താങ്കളുടെ ജനതക്ക് വേദനാജനകമായ വല്ല ശിക്ഷയും വന്നെത്തുന്നതിനു മുമ്പ് അവരെ താക്കീത് ചെയ്യുക എന്ന് (കല്‍പിച്ചുകൊണ്ട്) നൂഹിനെ തന്റെ ജനതയിലേക്ക് (റസൂലായി) നാം അയക്കുകതന്നെ ചെയ്തു.
നൂഹ് نوح Nuh
സൂറത്ത് നൂഹ് (Nuh), ഖുർആൻ അധ്യായം 71 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 28 ആയത്തുകൾ വായിക്കുക. Read Surah Nuh with Arabic text and മലയാളം translation.
അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.
എന്നാലവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതും ഒരു നിശ്ചിതാവധി വരെ നിങ്ങളെ പിന്തിക്കുന്നതുമാണ്. അല്ലാഹുവിന്റെ (നിശ്ചയപ്രകാരമുള്ള) അവധി വന്നാല്‍ അത് പിന്തിക്കപ്പെടുന്നതേയല്ല. നിങ്ങളറിയുന്നവരായിരുന്നെങ്കില്‍.
അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ, നിശ്ചയമായും എന്റെ ജനതയെ രാവും പകലും (നിന്റെ മാര്‍ഗത്തിലേക്ക്) ഞാന്‍ വിളിച്ചു.
എന്നിട്ട് എന്റെ വിളി അവരെ കൂടുതല്‍ അകറ്റിക്കളയുക മാത്രമാണ് ചെയ്തത്.
നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിക്കുമ്പോഴെല്ലാം അവര്‍ തങ്ങളുടെ വിരലുകള്‍ കാതുകളില്‍ ഇടുകയും വസ്ത്രങ്ങള്‍ കൊണ്ട് (ശിരസ്സുകള്‍) മൂടിപ്പൊതിയുകയും (നിഷേധത്തില്‍) ഉറച്ചുനില്‍ക്കുകയും വലിയ അഹങ്കാരം നടിക്കുകയും ചെയ്യുന്നു.
പിന്നെ (അതിനും പുറമെ) ഞാനവരെ ഉച്ചത്തില്‍ വിളിച്ചു.
പിന്നെ അവര്‍ക്ക് ഞാന്‍ (എന്റെ വിളി) പരസ്യമാക്കുകയും രഹസ്യമാക്കുകയും ചെയ്തു.
എന്നിട്ടവരോട് ഞാന്‍ പറഞ്ഞു: നിങ്ങളുടെ റബ്ബിനോട് നിങ്ങള്‍ പാപമോചനം തേടുക. നിശ്ചയമായും അവന്‍ വളരെയധികം പൊറുക്കുന്നവനായിട്ടുണ്ട്;
എന്നാല്‍ നിങ്ങള്‍ക്കവന്‍ ധാരാളം മഴ വര്‍ഷിച്ചുതരികയും,
സ്വത്തുക്കള്‍ കൊണ്ടും സന്താനങ്ങള്‍ കൊണ്ടും അവന്‍ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്.
നിങ്ങള്‍ക്കെന്തായിപ്പോയി! അല്ലാഹുവിന് ഒരു മഹത്ത്വവും നിങ്ങള്‍ കാണുന്നില്ല?
-നിങ്ങളെ വിവിധ ദശകളിലായി അവന്‍ സൃഷ്ടിച്ചിട്ടും-
നിങ്ങള്‍ കണ്ടില്ലേ: (ഒന്നിനൊന്നു മീതെ) അടുക്കുകളായ നിലയില്‍ ഏഴ് ആകാശങ്ങളെ എങ്ങനെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്?
അവയില്‍ ചന്ദ്രനെ അവന്‍ ഒരു പ്രകാശമാക്കുകയും സൂര്യനെ ഒരു വിളക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു.
അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
പിന്നീടവന്‍ നിങ്ങളെ (മരണാനന്തരം) അതിലേക്കുതന്നെ മടക്കുകയും (അനന്തരം അതില്‍ നിന്നുതന്നെ) പുറത്തേക്കുകൊണ്ടുവരുകയും ചെയ്യും.
അല്ലാഹു ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പാക്കിത്തന്നിരിക്കുന്നു.
-അതില്‍ നിന്ന് വിശാലമായ മാര്‍ഗങ്ങളില്‍ പ്രവേശിക്കുവാന്‍ വേണ്ടി-
നൂഹ് പറഞ്ഞു: എന്റെ റബ്ബേ, നിശ്ചയമായും അവര്‍ എന്റെ കല്‍പന ലംഘിക്കുകയും ധനവും സന്താനവും തങ്ങള്‍ക്ക് നഷ്ടാധിക്യം മാത്രം വരുത്തിവെച്ച ചില ആളുകളെ അവര്‍ പിന്‍പറ്റുകയും,
അവര്‍ വളരെ വലിയ കുതന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
(ജനങ്ങളേ,) നിങ്ങളുടെ ദൈവങ്ങളെ നിങ്ങള്‍ കൈവിടരുത്; വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്ര്‍ എന്നിവയെ (വിശേഷിച്ചും) നിങ്ങള്‍ കൈവിടരുത് എന്ന് അവര്‍ പറയുകയും ചെയ്തു.
നിശ്ചയമായും അവര്‍ വളരെ ആളുകളെ പിഴപ്പിച്ചുകളഞ്ഞിരിക്കുന്നു. (അതുകൊണ്ട് എന്റെ റബ്ബേ,) അക്രമികള്‍ക്ക് വഴികേടല്ലാതെ നീ വര്‍ധിപ്പിക്കരുതേ!
തങ്ങളുടെ തെറ്റുകളാല്‍ തന്നെ അവര്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ അഗ്നിയില്‍ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി. അപ്പോള്‍ അല്ലാഹുവിനെ കൂടാതെയുള്ള ഒരു സഹായികളെയും തങ്ങള്‍ക്കവര്‍ കണ്ടെത്തിയില്ല.
നൂഹ് പറഞ്ഞു: എന്റെ റബ്ബേ, സത്യനിഷേധികളില്‍ പെട്ട ഒരൊറ്റ പൗരനെയും ഭൂമുഖത്ത് നീ വിട്ടുകളയരുതേ!
(കാരണം,) നീ അവരെ (നശിപ്പിക്കാതെ) വിട്ടുകളയുന്ന പക്ഷം അവര്‍ നിന്റെ അടിമകളെ വഴിതെറ്റിച്ചുകളയുന്നതാണ്, തീര്‍ച്ച. (മാത്രമല്ല) സത്യനിഷേധികളായ ദുര്‍വൃത്തരെയല്ലാതെ അവര്‍ ജനിപ്പിക്കുകയുമില്ല.
എന്റെ റബ്ബേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസിയായിക്കൊണ്ട് എന്റെ വീട്ടില്‍ പ്രവേശിക്കുന്നവര്‍ക്കും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ! അക്രമികള്‍ക്ക് നാശമല്ലാതെ നീ വര്‍ധിപ്പിക്കരുതേ!