Monday, 12 October 2026 Hijri: — 03:20:49 pm
MalayalamQuran.in
Quran translation reader

ഖാഫ് ق Qaf

Surah 50 മക്കിയ്യ • مكية • Makkiyah 45 ആയത്തുകൾ • 45 Ayahs

സൂറത്ത് ഖാഫ് (Qaf), ഖുർആൻ അധ്യായം 50 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 45 ആയത്തുകൾ വായിക്കുക. Read Surah Qaf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഖാഫ് മഹത്ത്വമേറിയ ഖുര്‍ആന്‍ തന്നെയാണ് (സത്യം).

قٓۚ وَٱلۡقُرۡءَانِ ٱلۡمَجِيدِ ۝١
2

പക്ഷേ, അവരില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരന്‍ അവരുടെ അടുക്കല്‍ വന്നിട്ടുള്ളതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് ഇതൊരു അത്ഭുതകരമായ കാര്യമാണ് എന്ന് ആ സത്യനിഷേധികള്‍ പറഞ്ഞു:

بَلۡ عَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡ فَقَالَ ٱلۡكَٰفِرُونَ هَٰذَا شَيۡءٌ عَجِيبٌ ۝٢
3

നാം മരിക്കുകയും മണ്ണായിത്തീരുകയും ചെയ്തിട്ടാണോ (വീണ്ടും മടക്കപ്പെടുന്നത്)? നിശ്ചയമായും അത് വിദൂരമായ ഒരു മടക്കം തന്നെ.

أَءِذَا مِتۡنَا وَكُنَّا تُرَابٗاۖ ذَٰلِكَ رَجۡعُۢ بَعِيدٞ ۝٣
4

അവരില്‍ നിന്ന് ഭൂമി കുറക്കുന്നതെന്താണെന്ന് നമുക്ക് തീര്‍ച്ചയായും അറിയാം. എല്ലാം ശരിക്ക് സൂക്ഷിച്ചുവെച്ചിട്ടുള്ള ഒരു ഗ്രന്ഥം നമ്മുടെ അടുക്കലുണ്ട്.

قَدۡ عَلِمۡنَا مَا تَنقُصُ ٱلۡأَرۡضُ مِنۡهُمۡۖ وَعِندَنَا كِتَٰبٌ حَفِيظُۢ ۝٤
5

പക്ഷേ, അവര്‍ക്ക് സത്യം വന്നുകിട്ടിയപ്പോള്‍ അതിനെ അവര്‍ നിഷേധിച്ചു. അങ്ങനെ അവര്‍ ചഞ്ചലമായ ഒരു അവസ്ഥയിലാണ്.

بَلۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَهُمۡ فِيٓ أَمۡرٖ مَّرِيجٍ ۝٥
6

തങ്ങളുടെ മുകളിലുള്ള ആകാശത്തേക്കവര്‍ നോക്കീട്ടില്ലേ? എങ്ങനെയാണ് നാമതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളത്? അതിനെവിടെയും യാതൊരു വിടവുകളുമില്ലതന്നെ.

أَفَلَمۡ يَنظُرُوٓاْ إِلَى ٱلسَّمَآءِ فَوۡقَهُمۡ كَيۡفَ بَنَيۡنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٖ ۝٦
7

ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ നാം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. കൗതുകമുള്ള എല്ലാ ഇനം ഇണവസ്തുക്കളെയും അതില്‍ നാം മുളപ്പിക്കുകയും ചെയ്തു.

وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجِۭ بَهِيجٖ ۝٧
8

(അല്ലാഹുവിങ്കലേക്ക്) മടങ്ങുന്ന എല്ലാ അടിമകള്‍ക്കും കണ്ടു മനസ്സിലാക്കുവാനും ഓര്‍മിക്കുവാനും വേണ്ടിയാണ് (ഇതെല്ലാം ചെയ്തിരിക്കുന്നത്).

تَبۡصِرَةٗ وَذِكۡرَىٰ لِكُلِّ عَبۡدٖ مُّنِيبٖ ۝٨
9

ഉപകാരമുള്ള വെള്ളത്തെ ആകാശത്തുനിന്ന് നാം ഇറക്കുകയും എന്നിട്ട് അതുമൂലം ചില തോട്ടങ്ങളെയും കൊയ്‌തെടുക്കപ്പെടുന്ന ധാന്യങ്ങളെയും നാം മുളപ്പിക്കുകയും ചെയ്തു.

وَنَزَّلۡنَا مِنَ ٱلسَّمَآءِ مَآءٗ مُّبَٰرَكٗا فَأَنۢبَتۡنَا بِهِۦ جَنَّٰتٖ وَحَبَّ ٱلۡحَصِيدِ ۝٩
10

ഉയര്‍ന്നുനില്‍ക്കുന്ന നിലയില്‍ ഈത്തപ്പനകളെയും നാം മുളപ്പിച്ചു. അതിന് അടുക്കായുള്ള കുലയുണ്ട്.

وَٱلنَّخۡلَ بَاسِقَٰتٖ لَّهَا طَلۡعٞ نَّضِيدٞ ۝١٠
11

(നമ്മുടെ) അടിമകള്‍ക്ക് ആഹാരമായിട്ടാണ് (ഇതെല്ലാം നാം സജ്ജീകരിച്ചത്). അത് (വെള്ളം) മൂലം നിര്‍ജ്ജീവപ്രദേശത്തെ നാം ജീവിപ്പിക്കുകയും ചെയ്തു. അതുപോലെയാണ് (ഖബ്‌റുകളില്‍ നിന്ന്) പുറപ്പെടല്‍.

رِّزۡقٗا لِّلۡعِبَادِۖ وَأَحۡيَيۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ ٱلۡخُرُوجُ ۝١١
12

ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും റസ്സുകാരും സമൂദും (സത്യത്തെ) നിഷേധിച്ചിട്ടുണ്ട്;

كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَأَصۡحَٰبُ ٱلرَّسِّ وَثَمُودُ ۝١٢
13

ആദ് സമുദായവും ഫിര്‍ഔനും ലൂഥിന്റെ സഹോദരങ്ങളും,

وَعَادٞ وَفِرۡعَوۡنُ وَإِخۡوَٰنُ لُوطٖ ۝١٣
14

ഐകത്തുകാരും തുബ്ബഇന്റെ ജനതയും ഇവരെല്ലാവരുംതന്നെ റസൂലുകളെ നിഷേധിച്ചു. തന്നിമിത്തം എന്റെ താക്കീത് (അവരില്‍) സത്യമായി പുലരുകയും ചെയ്തു.

وَأَصۡحَٰبُ ٱلۡأَيۡكَةِ وَقَوۡمُ تُبَّعٖۚ كُلّٞ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ ۝١٤
15

അപ്പോള്‍, ഒന്നാം പ്രാവശ്യത്തെ സൃഷ്ടിക്കല്‍ കൊണ്ട് നാം ക്ഷീണിച്ചുപോയോ? (ഇല്ല.) പക്ഷേ, ഇവര്‍ പുതിയ സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാണ്.

أَفَعَيِينَا بِٱلۡخَلۡقِ ٱلۡأَوَّلِۚ بَلۡ هُمۡ فِي لَبۡسٖ مِّنۡ خَلۡقٖ جَدِيدٖ ۝١٥
16

നിശ്ചയമായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്റെ ഹൃദയം മന്ത്രിക്കുന്നത് നാം അറിയുന്നുണ്ട്. അവന്റെ കണ്ഠനാഡിയേക്കാള്‍ നാം അവനോട് അടുത്തവനാണ്.

وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ ۝١٦
17

സ്ഥിരപ്പെടുത്തുന്ന രണ്ടു പേര്‍ സ്ഥിരപ്പെടുത്തുന്ന സന്ദര്‍ഭം (ഓര്‍ക്കുക). വലഭാഗത്തും ഇടഭാഗത്തും ഇരിക്കുന്നവരാണവര്‍.

إِذۡ يَتَلَقَّى ٱلۡمُتَلَقِّيَانِ عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ قَعِيدٞ ۝١٧
18

തയ്യാറായ സൂക്ഷ്മവീക്ഷകര്‍ അവന്റെ അടുക്കല്‍ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കുന്നതല്ല.

مَّا يَلۡفِظُ مِن قَوۡلٍ إِلَّا لَدَيۡهِ رَقِيبٌ عَتِيدٞ ۝١٨
19

മരണത്തിന്റെ കഠിനവേദന യാഥാര്‍ഥ്യമായി വരുന്നതാണ്. 'നീ ഏതൊന്നില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നുവോ അതത്രെ ഇത്' (എന്ന് പറയപ്പെടും).

وَجَآءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَٰلِكَ مَا كُنتَ مِنۡهُ تَحِيدُ ۝١٩
20

കാഹളത്തില്‍ ഊതപ്പെടുന്നതാണ്.അത് താക്കീത് ചെയ്യപ്പെട്ട ദിവസമാകുന്നു.

وَنُفِخَ فِي ٱلصُّورِۚ ذَٰلِكَ يَوۡمُ ٱلۡوَعِيدِ ۝٢٠
21

എല്ലാ ദേഹവും (അന്ന് മഹ്ശറില്‍) വരുന്നതാണ്. അതിനെ തെളിച്ചുകൊണ്ടുവരുന്ന ഒരാളും സാക്ഷിയും അതിനോടൊന്നിച്ചുണ്ടായിരിക്കും.

وَجَآءَتۡ كُلُّ نَفۡسٖ مَّعَهَا سَآئِقٞ وَشَهِيدٞ ۝٢١
22

നിശ്ചയമായും ഇതിനെക്കുറിച്ചെല്ലാം നീ അശ്രദ്ധയിലായിരുന്നു; ഇപ്പോള്‍ നിനക്ക് നിന്റെ മൂടി നാം നീക്കിത്തന്നിരിക്കുന്നു; അതിനാല്‍ ഇന്ന് നിന്റെ കാഴ്ച വളരെ മൂര്‍ച്ചയുള്ളതായിരിക്കുന്നു (എന്ന് പറയപ്പെടും).

لَّقَدۡ كُنتَ فِي غَفۡلَةٖ مِّنۡ هَٰذَا فَكَشَفۡنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلۡيَوۡمَ حَدِيدٞ ۝٢٢
23

അവന്റെ കൂട്ടുകാരന്‍ പറയും: ഇതാ എന്റെ അടുക്കല്‍ തയ്യാറായിട്ടുള്ളത്.

وَقَالَ قَرِينُهُۥ هَٰذَا مَا لَدَيَّ عَتِيدٌ ۝٢٣
24

(കല്‍പനയുണ്ടാകും:) എല്ലാ ദുര്‍വാശിക്കാരായ സത്യനിഷേധികളെയും നിങ്ങള്‍ നരകത്തിലിടുക.

أَلۡقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٖ ۝٢٤
25

നന്മയെ തടയുന്നവനും അതിക്രമിയും സംശയാലുവുമായ,

مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٖ مُّرِيبٍ ۝٢٥
26

അതായത് അല്ലാഹുവിനോടൊപ്പം വേറെ ഇലാഹിനെ സ്ഥാപിച്ചവനെ. അതിനാല്‍ നിങ്ങള്‍ അവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുക.

ٱلَّذِي جَعَلَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَأَلۡقِيَاهُ فِي ٱلۡعَذَابِ ٱلشَّدِيدِ ۝٢٦
27

അവന്റെ കൂട്ടുകാരന്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞാന്‍ അവനെ വഴി പിഴപ്പിച്ചിട്ടില്ല. പക്ഷേ, അവന്‍ (സത്യത്തില്‍ നിന്ന്) വിദൂരമായ വഴിപിഴവില്‍ ആവുകയാണ് ചെയ്തത്.

۞ قَالَ قَرِينُهُۥ رَبَّنَا مَآ أَطۡغَيۡتُهُۥ وَلَٰكِن كَانَ فِي ضَلَٰلِۭ بَعِيدٖ ۝٢٧
28

അല്ലാഹു അരുളും: നിങ്ങള്‍ എന്റെ അടുത്തുവെച്ച് തര്‍ക്കിക്കേണ്ട. നിങ്ങള്‍ക്ക് ഞാന്‍ മുമ്പുതന്നെ താക്കീത് നല്‍കിയിട്ടുണ്ട്.

قَالَ لَا تَخۡتَصِمُواْ لَدَيَّ وَقَدۡ قَدَّمۡتُ إِلَيۡكُم بِٱلۡوَعِيدِ ۝٢٨
29

എന്റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല. ഞാന്‍ അടിമകളോട് ഒട്ടും അനീതി കാട്ടുന്നവനുമല്ല.

مَا يُبَدَّلُ ٱلۡقَوۡلُ لَدَيَّ وَمَآ أَنَا۠ بِظَلَّٰمٖ لِّلۡعَبِيدِ ۝٢٩
30

നീ നിറഞ്ഞുവോ എന്ന് നരകത്തോട് നാം ചോദിക്കുകയും ഇനിയും കൂടുതലായി വല്ലതുമുണ്ടോ എന്ന് അത് പറയുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക)!

يَوۡمَ نَقُولُ لِجَهَنَّمَ هَلِ ٱمۡتَلَأۡتِ وَتَقُولُ هَلۡ مِن مَّزِيدٖ ۝٣٠
31

ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗത്തെ അകലത്തല്ലാത്തവിധം വളരെ അടുത്തുകൊണ്ടുവരപ്പെടുന്നതാണ്.

وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ غَيۡرَ بَعِيدٍ ۝٣١
32

ഇത് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാണ് (എന്ന് അവരോട് പറയപ്പെടും). അതായത് (അല്ലാഹുവിങ്കലേക്ക്) നല്ലവണ്ണം മടങ്ങുകയും (അവന്റെ നിയമവിധികള്‍) വേണ്ടവിധം സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും (സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്).

هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٖ ۝٣٢
33

അതായത് അദൃശ്യമായിക്കൊണ്ടുതന്നെ കരുണാനിധിയായ അല്ലാഹുവിനെ ഭയപ്പെടുകയും വിനയഹൃദയത്തോടെ (അവന്റെ അടുക്കല്‍) വരികയും ചെയ്തവര്‍ക്ക്.

مَّنۡ خَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِ وَجَآءَ بِقَلۡبٖ مُّنِيبٍ ۝٣٣
34

നിങ്ങള്‍ സമാധാനപൂര്‍വം ഇതില്‍ പ്രവേശിച്ചുകൊള്ളുക (എന്നവരോട് പറയപ്പെടും). അത് സ്ഥിരവാസ(ാരംഭ)ത്തിന്റെ ദിവസമാകുന്നു.

ٱدۡخُلُوهَا بِسَلَٰمٖۖ ذَٰلِكَ يَوۡمُ ٱلۡخُلُودِ ۝٣٤
35

ഉദ്ദേശിക്കുന്നതെല്ലാം അവര്‍ക്കതില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ നല്‍കുവാന്‍ നമ്മുടെ അടുക്കല്‍ മറ്റു ചിലതുമുണ്ട്.

لَهُم مَّا يَشَآءُونَ فِيهَا وَلَدَيۡنَا مَزِيدٞ ۝٣٥
36

ഇവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചുകളഞ്ഞത്! അവര്‍ ഇവരേക്കാള്‍ എത്രയോ കൈയൂക്കുള്ളവരായിരുന്നു. അങ്ങനെ അവര്‍ നാടുകളില്‍ പരക്കം പാഞ്ഞു. (എന്നിട്ട് നമ്മുടെ ശിക്ഷ വന്നപ്പോള്‍) ഓടി രക്ഷപ്പെടാന്‍ വല്ല സങ്കേതവും ലഭിച്ചുവോ?

وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَشَدُّ مِنۡهُم بَطۡشٗا فَنَقَّبُواْ فِي ٱلۡبِلَٰدِ هَلۡ مِن مَّحِيصٍ ۝٣٦
37

ചിന്തിക്കുന്ന ഹൃദയമുള്ളവന് അല്ലെങ്കില്‍ ഹൃദയസാന്നിധ്യമുള്ളവനായിക്കൊണ്ട് ശ്രദ്ധിച്ചുകേള്‍ക്കുന്നവന് അതില്‍ (മേല്‍പറഞ്ഞതില്‍) വലിയ പാഠമുണ്ട്, തീര്‍ച്ച.

إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِمَن كَانَ لَهُۥ قَلۡبٌ أَوۡ أَلۡقَى ٱلسَّمۡعَ وَهُوَ شَهِيدٞ ۝٣٧
38

നിശ്ചയമായും ആകാശഭൂമികളെയും അവക്കിടയിലുള്ളതിനെയും ആറു ദിവസങ്ങളിലായി നാം സൃഷ്ടിച്ചു. (എന്നിട്ട്) ഒരു ക്ഷീണവും നമ്മെ ബാധിച്ചിട്ടില്ല.

وَلَقَدۡ خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ وَمَا مَسَّنَا مِن لُّغُوبٖ ۝٣٨
39

അതിനാല്‍ (നബിയേ,) ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക. സൂര്യോദയത്തിനു മുമ്പും അതിന്റെ അസ്തമനത്തിനുമുമ്പും താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്തുകൊള്ളുക.

فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ ٱلۡغُرُوبِ ۝٣٩
40

രാത്രിയില്‍ നിന്നും (ഏതാനും സമയം) അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. സുജൂദിന്റെ പിന്നിലും (അത് ചെയ്യുക).

وَمِنَ ٱلَّيۡلِ فَسَبِّحۡهُ وَأَدۡبَٰرَ ٱلسُّجُودِ ۝٤٠
41

(മനുഷ്യാ,) അടുത്ത സ്ഥലത്തുനിന്ന് വിളിക്കുന്ന ഒരാള്‍ വിളിച്ചുപറയുന്ന ദിവസത്തെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക.

وَٱسۡتَمِعۡ يَوۡمَ يُنَادِ ٱلۡمُنَادِ مِن مَّكَانٖ قَرِيبٖ ۝٤١
42

അതായത് ആ ഘോരശബ്ദം അവര്‍ യഥാര്‍ഥമായി തന്നെ കേള്‍ക്കുന്ന ദിവസം! അത് (ഖബ്‌റുകളില്‍ നിന്ന്) പുറപ്പെടുന്ന ദിവസമാകുന്നു.

يَوۡمَ يَسۡمَعُونَ ٱلصَّيۡحَةَ بِٱلۡحَقِّۚ ذَٰلِكَ يَوۡمُ ٱلۡخُرُوجِ ۝٤٢
43

നിശ്ചയമായും നാം തന്നെ ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ അടുക്കലേക്ക് തന്നെയാണ് മടങ്ങിവരലും.

إِنَّا نَحۡنُ نُحۡيِۦ وَنُمِيتُ وَإِلَيۡنَا ٱلۡمَصِيرُ ۝٤٣
44

അതായത് ഭൂമി അവരില്‍ നിന്ന് പിളര്‍ന്നുപോകുന്ന ദിവസം! അപ്പോള്‍ ബദ്ധപ്പെട്ടവരായി (അവര്‍ പുറപ്പെടും). നമുക്ക് എളുപ്പമുള്ള ഒരുമിച്ചുകൂട്ടലാണത്.

يَوۡمَ تَشَقَّقُ ٱلۡأَرۡضُ عَنۡهُمۡ سِرَاعٗاۚ ذَٰلِكَ حَشۡرٌ عَلَيۡنَا يَسِيرٞ ۝٤٤
45

അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (നബിയേ,) താങ്കള്‍ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന ആളല്ല. ആകയാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ താങ്കള്‍ ഖുര്‍ആന്‍ മുഖേന ഓര്‍മപ്പെടുത്തുക.

نَّحۡنُ أَعۡلَمُ بِمَا يَقُولُونَۖ وَمَآ أَنتَ عَلَيۡهِم بِجَبَّارٖۖ فَذَكِّرۡ بِٱلۡقُرۡءَانِ مَن يَخَافُ وَعِيدِ ۝٤٥