നബീ, നാം അങ്ങയുടെ ഹൃദയം വിശാലമാക്കുകയും നടുവൊടിച്ചിരുന്ന ഭാരം ഇറക്കിവെക്കുകയും സല്‍പേര് ഉന്നതമാക്കുകയും ചെയ്തു തന്നില്ലേ?1
1 വിശദീകരണം കാണുക
1. സത്യവിശ്വാസം കനിഞ്ഞേകുകയും സന്മാര്‍ഗം കാണിച്ചു തരികയും ഖുര്‍ആനിക വചനങ്ങളുടെ ഇടക്കിടെയുള്ള അവതരണത്തിലൂടെ മാനസിക സംതൃപ്തിയുണ്ടാക്കിത്തരികയും ചെയ്യുക വഴി മഹത്തായ അനുഗ്രഹമാണ് നബീ, അങ്ങേക്കു നാം ചെയ്തു തന്നത് എന്ന് വ്യക്തമാക്കുകയാണ്. സ്വന്തക്കാരും നാട്ടുകാരും അവിശ്വസിച്ച് അവഹേളിക്കുന്നത് മാത്രമല്ല, വേണ്ടപ്പെട്ട ബന്ധുജനങ്ങള്‍ വരെ കടുത്ത ശത്രുക്കളായി മാറിയ ഗുരുതര പശ്ചാത്തലമാണ് നബി(സ്വ)യെ ഏറെ പ്രയാസപ്പെടുത്തിയിരുന്നത്. അല്ലാഹുവിന്റെ പേര് പറയപ്പെടുന്ന പല സ്ഥലങ്ങളിലും നബി(സ്വ)യുടെ പേര് സമന്വയിപ്പിച്ച് നിയമമാക്കിയതും മറ്റുമാണ് സല്‍പേര് ഉയര്‍ത്തി എന്നതിന്റെ വിവക്ഷ. ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നതിന് അനിവാര്യമായി ഉച്ചരിക്കേണ്ടതുകൂടിയായ സാക്ഷ്യവചനം (ശഹാദത്ത്), ബാങ്ക്, ഇഖാമത്ത്, വിവിധ ഖുഥ്ബകള്‍, അത്തഹിയ്യാത്ത് തുടങ്ങിയവയിലൊക്കെ നബിയുടെ പേര് ഉച്ചരിക്കപ്പെട്ടേ തീരൂ. ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി പരകോടി ജനങ്ങള്‍ സ്വയം ഉരുവിടുകയോ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുകയോ ചെയ്തുകൊണ്ട് അത് ശരിവെക്കുന്നു. തിരുമേനി(സ്വ)യെ ഇകഴ്ത്തുന്ന ജ്ഞാനദരിദ്രര്‍ ഗാഢമായി ചിന്തിക്കണം.