആണ് ബലിപുത്രന്‍ എന്ന് പറയുന്നു.
അഞ്ചാം ഖലീഫ ഹസ്രത്ത് ഉമറുബ്‌നു അബ്ദില്‍അസീസ്(റ) ഒരിക്കല്‍, ഇസ്‌ലാം മതം സ്വീകരിച്ച ഒരു ജൂത പണ്ഡിതനെ തന്റെയടുത്തുവിളിച്ച് ഇതിനെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. അയാള്‍ മറുപടി നല്‍കി: അമീറുല്‍മുഅ്മിനീന്‍, ഇസ്മാഈല്‍ തന്നെയാണ് ബലിപുത്രന്‍ എന്ന് ജൂതന്മാര്‍ക്ക് നന്നായറിയാം. എന്നാല്‍ നിങ്ങള്‍ അറബികളോടുള്ള കടുത്ത അസൂയയാലാണ് അത് ഇസ്ഹാഖ് ആയിരുന്നു എന്നവര്‍ ജല്‍പിക്കുന്നത് (ഇബ്‌നുകസീര്‍ 4:19).

سَلَٰمٌ عَلَىٰٓ إِبۡرَٰهِيمَ ۝١٠٩
كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝١١٠
إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ ۝١١١
وَبَشَّرۡنَٰهُ بِإِسۡحَٰقَ نَبِيّٗا مِّنَ ٱلصَّٰلِحِينَ ۝١١٢
وَبَٰرَكۡنَا عَلَيۡهِ وَعَلَىٰٓ إِسۡحَٰقَۚ وَمِن ذُرِّيَّتِهِمَا مُحۡسِنٞ وَظَالِمٞ لِّنَفۡسِهِۦ مُبِينٞ ۝١١٣
114–122

മൂസാ നബിക്കും ഹാറൂന്‍ നബിക്കും നാം ഔദാര്യം ചെയ്യുകയും ഇരുവരെയും സ്വജനത്തെയും മഹാദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമുണ്ടായി; അപ്പോള്‍ അവര്‍ തന്നെയായി ജേതാക്കള്‍. നാം അവരിരുവര്‍ക്കും വസ്തുതകള്‍ സ്പഷ്ടമാക്കുന്ന വേദം കൊടുക്കുകയും ഋജുവായ പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം നല്‍കുകയും പില്‍കാലക്കാരില്‍ സല്‍പേര് നിലനിറുത്തുകയും ചെയ്തു. മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം ഭവിക്കട്ടെ. ഇങ്ങനെത്തന്നെയാണ് പുണ്യവാന്മാര്‍ക്ക് നാം പ്രതിഫലമേകുക. അവരിരുവരും സത്യവിശ്വാസികളായ അടിമകളില്‍ പെട്ടവരായിരുന്നു19

1 വിശദീകരണം കാണുക

19. ക്രൂരനായ ഫിര്‍ഔന്‍ ഇസ്രയേല്യരുടെ നവജാത ആണ്‍ ശിശുക്കളെ അറുകൊല ചെയ്യാന്‍ തുടങ്ങിയതോടെ അവര്‍ വംശനാശത്തിന്റെ വക്കത്തെത്തി നില്‍ക്കുകയായിരുന്നു. ആ ശത്രുവിനെയും ശിങ്കിടികളെയും അനുയായികളെയും ഒന്നടങ്കം മുക്കിക്കൊന്ന് ഇസ്രയേല്യരെ അല്ലാഹു രക്ഷിച്ചു.

وَلَقَدۡ مَنَنَّا عَلَىٰ مُوسَىٰ وَهَٰرُونَ ۝١١٤
وَنَجَّيۡنَٰهُمَا وَقَوۡمَهُمَا مِنَ ٱلۡكَرۡبِ ٱلۡعَظِيمِ ۝١١٥
وَنَصَرۡنَٰهُمۡ فَكَانُواْ هُمُ ٱلۡغَٰلِبِينَ ۝١١٦
وَءَاتَيۡنَٰهُمَا ٱلۡكِتَٰبَ ٱلۡمُسۡتَبِينَ ۝١١٧
وَهَدَيۡنَٰهُمَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ۝١١٨
وَتَرَكۡنَا عَلَيۡهِمَا فِي ٱلۡأٓخِرِينَ ۝١١٩
سَلَٰمٌ عَلَىٰ مُوسَىٰ وَهَٰرُونَ ۝١٢٠
إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝١٢١
إِنَّهُمَا مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ ۝١٢٢
123–132

ഇല്‍യാസ് നബിയും ദൈവദൂതരില്‍ പെട്ടയാള്‍ തന്നെ. നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലേ? ബഅ്‌ലിനെ ആരാധിക്കുകയും ഏറ്റം ഉദാത്തനായ സ്രഷ്ടാവിനെ-നിങ്ങളുടെയും പൂര്‍വികരുടെയും നാഥനായ അല്ലാഹുവിനെ-ഉപേക്ഷിക്കുകയുമാണോ എന്ന് സ്വജനതയോട് അദ്ദേഹം ചോദിച്ച സന്ദര്‍ഭം സ്മരണീയമത്രേ. തത്സമയം അവരദ്ദേഹത്തെ വ്യാജനാക്കി. തന്മൂലം അവര്‍ ശിക്ഷക്ക് സന്നിഹിതരാക്കപ്പെടും-അല്ലാഹുവിന്റെ ആത്മാര്‍ത്ഥ ദാസരൊഴികെ. പില്‍കാലക്കാരില്‍ തന്റെ സല്‍പേര് നാം നിലനിറുത്തി. ഇല്‍യാസ് നബിയുടെ മേല്‍ സമാധാനം ഭവിക്കട്ടെ. ഇങ്ങനെത്തന്നെയാണ് പുണ്യവാന്മാര്‍ക്കു നാം പ്രതിഫലം നല്‍കുക. അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിമകളില്‍ പെട്ടയാള്‍ തന്നെയായിരുന്നു20

1 വിശദീകരണം കാണുക

20. ഹാറൂന്‍ നബി(അ)ന്റെ സന്താന പരമ്പരയില്‍ പെട്ട മറ്റൊരു ഇസ്രയേലീ ദൂതനാണ് ഇല്‍യാസ് നബി(അ). പഴയ ബിലാദുശ്ശാമി(അവിഭക്ത സിറിയ)ലെ പടിഞ്ഞാറന്‍ പ്രവിശ്യയിലേക്കാണദ്ദേഹം നിയുക്തനായിരുന്നത്. 'ബഅ്‌ല്' എന്ന വിഗ്രഹമായിരുന്നു അന്നാട്ടുകാരുടെ ദൈവം. ഇന്നത്തെ കിഴക്കന്‍ ലബനോനിലെ 'ബഅ്‌ലബക്ക്' എന്ന ജില്ലയാണിതെന്നാണ് ചില ചരിത്രകാരന്മാരുടെ പക്ഷം.

وَإِنَّ إِلۡيَاسَ لَمِنَ ٱلۡمُرۡسَلِينَ ۝١٢٣
إِذۡ قَالَ لِقَوۡمِهِۦٓ أَلَا تَتَّقُونَ ۝١٢٤
أَتَدۡعُونَ بَعۡلٗا وَتَذَرُونَ أَحۡسَنَ ٱلۡخَٰلِقِينَ ۝١٢٥
ٱللَّهَ رَبَّكُمۡ وَرَبَّ ءَابَآئِكُمُ ٱلۡأَوَّلِينَ ۝١٢٦
فَكَذَّبُوهُ فَإِنَّهُمۡ لَمُحۡضَرُونَ ۝١٢٧
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ۝١٢٨
وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ ۝١٢٩
سَلَٰمٌ عَلَىٰٓ إِلۡ يَاسِينَ ۝١٣٠
إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝١٣١
إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ ۝١٣٢
133–138

ലൂഥ് നബിയും ദൈവദൂതരില്‍ പെട്ടയാള്‍ തന്നെ. തന്നെയും സ്വന്തക്കാരെയുമൊന്നടങ്കം-പിന്മാറിയ ഒരു വൃദ്ധയൊഴികെ-നാം സുരക്ഷിതരാക്കിയ സന്ദര്‍ഭം സ്മരണീയമത്രേ. പിന്നെ, അപരരെ നാം സംഹരിച്ചുകളഞ്ഞു. രാവിലെയും രാത്രിയുമൊക്കെ അവരുടെ സമീപത്തുകൂടി നിങ്ങള്‍ നടന്നുപോകാറുണ്ട്; എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ21

1 വിശദീകരണം കാണുക

21. ലൂഥ് നബി(അ)ന്റെ സ്വന്തക്കാര്‍ എന്നാല്‍ സത്യവിശ്വാസികളായ അനുയായികള്‍ എന്നാണ്. അദ്ദേഹത്തിന്റെ ഭാര്യ അവിശ്വാസികളുടെ ഒറ്റുകാരിയായിരുന്നു എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അവള്‍ നശിപ്പിക്കപ്പെടുമെന്ന് മലക്കുകള്‍ ആദ്യമേ അറിയിച്ചിരുന്നു. 29:28-35, 27:54-58, 11:77-83 മുതലായവയില്‍ വിശദ വിവരങ്ങള്‍ കാണാം.

وَإِنَّ لُوطٗا لَّمِنَ ٱلۡمُرۡسَلِينَ ۝١٣٣
إِذۡ نَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ ۝١٣٤
إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ ۝١٣٥
ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ ۝١٣٦
وَإِنَّكُمۡ لَتَمُرُّونَ عَلَيۡهِم مُّصۡبِحِينَ ۝١٣٧
وَبِٱلَّيۡلِۚ أَفَلَا تَعۡقِلُونَ ۝١٣٨
139–148

യൂനുസ് നബിയും ദൈവദൂതരില്‍ ഒരാള്‍ തന്നെ. ഭാരം നിറച്ച ജലയാനത്തിലേക്ക് താന്‍ ഒളിച്ചോടിയ സന്ദര്‍ഭം സ്മരണീയമത്രേ. അങ്ങനെ സഹയാത്രികരുമായി താന്‍ നറുക്കെടുപ്പില്‍ പങ്കാളിയാവുകയും പരാജയപ്പെടുകയും ചെയ്തു. എന്നിട്ട് ആക്ഷേപാര്‍ഹനാകവെ ആ തിമിംഗലം തന്നെ വിഴുങ്ങി. അല്ലാഹുവിന്റെ മഹത്ത്വപ്രകീര്‍ത്തകരിലുള്‍പ്പെട്ടിരുന്നില്ലെങ്കില്‍ പുനരുത്ഥാന നാള്‍ വരെ താന്‍ അതിന്റെ വയറ്റില്‍ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമായിരുന്നു. എന്നിട്ട്, രോഗിയായി നാമദ്ദേഹത്തെ വെളിയിലേക്ക് തള്ളുകയും തനിക്കുമീതെ ചുരക്കച്ചെടി മുളപ്പിക്കുകയും ചെയ്തു. ഒരു ലക്ഷമോ അതിലുപരിയോ വരുന്ന ഒരു ജനസഞ്ചയത്തിലേക്ക് അദ്ദേഹത്തെ നാം ദൂതനാക്കുകയും അവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും ഒരു നിശ്ചിതകാലം അവര്‍ക്കുനാം സുഖജീവിതം നല്‍കുകയുമുണ്ടായി22

1 വിശദീകരണം കാണുക

22. ഇറാഖിലെ സുപ്രസിദ്ധ നഗരമായ അല്‍മൗസ്വില്‍ (മോസുള്‍) എന്ന സ്ഥലത്തിന് കിഴക്കുള്ള നീനവയിലേക്കാണ് യൂനുസ് നബി(അ) നിയുക്തനായിരുന്നത്. നീണ്ട കാലത്തെ പ്രബോധനം ഏശാതിരുന്നപ്പോള്‍ അല്ലാഹുവിന്റെ വഹ്‌യ് പ്രകാരം, മൂന്ന് ദിവസത്തിനകം ഉന്മൂലന ശിക്ഷ വരുമെന്നദ്ദേഹം ജനങ്ങളെ അറിയിച്ചു. പിന്നെയും നാട്ടുകാര്‍ക്ക് മാറ്റം വരാതെ കണ്ടപ്പോള്‍ അവരോടു പറയാതെയും അല്ലാഹുവിന്റെ അനുമതിയില്ലാതെയും നാടുവിട്ട് ഒരു കപ്പലില്‍ കയറി. നറുക്കെടുപ്പിന്റെ താല്‍പര്യമനുസരിച്ച് സ്വയം കടലിലേക്ക് ചാടുകയും തിമിംഗലം വിഴുങ്ങുകയും ചെയ്തു. ജനങ്ങളാകട്ടെ, ശിക്ഷ വരും മുമ്പ് സത്യവിശ്വാസം കൈക്കൊണ്ടിരുന്നു (യൂനുസ് 98). ഈ സംഭവം 21:87,88; 68:48-50, 10:98 എന്നിവിടങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്.

وَإِنَّ يُونُسَ لَمِنَ ٱلۡمُرۡسَلِينَ ۝١٣٩
إِذۡ أَبَقَ إِلَى ٱلۡفُلۡكِ ٱلۡمَشۡحُونِ ۝١٤٠
فَسَاهَمَ فَكَانَ مِنَ ٱلۡمُدۡحَضِينَ ۝١٤١
فَٱلۡتَقَمَهُ ٱلۡحُوتُ وَهُوَ مُلِيمٞ ۝١٤٢
فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ ۝١٤٣
لَلَبِثَ فِي بَطۡنِهِۦٓ إِلَىٰ يَوۡمِ يُبۡعَثُونَ ۝١٤٤
۞ فَنَبَذۡنَٰهُ بِٱلۡعَرَآءِ وَهُوَ سَقِيمٞ ۝١٤٥
وَأَنۢبَتۡنَا عَلَيۡهِ شَجَرَةٗ مِّن يَقۡطِينٖ ۝١٤٦
وَأَرۡسَلۡنَٰهُ إِلَىٰ مِاْئَةِ أَلۡفٍ أَوۡ يَزِيدُونَ ۝١٤٧
فَـَٔامَنُواْ فَمَتَّعۡنَٰهُمۡ إِلَىٰ حِينٖ ۝١٤٨
149–158

അതുകൊണ്ട്, നബീ, ബഹുദൈവ വിശ്വാസികളോട് താങ്കള്‍ അന്വേഷിച്ചുനോക്കൂ: താങ്കളുടെ നാഥന്നു പെണ്‍മക്കളും അവര്‍ക്കു ആണ്‍മക്കളുമാണോ ഉള്ളത്? അതല്ല,-അവര്‍ സാക്ഷികളായിരിക്കെ- മലക്കുകളെ സ്ത്രീകളായി നാം സൃഷ്ടിക്കുകയായിരുന്നോ? അറിയണം, അല്ലാഹു സന്താനങ്ങളെ ജനിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ തട്ടിവിടുന്നു; ആ പ്രസ്താവം നുണ തന്നെയാണെന്ന് തീര്‍ച്ച. ആണ്‍മക്കള്‍ക്കപ്പുറം പെണ്‍മക്കളെ അവന്‍ തെരഞ്ഞെടുത്തിരിക്കുന്നു എന്നാണോ അവരുടെ വാദം? നിങ്ങള്‍ക്കെന്തു പറ്റി? ഏതു വിധമാണ് നിങ്ങള്‍ വിധികല്‍പിക്കുന്നത്? ചിന്തിക്കുന്നില്ലേ നിങ്ങള്‍? അതോ, വല്ല സ്പഷ്ട പ്രമാണവും നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ആ രേഖ ഹാജറാക്കൂ, സത്യവാന്മാരാണു നിങ്ങളെങ്കില്‍! അല്ലാഹുവിന്നും അഗോചര മലക്കുകള്‍ക്കുമിടയില്‍ ബഹുദൈവ വിശ്വാസികള്‍ കുടുംബബന്ധം സ്ഥാപിച്ചിരിക്കയാണ്; എന്നാല്‍ അവര്‍ നരകത്തില്‍ സന്നിഹിതരാക്കപ്പെടുമെന്ന് മലക്കുകള്‍ക്ക് നന്നായറിയാം23

1 വിശദീകരണം കാണുക

23. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് മുശ്‌രിക്കുകള്‍ ജല്‍പിച്ചിരുന്നു. അതിനെ ഖണ്ഡിക്കുകയാണിവിടെ. സൂക്തം 158ലെ ജിന്നത്ത് കൊണ്ടു വിവക്ഷ മലക്കുകളാണ്. മനുഷ്യ ദൃഷ്ടിക്കു മറഞ്ഞത്/ ഗോചരീഭവിക്കാത്തത് എന്നാണ് പദാര്‍ത്ഥം.

فَٱسۡتَفۡتِهِمۡ أَلِرَبِّكَ ٱلۡبَنَاتُ وَلَهُمُ ٱلۡبَنُونَ ۝١٤٩
أَمۡ خَلَقۡنَا ٱلۡمَلَٰٓئِكَةَ إِنَٰثٗا وَهُمۡ شَٰهِدُونَ ۝١٥٠
أَلَآ إِنَّهُم مِّنۡ إِفۡكِهِمۡ لَيَقُولُونَ ۝١٥١
وَلَدَ ٱللَّهُ وَإِنَّهُمۡ لَكَٰذِبُونَ ۝١٥٢
أَصۡطَفَى ٱلۡبَنَاتِ عَلَى ٱلۡبَنِينَ ۝١٥٣
مَا لَكُمۡ كَيۡفَ تَحۡكُمُونَ ۝١٥٤
أَفَلَا تَذَكَّرُونَ ۝١٥٥
أَمۡ لَكُمۡ سُلۡطَٰنٞ مُّبِينٞ ۝١٥٦
فَأۡتُواْ بِكِتَٰبِكُمۡ إِن كُنتُمۡ صَٰدِقِينَ ۝١٥٧
وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبٗاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ ۝١٥٨
159–166

ആ ബഹുദൈവ വിശ്വാസികള്‍ -അല്ലാഹുവിന്റെ ആത്മാര്‍ത്ഥ ദാസരൊഴികെ- നിര്‍മിച്ചുണ്ടാക്കുന്ന വിശേഷണങ്ങളില്‍ നിന്നെല്ലാം അവന്‍ എത്ര മഹോന്നതനാണ്! എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യവസ്തുക്കള്‍ക്കും അവന്നു പ്രതികൂലമായി-നരകപ്രാപ്തനെയല്ലാതെ- മറ്റാരെയും കുഴപ്പത്തിലാക്കാന്‍ കഴിയുന്നതല്ല തന്നെ24
മലക്കുകള്‍ പറയും: സുജ്ഞാതമായ ഒരു സ്ഥാനമില്ലാതെ ഞങ്ങളിലാരുമില്ല; അണിനിരക്കുന്നവരും മഹത്ത്വ പ്രകീര്‍ത്തനം ചെയ്യുന്നവരുമത്രേ ഞങ്ങള്‍25

2 വിശദീകരണങ്ങൾ കാണുക

24. മുശ്‌രിക്കുകളും അവരുടെ ആരാധ്യവസ്തുക്കളുമെല്ലാം ഒന്നിച്ചു സംഘടിതമായി ശ്രമിച്ചാല്‍ പോലും അല്ലാഹുവിന്റെ ആത്മാര്‍ത്ഥരായ അടിമകളില്‍ ഒരാളെയെങ്കിലും വഴിതെറ്റിക്കാനാകില്ല- പരാജയവും നരകപ്രാപ്തിയും ഉറപ്പുള്ളവരെ മാത്രമേ ദുര്‍മാര്‍ഗത്തിലാക്കാന്‍ അവര്‍ക്കാവൂ.

25. ബഹുദൈവ വിശ്വാസികള്‍ മലക്കുകളെപ്പറ്റി അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ജല്‍പിച്ചതിനെ അല്ലാഹു ഖണ്ഡിക്കയുണ്ടായി. ഇനി, മലക്കുകളുടെ തന്നെ സ്വന്തം സാക്ഷ്യമാണുദ്ധരിക്കുന്നത്. അവര്‍ പറയുന്നതിതാണ്: ഞങ്ങളില്‍ ഓരോരുത്തര്‍ക്കും നിശ്ചിത പദവികളും ഉത്തരവാദിത്വങ്ങളുമുണ്ട്. വഹ്‌യ് എത്തിക്കല്‍, സകലമാന സൃഷ്ടികളുടെയും അന്നപാനാദി കാര്യങ്ങള്‍, ആയുഷ്‌കാലം, ആത്മാവ് പിടിക്കല്‍, മഴ കാറ്റ് ഇടി മിന്നല്‍, സൃഷ്ടികളുടെ സംരക്ഷണം.... ഇങ്ങനെ നീണ്ടു നീണ്ടു പോകും അത്. അല്ലാഹുവിന്റെ മഹത്ത്വ പ്രകീര്‍ത്തനത്തിലും മറ്റുമായി അണിയണിയായി നില്‍ക്കും ഞങ്ങള്‍; നിരന്തരമായ ആരാധനയും വിധേയത്വവും (21:20). അല്ലാഹുവിന്റെ അടിമത്തത്തിലാണെന്നതില്‍ ഒട്ടുമേ സങ്കോചം മലക്കുകള്‍ക്കില്ല (4:172 കാണുക).

سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ ۝١٥٩
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ۝١٦٠
فَإِنَّكُمۡ وَمَا تَعۡبُدُونَ ۝١٦١
مَآ أَنتُمۡ عَلَيۡهِ بِفَٰتِنِينَ ۝١٦٢
إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ ۝١٦٣
وَمَا مِنَّآ إِلَّا لَهُۥ مَقَامٞ مَّعۡلُومٞ ۝١٦٤
وَإِنَّا لَنَحۡنُ ٱلصَّآفُّونَ ۝١٦٥
وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ ۝١٦٦
167–170

സത്യനിഷേധികള്‍ പറയാറുണ്ടായിരുന്നു: ഞങ്ങള്‍ വശം മുന്‍ഗാമികളില്‍ നിന്നുള്ള എന്തെങ്കിലും വേദം ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ അല്ലാഹുവിന്റെ ആത്മാര്‍ത്ഥ അടിമകളാകുമായിരുന്നു. എന്നാല്‍ അതവതരിച്ചപ്പോള്‍ അവര്‍ നിഷേധിച്ചു; അതിന്റെ ഫലം വഴിയെ അവരറിയും26

1 വിശദീകരണം കാണുക

26. സത്യവും ദൈവദൂതനും വന്നെത്തുവോളം അതിന്നായി മുറവിളി കൂട്ടുക; വന്നുകഴിഞ്ഞാല്‍ വ്യാജമുദ്ര കുത്തി തള്ളുക. എക്കാലത്തും ബിംബാരാധകരുടെയും നിഷേധികളുടെയും സ്ഥിരശൈലിയായിരുന്നു ഇത്. ഈ അവസരവാദത്തിന്റെയും ഇരട്ട മുഖത്തിന്റെയും തിക്തഫലം അവര്‍ അറിഞ്ഞേ തീരൂ എന്ന് താക്കീതു ചെയ്യുകയാണ്.

وَإِن كَانُواْ لَيَقُولُونَ ۝١٦٧
لَوۡ أَنَّ عِندَنَا ذِكۡرٗا مِّنَ ٱلۡأَوَّلِينَ ۝١٦٨
لَكُنَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ ۝١٦٩
فَكَفَرُواْ بِهِۦۖ فَسَوۡفَ يَعۡلَمُونَ ۝١٧٠
171–182

നാം നിയോഗിക്കുന്ന ദൂതന്മാര്‍ തന്നെയാണ് വിജയിക്കുകയെന്നും നമ്മുടെ സൈന്യമാണ് അജയ്യരാവുക എന്നുമുള്ള നമ്മുടെ ഉത്തരവ് നേരത്തെ സംഭവിച്ചിട്ടുണ്ട്. അതിനാല്‍, ഒരു നിശ്ചിത സമയം വരെ താങ്കള്‍ നിഷേധികളില്‍ നിന്ന് പിന്തിരിയുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുക; അവര്‍ ഭവിഷ്യത്ത് കണ്ടുകൊള്ളും. നമ്മുടെ ശിക്ഷക്ക് ധൃതി കൂട്ടുകയാണോ അവര്‍? എന്നാല്‍ തങ്ങളുടെ മുറ്റത്ത് അത് വന്നണയുമ്പോള്‍ മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്നവരുടെ പ്രഭാതം വളരെ ഹീനമായിരിക്കുന്നതാണ്. അതിനാല്‍ ഒരു നിശ്ചിത സമയം വരെ നിഷേധികളെ വിട്ട് അങ്ങ് പിന്തിരിയുകയും അവരെ വീക്ഷിക്കുകയും ചെയ്യുക; പരിണതി അവര്‍ കണ്ടറിയുന്നതാണ്.27
പ്രതാപത്തിന്റെ നാഥനായ അങ്ങയുടെ രക്ഷിതാവ് അവരവതരിപ്പിക്കുന്ന വിശേഷണങ്ങളില്‍ നിന്നൊക്കെ എത്ര പരിശുദ്ധനാണ്! ദൈവദൂതന്മാര്‍ക്കു സമാധാനം ഭവിക്കട്ടെ. പ്രപഞ്ച നാഥനായ അല്ലാഹുവിന്നാണ് സമസ്ത സ്‌തോത്രങ്ങളും!

1 വിശദീകരണം കാണുക

27. തങ്ങള്‍ വിശ്വാസികളെ അതിജയിക്കുമെന്ന് ചിലപ്പോള്‍ അവിശ്വാസികള്‍ക്ക് തോന്നാം. എന്നാല്‍ അത് വ്യാമോഹമാണ്. അല്ലാഹുവും ദൂതന്മാരും വിശ്വാസികളുമാണ് സാക്ഷാല്‍ ജേതാക്കളാവുക. 63:8, 58:21 മുതലായവ നോക്കുക. ശത്രുവിന്റെ പതനം ക്ഷമാപൂര്‍വം പ്രതീക്ഷിച്ചുകൊണ്ടിരിക്കാനായി ഉപദേശിച്ച് തിരുമേനി(സ്വ)യെ സാന്ത്വനിപ്പിക്കുകയാണ്.

وَلَقَدۡ سَبَقَتۡ كَلِمَتُنَا لِعِبَادِنَا ٱلۡمُرۡسَلِينَ ۝١٧١
إِنَّهُمۡ لَهُمُ ٱلۡمَنصُورُونَ ۝١٧٢
وَإِنَّ جُندَنَا لَهُمُ ٱلۡغَٰلِبُونَ ۝١٧٣
فَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ ۝١٧٤
وَأَبۡصِرۡهُمۡ فَسَوۡفَ يُبۡصِرُونَ ۝١٧٥
أَفَبِعَذَابِنَا يَسۡتَعۡجِلُونَ ۝١٧٦
فَإِذَا نَزَلَ بِسَاحَتِهِمۡ فَسَآءَ صَبَاحُ ٱلۡمُنذَرِينَ ۝١٧٧
وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ ۝١٧٨
وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ ۝١٧٩
سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ ۝١٨٠
وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ ۝١٨١
وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝١٨٢