ഹാ മീം. ഈ വേദത്തിന്റെ അവതരണം പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു. അവന്‍ ദോഷങ്ങള്‍ മാപ്പാക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും അനുഗ്രഹദാതാവുമാണ്. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. സര്‍വരുടെയും മടക്കം അവങ്കലേക്കു തന്നെ.1
സത്യനിഷേധികളായവര്‍ മാത്രമേ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ കുതര്‍ക്കങ്ങള്‍ നടത്തൂ. അതുകൊണ്ട് നാടുകളിലൂടെയുള്ള അവരുടെ സഞ്ചാരം താങ്കളെ വഞ്ചനയിലകപ്പെടുത്താതിരിക്കട്ടെ.2
അവര്‍ക്കു മുമ്പ് നൂഹ് നബിയുടെ ജനതയും അവരുടെ ശേഷം വന്ന സമൂഹങ്ങളും സത്യത്തെ വ്യാജമാക്കിയിട്ടുണ്ട്. ഓരോ ജനപഥവും തങ്ങളുടെ ദൂതനെ പിടികൂടാനുദ്ദേശിക്കുകയും അസത്യം കൊണ്ട് സത്യത്തെ ശിഥിലമാക്കാനായി കുതര്‍ക്കങ്ങള്‍ നടത്തുകയുമുണ്ടായി. തത്സമയം ഞാനവരെ പിടികൂടി. എങ്ങനെയുണ്ടായിരുന്നു എന്റെ ശിക്ഷ! സത്യത്തെ നിഷേധിച്ചവര്‍ക്കുമേല്‍, അവര്‍ നരകക്കാരാണെന്നുള്ള താങ്കളുടെ നാഥന്റെ വചനം സുസ്ഥിരമായിക്കഴിഞ്ഞിരിക്കുകയാണ്.
2 വിശദീകരണങ്ങൾ കാണുക
1. ഗാഫിര്‍ എന്നാല്‍ പൊറുക്കുന്നവന്‍ എന്നാണ്. മൂന്നാം സൂക്തത്തില്‍ ആ പദം വന്നതുകൊണ്ടാണ് നാമകരണം. അല്ലാഹുവിന്റെ അതിമഹത്തായ നാലുവിശേഷണങ്ങളാണതിലുള്ളത്- അടിമകളുടെ പാപങ്ങള്‍ പൊറുക്കുന്നവന്‍; ചെയ്തു പോയ പാപത്തെക്കുറിച്ച് ഖേദിച്ചു മടങ്ങുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍; സുഗ്രാഹ്യമാം വിധം സത്യപ്രബോധം നിര്‍വഹിക്കപ്പെട്ടിട്ടും ധിക്കാരവും അനുസരണക്കേടും കാട്ടുന്നവരെ കഠിനമായി ശിക്ഷിക്കുന്നവന്‍; വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അനുഗ്രഹം ചൊരിഞ്ഞു കനിയുന്നവന്‍.
2. തലയെടുപ്പും പ്രൗഢിയും പ്രാദേശിക നേതൃത്വവും ദേശാന്തര സഞ്ചാരവും വാണിജ്യവും വ്യവസായവുമൊക്കെയായി സത്യനിഷേധികള്‍ വിലസുന്നത് പലേടത്തും കാണാം. അതില്‍ വഞ്ചിതരാകരുതെന്നും ആ പളപളപ്പും ജാഡയുമെല്ലാം താല്‍ക്കാലികവും ക്ഷണികവുമാണെന്നും ഉണര്‍ത്തിയിരിക്കുകയാണ്. 3:196, 197 സൂക്തങ്ങള്‍ കാണുക.