Sunday, 11 October 2026 Hijri: — 11:47:54 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അസ് സുമർ الزمر Az-Zumar

Surah 39 മക്കിയ്യ • مكية • Makkiyah 75 ആയത്തുകൾ • 75 Ayahs

സൂറത്ത് അസ് സുമർ (Az-Zumar), ഖുർആൻ അധ്യായം 39 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 75 ആയത്തുകൾ വായിക്കുക. Read Surah Az-Zumar with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

ഈ വേദാവതരണം അജയ്യനും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാണ്. അങ്ങേക്ക് നാം ഇതവതരിപ്പിച്ചു തന്നത് സത്യസന്ധമായിത്തന്നെയാകുന്നു; അതുകൊണ്ട് ആത്മാര്‍ത്ഥമായി അല്ലാഹുവിന്ന് വിധേയത്വം കാണിച്ച് അവനെ ആരാധിക്കുക. അറിയണം, ആത്മാര്‍ത്ഥ വിധേയത്വമെന്നത് അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാണ്. അവനെ വിട്ട് മറ്റു സംരക്ഷകരെ വരിച്ചവര്‍ ജല്‍പിക്കുന്നത് 'അല്ലാഹുവുമായി കൂടുതല്‍ സാമീപ്യമുണ്ടാക്കിത്തരാന്‍ മാത്രമാണ് ഞങ്ങള്‍ അവയെ ആരാധിക്കുന്നത്' എന്നത്രേ.1
ഏതൊരു വിഷയത്തില്‍ അവര്‍ അഭിപ്രായ ഭിന്നരാണോ അതില്‍ അവന്‍ തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യുന്നതാണ്. കടുത്ത നിഷേധിയും വ്യാജനും ആരോ, അവനെ അല്ലാഹു മാര്‍ഗദര്‍ശനം ചെയ്യുന്നതേയല്ല.

1 വിശദീകരണം കാണുക

1. ഖുര്‍ആനെയും മുഹമ്മദ് നബി(സ്വ)യെയും വ്യാജമുദ്രകുത്തി തള്ളുന്നവര്‍ക്ക് അതിന്റെ ന്യായത പ്രതിപാദിച്ചു കൊടുക്കുകയാണ്. തത്തുല്യമായ ഏതാനും സൂക്തങ്ങളെങ്കിലും കൊണ്ടുവരാനുള്ള ഖുര്‍ആന്റെ വെല്ലുവിളി ഇതുവരെയും സ്വീകരിക്കാനാകാതെ സാഹിത്യ പടുക്കള്‍ വരെ മുട്ടുകുത്തിയതാണ്.

تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ۝١
إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ ۝٢
أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ ۝٣
4–6

ഒരു സന്താനത്തെ വരിക്കണമെന്ന് അല്ലാഹുവിന്ന് ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ താന്‍ പടച്ചുണ്ടാക്കുന്നതില്‍ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്തേനെ; അവന്‍ എത്ര പരിശുദ്ധന്‍! സര്‍വവും അടക്കിബ്ഭരിക്കുന്നവനും ഏകനുമായ അല്ലാഹുവാണ് അവന്‍.2
ഭുവന-വാനങ്ങള്‍ സത്യനിഷ്ഠമായി അവന്‍ സൃഷ്ടിച്ചു. രാത്രിയെ പകലിന്മേലും പകലിനെ രാത്രിയുടെ മേലും അവന്‍ ആവരണം ചെയ്യുകയും സൂര്യനെയും ചന്ദ്രനെയും-ഓരോന്നും നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു- നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.3
അറിയുക, അവന്‍ അജയ്യനും ഏറെ മാപ്പരുളുന്നവനുമത്രേ. ഒരേയൊരു ശരീരത്തില്‍ നിന്ന് നിങ്ങളെ അവന്‍ സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു. കാലികളില്‍ നിന്നു എട്ടു ജോടികളും അവനവതരിപ്പിച്ചു. മൂന്ന് അന്ധകാരങ്ങള്‍ക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടം കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ നിങ്ങളെയവന്‍ സൃഷ്ടിക്കുകയാണ്. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു; സര്‍വാധിപത്യവും അവന്നാകുന്നു. അവനല്ലാതെ വേറെ യാതൊരു ദൈവവും ഇല്ല. വസ്തുത ഇതൊക്കെയായിട്ട് നിങ്ങളെങ്ങനെയാണ് സത്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കപ്പെടുന്നത്!4

3 വിശദീകരണങ്ങൾ കാണുക

2. ബ്രഹ്മാണ്ഡകടാഹത്തെ അടക്കിബ്ഭരിക്കുന്ന അജയ്യനും പ്രതാപശാലിയുമായ അല്ലാഹു ഏകനാണ്. ഒന്നിലധികം ദൈവങ്ങളുണ്ടായാല്‍ പ്രപഞ്ചം നശിക്കും (21:22). സന്താനമോ കൂട്ടുകാരനോ സഹായിയോ ആയി ആരെയും ആവശ്യമില്ലാത്തവനാണ് അല്ലാഹു. ബഹുദൈവ വിശ്വാസികള്‍ ബുദ്ധിശൂന്യവും മൂഢവുമായ വിശ്വാസത്തിലാണ്.

3. സൂര്യനെയും ചന്ദ്രനെയും മാത്രമല്ല, ഓരോ നക്ഷത്രവും നക്ഷത്രയൂഥങ്ങളും അല്ലാഹു അതി സൂക്ഷ്മമായി വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് സൂര്യന്‍ അല്‍പം മേലോട്ടുപോയാല്‍ ഭൂമിയിലുള്ളവര്‍ തണുത്തു മരിക്കും; താഴോട്ടു വന്നാല്‍ കരിഞ്ഞുനശിക്കും- ഇതാണ് ആധുനികശാസ്ത്രത്തിന്റെ വെളിപ്പെടുത്തല്‍. അല്ലാഹു മഹോന്നതന്‍ തന്നെ.

4. ഒട്ടകം, കാള, കോലാട്, നെയ്യാട് എന്നിവയും അവയുടെ പെണ്‍വര്‍ഗവുമാണ് എട്ടു ജോടി. ഇവയിലെ ഭിന്നവിഭാഗങ്ങളെ ഈ എണ്ണത്തില്‍ പരിഗണിച്ചിട്ടില്ല. മാതാവിന്റെ ഉദരം, ഗര്‍ഭാശയം, അതിനകത്തുള്ള ആവരണം-ഇവയാണ് ഗര്‍ഭസ്ഥ ശിശുവിനെ പൊതിയുന്ന മൂന്ന് അന്ധകാരങ്ങള്‍. ഇത്തരം അതിസങ്കീര്‍ണവും സൂക്ഷ്മവുമായ വസ്തുതകള്‍ അനാവരണം ചെയ്യുന്ന വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ചിന്താശീലനും ബുദ്ധിമാനുമായ മനുഷ്യന്‍ വ്യതിചലിച്ചു പോകുന്നത് എന്തൊരു വിരോധാഭാസം!

لَّوۡ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدٗا لَّٱصۡطَفَىٰ مِمَّا يَخۡلُقُ مَا يَشَآءُۚ سُبۡحَٰنَهُۥۖ هُوَ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ۝٤
خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمًّىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّٰرُ ۝٥
خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ ۝٦
7–8

നിങ്ങള്‍ കൃതഘ്‌നത കാട്ടുന്നുവെങ്കില്‍, അല്ലാഹു നിങ്ങളില്‍ നിന്നു പര്യാപ്തനത്രേ. തന്റെ അടിമകള്‍ നന്ദികേട് കാണിക്കുന്നത് അവന്നിഷ്ടമല്ല. നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെങ്കില്‍ അവന്‍ സംതൃപ്തനാകും. കുറ്റം പേറുന്ന യാതൊരാളും മറ്റൊരാളുടെ പാപം ചുമക്കുന്നതല്ല. പിന്നീട് നാഥങ്കലേക്കായിരിക്കും നിങ്ങളുടെ മടക്കം. തത്സമയം സ്വന്തം ചെയ്തികളെക്കുറിച്ച് നിങ്ങള്‍ക്ക് അവനറിയിച്ചുതരും. ഹൃദയങ്ങളിലുള്ളവയെ സംബന്ധിച്ച് നന്നായറിയുന്നവനാണവന്‍, തീര്‍ച്ച. വല്ല പ്രതിസന്ധിയും അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യന്‍ താഴ്മയോടെ തന്റെ നാഥങ്കലേക്ക് മടങ്ങി പ്രാര്‍ത്ഥിക്കും. പിന്നീട് തന്റെ പക്കല്‍ നിന്നുള്ള എന്തെങ്കിലും അനുഗ്രഹം അവന്‍ നല്‍കിയാല്‍, മുമ്പ് ആരോടു പ്രാര്‍ത്ഥിച്ചിരുന്നോ അവനെ ഇവന്‍ വിസ്മരിക്കുകയും അല്ലാഹുവിന്റെ പന്ഥാവില്‍ നിന്ന് മറ്റുള്ളവരെ വ്യതിചലിപ്പിക്കാനായി അവനു പങ്കാളികളെ ഉണ്ടാക്കുകയും ചെയ്യുന്നു! നബീ, പറയുക: ഈ നിഷേധവുമായി കുറഞ്ഞ സമയം നീ ആസ്വദിച്ചു കൊള്ളുക; നിശ്ചയം, നീ നരകക്കാരില്‍ പെട്ടവനാകുന്നു.5

1 വിശദീകരണം കാണുക

5. അസഹനീയമായ രോഗങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ മുതലായവ ഉണ്ടാകുമ്പോള്‍ ഏതു മനുഷ്യനും ഒതുങ്ങും; അല്ലാഹുവിങ്കലേക്ക് തിരിയും; ബഹുദൈവങ്ങള്‍ അശക്തരാണെന്നു തിരിച്ചറിയും. ദൈവാനുഗ്രഹത്താല്‍ അവയില്‍ നിന്ന് രക്ഷപ്പെട്ടാലോ? വീണ്ടും ദുര്‍മാര്‍ഗി തന്നെ! സ്വയം തിന്മയുടെ വക്താക്കളാവുകയും ദുര്‍മാര്‍ഗത്തിന്റെ പ്രചാരകരാവുകയും ചെയ്യുന്നു! ഇതിന്റെ ഹീനമായ തിക്തഫലം ഓരോ ദുര്‍മാര്‍ഗിയും അറിയും.

إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٧
۞ وَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَا رَبَّهُۥ مُنِيبًا إِلَيۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةٗ مِّنۡهُ نَسِيَ مَا كَانَ يَدۡعُوٓاْ إِلَيۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادٗا لِّيُضِلَّ عَن سَبِيلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِيلًا إِنَّكَ مِنۡ أَصۡحَٰبِ ٱلنَّارِ ۝٨
9

പാരത്രിക ജീവിതത്തെക്കുറിച്ച് ഭയപ്പാട് പുലര്‍ത്തുകയും തന്റെ നാഥന്റെ അനുഗ്രഹം പ്രത്യാശിക്കുകയും ചെയ്തുകൊണ്ട് നമസ്‌കരിച്ചും സാഷ്ടാംഗം ചെയ്തും നിശയുടെ മുഹൂര്‍ത്തങ്ങളില്‍ ആരാധനാ നിമഗ്നനായവനോ അതോ സത്യനിഷേധിയോ ശ്രേഷ്ഠന്‍? പറയുക: അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കൂ.6

1 വിശദീകരണം കാണുക

6. മനുഷ്യന്ന് ചിന്തിക്കാനും ആലോചിക്കാനും അങ്ങനെ വിവരങ്ങളും വസ്തുതകളും മനസ്സിലാക്കാനും അതുവഴി സത്യമാര്‍ഗം കണ്ടെത്താനുമാണ് അല്ലാഹു വിശേഷബുദ്ധി നല്‍കിയിരിക്കുന്നത്. അതവന്‍ യഥായോഗ്യം വിനിയോഗിക്കണം. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ വിശകലനം ചെയ്ത് അവയുടെ പിന്നിലെ സ്രഷ്ടാവിനെയും അവന്റെ മഹത്ത്വവിശേഷണങ്ങളെയും കണ്ടെത്താന്‍ ശ്രമിക്കണം. അപ്പോള്‍ അല്ലാഹുവിന്റെ അനുസരണയുള്ള അടിമയായി മനുഷ്യന്‍ പരിവര്‍ത്തിതനാകും.

أَمَّنۡ هُوَ قَٰنِتٌ ءَانَآءَ ٱلَّيۡلِ سَاجِدٗا وَقَآئِمٗا يَحۡذَرُ ٱلۡأٓخِرَةَ وَيَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ ۝٩
10–16

പറയുക: സത്യവിശ്വാസം വരിച്ച എന്റെ അടിമകളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഈ ഭൗതിക ജീവിതത്തില്‍ നന്മയനുവര്‍ത്തിച്ചവര്‍ക്കാണ് ഉദാത്തമായ പ്രതിഫലമുള്ളത്; അല്ലാഹുവിന്റെ ഭൂമിയാകട്ടെ, പ്രവിശാലമാണ് താനും. ക്ഷമാശീലര്‍ക്ക് തങ്ങളുടെ പ്രതിഫലം കണക്കില്ലാതെ നല്‍കപ്പെടുന്നതാണ്.7
ആത്മാര്‍ത്ഥ വിധേയത്വം അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് അവനെ ആരാധിക്കാനും അവനു കീഴ്‌പ്പെടുന്നവരില്‍ ഒന്നാമനായിരിക്കാനുമാണ് ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നത്.8
നാഥനെ ധിക്കരിക്കുകയാണെങ്കില്‍ ഒരു ഗുരുതര നാളിലെ ശിക്ഷ ഞാന്‍ പേടിക്കുക തന്നെ ചെയ്യുന്നു. ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് വിധേയത്വം കാട്ടി അവനെ മാത്രമാണ് ഞാന്‍ ആരാധിക്കുന്നത്; എന്നാല്‍ അവനെ വിട്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നവയെ നിങ്ങളാരാധിച്ചോളൂ. പ്രഖ്യാപിക്കുക: പുനരുത്ഥാനത്തിന്റെ നാളില്‍ സ്വദേഹങ്ങള്‍ക്കും സ്വന്തക്കാര്‍ക്കും നഷ്ടം വരുത്തിവെച്ചവര്‍ ആരോ അവര്‍ തന്നെയാണ് സാക്ഷാല്‍ നഷ്ടക്കാര്‍. അറിയുക, അതുതന്നെയാണ് സ്പഷ്ടമായ പരാജയം.9
അവര്‍ക്ക് ഉപരിഭാഗത്തും താഴെയും അഗ്നിയുടെ കുടകളുണ്ട്. അല്ലാഹു തന്റെ അടിമകളെ ഭയപ്പെടുത്തുന്നത് ഈ ശിക്ഷയെക്കുറിച്ചാണ്. അതുകൊണ്ട് എന്റെ അടിമകളേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുക.

3 വിശദീകരണങ്ങൾ കാണുക

7. ബുദ്ധിയുപയോഗപ്പെടുത്തി സത്യം കണ്ടെത്തിയാല്‍ ചിലര്‍ക്ക് പുതിയ പ്രതിസന്ധികളുണ്ടാകും: ആ സത്യം സ്വീകരിക്കുകയും മുറുകെ പിടിക്കുകയും ചെയ്ത് അന്നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല. അതിനുള്ള പരിഹാരമാണിവിടെ സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെ ഭൂമി വിശാലമാണ്, മറ്റെവിടേക്കെങ്കിലും താമസം മാറ്റണം. പല പ്രവാചകന്മാരും സത്യവിശ്വാസികളും ഇങ്ങനെയാണ് അത്തരം പ്രതിസന്ധികള്‍ പരിഹരിച്ചത്.

8. ) അല്ലാഹുവിനെ വിട്ട് മറ്റു ദൈവങ്ങളെ ആരാധിക്കുകയും സത്യത്തിന്റെ പന്ഥാവ് കൈവെടിയുകയും ചെയ്യുന്നവര്‍ മഹാപരാജയത്തിന്റെ ഗര്‍ത്തത്തിലാണ് നിപതിക്കുക. മാതാപിതാക്കളും നേതാക്കളും ദുര്‍മാര്‍ഗികളാകുമ്പോള്‍ മക്കളും അനുയായികളും അങ്ങനെയാകുന്നു. എത്ര വലിയ നിര്‍ഭാഗ്യമാണത്; കാലാകാലത്തേക്കുമുള്ള ശാശ്വതമായ പരാജയം!

9. അല്ലാഹു അല്ലാത്ത ഏത് ആരാധ്യരും എന്നാണ് 'ഥാഗൂത്തി'ന്റെ വിവക്ഷ. മനുഷ്യന്‍ ആരാധിക്കുന്ന ബിംബങ്ങള്‍, പ്രതിഷ്ഠകള്‍, ആള്‍ദൈവങ്ങള്‍, യേശുക്രിസ്തുവിനെയും മാലാഖമാരെയും പോലുള്ള പരദൈവങ്ങള്‍, വ്യത്യസ്ത ദേവതകള്‍ തുടങ്ങിയവയൊക്കെ ഇതിലുള്‍പെടും. സത്യവിശ്വാസി അവയത്രയും കൈവെടിയണം.

قُلۡ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۗ وَأَرۡضُ ٱللَّهِ وَٰسِعَةٌۗ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٖ ۝١٠
قُلۡ إِنِّيٓ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ ۝١١
وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِينَ ۝١٢
قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ۝١٣
قُلِ ٱللَّهَ أَعۡبُدُ مُخۡلِصٗا لَّهُۥ دِينِي ۝١٤
فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَا ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ ۝١٥
لَهُم مِّن فَوۡقِهِمۡ ظُلَلٞ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلٞۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ يَٰعِبَادِ فَٱتَّقُونِ ۝١٦
17–20

പിശാചിനെ ആരാധിക്കുന്നത് വര്‍ജിക്കുകയും വിനയാന്വിതരായി അല്ലാഹുവിങ്കലേക്ക് മടങ്ങുകയും ചെയ്തവര്‍ക്കാണ് ശുഭവൃത്താന്തം.10
അതുകൊണ്ട്, വാക്കുകള്‍ സശ്രദ്ധം ശ്രവിക്കുകയും അതിലേറ്റവും ഉദാത്തമായത് പിന്തുടരുകയും ചെയ്യുന്ന എന്റെ അടിമകള്‍ക്ക് താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക. അവര്‍ക്കാണ് അല്ലാഹു നേര്‍മാര്‍ഗം കാണിച്ചിട്ടുള്ളത്; ബുദ്ധിമാന്മാരും അവര്‍ തന്നെ. അപ്പോള്‍, ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിയുകയോ നരകത്തില്‍ നിപതിച്ചു പോവുകയോ ചെയ്ത ഒരാളെ താങ്കള്‍ക്ക് രക്ഷപ്പെടുത്താനാകുമോ?11
എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ചവര്‍ക്ക് ചുവട്ടിലൂടെ ആറുകളൊഴുകുന്നതും മേല്‍ക്കുമേല്‍ തട്ടുകളായി പണിതതുമായ മണിമേടകളുണ്ട്. അല്ലാഹുവിന്റെ വാഗ്ദാനമാണിത്; അവന്‍ കരാറുകള്‍ ലംഘിക്കുന്നതല്ല.

2 വിശദീകരണങ്ങൾ കാണുക

10. തന്റെ ജനതയുടെ സന്മാര്‍ഗപ്രാപ്തിയില്‍ നബി(സ്വ)ക്ക് അതീവതാല്‍പര്യമാണുണ്ടായിരുന്നത്; പക്ഷേ സന്മാര്‍ഗ പ്രാപ്തിയോ പാരത്രിക വിജയമോ അവര്‍ക്ക് ലക്ഷ്യമായിരുന്നില്ല. ആ നിലയ്ക്ക് മറ്റാര്‍ക്കെങ്കിലും അവരെ നേര്‍മാര്‍ഗത്തിലെത്തിക്കാനാകുമോ എന്നാണ് ചോദിക്കുന്നത്.

11. മഴ പെയ്ത് കൃഷിയും സസ്യലതാദികളും കായ്കനികളും ഉണ്ടായി. ഏതെല്ലാം ഘട്ടങ്ങളാണ് അവയോരോന്നും തരണം ചെയ്യുന്നത്. ഇത്യാദി ക്രമീകരണങ്ങളും സംവിധാനങ്ങളും മനുഷ്യന് വേണ്ടി അല്ലാഹു ഒരുക്കിയതാണ്. അവന്‍ ഇതൊക്കെ ഗ്രഹിക്കേണ്ടതല്ലേ?

وَٱلَّذِينَ ٱجۡتَنَبُواْ ٱلطَّٰغُوتَ أَن يَعۡبُدُوهَا وَأَنَابُوٓاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ ۝١٧
ٱلَّذِينَ يَسۡتَمِعُونَ ٱلۡقَوۡلَ فَيَتَّبِعُونَ أَحۡسَنَهُۥٓۚ أُوْلَٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُۖ وَأُوْلَٰٓئِكَ هُمۡ أُوْلُواْ ٱلۡأَلۡبَٰبِ ۝١٨
أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ ۝١٩
لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٞ مِّن فَوۡقِهَا غُرَفٞ مَّبۡنِيَّةٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ ۝٢٠
21–22

നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ: അല്ലാഹു അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിക്കുകയും ഭൂമിയിലെ സ്രോതസ്സുകളിലേക്കത് കടത്തിവിടുകയും പിന്നീടതുവഴി ഭിന്നവര്‍ണങ്ങളിലുള്ള വിളകളുല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അനന്തരം അത് ഉണങ്ങുകയും മഞ്ഞനിറമുള്ളതായി നീ കാണുകയും തദനന്തരം അവനത് വൈക്കോലാക്കുകയും ചെയ്യുന്നു. ബുദ്ധിമാന്മാര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ടെന്ന് തീര്‍ച്ച. അപ്പോള്‍, ഇസ്‌ലാമാശ്ലേഷത്തിന്ന് ഒരാളുടെ ഹൃദയം അല്ലാഹു വിശാലമാക്കുകയും അങ്ങനെയവന്‍ തന്റെ നാഥങ്കല്‍ നിന്നുള്ള പ്രകാശത്തിലാവുകയും ചെയ്താല്‍ (ഒരു കഠിനഹൃദയനെപ്പോലെയാകുമോ അവന്‍?) അല്ലാഹുവിനെ കുറിച്ച ഓര്‍മയില്‍ നിന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാണ് മഹാനാശം. അവര്‍ സ്പഷ്ടമായ വഴികേടിലത്രേ12

1 വിശദീകരണം കാണുക

12. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളില്‍ ആറാടിക്കഴിയുന്ന മനുഷ്യന്‍ നിരന്തരം അവനെക്കുറിച്ച ബോധവും സ്മരണയുമുള്ളവനാകണം (87:14,15). അതിന്റെ അഭാവത്തില്‍ ഹൃദയങ്ങള്‍ പരുഷവും കഠിനവുമാകും; തല്‍ഫലമായി നന്ദികേട് അവന്റെ മുഖമുദ്രയാകും. ഇസ്രയേല്യര്‍ക്ക് അതാണ് സംഭവിച്ചത് (2:74). കഠിനഹൃദയര്‍ക്കാണ് മഹാനാശം; ദൈവകാരുണ്യത്തില്‍ നിന്ന് ബഹുദൂരം അകന്നുപോകും അവര്‍.

أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَلَكَهُۥ يَنَٰبِيعَ فِي ٱلۡأَرۡضِ ثُمَّ يُخۡرِجُ بِهِۦ زَرۡعٗا مُّخۡتَلِفًا أَلۡوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَجۡعَلُهُۥ حُطَٰمًاۚ إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ ۝٢١
أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَٰمِ فَهُوَ عَلَىٰ نُورٖ مِّن رَّبِّهِۦۚ فَوَيۡلٞ لِّلۡقَٰسِيَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَٰٓئِكَ فِي ضَلَٰلٖ مُّبِينٍ ۝٢٢
23

ഏറ്റം ഉദാത്തമായ വൃത്താന്തം-പരസ്പര സദൃശവും ആവര്‍ത്തിക്കപ്പെടുന്നതുമായ സൂക്തങ്ങളുള്ള ഗ്രന്ഥം-അവതരിപ്പിച്ചിരിക്കുന്നത് അല്ലാഹുവാകുന്നു. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ക്ക് അവമൂലം രോമാഞ്ചമുണ്ടാകുന്നതും അവരുടെ തൊലികളും ഹൃദയങ്ങളും ദൈവസ്മരണക്കായി വിധേയമാകുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനമായാണത്; അതുവഴി താനുദ്ദേശിക്കുന്നവരെ അവന്‍ ഋജുവായ പന്ഥാവിലേക്കു നയിക്കുന്നു. ആരെയെങ്കിലും അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുന്നുവെങ്കില്‍ അവനെ സന്മാര്‍ഗത്തിലാക്കാന്‍ ഒരാളും തന്നെയുണ്ടാവില്ല.13

1 വിശദീകരണം കാണുക

13. വിശുദ്ധ ഖുര്‍ആന്റെ സവിശേഷതകള്‍ വിവരണാതീതമാണ്. അതിന്റെ ശ്രവണത്തിനു തന്നെ വശ്യമായ മാസ്മരിക ശക്തിയുണ്ട്. നബി(സ്വ)യുടെ ബദ്ധവൈരിയായിരുന്ന ഉമര്‍ബിന്‍ഖത്ത്വാബ് അതു ശ്രവിച്ചിട്ടാണ് ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. ഓരോ വ്യക്തിയും അതുപഠിക്കുകയും ഗ്രഹിക്കുകയും പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യണം.

ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِيثِ كِتَٰبٗا مُّتَشَٰبِهٗا مَّثَانِيَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِينَ يَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِينُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ ۝٢٣
24–26

അന്ത്യനാളില്‍ ഹീനമായ നരകശിക്ഷ സ്വന്തം മുഖം കൊണ്ടു പ്രതിരോധിക്കേണ്ടിവരുന്ന ഒരാള്‍ (സ്വര്‍ഗക്കാരനെ പോലെയാണോ)? സ്വയം കര്‍മങ്ങളുടെ ഫലം നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക എന്ന് അക്രമികളോട് പറയപ്പെടുന്നതാണ്.14
അവരുടെ മുന്‍ഗാമികളും സത്യത്തെ വ്യാജമാക്കിയിരുന്നു; നിനച്ചിരിക്കാത്ത വിധം അവര്‍ക്കു ശിക്ഷ വന്നെത്തുകയുണ്ടായി. അങ്ങനെയവര്‍ക്ക് ഐഹിക ജീവിതത്തില്‍ അല്ലാഹു അപമാനമുണ്ടാക്കി; പാരത്രിക ശിക്ഷ തന്നെയാണ് അതീവ ഗൗരവതരം! അവരത് ഗ്രഹിച്ചിരുന്നെങ്കില്‍...!15

2 വിശദീകരണങ്ങൾ കാണുക

14. നരകക്കാരുടെ കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിതമായിരിക്കും. അതുകൊണ്ടാണ് മുഖം കൊണ്ട് ശിക്ഷ തടുക്കുക എന്ന് പറഞ്ഞത്. മറ്റൊന്നിനുമാകാത്ത നിസ്സഹായാവസ്ഥ ചിത്രീകരിക്കയാണ്.

15. നിഷേധികള്‍ ഒരിക്കലും അല്ലാഹുവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടില്ല. തങ്ങളുടെ ദുസ്സാമര്‍ത്ഥ്യത്തില്‍ വഞ്ചിതരായി അവനെ തോല്‍പിക്കാന്‍ ശ്രമിച്ച പല ധിക്കാരികളെയും ചരിത്രത്തില്‍ കാണാം. സര്‍വരുടെയും പരിണതി അതീവദയനീയമായിരുന്നു. അപ്രതീക്ഷിതമാം വിധം ശിക്ഷകള്‍ വന്നെത്തി അവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിയപ്പെട്ടു.

أَفَمَن يَتَّقِي بِوَجۡهِهِۦ سُوٓءَ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَقِيلَ لِلظَّٰلِمِينَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ ۝٢٤
كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ ۝٢٥
فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡيَ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ۝٢٦
27–28

ഈ ഖുര്‍ആനില്‍ സര്‍വ വിധ ഉപമകളും ജനങ്ങള്‍ക്കായി നാം പ്രതിപാദിച്ചിരിക്കുന്നു, അവര്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ വേണ്ടി-വക്രതാരഹിതവും അറബിയിലുള്ളതുമായ വായിക്കപ്പെടുന്ന ഗ്രന്ഥം; അവര്‍ സൂക്ഷ്മത പുലര്‍ത്തി ജീവിക്കാന്‍.

وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ ۝٢٧
قُرۡءَانًا عَرَبِيًّا غَيۡرَ ذِي عِوَجٖ لَّعَلَّهُمۡ يَتَّقُونَ ۝٢٨
29–31

അന്യോന്യം കലഹിക്കുന്ന ഏതാനും പങ്കുകാര്‍ യജമാനരായ ഒരടിമയെയും ഒരു ഉടമക്ക് മാത്രം കീഴ്‌പെടേണ്ട മറ്റൊരടിമയെയും അല്ലാഹു ഇതാ ഉദാഹരിക്കുന്നു. ഉപമയില്‍ അവരിരുവരും സമന്മാരാകുമോ?16
അല്ലാഹുവിനാണ് സര്‍വ സ്തുതികളും. എന്നാല്‍ അവരില്‍ മിക്കവരും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല. നിശ്ചയം, താങ്കള്‍ മരണത്തിനു വിധേയനാകും; അവരും മരിച്ചുപോവുക തന്നെ ചെയ്യുന്നതാണ്. ശേഷം പുനരുത്ഥാന ദിനം നിങ്ങളുടെ നാഥന്റെ സന്നിധിയില്‍ നിങ്ങള്‍ തര്‍ക്കിക്കുന്നതാണ്.17

2 വിശദീകരണങ്ങൾ കാണുക

16. ഏകദൈവ വിശ്വാസിയുടെയും ബഹുദൈവ വിശ്വാസിയുടെയും ഒരു ഉപമായാണിത്. ഒരടിമക്ക് ഒരു യജമാനന്‍ മാത്രമാണ്; മറ്റൊരാള്‍ പലയജമാനന്മാരുടെ അടിമയും. (അടിമത്ത കാലത്ത് പലരുടെയും കൂട്ടുസ്വത്തായ ഒറ്റയടിമകള്‍ ഉണ്ടായിരുന്നു) രണ്ടാമനോട് പലയജമാനന്മാര്‍ പരസ്പര ഭിന്നമായ കാര്യങ്ങള്‍ വരെ കല്‍പിക്കും; അവനത് നിര്‍വഹിക്കാനാകില്ല. മഹാപരാജയത്തിലാകും അവന്റെ ജീവിതമെന്നാണ് സമര്‍ത്ഥിച്ചിരിക്കുന്നത്.

17. ഭൗതിക ജീവിതം ക്ഷണികമാണ്; നബി(സ്വ) വരെ മരണത്തിന് വിധേയമാകും. പാരത്രിക വിജയം ഉറപ്പുവരുത്തുകയാണു വേണ്ടത്. മറിച്ച്, വഴിതെറ്റി ജീവിച്ച് അവിടെ ചെന്ന് തര്‍ക്കിച്ചിട്ട് പ്രയോജനമുണ്ടാകില്ല.

ضَرَبَ ٱللَّهُ مَثَلٗا رَّجُلٗا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلٗا سَلَمٗا لِّرَجُلٍ هَلۡ يَسۡتَوِيَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ۝٢٩
إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ ۝٣٠
ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ ۝٣١
32–37

അല്ലാഹുവിന്റെ പേരില്‍ നുണ പറയുകയും സത്യം വന്നെത്തിയപ്പോള്‍ അത് വ്യാജമാക്കിക്കളയുകയും ചെയ്തവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നരകമല്ലേ സത്യനിഷേധികളുടെ ആവാസകേന്ദ്രം? സത്യസന്ദേശവുമായി സമാഗതരാവുകയും അത് അംഗീകരിക്കുകയും ചെയ്തവര്‍ തന്നെയാണ് ജീവിതത്തില്‍ സുക്ഷ്മത പുലര്‍ത്തിയവര്‍. തങ്ങള്‍ ഇച്ഛിക്കുന്നത് നാഥങ്കല്‍ അവര്‍ക്കുണ്ടാകും; പുണ്യവാന്മാരുടെ പ്രതിഫലം അതത്രേ. തങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റം ദുഷിച്ചത് പോലും അല്ലാഹു അവര്‍ക്ക് മാപ്പാക്കുകയും അവരുടെ അനുഷ്ഠാനങ്ങളില്‍ ഉദാത്തമായവക്ക് തക്ക പ്രതിഫലം നല്‍കുകയും ചെയ്യും. അല്ലാഹുവിന്ന് പുറമെയുള്ള ദൈവങ്ങളെക്കുറിച്ച് താങ്കളെയവര്‍ ഭീഷണിപ്പെടുത്തുകയാണ്; എന്നാല്‍ തന്റെ അടിമയ്ക്ക് അല്ലാഹു തന്നെ പര്യാപ്തനല്ലേ?18
ആരെയെങ്കിലും അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുന്നുവെങ്കില്‍ അവനു വഴികാട്ടിയായി മറ്റാരുമില്ല; ഒരാളെയവന്‍ ഋജുവായ പന്ഥാവിലാക്കുന്നുവെങ്കില്‍ അവനെ മാര്‍ഗഭ്രംശനാക്കാനും ആരുമുണ്ടാവില്ല. അവന്‍ അജയ്യനും ശിക്ഷാനടപടി സ്വീകരിക്കുന്നവനും അല്ലയോ?

1 വിശദീകരണം കാണുക

18. ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യാതെ ബഹുദൈവ വിശ്വാസത്തില്‍ ചെന്നുചാടിയ നിര്‍ഭാഗ്യന്‍ പിന്നെ അവയുടെ ലഹരിയിലകപ്പെടും. ഏതു നന്മ കൈവരിച്ചുതരുന്നതും ഏതു തിന്മ തന്നില്‍ നിന്നു പ്രതിരോധിക്കുന്നതും അചേതനമായ ഈ കല്ലിന്‍ കഷ്ണമാണെന്ന് ആ ബുദ്ധിശൂന്യന്‍ വിചാരിക്കും. നിനക്ക് ഞങ്ങളുടെ ദൈവങ്ങളുടെ ഗുരത്വക്കേടാണെന്ന് പ്രവാചക ശ്രേഷ്ഠന്മാരോട് വരെ പറയാന്‍ (11:54) ആ വിഡ്ഢികള്‍ ധൃഷ്ടരായി. തിരുമേനി(സ്വ)യോട് മുശ്‌രിക്കുകള്‍ ഇങ്ങനെ തട്ടിവിട്ടപ്പോഴായിരുന്നു ഈ സൂക്താവതരണം. എന്റെ അടിമ മുഹമ്മദ് നബിക്ക് യജമാനനായ അല്ലാഹു തന്നെ സര്‍വകാര്യങ്ങള്‍ക്കും പര്യാപ്തനാണ് എന്നു താല്‍പര്യം.

۞ فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ ۝٣٢
وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَٰٓئِكَ هُمُ ٱلۡمُتَّقُونَ ۝٣٣
لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ ۝٣٤
لِيُكَفِّرَ ٱللَّهُ عَنۡهُمۡ أَسۡوَأَ ٱلَّذِي عَمِلُواْ وَيَجۡزِيَهُمۡ أَجۡرَهُم بِأَحۡسَنِ ٱلَّذِي كَانُواْ يَعۡمَلُونَ ۝٣٥
أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ۝٣٦
وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٖ ذِي ٱنتِقَامٖ ۝٣٧
38

ഭുവന-വാനങ്ങള്‍ പടച്ചുണ്ടാക്കിയതാരാണെന്ന് താങ്കള്‍ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവാണ് എന്ന് അവര്‍ പ്രതികരിക്കും. ചോദിക്കുക: എങ്കില്‍ അവനെ വിട്ട് നിങ്ങള്‍ ആരാധിക്കുന്ന ബിംബങ്ങളെ ക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ നിങ്ങള്‍? എനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാന്‍ അല്ലാഹു വിചാരിച്ചാല്‍ അത് നീക്കം ചെയ്യാന്‍ അവയ്ക്ക് സാധിക്കുമോ? മറിച്ച്, അവന്‍ എനിക്ക് എന്തെങ്കിലും കാരുണ്യം ചെയ്യാന്‍ വിചാരിച്ചാല്‍ അത് തടഞ്ഞുവെക്കാന്‍ അവയ്ക്കു കഴിയുമോ? താങ്കള്‍ പ്രഖ്യാപിക്കുക: എനിക്ക് അല്ലാഹു മതി! കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നവര്‍ അവനെയാണ് ഏല്‍പിക്കുക.19

1 വിശദീകരണം കാണുക

19. സ്രഷ്ടാവും സംരക്ഷകനും നിയന്താവും അന്നദാതാവുമായ അല്ലാഹുവിനെ ദൈവമാക്കുകയും അവന്റെ മേല്‍ സര്‍വകാര്യങ്ങളും ഭരമേല്‍പിക്കുകയുമാണ് ബുദ്ധിമാനായ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്.

وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِيَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِي بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِيَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ ۝٣٨
39–41

താങ്കള്‍ പറയുക: എന്റെ ജനമേ, നിങ്ങളുടെ നിലപാടുപോലെ നിങ്ങള്‍ കര്‍മങ്ങളനുഷ്ഠിച്ചോളൂ; ഞാനും അങ്ങനെ ചെയ്യാം. നിന്ദ്യമായ ദണ്ഡനം വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ ലഭ്യമാകുന്നതും ആര്‍ക്കാണെന്ന് വഴിയെ നിങ്ങളറിഞ്ഞുകൊള്ളും. മാനുഷ്യകത്തിനായി സത്യനിഷ്ഠവേദം താങ്കള്‍ക്കു നാം അവതരിപ്പിച്ചു. അതുകൊണ്ട്, ആരെങ്കിലും നേര്‍മാര്‍ഗം വരിക്കുന്നുവെങ്കില്‍ അതവന്റെ ക്ഷേമത്തിനു തന്നെ; ദുര്‍മാര്‍ഗിയായാലോ, അവന്‍ വഴിപിഴച്ചു പോകുന്നതിന്റെ ദൂഷ്യവും അവനു തന്നെ. അങ്ങേയ്ക്കു അവരുടെ ബാധ്യതയേതുമില്ല.20

1 വിശദീകരണം കാണുക

20. പാറ പോലെ ഉറച്ചുനില്‍ക്കുന്ന സത്യനിഷേധികളുടെ മുമ്പില്‍ യാതൊരു ചാഞ്ചല്യവുമുണ്ടാകരുതെന്ന് നബി(സ്വ)യെ ദൃഢീകരിക്കുകയും സാന്ത്വനിപ്പിക്കുകയുമാണ്: നിങ്ങള്‍ സ്വന്തം ഇംഗിതം പോലെ ചെയ്‌തോളൂ; എന്നാല്‍ അന്തിമ വിജയം ആര്‍ക്കാണെന്ന് വഴിയെ നമുക്ക് കാണാം.

قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ فَسَوۡفَ تَعۡلَمُونَ ۝٣٩
مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ ۝٤٠
إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ ۝٤١
42–46

മരണവേളയില്‍ ആത്മാക്കളെ അല്ലാഹു സമ്പൂര്‍ണമായി ഏറ്റെടുക്കുന്നു; ഇതുവരെയും മരിക്കാത്തവയെ അവയുടെ നിദ്രാവേളയിലും.21
അങ്ങനെ, മരണം വരിച്ച ആത്മാക്കള്‍ അവന്‍ പിടിച്ചുവെക്കുകയും മറ്റുള്ളവയെ ഒരു നിര്‍ണിതാവധി വരെ വിട്ടയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ തീര്‍ച്ചയായും ദൃഷ്ടാന്തങ്ങളുണ്ട്. അതല്ല, അല്ലാഹുവിനെ വിട്ട് അവര്‍ ചില ശുപാര്‍ശക്കാരെ-യാതൊന്നും ഉടമപ്പെടുത്താത്തവയും ഗ്രഹിക്കാത്തവയുമാണെങ്കിലും-വരിച്ചിട്ടുണ്ടോ?22
താങ്കള്‍ പ്രഖ്യാപിക്കുക: എല്ലാ ശുപാര്‍ശയും അല്ലാഹുവിന്നവകാശപ്പെട്ടതാണ്. ഭുവന-വാനങ്ങളുടെ ആധിപത്യം അവന്നാകുന്നു. വഴിയെ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതു അവങ്കലേക്കുതന്നെയാണ്. അല്ലാഹുവിനെ മാത്രമായനുസ്മരിക്കപ്പെട്ടാല്‍ പാരത്രിക വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ വെറുത്ത് സങ്കുചിതമാകും; അവനല്ലാത്ത ദൈവങ്ങളെ കുറിച്ച് പ്രസ്താവിക്കപ്പെടുമ്പോള്‍ അവരതാ ആഹ്‌ളാദഭരിതരാകുന്നു.23
നബീ, പറയുക: ഭുവന-വാനങ്ങളുടെ സ്രഷ്ടാവും ദൃശ്യാദൃശ്യങ്ങള്‍ അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ അടിമകള്‍ ഭിന്നാഭിപ്രായക്കാരായിരുന്ന വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ നീ തന്നെയാണ് വിധി കല്‍പിക്കുന്നത്.

3 വിശദീകരണങ്ങൾ കാണുക

21. മരണവും നിദ്രയും പരസ്പരം സാദൃശ്യമുള്ള പ്രതിഭാസങ്ങളാണ്. മനുഷ്യന്റെ ശ്രദ്ധ അതിലേക്കു ക്ഷണിക്കാനുള്ള ഒരു ലഘു താരതമ്യമാണിത്. മരിച്ചുപോകുന്നവരുടെ ആത്മാവ് തിരിച്ചുവരുന്നില്ലെങ്കില്‍ ഉറങ്ങിയവരുടെ സമ്പൂര്‍ണ ചൈതന്യം ഉണരുന്നതോടെ തിരിച്ചുവരുന്നു. ഇരുവരുടെയും ആത്മാക്കള്‍ തത്സമയം സന്ധിക്കുകയും ആശയവിനിമയങ്ങള്‍ നത്തുകയും ചെയ്യുന്നുണ്ടെന്ന് ഇമാം ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്.

22. തങ്ങള്‍ ബഹുദൈവങ്ങളെ വരിക്കുന്നതും ആരാധിക്കുന്നതും അവ ഞങ്ങള്‍ക്ക് പരലോകത്ത് ശുപാര്‍ശ ചെയ്യാനാണ് എന്നാണല്ലോ ബഹുദൈവ വിശ്വാസികള്‍ തട്ടിവിടാറുള്ളത്. എന്നാല്‍ യാതൊന്നും ഉടമപ്പെടുത്താത്തതും ഒരുവിധ ഉപകാരവും ചെയ്യാത്തതും ഒരക്ഷരം ഗ്രഹിക്കാന്‍ പോലുമാകാത്തതുമായ ബിംബങ്ങളെ ആരാധിക്കുന്നതും അവരുടെ ശുപാര്‍ശ പ്രതീക്ഷിക്കുന്നതും എത്ര വലിയ മൗഢ്യം!

23. സ്രഷ്ടാവും നിയന്താവുമൊക്കെ അല്ലാഹുവാണ് എന്ന് സമ്മതിക്കുന്നവര്‍ തന്നെ അവന്റെ നാമം ഒറ്റക്ക് പറയപ്പെടുന്നതും കേള്‍ക്കുന്നതുമൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല; ബഹുദൈവങ്ങളെ പറയപ്പെടുന്നതിലാണ് അവര്‍ക്ക് തൃപ്തി.

ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝٤٢
أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ ۝٤٣
قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ ۝٤٤
وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ ۝٤٥
قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ ۝٤٦
47–48

അക്രമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നവര്‍, ഭൂമിയിലുള്ളത് മുഴുക്കെയും അതോടൊപ്പം അത്രകൂടിയും ഉണ്ടായിരുന്നെങ്കില്‍ പോലും പുനരുത്ഥാന ദിവസത്തെ ഹീനശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ പ്രായശ്ചിത്തം നല്‍കിയേനെ. തങ്ങളുടെ നിഗമനത്തിലില്ലാത്ത പലതും അല്ലാഹുവിങ്കല്‍ നിന്നു അവര്‍ക്ക് പ്രത്യക്ഷീഭവിക്കുന്നതുമാകുന്നു. തങ്ങളുടെ കര്‍മങ്ങളുടെ ദൂഷ്യഫലങ്ങള്‍ അവര്‍ക്കവിടെ വെളിപ്പെടുന്നതും ഏതൊരു പാരത്രിക ശിക്ഷയെ പരിഹസിച്ചിരുന്നുവോ അതവരെ ആവരണം ചെയ്യുന്നതുമാണ്.

وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ ۝٤٧
وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٤٨
49–51

എന്തെങ്കിലും വിപത്തു വരികയാണെങ്കില്‍ നമ്മോടാണ് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുക; അനന്തരം നമ്മുടെ പക്കല്‍ നിന്നുള്ള എന്തെങ്കിലും അനുഗ്രഹം ചെയ്തുകൊടുത്താലോ, 'തന്റെ പരിജ്ഞാനം മൂലമാണത് നല്‍കപ്പെട്ടിരിക്കുന്നത്' എന്നവന്‍ തട്ടിവിടും. എന്നാല്‍ അതൊരു പരീക്ഷണമാണ്;24
പക്ഷെ, അവരില്‍ മിക്കവരും അത് ഗ്രഹിക്കുന്നില്ല. ഇവരുടെ മുന്‍ഗാമികളും ഇങ്ങനെ ജല്‍പിച്ചിട്ടുണ്ട്; എന്നാല്‍ തങ്ങളുടെ സമ്പാദ്യങ്ങളൊന്നും അവര്‍ക്ക് ഫലപ്രദമായില്ല. അങ്ങനെ തങ്ങളുടെ സമ്പാദ്യങ്ങളുടെ ദൂഷ്യഫലങ്ങള്‍ അവരെ ബാധിക്കയുണ്ടായി. ഈ മക്കാ മുശ്‌രിക്കുളില്‍ നിന്നുള്ള അതിക്രമകാരികള്‍ക്കും തങ്ങള്‍ സമ്പാദിച്ചു വെച്ചതിന്റെ അനര്‍ത്ഥങ്ങള്‍ വന്നുഭവിക്കാനിരിക്കുകയാണ്. നമ്മെ തോല്‍പിക്കാന്‍ അവര്‍ക്കാവില്ല.25

2 വിശദീകരണങ്ങൾ കാണുക

24. അപ്രതിരോധ്യമായ പരലോക ശിക്ഷ കണ്ടെത്തുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി എത്ര വലിയ പ്രായശ്ചിത്തത്തിനും നിഷേധികള്‍ തയ്യാറാകുമെന്നു താല്‍പര്യം. ഒരു ഫലവുമുണ്ടാകില്ല. 5:36 നോക്കുക. ഒരിക്കല്‍ പോലും സങ്കല്‍പിച്ചിട്ടില്ലാത്ത ഭീകര ശിക്ഷകളും വേദനാനിര്‍ഭരമായ ദണ്ഡനങ്ങളും അവിടെ ഉണ്ടാകുന്നതുമാണ്.

25. മുന്‍കാല സമൂഹങ്ങളിലെ സത്യനിഷേധികള്‍ക്കും അഹങ്കാരികള്‍ക്കും വന്നെത്തിയ ശിക്ഷ പലപ്പോഴും നാം കണ്ടു. മക്കയിലെ മുശ്‌രിക്കുകളും വിവിധ പരീക്ഷണങ്ങള്‍ നേരിട്ടു. ഏഴു വര്‍ഷം നീണ്ട രൂക്ഷ വരള്‍ച്ച ഒരുദാഹരണം. വിശപ്പടക്കാന്‍ ഗത്യന്തരമില്ലാതെ ശവങ്ങള്‍ വരെ അവര്‍ക്കു ഭക്ഷിക്കേണ്ടതായി വന്നു.

فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٤٩
قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ۝٥٠
فَأَصَابَهُمۡ سَيِّـَٔاتُ مَا كَسَبُواْۚ وَٱلَّذِينَ ظَلَمُواْ مِنۡ هَٰٓؤُلَآءِ سَيُصِيبُهُمۡ سَيِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِينَ ۝٥١
52–59

താന്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് അല്ലാഹു ഉപജീവനം പ്രവിശാലമാക്കുന്നതും മറ്റു ചിലര്‍ക്ക് കുടുസ്സാക്കുന്നതും അവര്‍ ഗ്രഹിച്ചിട്ടില്ലേ? സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക് നിശ്ചയം, ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. പറയുക: സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങള്‍ ഭഗ്നാശരാകരുത്. അവന്‍ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും; ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവന്‍ തന്നെ, തീര്‍ച്ച.26
ശിക്ഷ വന്നെത്തും മുമ്പ് നിങ്ങള്‍ താഴ്മയോടെ നാഥങ്കലേക്ക് മടങ്ങുകയും അവന്നു വിധേയരാവുകയും ചെയ്യുക. ശിക്ഷയുടെ ആഗമാനന്തരം നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതല്ല. നിനച്ചിരിക്കാതെ, പൊടുന്നനെ ശിക്ഷ വരുംമുമ്പ്, നാഥങ്കല്‍ നിന്നവതീര്‍ണമായതില്‍ ഉദാത്തമായത് നിങ്ങള്‍ അനുധാവനം ചെയ്യുകയും വേണം.27
'ഹാ കഷ്ടം! അല്ലാഹുവിന്റെ കാര്യത്തില്‍ ഞാന്‍ വീഴ്ച വരുത്തിയല്ലോ; ഞാനത് പരിഹസിക്കുന്നവരുടെ ഗണത്തില്‍ തന്നെയായിരുന്നല്ലോ'; 'അല്ലാഹു മാര്‍ഗദര്‍ശനം ചെയ്തിരുന്നെങ്കില്‍ ഞാന്‍ ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരില്‍ തന്നെയായിരുന്നു', അല്ലെങ്കില്‍ ശിക്ഷ ഗോചരീഭവിക്കുമ്പോള്‍ 'എനിക്കൊരു മടക്കയാത്ര ഉണ്ടായിരുന്നെങ്കില്‍ പുണ്യവാന്മാരില്‍ ഞാനുള്‍പ്പെട്ടേനെ' എന്നൊക്കെ ഒരാള്‍ പരിഭവിക്കും മുമ്പ്. അതെ, എന്റെ സൂക്തങ്ങള്‍ നിനക്ക് ലഭിക്കുക തന്നെ ചെയ്തു; എന്നാല്‍ നീ അവ വ്യാജമാക്കുകയും അഹന്ത നടിക്കുകയും നിഷേധികളില്‍ ഉള്‍പ്പെടുകയുമാണുണ്ടായത്.28

3 വിശദീകരണങ്ങൾ കാണുക

26. പാപം ചെയ്യുന്നവര്‍ അല്ലാഹുവിന്റെ പ്രവിശാലമായ കാരുണ്യത്തെക്കുറിച്ച് ആശമുറിഞ്ഞവരാകരുതെന്ന സന്തോഷ വാര്‍ത്തയാണിത്. പാപമോചനത്തിന്റെ കവാടം മലര്‍ക്കെ തുറന്നിടപ്പെട്ടതാണെന്നും സൂര്യന്‍ പടിഞ്ഞാറു നിന്നുദിക്കുന്നതു വരെയും അതങ്ങനെയുണ്ടാകുമെന്നും ഹദീസുകളിലുണ്ട്. സല്‍കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും കൂട്ടിക്കലര്‍ത്തി ചെയ്യുന്നവര്‍ കുറ്റബോധവും പശ്ചാത്താപവുമുള്ളവരാണെങ്കില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുമെന്ന് സൂറത്തുത്തൗബയിലും കാണാം (9:102).

27. ധിക്കാരികളായ നിഷേധികളെ സംഹരിക്കാനുള്ള ശിക്ഷ വന്നെത്തിക്കഴിഞ്ഞാല്‍ പിന്നെ പശ്ചാത്താപം ഫലപ്പെടില്ല; അതിനു മുമ്പേയാണത് ചെയ്യേണ്ടത്. (40:83-85). മനുഷ്യന്റെ നേട്ടത്തിനും നന്മക്കുമായാണല്ലോ പ്രവാചകന്മാരും വേദങ്ങളും വരുന്നത്. സ്വന്തം ഭാഗധേയം നിര്‍ണയിക്കേണ്ടത് അവന്‍ തന്നെയാണ്.

28. പരലോകത്ത് ചെന്ന് പരാജയവും നരകവും മുന്നില്‍കാണുന്ന ഏതൊരു മനുഷ്യനും ഇങ്ങനെയൊക്കെ പലതും പറഞ്ഞ് പരിഭവിക്കും; ഒരു മടക്കയാത്രക്കുവേണ്ടി വിഫല ശ്രമം നടത്തും. മടങ്ങിവന്ന് വീണ്ടും ഞങ്ങള്‍ ദുര്‍മാര്‍ഗികളായാല്‍ ഞങ്ങളെ ശിക്ഷിച്ചോളൂ എന്ന് അല്ലാഹുവിനോട് അപേക്ഷിക്കും. പക്ഷേ, അതേ അല്ലാഹുവാണ് വരാന്‍ പോകുന്നതൊക്കെയും കൃത്യമായി ഇപ്പോള്‍ തന്നെ പറഞ്ഞുതന്ന് മാര്‍ഗദര്‍ശനം നല്‍കുന്നതെന്ന് മനസ്സിലാക്കാന്‍ ചിന്താശൂന്യനായ മനുഷ്യനു കഴിയാതെ പോകുന്നു, കഷ്ടം!

أَوَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٥٢
۞ قُلۡ يَٰعِبَادِيَ ٱلَّذِينَ أَسۡرَفُواْ عَلَىٰٓ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ۝٥٣
وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ ۝٥٤
وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ ۝٥٥
أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّٰخِرِينَ ۝٥٦
أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ ۝٥٧
أَوۡ تَقُولَ حِينَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِي كَرَّةٗ فَأَكُونَ مِنَ ٱلۡمُحۡسِنِينَ ۝٥٨
بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ ۝٥٩
60–63

അല്ലാഹുവിന്റെ പേരില്‍ വ്യാജങ്ങള്‍ തട്ടിവിട്ടിരുന്നവരുടെ മുഖങ്ങള്‍ കറുത്തിരുണ്ടതായി അന്ത്യനാളില്‍ നിനക്കു കാണാം. അഹന്ത നടിച്ചിരുന്നവര്‍ക്കുള്ള നിവാസ കേന്ദ്രം നരകത്തിലല്ലയോ? ജീവിതത്തില്‍ സൂക്ഷ്മാലുക്കളായിരുന്നവരെ വിജയിച്ചതിന്റെ ഫലമായി അല്ലാഹു രക്ഷപ്പെടുത്തുന്നതാണ്. അവരെ ശിക്ഷ സ്പര്‍ശിക്കുകയോ ദുഃഖം ബാധിക്കുകയോ ചെയ്യില്ല. സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്; എല്ലാറ്റിന്റെ മേലിലുമുള്ള കൈകാര്യകര്‍ത്താവും അവന്‍ തന്നെ. ഭുവന-വാനങ്ങളുടെ താക്കോലുകള്‍ അവന്‍ വശമാണ്. അവന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവര്‍ തന്നെയാണ് എല്ലാം വിനഷ്ടമായവര്‍.

وَيَوۡمَ ٱلۡقِيَٰمَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡمُتَكَبِّرِينَ ۝٦٠
وَيُنَجِّي ٱللَّهُ ٱلَّذِينَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمۡ يَحۡزَنُونَ ۝٦١
ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ ۝٦٢
لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٦٣
64–66

നബീ, ചോദിക്കുക: അല്ലാഹു അല്ലാത്തവരെ ആരാധിക്കണമെന്നാണോ വിവരം കെട്ടവരേ, നിങ്ങളെന്നോട് കല്‍പിക്കുന്നത്? 'പങ്കാളിയെ വരിക്കുന്നുവെങ്കില്‍ കര്‍മങ്ങള്‍ ഫലശൂന്യമാവുകയും നഷ്ടക്കാരിലാവുകയും ചെയ്യും, തീര്‍ച്ച' എന്നാണ് താങ്കള്‍ക്കും പൂര്‍വികര്‍ക്കും ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്. മറിച്ച്, അല്ലാഹുവിന്ന് മാത്രം ആരാധന ചെയ്യുകയും കൃതജ്ഞരിലാവുകയും ചെയ്യുക.29

1 വിശദീകരണം കാണുക

29. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ഒരിക്കല്‍ നബി(സ്വ)യുമായി ഒരു 'സന്ധി'യ്ക്കു തയ്യാറായി-ലാത്ത്, ഉസ്സാ, മനാത്ത് തുടങ്ങിയവയെ നബി ആരാധിക്കണം; പകരം അല്ലാഹുവിനെ മുശ്‌രിക്കുകളും ആരാധിക്കാം! തത്സമയമാണ് ഈ സൂക്തം അവതരിച്ചത്. എത്രമാത്രം ദൈന്യതയര്‍ഹിക്കുന്ന മൗഢ്യം!

قُلۡ أَفَغَيۡرَ ٱللَّهِ تَأۡمُرُوٓنِّيٓ أَعۡبُدُ أَيُّهَا ٱلۡجَٰهِلُونَ ۝٦٤
وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ ۝٦٥
بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّٰكِرِينَ ۝٦٦
67

അല്ലാഹുവിനെ യഥായോഗ്യം ആ ബഹുദൈവ വിശ്വാസികള്‍ ബഹുമാനിച്ചില്ല. പുനരുത്ഥാനത്തിന്റെ ദിവസം ഭൂമിയാകട്ടെ, അവന്റെ പിടിയിലൊതുങ്ങുന്നതും ആകാശങ്ങള്‍ വലതുകരങ്ങളില്‍ ചുരുട്ടപ്പെട്ടതുമാകും. അവന്‍ എത്ര പരിശുദ്ധന്‍! അവര്‍ പങ്കാളികളാക്കുന്നതില്‍ നിന്നൊക്കെയും അവന്‍ മഹോന്നതനത്രേ.30

1 വിശദീകരണം കാണുക

30. അന്ത്യനാളിലെ ഒരു സംഭവമാണ് ഇവിടെ വ്യക്തമാക്കുന്നത്. നബി(സ്വ) പ്രസ്താവിച്ചതായി ഹസ്രത്ത് അബൂഹുറൈറ(റ) പറയുന്നു: അല്ലാഹു ഭൂമിയെ പിടിയിലാക്കുകയും ആകാശങ്ങള്‍ വലതുകൈയില്‍ ചുരുട്ടുകയും ചെയ്തിട്ടു ചോദിക്കും: ഞാനാണ് രാജാവ്, എവിടെ ഭൂമിയിലെ രാജാക്കന്മാര്‍? (ബുഖാരി) മൂന്നു വട്ടം ചോദിച്ചിട്ടും ആരും ഉത്തരം നല്‍കാതിരിക്കുമ്പോള്‍ രാജാധിരാജന്‍ തന്നെ മറുപടി നല്‍കുന്നതാണ് (ഇബ്‌നുകസീര്‍) 40:16 നോക്കുക. ഇതൊന്നും ഗ്രഹിക്കാത്ത മൂഢന്മാരാണ് ബഹുദൈവ വിശ്വാസികള്‍.

وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝٦٧
68–70

കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ ഭുവന-വാനങ്ങളിലുള്ളവര്‍ -അല്ലാഹു ഉദ്ദേശിച്ചവരൊഴികെ- മരിച്ചുവീഴുന്നതാണ്; പിന്നീട് മറ്റൊരിക്കല്‍ കൂടി ഊതപ്പെടുമ്പോള്‍ അതാ, അവര്‍ എഴുന്നേറ്റു നോക്കും. വിചാരണാഭൂമി അതിന്റെ നാഥന്റെ ശോഭയാല്‍ പ്രകാശിക്കുന്നതും കര്‍മരേഖകള്‍ സമര്‍പിക്കപ്പെടുന്നതും പ്രവാചകന്മാരും സാക്ഷികളും ഹാജറാക്കപ്പെടുന്നതും സൃഷ്ടികള്‍ക്കിടയില്‍ സത്യമനുസരിച്ച് വിധികല്‍പിക്കപ്പെടുന്നതുമാകുന്നു. അവരോട് അതിക്രമം കാട്ടപ്പെടുകയില്ല. ഓരോ വ്യക്തിക്കും താന്‍ അനുവര്‍ത്തിച്ചത് പൂര്‍ണമായും നല്‍കപ്പെടും; അവരുടെ ചെയ്തികളെ പറ്റി നന്നായി അറിയുന്നവനത്രേ അവന്‍.31

1 വിശദീകരണം കാണുക

31. കാഹളത്തില്‍ രണ്ടു പ്രാവശ്യമാണ് ഊതപ്പെടുക. ഈ സൂക്തം അതാണു സ്പഷ്ടമാക്കുന്നത്. ആദ്യത്തേത് ഖിയാമനാള്‍ സംഭവിക്കാനാണ്. 'അര്‍ശ്' വാഹകരായ ചില മലക്കുകളും മറ്റുമൊഴികെ സര്‍വരും അതോടെ മരണത്തിന് വിധേയരാകും. ശേഷം അസ്‌റാഈല്‍ ഉള്‍പ്പെടെ അല്ലാഹുവല്ലാത്ത എല്ലാം മരിക്കും. രണ്ടാം ഊത്ത് ആദ്യത്തേത് കഴിഞ്ഞ് നാല്‍പത് വര്‍ഷമായിട്ടാണെന്ന് ഹദീസുകളിലുണ്ട്. അത് സൃഷ്ടികളുടെ പുനരുത്ഥാനത്തിനുള്ളതാണ്. പിന്നീട് വിചാരണക്കു ശേഷം സര്‍വര്‍ക്കും പ്രതിഫലം നല്‍കപ്പെടും.

وَنُفِخَ فِي ٱلصُّورِ فَصَعِقَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۖ ثُمَّ نُفِخَ فِيهِ أُخۡرَىٰ فَإِذَا هُمۡ قِيَامٞ يَنظُرُونَ ۝٦٨
وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ ۝٦٩
وَوُفِّيَتۡ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا يَفۡعَلُونَ ۝٧٠
71–72

സത്യനിഷേധികള്‍ സംഘങ്ങളായി നരകത്തിലേക്ക് തെളിക്കപ്പെടുന്നതും അവരതിനു സമീപമെത്തിയാല്‍ പിന്നെ വാതിലുകള്‍ തുറക്കപ്പെടുന്നതും പാറാവുകാര്‍ ഇങ്ങനെയവരോട് ചോദിക്കുന്നതുമാണ്: നിങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങള്‍ പാരായണം ചെയ്യുകയും ഈ ദിവസത്തെ അഭിമുഖീകരിക്കുന്നതിനെ പറ്റി മുന്നറിയിപ്പ് തരികയും ചെയ്യുന്ന ദൂതന്മാര്‍ നിങ്ങളുടെയടുത്ത് വന്നിരുന്നില്ലേ? അവര്‍ പ്രതികരിക്കും: അതെ, പക്ഷേ, നിഷേധികളില്‍ ശിക്ഷാവചനം സ്ഥിരപ്പെട്ടുപോയിരിക്കുന്നു! ഉത്തരവുണ്ടാകും: 'ശാശ്വതാധിവാസം വിധിക്കപ്പെട്ടവരായി നരകകവാടങ്ങളിലൂടെ പ്രവേശിക്കുക'. അപ്പോള്‍, അഹങ്കാരികളുടെ ആവാസ സ്ഥലം എത്ര ഹീനം!32

1 വിശദീകരണം കാണുക

32. നരകം നിഷേധികള്‍ക്ക് ജയിലാണല്ലോ. അതുകൊണ്ട് അവര്‍ ചെന്ന ഉടനെ തുറക്കപ്പെടുന്നതും പ്രവേശിച്ച ഉടനെ അടക്കപ്പെടുന്നതുമാണ്; സ്വര്‍ഗത്തിന്റെ സ്ഥിതി വ്യത്യസ്തമായിരിക്കും.

وَسِيقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَتۡلُونَ عَلَيۡكُمۡ ءَايَٰتِ رَبِّكُمۡ وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ بَلَىٰ وَلَٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَٰفِرِينَ ۝٧١
قِيلَ ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ ۝٧٢
73

തങ്ങളുടെ നാഥനോട് സൂക്ഷ്മത പുലര്‍ത്തിയിരുന്നവര്‍ കൂട്ടമായി സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്നതും വാതായനങ്ങള്‍ തുറന്നുവെക്കപ്പെട്ടതായിരിക്കെ അവരതിനു സമീപമെത്തുന്നതും പാറാവുകര്‍ ഇങ്ങനെ സ്വാഗതം ചെയ്യുന്നതുമാണ്: നിങ്ങള്‍ക്ക് സമാധാനം ഭവിക്കട്ടെ, നിങ്ങള്‍ പരിശുദ്ധരായിരുന്നു; അതിനാല്‍ ശാശ്വതനിവാസം വിധിക്കപ്പെട്ടവരായി നിങ്ങള്‍ ഇതില്‍ പ്രവേശിച്ചുകൊള്ളുക.33

1 വിശദീകരണം കാണുക

33. സ്വര്‍ഗക്കാര്‍ക്ക് പാറാവുകാരായ മലക്കുകളുടെ ഹൃദ്യമായ സ്വീകരണമാണുണ്ടാവുക. വാതിലുകള്‍ നേരത്തെ തുറക്കപ്പെട്ട സ്വര്‍ഗത്തിലേക്ക് ആഹ്‌ളാദ ഭരിതരായും അല്ലാഹുവിനെ സ്തുതിച്ചും അവനു പ്രകീര്‍ത്തനങ്ങളര്‍പ്പിച്ചും കൊണ്ടാണവര്‍ പ്രവേശിക്കുക. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചതിന്റെ പ്രതിഫലമായാണ് ഈ സുഖലോക സ്വര്‍ഗം നല്‍കപ്പെട്ടിരിക്കുന്നതെന്ന് മലക്കുകള്‍ പറയും.

وَسِيقَ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَٰمٌ عَلَيۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَٰلِدِينَ ۝٧٣
74–75

അവര്‍ പ്രതികരിക്കും: നമ്മോടുള്ള തന്റെ കരാര്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുകയും വിചാരിക്കുന്നിടത്തെങ്ങും നിവസിക്കാനാകും വിധം ഈ സ്വര്‍ഗഭൂമി നമുക്ക് അവകാശപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും. കര്‍മാനുഷ്ഠാനികള്‍ക്കുള്ള പ്രതിഫലം എത്ര ഉല്‍കൃഷ്ടം! മലക്കുകള്‍ തങ്ങളുടെ നാഥന്ന് സ്തുതിയര്‍പ്പിച്ചും പ്രകീര്‍ത്തനം ചെയ്തും സിംഹാസനത്തെ വലയം ചെയ്യുന്നത് താങ്കള്‍ക്കു കാണാം. സൃഷ്ടികള്‍ക്കിടയില്‍ സത്യസന്ധമായി തീര്‍പ്പു കല്‍പിക്കപ്പെടുന്നതും 'പ്രപഞ്ച നാഥനായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും' എന്ന് വിളംബരം ചെയ്യപ്പെടുന്നതുമാണ്.34

1 വിശദീകരണം കാണുക

34. കടുകിട ഏറ്റക്കുറച്ചിലില്ലാത്ത നീതിനിഷ്ഠയാണല്ലോ അല്ലാഹുവിന്റേത്. മഹ്ശറിലെ വിചാരണയും വിധിയും സ്വര്‍ഗ-നരക പ്രവേശവും കഴിയുമ്പോള്‍ സര്‍വര്‍ക്കും ഇതു നന്നായി ബോധ്യപ്പെടും. അതുകൊണ്ട്, അല്ലാഹുവിന്റെ ഔദാര്യത്തിന്റെ പേരില്‍ സത്യവിശ്വാസികളും, കണിശമായ നീതിനിഷ്ഠയുടെ പേരില്‍ അവിശ്വാസികളും അവനു സ്തുതികളര്‍പ്പിക്കുന്നതാണ്!

وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَيۡثُ نَشَآءُۖ فَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ ۝٧٤
وَتَرَى ٱلۡمَلَٰٓئِكَةَ حَآفِّينَ مِنۡ حَوۡلِ ٱلۡعَرۡشِ يُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِيَ بَيۡنَهُم بِٱلۡحَقِّۚ وَقِيلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝٧٥