നബീ, നിങ്ങള്‍ വിശ്വാസികള്‍ സഹധര്‍മിണിമാരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ ദീക്ഷാവേളക്ക് പാകമാക്കി അത് ചെയ്യുകയും ദീക്ഷാകാലം തിട്ടപ്പെടുത്തുകയും നിങ്ങളുടെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക.1
സ്വഗൃഹങ്ങളില്‍ നിന്ന് നിങ്ങളവരെ ബഹിഷ്‌കരിക്കുകയോ അവര്‍ പുറത്തുപോവുകയോ ചെയ്യരുത്-വല്ല പ്രത്യക്ഷ ഹീനവൃത്തിയും അവരനുവര്‍ത്തിച്ചാലൊഴികെ. അല്ലാഹുവിന്റെ ശാസനാതിര്‍ത്തികളാണിവ. ആരെങ്കിലും അവന്റെ നിയമപരിധികള്‍ മറികടക്കുന്നുവെങ്കില്‍ അവന്‍ സ്വന്തത്തോടു തന്നെ അതിക്രമം കാട്ടി. വിവാഹമോചകാ, നിനക്കറിയില്ല, ഇനി വല്ല അനുരഞ്ജനമാര്‍ഗവും അല്ലാഹു ഉണ്ടാക്കിയേക്കാം.2
2 വിശദീകരണങ്ങൾ കാണുക
1. വ്യത്യസ്ത മേഖലകളിലുണ്ടായിരുന്ന മിക്കവാറും അപരിചിതരായ ഒരു പുരുഷനും സ്ത്രീയും ജീവിതയാത്രയില്‍ നിയമാനുസൃതം സംഗമിക്കുകയാണല്ലോ വിവാഹം. എത്ര വിപുലമായ അന്വേഷണങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ തന്നെയും ഒന്നിച്ചു മുന്നോട്ടു പോകാനാകാത്ത പ്രതിസന്ധികള്‍ ചിലപ്പോള്‍ ഉണ്ടാകാം. മനുഷ്യ പ്രകൃതിയുടെ മതമായ ഇസ്‌ലാം അതുകൊണ്ടുതന്നെ അനിവാര്യഘട്ടങ്ങളില്‍ കണിശമായ മാര്‍ഗദര്‍ശനങ്ങളോടെയും ഉപാധികളോടെയും വിവാഹ മോചനം അനുവദിച്ചിരിക്കുന്നു. അതുസംബന്ധിച്ചാണിവിടെ പറയുന്നത്.
2. ഹീനവൃത്തി എന്നുവെച്ചാല്‍ ഭര്‍ത്താവിനോടോ അയാളുടെ വീട്ടുകാരോടോ അക്ഷന്തവ്യമായ വാക്കേറ്റമോ ദുഷിച്ച മ്ലേച്ഛപദപ്രയോഗങ്ങളോ അവള്‍ നടത്തലാണെന്നാണ് ഇമാം ഇബ്‌നുഅബ്ബാസ്(റ) പറയുന്നത്. വ്യഭിചാരമാണെന്നും അഭിപ്രായമുണ്ട്. ഒരുവേള ഇവര്‍ പുനഃസംഗമിക്കാനുള്ള സാഹചര്യവും അല്ലാഹു ഉണ്ടാക്കിയേക്കാം. മൂന്ന് ശുദ്ധിയോ മൂന്ന് ആര്‍ത്തവമോ ആണ് ഇദ്ദാകാലം. ഭാര്യാഭര്‍തൃ സംഗമം സംഭവിച്ചിട്ടില്ലാത്ത ശുദ്ധിസമയത്ത് ഒന്നോ രണ്ടോ മാത്രം ഥലാഖ് ചൊല്ലലാണ് നിയമാനുസൃതം. ഇദ്ദാകാലത്ത് ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഒരു ഗൃഹത്തില്‍ തന്നെ താമസിപ്പിക്കണമെന്ന് നിശ്ചയിച്ചത്, മാനസിക പരിവര്‍ത്തനത്തിനവര്‍ വിധേയരായി പുനഃസമാഗമത്തിന് അവസരമൊരുക്കാനത്രേ.