Sunday, 11 October 2026 Hijri: — 02:17:00 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അത്തഹ്രീം التحريم At-Tahrim

Surah 66 മദനിയ്യ • مدنية • Madaniyah 12 ആയത്തുകൾ • 12 Ayahs

സൂറത്ത് അത്തഹ്രീം (At-Tahrim), ഖുർആൻ അധ്യായം 66 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 12 ആയത്തുകൾ വായിക്കുക. Read Surah At-Tahrim with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–2

നബീ, താങ്കളെന്തിന് പത്‌നിമാരുടെ സംതൃപ്തി കാംക്ഷിച്ച് അല്ലാഹു അനുവദിച്ചത് നിഷിദ്ധമാക്കുന്നു?1
അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ. നിങ്ങള്‍ ചെയ്തുപോകുന്ന ശപഥങ്ങള്‍ക്കുള്ള പ്രായശ്ചിത്തം അല്ലാഹു നിശ്ചയിച്ചു തന്നിട്ടുണ്ട്; അവന്‍ നിങ്ങളുടെ സംരക്ഷകനും സര്‍വജ്ഞനും യുക്തിമാനുമാകുന്നു.2

2 വിശദീകരണങ്ങൾ കാണുക

1. ഇസ്‌ലാമില്‍ അനുവദനീയമായൊരു കാര്യം ചില ഭാര്യമാരുടെ താല്‍പര്യം മാനിച്ച് നബി(സ്വ) സ്വന്തത്തിന് നിഷിദ്ധമാക്കി എന്നതാണ് വിഷയം. ഇത് എന്തായിരുന്നു എന്നതില്‍ ഭിന്നപക്ഷങ്ങളുണ്ട്. ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, താന്‍ ഇനി തേന്‍ കുടിക്കില്ല എന്ന് അവിടന്ന് തീരുമാനമെടുത്തു- അതാണ് വിവക്ഷ എന്നാണ് ഭൂരിപക്ഷത്തിന്റെ പ്രതിപാദനം. ഈജിപ്തിലെ മുഖൗഖിസ് രാജാവ് തിരുമേനിക്ക് സമ്മാനിച്ചിരുന്ന മാരിയ അല്‍ഖിബ്ഥിയ്യ(റ)യുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും തനിക്കു ശേഷം അബൂബക്ര്‍, ഉമര്‍(റ) എന്നിവര്‍ ഖലീഫമാരാകുമെന്ന് നബി(സ്വ) ദീര്‍ഘദര്‍ശനം ചെയ്തതുമാണ് 'രഹസ്യം' എന്ന് മറ്റുചിലര്‍ പറയുന്നു. സംഭവമെന്താണെങ്കിലും ഭാര്യമാരുടെ പ്രീതി താങ്കളങ്ങോട്ട് തേടുകയല്ല, അവര്‍ അങ്ങയുടെ പ്രീതി തേടി ഇങ്ങോട്ടു വരികയാണ് വേണ്ടത് എന്ന് താല്‍പര്യം.

2. ഏതെങ്കിലും കാരണത്താല്‍, ഒരനുവദനീയകാര്യം ചെയ്യില്ലെന്നു സത്യം ചെയ്തു പറഞ്ഞാല്‍, അതിന്നു പ്രായശ്ചിത്തം ചെയ്ത് അക്കാര്യമനുവര്‍ത്തിക്കണം. ശപഥം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം നേരത്തെ വിവരിച്ചിട്ടുണ്ട്. അല്‍മാഇദ 87-89 നോക്കുക.

يَٰٓأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَۖ تَبۡتَغِي مَرۡضَاتَ أَزۡوَٰجِكَۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝١
قَدۡ فَرَضَ ٱللَّهُ لَكُمۡ تَحِلَّةَ أَيۡمَٰنِكُمۡۚ وَٱللَّهُ مَوۡلَىٰكُمۡۖ وَهُوَ ٱلۡعَلِيمُ ٱلۡحَكِيمُ ۝٢
3

പ്രവാചകന്‍ സ്വപത്‌നിമാരിലൊരാളോട് (ഹഫ്‌സ്വ) ഒരു രഹസ്യവിവരം കൈമാറിയ സന്ദര്‍ഭം സ്മരണീയമത്രേ. എന്നിട്ട് ആ പത്‌നി മറ്റൊരുത്തി(ആഇശ)യെ അതറിയിക്കുകയും അല്ലാഹു നബിക്കത് വെളിപ്പെടുത്തിക്കൊടുക്കുകയുമുണ്ടായി. അപ്പോള്‍, അതില്‍ ചിലത് പ്രവാചകന്‍ ആ പത്‌നി(ഹഫ്‌സ്വ)യോട് പറയുകയും മറ്റുചിലത് വിട്ടുകളയുകയും ചെയ്തു. നബി ഇക്കാര്യമറിയിച്ചപ്പോള്‍ 'അങ്ങേയ്ക്ക് ആരാണിതറിയിച്ചുതന്നത്' എന്ന് ഹഫ്‌സ്വ ചോദിച്ചു; എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ് വിവരം തന്നത് എന്ന് അവിടന്ന് മറുപടി നല്‍കി.3

1 വിശദീകരണം കാണുക

3. ഹഫ്‌സ്വ ബീവിയോട് നബി(സ്വ) പറഞ്ഞ രഹസ്യം അവര്‍ ആഇശ ബീവി(റ)ക്ക് കൈമാറി. അക്കാര്യം വഹ്‌യിലൂടെ നബി(സ്വ) അറിയുകയും ആഇശ ബീവിയോടത് സൂചിപ്പിക്കുകയും ചെയ്തു. പ്രവാചകപത്‌നിമാര്‍ മറ്റു സ്ത്രീകളെപ്പോലെയല്ല (33:32). കുടുംബഭദ്രത കാക്കലും രഹസ്യങ്ങള്‍ സൂക്ഷിക്കലുമൊക്കെ വളരെ പ്രധാനമാണല്ലോ. തിരുമേനി(സ്വ)ക്ക് ഇത് ഗുരുതരമായ മനഃപ്രയാസമുണ്ടാക്കി.

وَإِذۡ أَسَرَّ ٱلنَّبِيُّ إِلَىٰ بَعۡضِ أَزۡوَٰجِهِۦ حَدِيثٗا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُۥ وَأَعۡرَضَ عَنۢ بَعۡضٖۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَٰذَاۖ قَالَ نَبَّأَنِيَ ٱلۡعَلِيمُ ٱلۡخَبِيرُ ۝٣
4–5

ഇരുപത്‌നിമാരേ, അല്ലാഹുവിങ്കലേക്കു നിങ്ങള്‍ ഖേദിച്ചു മടങ്ങുന്നുവെങ്കില്‍ നല്ലത്; നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് വ്യതിചലനം സംഭവിച്ചിരിക്കുന്നു.4
ഇനി, നബിക്ക് പ്രതികൂലമായ പരസ്പര സഹകരണമാണ് നിങ്ങളില്‍ നിന്നുണ്ടാകുന്നതെങ്കില്‍, അല്ലാഹുവാണ് അവിടത്തെ രക്ഷകന്‍; ജിബ്‌രീലും സച്ചരിതരായ സത്യവിശ്വാസികളും കൂടാതെ മറ്റു മലക്കുകളും സഹായികളുമായിരിക്കും. പ്രവാചകപത്‌നിമാരേ, അവിടന്ന് നിങ്ങളെ വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠരായ, മുസ്‌ലിംകളും വിശ്വാസിനികളും ഭക്തരും പശ്ചാത്താപികളും ആരാധനാനിമഗ്നരും വ്രതാനുഷ്ഠാനികളും വിധവകളോ കന്യകമാരോ ആയവരുമായ സഹധര്‍മിണിമാരെ നാഥന്‍ അവിടത്തേക്കു പകരം കൊടുത്തേക്കാം.5

2 വിശദീകരണങ്ങൾ കാണുക

4. പ്രവാചകപത്‌നിമാരില്‍ കൂടുതല്‍ മികവുറ്റവരാണ് ഈ രണ്ടുപേര്‍. നിങ്ങളുടെ സമുന്നത പദവിക്കും ആത്മികമായ ഔല്‍കൃഷ്ട്യത്തിന്നും അനുയോജ്യമായ പ്രവൃത്തിയായില്ല നിങ്ങളില്‍ നിന്നുണ്ടായത് എന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. മറ്റെന്തെങ്കിലും മോശമായ നിലപാട് ഉണ്ടായി എന്നല്ല.

5. സ്വപത്‌നിമാര്‍ പ്രതീക്ഷക്ക് വിപരീതമായി രഹസ്യം പുറത്താക്കിയപ്പോള്‍ തിരുമേനി(സ്വ)ക്ക് വലിയ ദുഃഖവും സങ്കടവും മനഃപ്രയാസവും ദ്വേഷ്യവുമുണ്ടായി. കുറേദിവസത്തേക്ക് അവരെ സന്ദര്‍ശിക്കുന്നത് നിര്‍ത്തി (നസാഈ, ദാറഖുഥ്‌നീ). ഈ പശ്ചാത്തലത്തെക്കുറിച്ചാണ് സൂക്തം അഞ്ച് വിശദീകരിക്കുന്നത്. സൂക്തം നാലില്‍ 'സച്ചരിതരായ വിശ്വാസികളു'ടെ വിവക്ഷ ഹസ്രത്ത് അബൂബക്‌റും ഉമറും(റ) ആണ്. ഇമാം മുസ്‌ലിമിന്റെ ഒരു ഹദീസില്‍ അതുണ്ട്. ഇബ്‌നുഅബ്ബാസും(റ) അത് പറഞ്ഞിരിക്കുന്നു.

إِن تَتُوبَآ إِلَى ٱللَّهِ فَقَدۡ صَغَتۡ قُلُوبُكُمَاۖ وَإِن تَظَٰهَرَا عَلَيۡهِ فَإِنَّ ٱللَّهَ هُوَ مَوۡلَىٰهُ وَجِبۡرِيلُ وَصَٰلِحُ ٱلۡمُؤۡمِنِينَۖ وَٱلۡمَلَٰٓئِكَةُ بَعۡدَ ذَٰلِكَ ظَهِيرٌ ۝٤
عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبۡدِلَهُۥٓ أَزۡوَٰجًا خَيۡرٗا مِّنكُنَّ مُسۡلِمَٰتٖ مُّؤۡمِنَٰتٖ قَٰنِتَٰتٖ تَٰٓئِبَٰتٍ عَٰبِدَٰتٖ سَٰٓئِحَٰتٖ ثَيِّبَٰتٖ وَأَبۡكَارٗا ۝٥
6–7

സത്യവിശ്വാസികളേ, സ്വന്തം ശരീരങ്ങളെയും കുടുംബത്തെയും മനുഷ്യരും ശിലകളും വിറകായ നരകത്തില്‍ നിന്നു നിങ്ങള്‍ കാത്തുസംരക്ഷിക്കുക. കഠിനമനസ്‌കരും അതിശക്തരുമായ മലക്കുകളായിരിക്കും അതിന്റെ പാറാവുകാര്‍. അല്ലാഹുവിന്റെ കല്‍പനകളില്‍ ഒരെതിര്‍പ്പുമവര്‍ കാണിക്കില്ല; അനുശാസിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുന്നതാണ്. 'നിഷേധികളേ, ഈ പരലോകത്ത് ഒരുവിധ ഒഴികഴിവും നിങ്ങള്‍ സമര്‍പിക്കേണ്ട; സ്വകര്‍മങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ് നിങ്ങള്‍ക്കു നല്‍കപ്പെടുന്നത്.'

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارٗا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ عَلَيۡهَا مَلَٰٓئِكَةٌ غِلَاظٞ شِدَادٞ لَّا يَعۡصُونَ ٱللَّهَ مَآ أَمَرَهُمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ ۝٦
يَٰٓأَيُّهَا ٱلَّذِينَ كَفَرُواْ لَا تَعۡتَذِرُواْ ٱلۡيَوۡمَۖ إِنَّمَا تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ ۝٧
8

സത്യവിശ്വാസികളേ, നിങ്ങള്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നാഥന്‍ നിങ്ങളുടെ കുറ്റകൃത്യങ്ങള്‍ മാപ്പാക്കുകയും അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം-നബിയെയും കൂടെ വിശ്വാസം വരിച്ചവരെയും അവന്‍ നിന്ദ്യരാക്കാത്ത ആ ദിനം. അവരുടെ തേജഃപുഞ്ജം മുന്നിലൂടെയും വലതുഭാഗങ്ങളിലൂടെയും തത്തിക്കളിക്കുന്നുണ്ടാകും. 'നാഥാ, ഞങ്ങളുടെ പ്രകാശം നിരന്തരമാക്കിത്തരികയും മാപ്പരുളുകയും ചെയ്യേണമേ, നീ എല്ലാറ്റിനും കഴിവുറ്റവനാണ്' എന്ന് അവരപേക്ഷിക്കും.6

1 വിശദീകരണം കാണുക

6. മഹ്ശറിലും വിചാരണാവേളയിലും സത്യവിശ്വാസികളുടെ പരിസരം തന്നെ തേജോമയമായിരിക്കും. 57:12ലും ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. അവിടെ പതിമൂന്നാം സൂക്തത്തില്‍ മുനാഫിഖുകള്‍ ഇവരോട് വെളിച്ചം കത്തിച്ചെടുക്കാന്‍ സമ്മതം ചോദിക്കുന്ന വിഷയവും പരാമര്‍ശിച്ചിട്ടുണ്ട്. ആ പ്രകാശത്തിന്റെ അനശ്വരതക്കായും അല്ലാഹുവോടവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ تُوبُوٓاْ إِلَى ٱللَّهِ تَوۡبَةٗ نَّصُوحًا عَسَىٰ رَبُّكُمۡ أَن يُكَفِّرَ عَنكُمۡ سَيِّـَٔاتِكُمۡ وَيُدۡخِلَكُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يَوۡمَ لَا يُخۡزِي ٱللَّهُ ٱلنَّبِيَّ وَٱلَّذِينَ ءَامَنُواْ مَعَهُۥۖ نُورُهُمۡ يَسۡعَىٰ بَيۡنَ أَيۡدِيهِمۡ وَبِأَيۡمَٰنِهِمۡ يَقُولُونَ رَبَّنَآ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَآۖ إِنَّكَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٨
9

നബീ, സത്യനിഷേധികളോടും കപടന്മാരോടും താങ്കള്‍ പുണ്യസമരമനുഷ്ഠിക്കുകയും പരുഷസമീപനം പുലര്‍ത്തുകയും ചെയ്യുക; നരകമാണ് അവരുടെ അഭയകേന്ദ്രം; ആ മടക്കസ്ഥലം എത്ര ഹീനം!

يَٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ۝٩
10

നൂഹ്‌നബിയുടെയും ലൂഥ്‌നബിയുടെയും പത്‌നിമാരെ അല്ലാഹു ഇതാ, നിഷേധികള്‍ക്ക് ഉപമയായി കാണിക്കുന്നു. അവരിരുവരും നമ്മുടെ രണ്ട് സച്ചരിത ദാസന്മാരുടെ കീഴിലായിരുന്നു; എന്നിട്ട് അവരിരുവരെയും ഇവര്‍ ചതിച്ചു. അപ്പോള്‍, അവന്റെ ശിക്ഷയില്‍ നിന്നു ഇരുവനിതകളെയും യാതൊരു നിലയ്ക്കും പ്രതിരോധിക്കാന്‍ ആ സച്ചരിതര്‍ക്കായില്ല. നരകപ്രവേശകരോടൊപ്പം നിങ്ങളിരുവരും കടന്നുകൊള്ളുക എന്നു വിളംബരമുണ്ടായി.7

1 വിശദീകരണം കാണുക

7. സത്യവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കും വെവ്വേറെ ഉപമകള്‍ വിവരിക്കയാണിവിടെ. സത്യവിശ്വാസത്തിന്റെയും നേര്‍മാര്‍ഗത്തിന്റെയും ഈറ്റില്ലവും പോറ്റില്ലവുമായ പ്രവാചക ഗൃഹങ്ങളില്‍ നിഷേധം കുടികൊണ്ട ചിത്രമാണ് ഒന്ന്: നൂഹ് നബിയുടെയും ലൂഥ് നബി(അ)യുടെയും ഗൃഹങ്ങളില്‍ ശിര്‍ക്കും കുഫ്‌റും വഞ്ചനയും ചതിയും. ഇരുവരുടെയും പത്‌നിമാര്‍ ശത്രുക്കളുടെ കൈയിലെ പാവകളായിരുന്നു. സ്വഗൃഹങ്ങളിലെ ഈമാനിക ചലനങ്ങളും ഇസ്‌ലാമിക സംരംഭങ്ങളുമൊക്കെ അപ്പപ്പോള്‍ ഇവര്‍ ശത്രുക്കള്‍ക്ക് എത്തിച്ചുകൊടുത്തു. ചതിച്ചു എന്നതിന്റെ വിവക്ഷ അതാണ്. എന്നിട്ട് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആ ഭര്‍ത്താക്കള്‍ക്കായില്ല. പത്‌നിമാര്‍ പരലോകത്ത് നരകത്തില്‍ പ്രവേശിപ്പിക്കപ്പെടും.

ضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ كَفَرُواْ ٱمۡرَأَتَ نُوحٖ وَٱمۡرَأَتَ لُوطٖۖ كَانَتَا تَحۡتَ عَبۡدَيۡنِ مِنۡ عِبَادِنَا صَٰلِحَيۡنِ فَخَانَتَاهُمَا فَلَمۡ يُغۡنِيَا عَنۡهُمَا مِنَ ٱللَّهِ شَيۡـٔٗا وَقِيلَ ٱدۡخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ ۝١٠
11–12

സത്യവിശ്വാസികള്‍ക്ക് ഉപമയായി ഫറോവാപത്‌നിയെയാണവന്‍ ഉപമിക്കുന്നത്. 'നാഥാ, നിന്റെ സന്നിധിയില്‍ എനിക്കൊരു സ്വര്‍ഗീയ സദനം പണിതുതരികയും ഫിര്‍ഔനിലും അവന്റെ ക്രൂരചെയ്തികളിലും അതിക്രമികളായ കൂട്ടരിലും നിന്നു എനിക്ക് സുരക്ഷയേകുകയും ചെയ്യേണമേ' എന്ന് അവര്‍ കേണുപ്രാര്‍ത്ഥിച്ച സന്ദര്‍ഭം.8
തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച-തത്സമയം നമ്മുടെ ആത്മാവ് അതില്‍ നാം ഊതിനിക്ഷേപിച്ചു- മര്‍യം ബിന്‍ത് ഇംറാനെയും ഉപമയാക്കി. അവള്‍ തന്റെ നാഥന്റെ വചനങ്ങളും വേദങ്ങളും വിശ്വസിക്കുകയും ഭയഭക്തിയുള്ളവരുടെ ഗണത്തിലുള്‍പെടുകയും ചെയ്തു.9

2 വിശദീകരണങ്ങൾ കാണുക

8. ആഭിചാര പ്രകടന സ്ഥലത്തുവെച്ച് ഫറോവയും സംഘവും അത്യപമാനകരമാംവിധം തോറ്റുതൊപ്പിയിട്ടപ്പോള്‍ മാരണവിദ്യക്കാര്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചിരുന്നുവല്ലോ. അതോടനുബന്ധിച്ച് വിശ്വാസം വരിച്ച ഫറോവാപത്‌നിയാണ് ആസിയ ബീവി. പീഡന-മര്‍ദനങ്ങളും നിഷ്ഠുരശിക്ഷകളും ഒരു ഗുണവും ചെയ്തില്ല. അവരെ അല്ലാഹു മരിപ്പിക്കുകയും സ്വര്‍ഗപ്രാപ്തയാക്കുകയും ചെയ്തു.

9. മര്‍യം ബീവി(റ)യും സത്യവിശ്വാസികള്‍ക്ക് ഉദാത്ത മാതൃകയാണ്. വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറയപ്പെടുകയും പ്രത്യേക കഥാകഥനം നടത്തപ്പെടുകയും (19:16-34) ചെയ്ത മഹതിയാണവര്‍. തിരുനബി(സ്വ) പ്രസ്താവിച്ചു: പുരുഷന്മാരില്‍ നിരവധി പേര്‍ സമ്പൂര്‍ണരായിട്ടുണ്ട്; എന്നാല്‍ സ്ത്രീകളില്‍ നിന്ന് സമ്പൂര്‍ണത കൈവരിച്ചവര്‍ മര്‍യം ബീവിയും ആസിയ ബീവിയും മാത്രമത്രേ... (ബുഖാരി, മുസ്‌ലിം).

وَضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ ءَامَنُواْ ٱمۡرَأَتَ فِرۡعَوۡنَ إِذۡ قَالَتۡ رَبِّ ٱبۡنِ لِي عِندَكَ بَيۡتٗا فِي ٱلۡجَنَّةِ وَنَجِّنِي مِن فِرۡعَوۡنَ وَعَمَلِهِۦ وَنَجِّنِي مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝١١
وَمَرۡيَمَ ٱبۡنَتَ عِمۡرَٰنَ ٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهِ مِن رُّوحِنَا وَصَدَّقَتۡ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتۡ مِنَ ٱلۡقَٰنِتِينَ ۝١٢